Sunday, January 8, 2012

പുതിയ കര്‍ദ്ദിനാള്‍ അവരോധിതനാകുമ്പോള്‍

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദ്ദിനാളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കാ സഭയുടെ ആഗോള നേതൃ സമിതിയിലേയ്ക്ക് കേരളത്തില്‍ നിന്നുള്ള ഒരു വൈദിക ശ്രേഷ്ഠന്‍ കടന്നു ചെല്ലുന്നതിന് ഇന്നത്തെ സാഹചര്യങ്ങളില്‍ സവിശേഷമായ അര്‍ഥമുണ്ട്. മതന്യൂനപക്ഷങ്ങള്‍ സാമൂഹിക ജീവിതത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന പ്രബുദ്ധമായ ഇന്ത്യന്‍ സംസ്ഥാനമാണു കേരളം. സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികളുടെ സംഖ്യ 20 ശതമാനത്തോളം വരും എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. വിവിധങ്ങളായ ക്രിസ്തീയ സഭകളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള സീറോമലബാര്‍ സഭയ്ക്ക് രാജ്യത്തിന് അകത്തും പുറത്തുമായി നാല്‍പതു ലക്ഷം അനുയായികളാണുള്ളത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള കര്‍ദ്ദിനാള്‍മാരുടെ സമിതിയില്‍ 214 കര്‍ദ്ദിനാള്‍മാരാണ് അംഗങ്ങള്‍. സഭയുടെ ഭരണപരവും സഭാപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പയെ സഹായിക്കാന്‍ നിയുക്തരാണവര്‍. 120 കോടി വരുന്ന ആഗോള കത്തോലിക്കരുടെ ജീവിതാനുഭവങ്ങളും വീക്ഷണവിശേഷങ്ങളുമായി കേരളത്തിലെ സഭാ വിശ്വാസികളുടെ ബന്ധത്തിന്റെ പാലമാവുകയാണ്, മാര്‍ ജോര്‍ജ് ആലഞ്ചേരി.

സിറോ മലബാര്‍ സഭയ്ക്ക് മാനവികമായ ശ്രേഷഠമുഖം നല്‍കുന്നതില്‍ അനിഷേധ്യമായ പങ്കുവഹിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ നായകനായത്. ആ പദവിയിലേയ്ക്ക് തെരഞ്ഞെടുപ്പിലൂടെ കടന്നുചെന്ന ആദ്യത്തെയാളും അദ്ദേഹം തന്നെ. മതനിരപേക്ഷ മൂല്യങ്ങളുടെ വിട്ടുവീഴ്ച ഇല്ലാത്ത പോരാളിയും സത്യസന്ധമായ ജീവിത വിശുദ്ധിയുടെ പ്രതീകവുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലടക്കം മൂന്നുപേര്‍ മാത്രമാണ് ഇതിനുമുമ്പ് കേരളത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് കടന്നുചെന്നത്. വിദ്യാഭ്യാസമടക്കമുള്ള സേവന മേഖലകളില്‍ സഭയുടെ പ്രവര്‍ത്തനം പണസമ്പാദനത്തിനുവേണ്ടിയാകരുതെന്ന് അനുശാസിച്ച അജപാലകനായിരുന്നു മാര്‍ വിതയത്തില്‍. 'ഹൃദയത്തില്‍ നിന്ന് നേരിട്ട്' (സ്‌ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്) എന്നു നാമകരണം ചെയ്യപ്പെട്ട ആത്മകഥയില്‍ അദ്ദേഹം വിശദമാക്കിയ അത്തരം പ്രമാണങ്ങളുടെ വക്താവാകാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിലും ഉത്സുകനാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വിളിച്ചറിയിക്കുന്നത്. പാവങ്ങളോട് സഭ പുലര്‍ത്തേണ്ട പക്ഷപാതിത്വത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള പുതിയ കര്‍ദ്ദിനാള്‍ വിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ധൂര്‍ത്തിനെയും ആഡംബരങ്ങളേയും വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. മദ്യപാനമടക്കമുള്ള സാമൂഹിക വിപത്തുക്കളെക്കുറിച്ച് വിശ്വാസികളില്‍ വീണ്ടുവിചാരമുണര്‍ത്താന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയില്‍ ഇരുന്നുകൊണ്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ശ്രമങ്ങള്‍ ഏവരിലും മതിപ്പുളവാക്കുന്നു.
ആരോഗ്യകരമായ സംവാദങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന മതമേലധ്യക്ഷനാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ത്യയെപ്പോലെ വിശ്വാസ ബഹുത്വമുള്ള (പ്ലൂറലിസം) ഒരു രാജ്യത്ത് ആ തിരിച്ചറിവിന്റെ ആവശ്യകത എല്ലാ മതവിഭാഗങ്ങളിലും ഒരുപോലെ ശക്തിപ്പെടേണ്ടതാണ്. ഏക മതാധിഷ്ഠിത രാഷ്ട്രവാദം (തിയോക്രാറ്റിക് സ്റ്റേറ്റ്) സംഘപരിവാറിലൂടെ തലപൊക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയില്‍ മതനിരപേക്ഷ സംസ്‌ക്കാരം വിശ്വാസങ്ങളുടെയും രാഷ്ട്രീയത്തിന്റെയും കാതലായി സംരക്ഷിക്കപ്പെടണമെന്നാണ് ഇടതുപക്ഷ കാഴ്ചപ്പാട്. അതിനെ മുന്‍നിര്‍ത്തിയുള്ള അര്‍ഥപൂര്‍ണമായ സംവാദങ്ങള്‍ക്കും ഇടതുപക്ഷം ഇന്നും നാളെയും സന്നദ്ധമായിരിക്കും.

മതരാഷ്ട്രവാദത്തിന്റെ ആപത്തിനെ ചെറുക്കാന്‍ ഇടതുപക്ഷം വഹിക്കുന്നപങ്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി മനസിലാക്കുന്ന സാഹചര്യമാണു വളര്‍ന്നു വരുന്നത്. എന്നാല്‍ ക്രിസ്തീയ സഭകളിലെ അപൂര്‍വം ചില കേന്ദ്രങ്ങള്‍ ഇടതുപക്ഷ വിരോധത്തിന്റെ പൂര്‍വകാല സ്മരണയില്‍ നിന്ന് ഇന്നും മോചിതരായിട്ടില്ല. വിശ്വാസത്തിന്റെ മേല്‍വിലാസത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഇടയലേഖനങ്ങള്‍ ചിലപ്പോള്‍ ജന്മം കൊള്ളുന്നത് അതുകൊണ്ടാണ്. 'ദൈവത്തിന്റെ പങ്ക് ദൈവത്തിനും സീസറിന്റെ പങ്ക് സീസറിനും' എന്ന ശരിയായ കാഴ്ചപ്പാടിന്റെ അര്‍ഥവും പ്രസക്തിയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉയര്‍ത്തിപ്പിടിക്കുമെന്ന് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വ്യക്തമാക്കുന്നു.

മാറുന്ന ലോകയാഥാര്‍ഥ്യങ്ങള്‍ ഇടതുപക്ഷവും മതവിശ്വാസികളും തമ്മിലുള്ള ആശയവിനിമയത്തിന്റെ ആവശ്യകത വിളിച്ചു പറയുന്നുണ്ട്. 'ഞങ്ങള്‍ 99 ശതമാനവും നിങ്ങള്‍ 1 ശതമാനവും' എന്ന് ജനങ്ങള്‍ രാജ്യങ്ങള്‍ തോറും വിളിച്ചു പറയുന്ന കാലമാണിത്. ആ  ജനസഞ്ചയത്തില്‍ തീര്‍ച്ചയായും ഇടതുപക്ഷക്കാരുണ്ട്. എന്നാല്‍ അവരേക്കാളേറെ അതില്‍ അണി നിരക്കുന്നത് മാറ്റം കൊതിക്കുന്ന മതവിശ്വാസികളാണ്. അവരുടെ വിചാരങ്ങളും വികാരങ്ങളും സഭ കാണാതിരിക്കുന്നില്ല. ബനഡിക്റ്റ്് പതിനാറാമന്‍ മാര്‍പ്പാപ്പ 'സത്യത്തില്‍ സ്‌നേഹം'' എന്ന തന്റെ ചാക്രിക ലേഖനത്തില്‍ പണത്തിന്റെ മുമ്പില്‍ മനുഷ്യനെ അസ്തപ്രജ്ഞനാക്കുന്ന ഇന്നത്തെ ലോക നീതിയെ വിമര്‍ശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തെപ്പോലെ രാഷ്ട്രീയ പ്രബുദ്ധമായ ഒരു സമൂഹത്തില്‍ മതന്യൂനപക്ഷങ്ങളും ഇടതുപക്ഷവും തമ്മിലുള്ള സംവാദം പുതിയ തലങ്ങളിലേയ്ക്കു വളരേണ്ടതുണ്ട്. പരസ്പര ബഹുമാനം പുലര്‍ത്തുന്ന അത്തരം ഒരു സംവാദത്തിന് തന്റെ സംഭാവനകള്‍ നല്‍കാന്‍ പുതിയ കര്‍ദ്ദിനാളിനു കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

janayugom editorial 080112

1 comment:

  1. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദ്ദിനാളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കാ സഭയുടെ ആഗോള നേതൃ സമിതിയിലേയ്ക്ക് കേരളത്തില്‍ നിന്നുള്ള ഒരു വൈദിക ശ്രേഷ്ഠന്‍ കടന്നു ചെല്ലുന്നതിന് ഇന്നത്തെ സാഹചര്യങ്ങളില്‍ സവിശേഷമായ അര്‍ഥമുണ്ട്. മതന്യൂനപക്ഷങ്ങള്‍ സാമൂഹിക ജീവിതത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന പ്രബുദ്ധമായ ഇന്ത്യന്‍ സംസ്ഥാനമാണു കേരളം. സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികളുടെ സംഖ്യ 20 ശതമാനത്തോളം വരും എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. വിവിധങ്ങളായ ക്രിസ്തീയ സഭകളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള സീറോമലബാര്‍ സഭയ്ക്ക് രാജ്യത്തിന് അകത്തും പുറത്തുമായി നാല്‍പതു ലക്ഷം അനുയായികളാണുള്ളത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള കര്‍ദ്ദിനാള്‍മാരുടെ സമിതിയില്‍ 214 കര്‍ദ്ദിനാള്‍മാരാണ് അംഗങ്ങള്‍. സഭയുടെ ഭരണപരവും സഭാപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പയെ സഹായിക്കാന്‍ നിയുക്തരാണവര്‍. 120 കോടി വരുന്ന ആഗോള കത്തോലിക്കരുടെ ജീവിതാനുഭവങ്ങളും വീക്ഷണവിശേഷങ്ങളുമായി കേരളത്തിലെ സഭാ വിശ്വാസികളുടെ ബന്ധത്തിന്റെ പാലമാവുകയാണ്, മാര്‍ ജോര്‍ജ് ആലഞ്ചേരി.

    ReplyDelete