Friday, January 6, 2012

മാനസികാരോഗ്യ അതോറിട്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സംസ്ഥാനത്തെ മാനസികാരോഗ്യ അതോറിട്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തൃശൂര്‍ അവണൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ നടപടികള്‍ വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍. ബി രാധാകൃഷ്ണന്റെ ബെഞ്ചാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. അവണൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ ചങ്ങലക്കിട്ടതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി അഡ്വ. വി. രാംകുമാര്‍ നമ്പ്യാര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം തേടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഹൈക്കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട മാനസികാരോഗ്യ അതോറിറ്റി കാര്യങ്ങള്‍ പുറമേ നിന്ന് മാത്രം നോക്കി കാണുന്ന കാവല്‍ നായയുടെ ശൈലിയാണ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ഇതൊരു വെള്ളാനയാണോ എന്നും ആരാഞ്ഞു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു കൊണ്ടുള്ള ഈ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ അതോറിട്ടി ഉത്തരവിടരുതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ അതോറിട്ടി പരാജയപ്പെട്ടുവെന്ന് കോടതി അഭിപ്രായപ്പെട്ടു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ചികിത്സിച്ച് പുറത്തിറങ്ങുന്നവരുടെ പുനരധിവാസത്തിന് നടപടി ഉണ്ടാകണം. അതോറിട്ടി മുമ്പാകെ അപേക്ഷ നല്‍കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യങ്ങള്‍ പരിഗണിക്കുന്നില്ല. ഈ സമയം ലൈസന്‍സില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നാട്ടിലുള്ളത്. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ അകത്തേക്കു തന്നെ കടന്നു വരുന്ന റിവോള്‍വിംഗ് ഡോര്‍ സിന്‍ഡ്രോം ഒഴിവാക്കണം - ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാനസിക രോഗികളുടെ പരിചരണത്തിനും ക്ഷേമത്തിനുമുള്ള നടപടികള്‍ക്കായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

തൃശൂരിലെ അവണൂരില്‍ മാനസിക രോഗികള്‍ക്ക് സംഭവിച്ച വിവരങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കണം. അവര്‍ക്ക് എന്തു സംഭവിച്ചു, ഈ കേന്ദ്രത്തില്‍ കിടന്ന് ആരെങ്കിലും മരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അക്കാര്യം തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ, അവണൂരിലെ സ്ഥിതി ഗതികള്‍ എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടാതെ പോയത്, തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതിനു പുറമേ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചും അവയുടെ മേല്‍നോട്ടം വഹിക്കുന്നവരുടെ യോഗ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ജനുവരി 16 ന് മുമ്പ് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹര്‍ജി ജനുവരി 18 ന് പരിഗണിക്കും.

മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് മോചിപ്പിച്ചവരെ പരിശോധനയ്ക്ക് വിധേയരാക്കി

തൃശൂര്‍: അവണൂര്‍ ശാന്തിഭവന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് മോചിതരായ രോഗികളില്‍ മൂന്നുപേരെ ഇന്നലെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയരാക്കി. വയറില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ മുറിപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ ആന്തരാവയവ പരിശോധനയ്ക്ക് വിധേയരാക്കിയത്.

മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്നോസിസ് മേധാവി ഡോ. കെ മോഹനന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. അസ്വാഭാവികമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ. മോഹനന്‍ പറഞ്ഞു.  വയറില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതിനാല്‍ വൃക്കമോഷണം നടന്നിട്ടുണ്ടെന്ന് സംശയമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാല്‍ ആരുടെയും വൃക്ക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.

അതേസമയം അള്‍സറിനോ അപ്പെന്‍ഡിസൈറ്രിസിനോ വേണ്ടി ശസ്ത്രിക്രിയ നടത്തിയതിന്റെ മുറിപ്പാടുകളാകാം രോഗികളുടെ വയറ്റില്‍ കണ്ടതെന്നാണ് നിഗമനം.  തന്നെയുമല്ല, സാധാരണ ആശുപത്രികളില്‍ വൃക്കയെടുക്കുന്നതിനുള്ള സാങ്കേതിക സാഹചര്യങ്ങള്‍ ഇല്ലായെന്നതും ശ്രദ്ധേയമാണ്.  കനത്ത പൊലീസ് കാവലിലാണ് രോഗികളെ പരിശോധനയ്ക്ക് കൊണ്ടുവന്നത്.

ശാന്തിഭവനില്‍ നിന്ന് മോചിതരായവര്‍ പടിഞ്ഞാറെ കോട്ട ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.

janayugom 060112

3 comments:

  1. സംസ്ഥാനത്തെ മാനസികാരോഗ്യ അതോറിട്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തൃശൂര്‍ അവണൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ നടപടികള്‍ വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

    ReplyDelete
  2. തൃശൂര്‍ അവന്നൂര്‍ പഞ്ചായത്തിലെ കാരോറ ട്രസ്റ്റ് നടത്തുന്ന കേന്ദ്രം, മെഡിക്കല്‍ കോളേജിന് സമീപം ദീനര്‍സേവാ ചാരിറ്റബ്ള്‍ ട്രസ്റ്റ് നടത്തുന്ന സ്ഥാപനം, മെഡിക്കല്‍ കോളേജ് അമ്പലക്കോത്ത് നോര്‍ബറ്റൈല്‍ ഫാദേര്‍സ് ഓഫ് അവര്‍ ബോര്‍ഡിന്റെ ശാന്തിവനം എന്നിവിടങ്ങളില്‍ എഡിഎം കെ പി രമാദേവി, അസിസ്റ്റന്റ് പോലീസ് കമീഷണര്‍ ബിജി ജോര്‍ജ്ജ്, കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ഇ മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ചെമ്മണ്ണൂര്‍ കേന്ദ്രത്തില്‍ ഒമ്പത് പുരുഷ അന്തേവാസികളെ കെട്ടിടത്തിന് മുകളിലാണ് ചികിത്സിക്കുന്നത്. ഇവിടത്തെ സാഹചര്യങ്ങള്‍ പൊതുവെ തൃപ്തികരമാണെന്ന് കണ്ടു. ബാലചന്ദ്രന്‍ എന്നയാളും ഭഭാര്യ അനിലയും സ്വന്തം വീടിനോടനുബന്ധിച്ച് നടത്തുന്ന ദീനര്‍സേവാ കേന്ദ്രത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ 11 അന്തേവാസികളാണ് ഉണ്ടായിരുന്നത്. മാനസിക രോഗികളും അല്ലാത്തവരും ഉണ്ടായിരുന്നു. ഇവിടുത്തെ അന്തേവാസികള്‍ക്ക് കുറെക്കൂടി ശ്രദ്ധയും പരിചരണവും നല്‍കണമെന്നും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സംഘം നടത്തിപ്പുകാരോട് നിര്‍ദേശിച്ചു. അമ്പലക്കോത്ത് ശാന്തിഭവനത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും 11 പുരുഷന്‍മാരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവിടെ 12 പേരെകൂടി പുനരധിവസിപ്പിക്കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍ ഫാദര്‍ മാര്‍ട്ടിന്‍ ജോര്‍ജ് പാര്‍ത്ത അറിയിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ , മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. ടി എം ഷിബുകുമാര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. കലക്ടര്‍ ഡോ. പി ബി സലീമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

    ReplyDelete
  3. മനോരോഗവുമായി നാദാപുരം റോഡ് പരിസരത്ത് അലഞ്ഞു തിരിയുകയായിരുന്ന ദല്‍ഹി സ്വദേശിയായ യുവാവിന് നാട്ടുകാരുടെ കാരുണ്യ സ്പര്‍ശം. ദല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ ഗഗന്‍ രണ്ട് മാസം മുമ്പാണ് വീട് വിട്ടിറങ്ങിയത്. ഒരു കൂട്ടം യുവാക്കളുടെ സന്‍മനസ് ഈ യുവാവിന് തുണയായി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം സംസാരിക്കുന്നത് കണ്ടാണ് ഇയാളില്‍ നിന്നും യുവാക്കള്‍ വിവരങ്ങള്‍ ശേഖരിച്ചത്.വിവധ മൊബൈല്‍ കമ്പനികളുടെ കോള്‍ സെന്ററുകളിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഗഗന്‍ദോഡി നല്‍കിയ നമ്പറില്‍ യുവാക്കള്‍ സഹോദരിയെ ബന്ധപ്പെട്ടപ്പോഴാണ് യുവാവ് നാടു വിട്ടു വന്ന വിവരം അറിഞ്ഞത്. ഇവര്‍ വസ്ത്രവും ഭക്ഷണവും നല്‍കിയ ശേഷം യുവാവിനെ വടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഡല്‍ഹി പോലീസില്‍ യുവാവിനെ കാണ്‍മാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കി അന്വേഷണം നടത്തിവരികയായിരുന്നു. യുവാവിനെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വടകരയിലേക്കു പുറപ്പെട്ടതായി പോലീസ് അറിയിച്ചു.

    ReplyDelete