Monday, January 2, 2012

സ്വാതന്ത്ര്യസമരം കോണ്‍ഗ്രസിന്റെ സ്വകാര്യസ്വത്തല്ല: ഇ പി ജയരാജന്‍

പയ്യന്നൂര്‍ : ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കോണ്‍ഗ്രസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റ്കാരും"എന്ന വിഷയത്തില്‍ മഹാദേവഗ്രാമത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിന്റെ ആകെ തുകയാണ് സ്വാതന്ത്ര്യം. കമ്യൂണിസ്റ്റ്കാരും സ്വാതന്ത്ര്യത്തിനുവേണ്ടി ഉശിരന്‍ പോരാട്ടങ്ങള്‍ നടത്തി. ഈ ഘട്ടത്തില്‍ ബ്രിട്ടീഷുകാരുമായി സഹകരിക്കുന്ന സമ്പന്നന്‍മാരായിരുന്നു കോണ്‍ഗ്രസിന്റെ തലപ്പത്ത്. അധികാരം നിലനിര്‍ത്തുകയെന്നതാണ് അന്നും ഇന്നും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഗാന്ധിസം സമൂഹത്തില്‍ നിര്‍ജീവത സൃഷ്ടിച്ചു. ഒഴുക്കിനൊപ്പം നീന്താനാണ് ഗാന്ധിജി പഠിപ്പിച്ചത്. ഇതിന്റെയൊക്കെ ഫലമായി അഡ്ജസ്റ്റ്മെന്റ് സമൂഹമായി മാറി. പ്രതികരണശേഷിയില്ലാത്തവരായി. അതുകൊണ്ടാണ് അണ്ണഹസാരയ്ക്കുപോലും അഴിമതിക്കെതിരെയുള്ള സമരത്തില്‍ വ്യക്തമായ കാഴ്ചപ്പാടില്ലാത്തത്.

ഭൂരിപക്ഷം വരുന്ന ജനങ്ങളെ അടക്കി ഭരിക്കുന്നത് കോടീശ്വരന്മാരായ കോണ്‍ഗ്രസ് നേതാക്കളാണ്. എംപി മാരില്‍ 304 പേരും ശതകോടീശ്വരന്മാരാണ്. ഇതില്‍ 141 പേരും കോണ്‍ഗ്രസ് പ്രതിനിധികളാണ്. ആരുടെ താല്‍പര്യമാണിവര്‍ സംരക്ഷിക്കുന്നതെന്ന് നാം ആലോചിക്കണം. സാമ്രാജ്യത്വ ഭീകരന്മാരും വന്‍കിട കോര്‍പ്പറേറ്റുകളും പിടിമുറിക്കിയ അത്യന്തം ഗുരുതര കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ജി ഡി നായര്‍ അധ്യക്ഷനായി. സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ , ടി ഐ മധുസൂദനന്‍ , എന്നിവര്‍ സംസാരിച്ചു. എം ആനന്ദന്‍ സ്വാഗതം പറഞ്ഞു. പെരളം ദേശീയ കലാസമിതിയുടെ സാക്ഷ്യപത്രം നാടകവുമരങ്ങേറി.

deshabhimani

2 comments:

  1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കോണ്‍ഗ്രസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റ്കാരും"എന്ന വിഷയത്തില്‍ മഹാദേവഗ്രാമത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. കമ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യസമരപങ്കിനെക്കുറിച്ച് പറയാന്‍ സംഘപരിവാറിന് അവകാശമില്ലെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഹാദേവഗ്രാമത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിക്കുന്നവര്‍ ചരിത്രം പഠിക്കണം. കമ്യൂണിസ്റ്റ് നേതാക്കളെ തടവിലിട്ടത് ബ്രിട്ടീഷുകാര്‍ കെട്ടിച്ചമച്ച പെഷ്വാര്‍ , കാണ്‍പൂര്‍ , മീററ്റ് ഗൂഢാലോചന കേസിന്റെ പേരിലാണ്. മീററ്റ് ഗൂഢാലോചന കേസില്‍പ്പെട്ട കമ്യൂണിസ്റ്റുകാരെ സഹായിക്കാന്‍ രൂപീകരിച്ച ഡിഫന്‍സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ മോത്തിലാല്‍ നെഹ്റുവായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജാണെന്ന് ആദ്യം ആവശ്യപ്പെട്ടത് 1921-ല്‍ കമ്യൂണിസ്റ്റ്കാരായിരുന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാര്‍ക്കുവേണ്ടി നേതാക്കള്‍ക്കെതിരെ കോടതിയില്‍ സാക്ഷിമൊഴി കൊടുക്കുകയും ചെയ്തതിന്റെ കുറ്റബോധമാണ് സംഘപരിവാര്‍ നേതാവിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്നും മധുസൂദനന്‍ പറഞ്ഞു.

    ReplyDelete