Tuesday, January 3, 2012

ഇരു സംസ്ഥാനങ്ങളും വ്യവസ്ഥകള്‍ അറിയിക്കണം: വിദഗ്ധസമിതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടിവന്നാല്‍ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വിശദീകരിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോടും തമിഴ്നാടിനോടും ഉന്നതാധികാരസമിതി ആവശ്യപ്പെട്ടു. ഉടമസ്ഥതയ്ക്കു പുറമെ നിയന്ത്രണാധികാരം, അറ്റകുറ്റപ്പണികളുടെ ചുമതല, വെള്ളത്തിന്റെ വിതരണം സംബന്ധിച്ച് വ്യവസ്ഥകള്‍ എന്നീ കാര്യങ്ങളിലാണ് ഉന്നതാധികാരസമിതി ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയത്. നിലവിലുള്ള അണക്കെട്ട് ബലവത്താണോ അല്ലയോ എന്നതിനപ്പുറം പുതിയ അണക്കെട്ട് നിര്‍മാണത്തിന്റെ വിശദാംശങ്ങളിലേക്ക് ഇതാദ്യമായാണ് ഉന്നതാധികാരസമിതി കടക്കുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇരുസംസ്ഥാനങ്ങളുടെയും വാദം തിങ്കളാഴ്ച ജസ്റ്റിസ് എ എസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതി കേട്ടു. അണക്കെട്ടിന് ഇപ്പോള്‍ ബലമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നമെന്നും ശാശ്വതപരിഹാരമാണ് വേണ്ടതെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. പുതിയ അണക്കെട്ടാണ് ശാശ്വതപരിഹാരം. നിര്‍മാണച്ചെലവ് പൂര്‍ണമായും വഹിക്കാമെന്നും ഇപ്പോഴത്തെ അതേ അളവില്‍ വെള്ളം നല്‍കാമെന്നും കേരളം അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് അടിയന്തരമായി 120 അടിയിലേക്ക് താഴ്ത്തണം- ധവാന്‍ പറഞ്ഞു. ഇപ്പോഴുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടില്‍ വിള്ളല്‍ സൃഷ്ടിച്ചിട്ടുണ്ടോയെന്ന് സമിതി ചോദിച്ചു. ഇല്ലെന്നായിരുന്നു ധവാന്റെ മറുപടി. പിന്നെന്തിന് ജലനിരപ്പ് താഴ്ത്തണമെന്ന് സമിതി ആരാഞ്ഞു. മുല്ലപ്പെരിയാര്‍ മേഖലയില്‍ വലിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആറ് വരെ തീവ്രത രേഖപ്പെടുത്താവുന്ന ഭൂചലനം അനുഭവപ്പെട്ടാല്‍ അണക്കെട്ട് തകരുമെന്നാണ് വിദഗ്ധ അഭിപ്രായമെന്നും ധവാന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് തമിഴ്നാട് വാദിച്ചു. ഇപ്പോഴത്തെ അണക്കെട്ട് പുതിയ അണക്കെട്ട് പോലെ സുരക്ഷിതമാണ്. മുല്ലപ്പെരിയാറില്‍ വലിയ ഭൂചലനങ്ങള്‍ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

കേരളം ചെലവ് പൂര്‍ണമായി വഹിക്കാമെന്ന് അറിയിച്ചിട്ടും എന്തുകൊണ്ടാണ് പുതിയ അണക്കെട്ട് എന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നതെന്ന് സമിതി ആരാഞ്ഞു. മുല്ലപ്പെരിയാറില്‍ അപകടഭീഷണിയൊന്നും ഇല്ലെന്നും അതുകൊണ്ട് പുതിയ അണക്കെട്ട് വേണ്ടെന്നും തമിഴ്നാട് ആവര്‍ത്തിച്ചു. അത്തരം വാദങ്ങളൊക്കെ മാറ്റിവയ്ക്കാനും എന്തുകൊണ്ട് പുതിയ അണക്കെട്ടിനെ എതിര്‍ക്കുന്നുവെന്ന് വ്യക്തമായി പറയാനും സമിതി ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് വന്നാല്‍ അതിന്റെ ഉടമസ്ഥതയും കരാര്‍വ്യവസ്ഥകളും കേരളത്തിന് അനുകൂലമാകുമെന്ന് ആശങ്കയുണ്ടെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഇതാദ്യമായി തമിഴ്നാട് വെളിപ്പെടുത്തി.

പുതിയ അണക്കെട്ട് വരുമ്പോള്‍ ഉടമസ്ഥാവകാശം കേരളത്തിന് ആയിരിക്കുമെന്ന് രാജീവ് ധവാന്‍ പറഞ്ഞു. കേരളത്തിന്റെ ഭൂപ്രദേശത്ത് സ്വന്തം പണം കൊണ്ട് നിര്‍മിക്കുന്ന അണക്കെട്ടിന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ല. അണക്കെട്ടിന്റെ നിയന്ത്രണവും കേരളത്തിന് വേണം. തമിഴ്നാടിന് എത്ര അളവില്‍ വെള്ളം നല്‍കണമെന്നും എന്തൊക്കെയാകണം വ്യവസ്ഥകളെന്നതില്‍ സമിതിയുടെയോ സുപ്രീംകോടതിയുടെയോ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കേരളം തയ്യാറാണ്. ഇതിന് നിഷ്പക്ഷ ഏജന്‍സിയെയോ സംയുക്ത സമിതിയെയോ വയ്ക്കാം. ഉഭയകക്ഷി കരാറാകാമെന്നും കേരളം അറിയിച്ചു. നിലപാട് രേഖാമൂലം അറിയിക്കാന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും സമിതി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയും സമിതി യോഗം തുടരും. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് സി ഡി തട്ടെയും ഡി കെ മെഹ്തയും നല്‍കിയ റിപ്പോര്‍ട്ടും ഇരുവരുടെയും നിലപാടുകളോടുള്ള എതിര്‍പ്പുകള്‍ വിശദീകരിച്ച് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടും സമിതി ചൊവ്വാഴ്ച പരിഗണിക്കും.

deshabhimani 030112

1 comment:

  1. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടിവന്നാല്‍ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വിശദീകരിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോടും തമിഴ്നാടിനോടും ഉന്നതാധികാരസമിതി ആവശ്യപ്പെട്ടു. ഉടമസ്ഥതയ്ക്കു പുറമെ നിയന്ത്രണാധികാരം, അറ്റകുറ്റപ്പണികളുടെ ചുമതല, വെള്ളത്തിന്റെ വിതരണം സംബന്ധിച്ച് വ്യവസ്ഥകള്‍ എന്നീ കാര്യങ്ങളിലാണ് ഉന്നതാധികാരസമിതി ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയത്. നിലവിലുള്ള അണക്കെട്ട് ബലവത്താണോ അല്ലയോ എന്നതിനപ്പുറം പുതിയ അണക്കെട്ട് നിര്‍മാണത്തിന്റെ വിശദാംശങ്ങളിലേക്ക് ഇതാദ്യമായാണ് ഉന്നതാധികാരസമിതി കടക്കുന്നത്.

    ReplyDelete