എ സി മൊയ്തീന്‍ സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറി
തൃശൂര്‍ : സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറിയായി എ സി മൊയ്തീനെ ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. 41 അംഗ ജില്ലാകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. മികച്ച സംഘാടകനായ എ സി മൊയ്തീന്‍ രണ്ടു തവണ വടക്കാഞ്ചേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യജില്ലാകമ്മറ്റിയോഗം ഏകകണ്ഠമായാണ് ജില്ലാസെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ചെറിയതുറ വെടിവെപ്പ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരു: ചെറിയതുറ പൊലീസ് വെടിവെപ്പിനെക്കുറിച്ചുള്ള ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. 2009 ഓഗസ്ത് 7ന് പ്രാബല്യത്തില്‍ വന്ന കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചത് 2010 മാര്‍ച്ച് 17നാണ്. 2010 ഏപ്രില്‍ 21നും 27നും കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അറുപതോളം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. മുന്‍ ജില്ലാ കളക്ടര്‍ സഞ്ജന കൗള്‍ , മുന്‍ മന്ത്രി വി സുരേന്ദ്ര പിള്ള, ഡിജിപി ജേക്കബ് പുന്നൂസ്്, ഐ ജി ഗോപിനാഥ്, ബാലസ്റ്റിക് വിദഗ്ധന്‍ വിഷ്ണുപോറ്റി, മുന്‍ ആര്‍ഡിഒ കെ ബിജു എന്നിവരില്‍ നിന്നും കമ്മീഷന്‍ തെളിവെടുത്തു. 2009 മെയ് 17ന് തിരുവനന്തപുരം ബീമാപള്ളിയ്ക്ക് സമീപം ചെറിയതുറയില്‍ ഗുണ്ടാപിരിവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ 6 പേര്‍ മരിച്ചിരുന്നു. പതിനൊന്ന് പൊലീസുകാരുള്‍പ്പെടെ 53 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ്സിന്റെ ആയുധം: സുധാകരന്‍
കൊച്ചി: എ പി അബ്ദുള്ളക്കുട്ടി സിപിഐ എമ്മിനെതിരായ കോണ്‍ഗ്രസിന്റെ ആയുധമാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. അത് ഇനിയും ഉപയോഗിക്കും. എന്നാല്‍ കണ്ണൂര്‍ വിസ്മയപാര്‍ക്കിനെ പ്രകീര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പാര്‍ടിയിലുണ്ട്. ഇതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ ഒറ്റപ്പെടുത്താന്‍ ആരും നോക്കേണ്ട. അബ്ദുള്ളക്കുട്ടിയും താനുമായോ പാര്‍ട്ടിയുമായോ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം: മുന്ദ്രയ്ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ മുന്ദ്ര പോര്‍ട്ട് ആന്റ് സ്പെഷല്‍ ഇക്കണോമിക് സോണിന് ആഭ്യന്തര മന്ത്രാലയം അനുമതി നിഷേനധിച്ചു. കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ മോഹന്‍ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്ദ്രയ്ക്കും വെല്‍സ് പണ്‍ ഇന്‍ഫ്രാടെക് കണ്‍സോഷ്യത്തിനും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കണ്‍സോഷ്യങ്ങളുടെ സാമ്പത്തിക ടെന്‍ഡര്‍ പരിഗണിക്കാനും യോഗ്യത നേടുന്നവര്‍ക്ക് ചുമതല നല്‍കാനും സാധിക്കുകയുള്ളൂ. അതിനിടയ്ക്കാണ് മുന്ദ്രയ്ക്ക് തിരിച്ചടി നേരിട്ടത്.
മുകേഷ് അംബാനി സിഎന്‍എന്‍ -ഐബിഎന്‍ സ്വന്തമാക്കി
മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാധ്യമ ശൃംഖലയായ നെറ്റ്വര്‍ക്ക് 18 സ്വന്തമാക്കി. സിഎന്‍എന്‍ -ഐബിഎന്‍ , സിഎന്‍ബിസി, എംടിവി, കളേഴ്സ് തുടങ്ങി നിരവധി ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന രാഘവ് ബഹന്‍ എന്ന മാധ്യമ മുതലാളിയുടെ നിയന്ത്രണത്തിലായിരുന്ന നെറ്റ്വര്‍ക്ക് 18ല്‍ 2,800 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് റിലയന്‍സ് നടത്തിയത്. പുതിയ സ്വതന്ത്ര ട്രസ്റ്റിലൂടെയാകും നെറ്റ്വര്‍ക്ക് 18ല്‍ മുതലിറക്കുകയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അമേരിക്കന്‍ ചാനലുകളായ സിഎന്‍എന്‍ , സിഎന്‍ബിസി തുടങ്ങിയവയ്ക്ക് ഇപ്പോള്‍ നെറ്റ്വര്‍ക്ക് 18ല്‍ ഓഹരി പങ്കാളിത്തമുണ്ട്. രാമോജിറാവുവിന്റെ നിയന്ത്രണത്തിലുള്ള ഈ നാട് പ്രാദേശിക ഭാഷ ടിവി ശൃംഖലയില്‍ റിലയന്‍സിനുള്ള ഓഹരി നെറ്റ്വര്‍ക്ക് 18 വാങ്ങും. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മുതലാളി അമേരിക്കന്‍ സ്വകാര്യ മുതല്‍മുടക്കുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷാ വാര്‍ത്താ വിനോദ മാധ്യമരംഗത്തും ചുവടുറപ്പിക്കുന്ന സ്ഥിതിയുണ്ടാകും.
നെറ്റ്വര്‍ക്ക് 18 വിദേശചാനലുകളുടെ സഹായത്തോടെ ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ത്ത-വിനോദ വിഭവങ്ങള്‍ മുകേഷ് അംബാനിയുടെ പുതിയ നാലാം തലമുറ ബ്രോഡ്ബാന്‍ഡ് ശൃംഖലയിലൂടെ ദേശവ്യാപകമായി വിതരണംചെയ്യുമെന്ന് റിലയന്‍സ് പറഞ്ഞു. റിലയന്‍സ് 1990കളില്‍ അച്ചടിമാധ്യമ രംഗത്ത് കടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയമായിരുന്നു. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിക്ക് സിബിഎസ് ടെലിവിഷനില്‍ മുതല്‍മുടക്കുണ്ട്. എന്നാല്‍ , മുകേഷിന്റെ മാധ്യമരംഗത്തെ പ്രധാന മത്സരം മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ് എന്നിവയുള്‍പ്പെടുന്ന ടെലിവിഷന്‍ ശൃംഖലയുമായിട്ടാകും.
ഗോവധം: മധ്യപ്രദേശില്‍ ശിക്ഷ ഏഴ് വര്‍ഷമാക്കി
ഭോപാല്‍ : ഗോവധത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിലവിലുള്ള മൂന്നുവര്‍ഷം തടവുശിക്ഷ ഏഴ് വര്‍ഷമായി ഉയര്‍ത്തുന്നതാണ് പുതിയ നിയമം. ഇതിനുള്ള നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 2010ലാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കിയത്. കശാപ്പിനായി പശുക്കളെ വാഹനങ്ങളില്‍ കയറ്റി സംസ്ഥാനത്തിനകത്തോ പുറത്തോ കൊണ്ടു പോകുന്നതിനും നിയമത്തില്‍ വിലക്കുണ്ട്. പശുക്കുട്ടികളെ പാലൂട്ടുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക നിര്‍ദേശങ്ങളും ബില്ലില്‍ പറയുന്നുണ്ട്.
സിപിഐ എം കര്‍ണാടക സംസ്ഥാന സമ്മേളനം 8 മുതല്‍
ബംഗളൂരു: സിപിഐ എം കര്‍ണാടക സംസ്ഥാന സമ്മേളനം എട്ടുമുതല്‍ 11 വരെ ചിക്ബല്ലാപുരയില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ബഹുജനറാലി, പൊതുസമ്മേളനം, പ്രതിനിധിസമ്മേളനം, സാംസ്കാരികസദസ്സ് എന്നിവ ഉണ്ടാകും. ഞായറാഴ്ച ബഹുജനറാലിയോടെയാണ് സമ്മേളനം തുടങ്ങുക. പകല്‍ 11ന് നടക്കുന്ന പൊതുസമ്മേളനം ചിക്ബല്ലാപുര ജൂനിയര്‍ കോളേജ് ഗ്രൗണ്ടില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. പ്രതിനിധിസമ്മേളനം വൈകിട്ട് ആറിന് തുടങ്ങും. 27 ജില്ലകളില്‍നിന്ന് തെരഞ്ഞെടുത്ത 52 നിരീക്ഷകര്‍ക്കുപുറമെ 362 പ്രതിനിധികള്‍ പങ്കെടുക്കും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാംയെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, കെ വരദരാജന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
വിദേശ വ്യക്തികള്‍ക്ക് ഐപിഒയിലും നിക്ഷേപിക്കാം
ന്യൂഡല്‍ഹി: വിദേശ വ്യക്തികള്‍ക്ക് ഇനിമുതല്‍ പ്രാഥമിക ഓഹരിവിപണിയില്‍ കമ്പനികള്‍ ലിസ്റ്റ്ചെയ്യുന്നതിന്റെ മുന്നോടിയായുള്ള ഐപിഒകളിലും പങ്കെടുക്കാനാകുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഓഹരിവിപണിയില്‍ വിദേശികള്‍ക്ക് നിക്ഷേപം അനുവദിച്ചുള്ള തീരുമാനം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശ വ്യക്തികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ട്രസ്റ്റുകള്‍ക്കുമൊക്കെ ഐപിഒകളിലും തുടര്‍ ഓഹരി ഓഫറുകളിലും പങ്കെടുക്കാനുള്ള അവസരം പുതിയ തീരുമാനത്തിലൂടെ ലഭിക്കും.
വിദ്യാഭ്യാസവായ്പ: എസ്ബിഐയിലേക്ക് എസ്എഫ്ഐ മാര്‍ച്ച്
കോഴിക്കോട്: വിദ്യാഭ്യാസവായ്പ നല്‍കുന്നതിന് പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എസ് ബി ഐയിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. സംസ്ഥാനക്കമ്മിറ്റിയംഗം വി കെ കിരണ്‍ രാജ് സംസാരിച്ചു. സെക്രട്ടറി ടി പി ബിനീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി കെ സുമേഷ് നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ വായ്പയായി നാലു ലക്ഷം രൂപവരെ ഈടില്ലാതെ ലഭ്യമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. ഇത് രണ്ടരലക്ഷമാക്കി കുറയ്ക്കാനാണ് സംസ്ഥാന ബാങ്കേഴ്സ് സമിതി തീരുമാനം. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്ന ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. നിബന്ധനകള്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാണ് ബാങ്കുകളുടെ നീക്കം. സാധാരണക്കാരന് വിദ്യാഭ്യാസം നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ബാങ്കുകളുടെയും തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
എച്ച്എംടി ഹിതപരിശോധന: സിഐടിയു ഒന്നാംസ്ഥാനത്ത്
കൊച്ചി: കളമശേരി എച്ച്എംടിയില്‍ നടന്ന തൊഴിലാളികളുടെ ഹിതപരിശോധനയില്‍ എച്ച്എംടി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ഒന്നാംസ്ഥാനത്തെത്തി. യൂണിയന്‍ മെമ്പര്‍ഷിപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് നേടിയാണ് വിജയിച്ചത്. പോള്‍ചെയ്ത 242 വോട്ടില്‍ 112 വോട്ട് സിഐടിയുവിനും 80 വോട്ട് ഐഎന്‍ടിയുസിക്കും 50 വോട്ട് ഫെഡറേഷന്‍ എന്ന സ്വതന്ത്ര യൂണിയനും ലഭിച്ചു. ഒന്നും രണ്ടും സ്ഥാനം ലഭിച്ച യൂണിയനുകള്‍ക്കാണ് ഹെഡ് ാഫീസ് ചര്‍ച്ചാവേദികളിലും യൂണിറ്റ് ബോര്‍ഡിലും പ്രാതിനിധ്യം ലഭിക്കുക. ശമ്പളപരിഷ്കരണത്തിനും പൊതുമേഖലയില്‍ എച്ച്എംടിയെ സംരക്ഷിക്കുന്നതിനുംവേണ്ടിയുള്ള സമരത്തിനിടെയാണ് ഹിതപരിശോധന നടന്നത്. എച്ച്എംടി എംപ്ലോയീസ് യൂണിയനെ ഒന്നാംസ്ഥാനത്തെത്തിച്ച ജീവനക്കാരോട് യൂണിയന്‍ പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥും ജനറല്‍ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയും നന്ദി അറിയിച്ചു.
deshabhimani news
എ പി അബ്ദുള്ളക്കുട്ടി സിപിഐ എമ്മിനെതിരായ കോണ്‍ഗ്രസിന്റെ ആയുധമാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. അത് ഇനിയും ഉപയോഗിക്കും.
ReplyDelete