Thursday, January 5, 2012

യൂറേഷ്യന്‍ യൂണിയന്‍ യാഥാര്‍ഥ്യത്തിലേക്ക്

മുന്‍ സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പിരിഞ്ഞു പോയ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറേഷ്യന്‍ യൂണിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. മേഖലയുടെ സുവര്‍ണകാലം തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ സുപ്രധാന ചുവടുവയ്പ്പെന്ന നിലയില്‍ റഷ്യ, കസാക്കിസ്ഥാന്‍ , ബെലാറസ് എന്നീ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മില്‍ സുപ്രധാന സഹകരണ കരാറില്‍ കഴിഞ്ഞദിവസം ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയന്‍(ഇയു) മാതൃകയില്‍ സമസ്തമേഖലയിലും സഹകരണം ലക്ഷ്യമിടുന്ന സംരംഭത്തില്‍ എല്ലാ മുന്‍ സോവിയറ്റ് രാജ്യങ്ങളെയും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ സജീവമായി. 2015 ഓടെ പൂര്‍ണരൂപത്തില്‍ യൂറേഷ്യന്‍ യൂണിയന്‍ നടപ്പാകുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമര്‍ പുടിനും പ്രസിഡന്റ് ദിമിത്ര മെദ്വദേവും വ്യക്തമാക്കി. സോവിയറ്റ് യൂണിയന്‍ സൃഷ്ടിച്ച മികച്ച മൂല്യങ്ങളായിരിക്കും കൂട്ടായ്മയുടെ സത്തയെന്നും പുടിന്‍ പറഞ്ഞു.

അതിര്‍ത്തി നിയന്ത്രണമില്ലാതെ ചരക്കുകളും മൂലധനവും സ്വതന്ത്രമായി കൈമാറാനുള്ള കരാറിലാണ് പദ്ധതിയുടെ നേതൃസ്ഥാനത്തുള്ള റഷ്യ, ബെലാറസ്, കസാക്കിസ്ഥാന്‍ എന്നീ അയല്‍ക്കാരുമായി ഞായറാഴ്ച ഒപ്പുവച്ചത്. മൂന്നു രാജ്യങ്ങളും തമ്മില്‍ കസ്റ്റംസ് രംഗത്ത് 2007 മുതല്‍ സഹകരണം നിലവിലുണ്ട്. താജിക്കിസ്ഥാന്‍ ഈ സംരംഭത്തില്‍ ചേരാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. ഇടഞ്ഞുനില്‍ക്കുന്ന മേഖലയിലെ രണ്ടാമത്തെ വലിയ ശക്തിയായ ഉക്രെയിനെ അനുനയിപ്പിക്കാന്‍ നീക്കം ശക്തമാക്കി. പുതിയ ലോകസാഹചര്യത്തില്‍ മേഖലയുടെ സഹകരണം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളെ കൂട്ടായ്മയുടെ പാതയിലേക്കു നയിച്ചത്. സാമ്പത്തികരംഗത്തു മാത്രമല്ല, സൈനിക, രാഷ്ട്രീയരംഗങ്ങളിലും ശക്തമായ സഹകരണം രൂപപ്പെടും. ആഗോള സാമ്പത്തികപ്രതിസന്ധിയും പാശ്ചാത്യശക്തികളില്‍ നിന്നുള്ള ഭീഷണിയും ചെറുക്കാന്‍ മേഖലയിലെ രാജ്യങ്ങളെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. "യുറേഷ്യന്‍ ഇക്കണോമിക് കമീഷന്‍" ആയിരിക്കും യൂണിയന്റെ ഭരണനിയന്ത്രണ സമിതി. യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ കമീഷനു സമാനമായിരിക്കും ഇത്. പൊതു നാണയവും യൂറേഷ്യന്‍ പാര്‍ലമെന്റും സംരംഭത്തിന്റെ നിഘണ്ടുവില്‍ ഉള്‍പ്പെടുന്നു. റഷ്യനായിരിക്കും പൊതുഭാഷ. അംഗരാജ്യങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ , ചരക്കുകള്‍ , സമ്പത്ത്, സേവനങ്ങള്‍ എന്നിവയുടെ സ്വതന്ത്രമായ ചലനം ഉണ്ടാകും. യൂറോപ്പിനെയും ഏഷ്യ പസഫിക് മേഖലയെയും ബന്ധിപ്പിക്കുന്ന പാലമായും ഇതു പ്രവര്‍ത്തിക്കും. മധ്യ യൂറോപ്പുതൊട്ട് പസഫിക് തീരം വരെയും തെക്ക് അഫ്ഗാന്‍ അതിര്‍ത്തിവരെയും വ്യാപിക്കുന്ന മേഖല ഇതില്‍ ഉള്‍പ്പെടും.

മോസ്കോ കേന്ദ്രമാക്കി പുതിയ അച്ചുതണ്ടിനുതന്നെ രൂപംകൊടുക്കാനാകുമെന്നാണ് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ തലവന്മാരുടെ കണക്കുകൂട്ടല്‍ . ഈ രാജ്യങ്ങളിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഈ സംരംഭത്തെ അനുകൂലിക്കുന്നുവെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ തെളിയിക്കുന്നു. സോവിയറ്റ് യൂണിയന്റെ വിഭജനം ഈ രാജ്യങ്ങളിലെ ജനജീവിതത്തെയും സാമ്പത്തികനിലയെയും ഉലച്ചുകളഞ്ഞിരുന്നു. ലോകത്തിനാകെ അഭിമാനവും മാതൃകയുമായ ഒരു വികസനമാതൃകയാണ് ഇല്ലാതായത്. സമസ്തമേഖലയിലും കൈവരിച്ച പുരോഗതി ശോഷിച്ചു. ഇതേതുടര്‍ന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കായി നിരവധിആശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 1991 ഡിസംബറില്‍ നിലവില്‍ വന്ന കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സ്(സിഐഎസ്) ഇതില്‍ ആദ്യത്തേതാണ്. എന്നാല്‍ , സാമ്പത്തികരംഗത്ത് ചില സഹകരണം നടപ്പാക്കാന്‍ സിഐഎസിനായെങ്കിലും രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. 1994ല്‍ കസാക്കിസ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവാണ് യൂറേഷ്യന്‍ യൂണിയന്‍ എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. രാഷ്ട്രീയഭാവി മങ്ങിയ സാഹചര്യത്തില്‍ , തിരിച്ചുവരവിന് ഊര്‍ജം പകരാന്‍ പുടിന്‍ നടത്തിയ ശക്തമായ ഇടപെടലാണ് ഇപ്പോള്‍ യൂറേഷ്യന്‍ യൂണിയനെന്ന സ്വപ്നത്തിന് ചിറകുനല്‍കിയത്.

deshabhimani 050112

1 comment:

  1. മുന്‍ സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പിരിഞ്ഞു പോയ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറേഷ്യന്‍ യൂണിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. മേഖലയുടെ സുവര്‍ണകാലം തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ സുപ്രധാന ചുവടുവയ്പ്പെന്ന നിലയില്‍ റഷ്യ, കസാക്കിസ്ഥാന്‍ , ബെലാറസ് എന്നീ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മില്‍ സുപ്രധാന സഹകരണ കരാറില്‍ കഴിഞ്ഞദിവസം ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയന്‍(ഇയു) മാതൃകയില്‍ സമസ്തമേഖലയിലും സഹകരണം ലക്ഷ്യമിടുന്ന സംരംഭത്തില്‍ എല്ലാ മുന്‍ സോവിയറ്റ് രാജ്യങ്ങളെയും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ സജീവമായി. 2015 ഓടെ പൂര്‍ണരൂപത്തില്‍ യൂറേഷ്യന്‍ യൂണിയന്‍ നടപ്പാകുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമര്‍ പുടിനും പ്രസിഡന്റ് ദിമിത്ര മെദ്വദേവും വ്യക്തമാക്കി. സോവിയറ്റ് യൂണിയന്‍ സൃഷ്ടിച്ച മികച്ച മൂല്യങ്ങളായിരിക്കും കൂട്ടായ്മയുടെ സത്തയെന്നും പുടിന്‍ പറഞ്ഞു.

    ReplyDelete