Saturday, January 7, 2012

ഉമ്മന്‍ചാണ്ടിയുടെ മലക്കം മറിച്ചില്‍ അപമാനകരം


മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് കേരളാ ഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും ആശങ്കയുമാണ് സൃഷ്ടിക്കുന്നത്. ബുധനാഴ്ച മന്ത്രിസഭ കൈക്കൊണ്ട തീരുമാനം വെള്ളിയാഴ്ച ഉന്നതാധികാര സമിതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഇന്ന് ഇതെഴുതുംവരെ ആ തീരുമാനം ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. ദിനംപ്രതി വാക്കുമാറുന്ന ഒരു ഗവണ്‍മെന്റിലും അതിനു നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയിലും ജനങ്ങള്‍ക്കു വിശ്വാസമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ തീരുമാനം തന്നെ ഭരണ മുന്നണിയില്‍ നിന്നും അതിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ നിന്നുപോലും ശക്തവും വ്യാപകവുമായ എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. ഇത് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രഹസ്യ അജന്‍ഡയില്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വാസ്യതയ്‌ക്കെതിരെ പാളയത്തില്‍ തന്നെ പട എന്ന അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ കേരളവും തമിഴ്‌നാടും കേന്ദ്രവും അടങ്ങുന്ന സംയുക്ത നിയന്ത്രണത്തിനു കേരളം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി ബുധനാഴ്ച പ്രസ്താവിച്ചു. അതാണത്രെ മന്ത്രിസഭാ യോഗ തീരുമാനം. ഇത്തരം ഒരു തീരുമാനത്തിന് രാഷ്ട്രീയമോ ധാര്‍മികമോ നിയമപരമോ ആയ യാതൊരു സാധുതയുമില്ല. നാളിതുവരെ കേരളം ഒരു പൊതുധാരണയുടെയും സമവായത്തിന്റെയും അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാര്‍ വിഷയത്തെ കൈകാര്യം ചെയ്തിരുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഒരു ഡാമിന്റെ പാരിസ്ഥിതികവും നിയമപരവുമായ സാധുതയ്‌ക്കെതിരെ ശക്തമായ വാദഗതികള്‍ കേരളത്തിലും രാജ്യത്തും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാടും കേരളവും രണ്ട് അയല്‍ സംസ്ഥാനങ്ങള്‍, ഒരൊറ്റ ജനത എന്നീ ഉന്നതമായ രാഷ്ട്രീയ അവബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ ഒരു സമവായം ഉരുത്തിരിഞ്ഞു വന്നത്. ആ സമവായത്തെയാണ് 'തമിഴ്‌നാടിനു വെള്ളം, കേരളത്തിനു സുരക്ഷ' എന്ന പൊതുമുദ്രാവാക്യം പ്രതിഫലിപ്പിച്ചിരുന്നത്. അതാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ ഏകകണ്ഠമായ തീരുമാനത്തിന്റെ അടിത്തറ. അതുതന്നെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ ഏകകണ്ഠമായ പ്രമേയത്തിന്റെ നിയമാധിഷ്ടിത അസ്ഥിരവാരം.

പുതിയ ഡാമിനു സംയുക്ത നിയന്ത്രണമെന്ന മന്ത്രിസഭാ തീരുമാനം സര്‍വകക്ഷിയോഗത്തിന്റെ അന്തസത്തയെ നിരാകരിക്കുകയാണ്. അത് നിയമസഭ ഗവണ്‍മെന്റിനു നല്‍കിയ മാന്‍ഡേറ്റിന്റെ നഗ്നമായ ലംഘനമാണ്. കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസമാണ് ലംഘിക്കപ്പെട്ടത്, തകര്‍ക്കപ്പെട്ടത്. അത് മലയാളിയുടെ ദേശീയമായ സമവായത്തെ അട്ടിമറിച്ച് ഭിന്നിപ്പിന്റെയും അനൈക്യത്തിന്റെയും വിത്തുകളാണ് പാകിയിരിക്കുന്നത്. ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുമായോ നിയമസഭയുമായിപ്പോലും ആശയ വിനിമയവും കൂടിയാലോചനയും കൂടാതെ കൈക്കൊണ്ട മന്ത്രിസഭാ തീരുമാനം അപക്വവും അവിവേകവുമാണെന്നു പറയാതെ വയ്യ. അത് കേരളത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കു വിരുദ്ധവും നീതിരഹിതമായ ഒരു കരാര്‍ വ്യവസ്ഥയില്‍ ഭാവി തലമുറയെപ്പോലും പണയപ്പെടുത്തുന്നതുമായി പരിണമിച്ചേക്കാം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെയും നാം ഇക്കാര്യത്തില്‍ നാളിതുവരെ കൈക്കൊണ്ട നിലപാടുകളെയും ദുര്‍ബലമാക്കും.

ഭരണപ്രതിപക്ഷ ഭേദമന്യേ കേരളമൊട്ടാകെ സ്വീകരിച്ച നിലപാടുകളില്‍ നിന്നു വ്യതിചലിച്ച് പുതിയ ഡാമിനു സംയുക്ത നിയന്ത്രണമെന്ന തീരുമാനത്തിലേയ്ക്ക് മന്ത്രിസഭയേയും മുഖ്യമന്ത്രിയേയും നയിച്ചത് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ്. കേരളത്തിന്റെ ഭാവി സുരക്ഷിതത്വത്തേയും പ്രകൃതി വിഭവങ്ങളുടെമേല്‍ നമുക്കുള്ള നിയമാധിഷ്ഠിത അവകാശത്തെയും ബലികഴിക്കാന്‍ മറ്റെന്ത് കാരണമാണ് മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും പ്രേരകമായത്? മന്ത്രിസഭയുടെ ഭാവി നിശ്ചയിക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പും ഭരണമുന്നണിയിലെ അധികാര വടംവലിയും മാത്രമാണ് വഞ്ചനാപരമായ ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് അവരെ നയിച്ചത്.

ബുധനാഴ്ച അരങ്ങേറിയ നാടകത്തിന് വെള്ളിയാഴ്ചയാകുമ്പോഴേയ്ക്കും വിചിത്രമായ അന്ത്യമായിരിക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി താന്‍ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളമ്പിയതെല്ലാം വിഴുങ്ങുകയാണ് മുഖ്യമന്ത്രി. സംയുക്ത നിയന്ത്രണമെന്ന ആശയം പോലും ആരും മുന്നോട്ടു വച്ചിട്ടില്ലെന്ന വാദം ഉന്നയിക്കുന്ന മുഖ്യമന്ത്രിയുടെ മലക്കം മറിച്ചില്‍ യു ഡി എഫിന്റെയും മുഖ്യമന്ത്രിയുടെ തന്നെയും ഭരണത്തിന്റെ ദയനീയ ചിത്രമാണ് ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കുന്നത്. ഇത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അത്യന്തം അപമാനകരമായ അധ്യായമാണ്.

janayugom editorial 070112

2 comments:

  1. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് കേരളാ ഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും ആശങ്കയുമാണ് സൃഷ്ടിക്കുന്നത്. ബുധനാഴ്ച മന്ത്രിസഭ കൈക്കൊണ്ട തീരുമാനം വെള്ളിയാഴ്ച ഉന്നതാധികാര സമിതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഇന്ന് ഇതെഴുതുംവരെ ആ തീരുമാനം ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. ദിനംപ്രതി വാക്കുമാറുന്ന ഒരു ഗവണ്‍മെന്റിലും അതിനു നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയിലും ജനങ്ങള്‍ക്കു വിശ്വാസമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.

    ReplyDelete
  2. സര്‍വകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധം: ചെന്നിത്തല

    കൊച്ചി: പുതിയ മുല്ലപ്പെരിയാര്‍ ഡാമില്‍ കേരളത്തിനും തമിഴ്നാടിനും സംയുക്ത നിയന്ത്രണാവകാശമാകുമെന്ന മന്ത്രിസഭാ തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല. സര്‍വകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമാണിത്. മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
    സംയുക്ത നിയന്ത്രണാവകാശത്തില്‍ മാറ്റമില്ലെന്ന് തിരുവഞ്ചൂര്‍

    കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിച്ചാല്‍ നിയന്ത്രണാവകാശം കേരളവും തമിഴ്നാടും ചേര്‍ന്നാകാമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായി സംസ്ഥാനം ഉന്നതാധികാര സമിതിക്ക് സത്യവാങ്മൂലം നല്‍കിയതു സംബന്ധിച്ച് വാര്‍ത്താലേഖരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉന്നതാധികാര സമിതിക്ക് നല്‍കിയ സത്യവാങ്മൂലം എന്താണെന്ന് അറിയില്ല. സര്‍വകക്ഷിയോഗത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമോ എന്ന ഒറ്റ അജണ്ടയേ ഉണ്ടായിരുന്നുള്ളു. അനുബന്ധ കാര്യങ്ങളൊന്നും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചചെയ്തില്ലെന്നും ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് പ്രകടിപ്പിച്ച വാദത്തോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.

    ReplyDelete