നമ്മുടെ രാജ്യത്തെ പുരോഗമന സാഹിത്യപ്രസ്ഥാനം എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടമാണിത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമാകുന്നു. സമ്പന്നവും സമൃദ്ധവുമായ നവോത്ഥാന പൈതൃകത്തിന്റെ നേരവകാശികളായ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് സാംസ്കാരികരംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടാനും പുതിയ കടമകള്‍ പൂര്‍ത്തീകരിക്കാനുമുള്ള കര്‍മപദ്ധതികള്‍ രൂപംകൊള്ളുന്നത് എന്നത് അഭിമാനകരമാണ്.
സാമ്രാജ്യത്വവിരുദ്ധ ദേശീയ സ്വാതന്ത്ര്യപോരാട്ടത്തില്‍ വേരുകളുള്ള ചരിത്രമാണ് ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനുള്ളത്. അതുകൊണ്ടുതന്നെ സാംസ്കാരികരംഗത്ത് ആഗോളവല്‍ക്കരണത്തിന്റെ ആസുരശക്തികള്‍ നടത്തുന്ന അധിനിവേശ ശ്രമങ്ങളെയും സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാരായിനിന്ന് ജനമനസ്സിന്റെ ഒരുമ തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന ഛിദ്രീകരണശ്രമങ്ങളെയും ചെറുത്തുനില്‍ക്കുന്ന രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടി പുതിയ കാലത്തിന്റെ പോരാട്ടം മുമ്പോട്ടുകൊണ്ടുപോകാന്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിയും എന്ന പ്രത്യാശയാണ് ഈ ആഘോഷത്തിന്റെ പശ്ചാത്തലമാകുന്നത്. രാജ്യം പുരോഗമന സാഹിത്യപ്രസ്ഥാനത്തെയും അതിന്റെ സന്ദേശങ്ങളെയും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് എന്നുമാത്രം പറയട്ടെ. ഫാസിസത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ഇന്ത്യയിലെ ജീര്‍ണ സാമൂഹ്യശക്തികള്‍ക്കുമെതിരെ ജനങ്ങള്‍ക്കുപയോഗിക്കാവുന്ന ആയുധമായി സാഹിത്യകലാരൂപങ്ങളെ മാറ്റാനാകുമെന്ന് തെളിയിച്ചുകൊണ്ടാണ് പുരോഗമന സാഹിത്യപ്രസ്ഥാനം വളര്‍ന്നുവന്നത്. സാര്‍വദേശീയരംഗത്ത് പുരോഗമന സാഹിത്യപ്രസ്ഥാനം ഉദയംചെയ്തതും കൃത്യമായ രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലമായിരുന്നു അത്. ഒരുവശത്ത് ഫാസിസ്റ്റ് വിരുദ്ധ മുന്നണിയും കൊളോണിയല്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധമുന്നണിയും എന്നത് 1935ല്‍ മോസ്കോയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന മുദ്രാവാക്യമായിരുന്നു ആ പ്രസ്ഥാനത്തിന്റെ പ്രചോദനകേന്ദ്രം. മാക്സിം ഗോര്‍ക്കി പങ്കെടുത്ത പാരീസ് കോണ്‍ഫറന്‍സ് "ഫാസിസ്റ്റ് വിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ പോരാട്ടം" എന്ന മുദ്രാവാക്യം മുമ്പോട്ടുവച്ചു.
എഴുത്തുകാരേ നിങ്ങള്‍ ഏത് ചേരിയിലെന്ന ചോദ്യത്തില്‍നിന്ന് ഒരു എഴുത്തുകാരനും ഒഴിഞ്ഞുനില്‍ക്കാനാകാത്തതരത്തിലുള്ള പ്രക്ഷുബ്ധമായ സാര്‍വദേശീയരംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പിറവി. അതിന് തൊട്ടുപിന്നാലെയാണ് സജാദ് സഹീറിന്റെയും മറ്റും നേതൃത്വത്തില്‍ 1936ല്‍ കമ്യൂണിസ്റ്റ് എഴുത്തുകാരുടെ മുന്‍കൈയോടെ ഒരു സമ്മേളനം ലഖ്നൗവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലഖ്നൗ സെഷന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്നത്. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെയും (അകജണഅ) ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്റെയും (കജഠഅ) രൂപീകരണം. 1936 ഏപ്രില്‍ 10ന് ലഖ്നൗവില്‍ നടന്ന ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ അധ്യക്ഷപ്രസംഗം നടത്തിയത് മുന്‍ഷി പ്രേംചന്ദാണ്. പ്രേംചന്ദ് അന്ന് തെരഞ്ഞെടുത്തുപയോഗിച്ച വാക്കുകള്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ എല്ലാ കാലത്തെയും മാനിഫെസ്റ്റോ ആണ്. അദ്ദേഹം അന്ന് പറഞ്ഞു: "ചിന്തോദ്ദീപകവും നമ്മില്‍ സ്വാതന്ത്ര്യബോധം സൃഷ്ടിക്കുന്നതും സൗന്ദര്യപൂര്‍ണവുമായ സാഹിത്യത്തെ മാത്രമേ പുരോഗമനപരമെന്നു കാണാന്‍ കഴിയൂ. അത് സര്‍ഗാത്മകമായിരിക്കണം; ജീവിതയാഥാര്‍ഥ്യങ്ങളാല്‍ തിളങ്ങുന്നതുമായിരിക്കണം. നമ്മെ ചലിപ്പിക്കുന്നതാകണം; നമ്മെ കര്‍മപഥത്തിലേക്ക് നയിക്കുന്നതുമാകണം. അത് നമ്മില്‍ ലഹരിപോലെ പ്രവര്‍ത്തിക്കുന്നതാകരുത്. ധൈഷണികമായ മയക്കത്തിലേക്ക് നമ്മെ ആഴ്ത്തുന്നതുമാകരുത്". പില്‍ക്കാലത്ത് കേരളത്തിലുയര്‍ന്ന രൂപഭദ്രതാവാദത്തിനും ഭാവഭദ്രതാവാദത്തിനുമൊക്കെയുള്ള മറുപടി പ്രേംചന്ദിന്റെ വാക്കുകളില്‍ത്തന്നെയുണ്ട്.
സാഹിത്യം ഒരേസമയം സര്‍ഗാത്മകതകൊണ്ടും ജീവിതയാഥാര്‍ഥ്യങ്ങളുടെ സാന്നിധ്യംകൊണ്ടും തിളങ്ങുന്നതാകണം എന്നതാണത്. പുരോഗമനകലാസാഹിത്യസംഘം ഇന്നും ആ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സര്‍ഗാത്മകതയെ ഉപേക്ഷിച്ച് ജീവിതയാഥാര്‍ഥ്യങ്ങളുടെ സാന്നിധ്യത്തെ മാത്രമായി മുറുകെപ്പിടിക്കുന്നില്ല. അതേപോലെ ജീവിത യാഥാര്‍ഥ്യങ്ങളെ ഉപേക്ഷിച്ച് സൗന്ദര്യാത്മകതയെ മാത്രമായി മുറുകെപ്പിടിക്കുന്നുമില്ല. രണ്ടിന്റെയും സമന്വയം എന്നത് സമതുലിതമായ കാഴ്ചപ്പാടാണ്. കേരളത്തില്‍ അത്യുജ്വലങ്ങളായ ചിന്തകളുടെ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടാണ് പുരോഗമനസാഹത്യപ്രസ്ഥാനം വളര്‍ന്നുവന്നത്. സഞ്ജയനെയും കുട്ടിക്കൃഷ്ണമാരാരെയുംപോലുള്ള പ്രഗത്ഭമതികള്‍ അതിശക്തമായി എതിര്‍ത്തിട്ടും കേരളത്തിലുടനീളം ചലനമുണ്ടാക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞു. കര്‍ഷകപ്രസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ കെ ദാമോദരന്റെ "പാട്ടബാക്കി", തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ "രക്തദാനം" തുടങ്ങിയ കൃതികള്‍ കേരളത്തിന്റെ സാമൂഹ്യരംഗത്തും ചിന്താമണ്ഡലത്തിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്.
എന്തൊക്കെ വിമര്‍ശങ്ങള്‍ ആരില്‍നിന്നൊക്കെയുണ്ടായാലും സാഹിത്യത്തോടുള്ള സമീപനമാറ്റം കുറിക്കുന്നതില്‍ ഈ കൃതികള്‍ വഹിച്ച പങ്ക് ചെറുതല്ല. കെപിഎസി നാടകങ്ങളും മറ്റും ഈ ധാരയുടെ വളര്‍ച്ചയെ കാണിക്കുന്നു. അന്ന് ഫാസിസ്റ്റുവിരുദ്ധ യുദ്ധത്തില്‍ സോവിയറ്റ് യൂണിയനും ജാപ് വിരുദ്ധയുദ്ധത്തില്‍ ചൈനയും വഹിച്ചിരുന്ന പങ്ക് അംഗീകൃത സാഹിത്യകാരന്മാരെയാകെ ആകര്‍ഷിച്ചിരുന്നു. വള്ളത്തോള്‍ , ജി, എം പി പോള്‍ , മുണ്ടശേരി, കുറ്റിപ്പുഴ മുതലായവര്‍ പഴയ ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പുതിയ ഒരു സംഘടനയ്ക്ക് രൂപം നല്‍കി. അതാണ് പുരോഗമനസാഹിത്യസംഘടന. ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരുമായി സഹകരിച്ചും അല്ലാതെയും നീങ്ങിയ ആ ഘട്ടത്തില്‍ സാഹിത്യകലാരൂപങ്ങള്‍ ആസ്വദിക്കാന്‍ മാത്രമല്ല, അവ രചിക്കാന്‍കൂടി സാഹിത്യത്തില്‍നിന്ന് കാലങ്ങളായി അകറ്റിനിര്‍ത്തപ്പെട്ടവര്‍ മുമ്പോട്ടുവന്നു. ഇ എം എസ് അടക്കമുള്ളവരുടെ മുന്‍കൈയോടെയുണ്ടായ ഈ നേട്ടം ചരിത്രപ്രാധാന്യമുള്ളതാണ്. കര്‍ഷകത്തൊഴിലാളികളടക്കമുള്ള അധഃസ്ഥിതവിഭാഗങ്ങളില്‍നിന്ന് എഴുത്തുകാരും കലാകാരന്മാരും വളര്‍ന്നുവരുന്നതിന് രാഷ്ട്രീയത്തിന്റെ സാഹിത്യത്തിലെ ആ ഇടപെടല്‍ വഴിവച്ചു. പുരോഗമനസാഹിത്യപ്രസ്ഥാനം കലയെയും സാഹിത്യത്തെയും ജനകീയമാക്കിയതിന്റെ ചരിത്രവഴികളാണിവ.
പ്രസ്ഥാനം എഴുപത്തഞ്ചാണ്ട് പൂര്‍ത്തീകരിക്കുമ്പോള്‍ ദ്വിമുഖപോരാട്ടമാണ് സാംസ്കാരിക കേരളത്തിന് ഏറ്റെടുക്കാനുള്ളത്. ആഗോളീകരണത്തിന്റെ അധിനിവേശം ഒരുവശത്ത്. വര്‍ഗീയശക്തികളുടെ ഛിദ്രീകരണം മറുവശത്ത്. ഇവയെ ചെറുത്തുതോല്‍പ്പിച്ച് മുമ്പോട്ടുപോകാനുള്ള കരുത്തുപകരുന്ന പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും എന്ന രേഖ മറ്റൊന്നുകൊണ്ടുകൂടി ശ്രദ്ധേയമാണ്. വിവിധങ്ങളായ ആശയഗതിക്കാരെയൊക്കെ ഉള്‍ക്കൊള്ളുന്നവിധത്തിലുള്ള വിശാലവീക്ഷണത്തിന്റെ കരുത്താണത്. ഈ കരുത്തുമായി പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടും കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്തും മുമ്പോട്ടുപോകാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് കഴിയട്ടെ. അതിനുള്ള കര്‍മപദ്ധതികളുടെ ഭാവനാപൂര്‍ണമായ ആവിഷ്കാരങ്ങള്‍കൊണ്ടും നിര്‍വഹണംകൊണ്ടും ശ്രദ്ധേയമാകട്ടെ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വര്‍ഷദീര്‍ഘമായ ആഘോഷപരിപാടികള്‍!
deshabhimani editorial 050112
നമ്മുടെ രാജ്യത്തെ പുരോഗമന സാഹിത്യപ്രസ്ഥാനം എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടമാണിത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമാകുന്നു. സമ്പന്നവും സമൃദ്ധവുമായ നവോത്ഥാന പൈതൃകത്തിന്റെ നേരവകാശികളായ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് സാംസ്കാരികരംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടാനും പുതിയ കടമകള്‍ പൂര്‍ത്തീകരിക്കാനുമുള്ള കര്‍മപദ്ധതികള്‍ രൂപംകൊള്ളുന്നത് എന്നത് അഭിമാനകരമാണ്.
ReplyDelete