Monday, January 9, 2012

ഉപകരണമാകുന്ന വിജിലന്‍സ്

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. തങ്ങള്‍ക്കിഷ്ടമുള്ള റിപ്പോര്‍ട്ടുകള്‍ ചുട്ടെടുക്കാനുള്ള ചട്ടുകമായാണ് കോണ്‍ഗ്രസ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ തനിയാവര്‍ത്തനമാണ് പാമൊലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള തീരുമാനം മന്ത്രിസഭയുടേതാണെന്നും ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്നുമാണ് തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ച 89 പേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്രത്തില്‍ സിബിഐയെ എങ്ങനെ ഉപയോഗിക്കുന്നുവോ അതിന് സമാനമായാണ് ഇവിടെ വിജിലന്‍സിനെയും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി യുഡിഎഫ് ദുരുപയോഗം ചെയ്യുന്നത്. അതിന്റെ മികച്ച ഉദാഹരണം ലാവ്ലിന്‍ കേസാണ്.

യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ് 2003 മാര്‍ച്ച് ആറിന് എസ്എന്‍സി ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിഎജി റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്. വിജിലന്‍സ് വിശദമായി അന്വേഷിച്ച് 2006 ഫെബ്രുവരി 10ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. മൂന്നു ജലവൈദ്യുതപദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും വീഴ്ചയ്ക്ക് പിണറായി വിജയനെ ഉത്തരവാദിയായി കാണാന്‍ കഴിയില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് സംശയരഹിതമായി വ്യക്തമാക്കിയത്. അത് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതായിരുന്നില്ല. ക്ഷുഭിതനായ ഉമ്മന്‍ചാണ്ടി വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വിഷയം സിബിഐക്ക് വിട്ടത് ഇതേ ഉമ്മന്‍ചാണ്ടിയാണ്. പിന്നീട് കണ്ടത് സിബിഐയെക്കൊണ്ട് താന്‍ ആഗ്രഹിക്കുന്നവിധം റിപ്പോര്‍ട്ട് എഴുതിക്കാനുള്ള നീക്കങ്ങളാണ്. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അങ്ങനെ സിബിഐ നിര്‍ബന്ധിതരായി. എന്നാല്‍ , അതേന്യായങ്ങള്‍വച്ച് ഒന്നാംപ്രതിസ്ഥാനത്ത് വരേണ്ട ജി കാര്‍ത്തികേയനെ രക്ഷപ്പെടുത്താനും സിബിഐ ഉപയോഗിക്കപ്പെട്ടു. പാമൊലിന്‍ കേസായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിന്റെ സ്വഭാവം മാറി. തന്റെ പേര് ഏതുവിധേനയും ഒഴിവാക്കാനുള്ള വഴിവിട്ട നീക്കങ്ങളാണുണ്ടായത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് തെളിവുസഹിതം കോടതിയില്‍ പറഞ്ഞത് ഇടപാട് നടന്ന ഘട്ടത്തില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫതന്നെയാണ്. രണ്ടാംപ്രതിയായ ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയ മാത്യുവും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ വെളിപ്പെടുത്തലുകളാണ് ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണത്തിന് കാരണമായത്.

മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക് നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിക്കുമുന്നില്‍ നല്‍കിയ മൊഴിയും പാമൊലിന്‍ ഇടപാടിനെക്കുറിച്ച് എല്ലാ കാര്യവും തനിക്ക് അറിയാമെന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തലും അതില്‍പ്പിന്നെ പുറത്തുവന്ന വസ്തുതകളും പരിഗണിച്ച് വിജിലന്‍സ്തന്നെ തുടരന്വേഷണത്തിനായി ആവശ്യമുന്നയിച്ചു. കോടതിയുടെ അനുമതിയോടെ അന്വേഷണം നടക്കെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നു; യുഡിഎഫിന് തലനാരിഴ ഭൂരിപക്ഷം ഉറപ്പായി. അതോടെ, മുഖ്യമന്ത്രിസ്ഥാനത്തെത്താന്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സിനെ ദുരുപയോഗിച്ചു- വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഉടനെ, ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്ന റിപ്പോര്‍ട്ട് തട്ടിക്കൂട്ടി വിജിലന്‍സ് എത്തി. അത് കോടതി തള്ളി. അതോടെ, ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് ഉള്‍പ്പെടെ ആക്രോശവുമായി രംഗത്തുവന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അസഹ്യമായപ്പോള്‍ ജഡ്ജി പിന്മാറി. ഇപ്പോഴിതാ, ഉമ്മന്‍ചാണ്ടിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നു. വിജിലന്‍സ്വകുപ്പ് കൈകാര്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ത അനുയായിയാണ്. മുഖ്യമന്ത്രിയടക്കമുള്ള ഭരണകര്‍ത്താക്കളെ ആപത്ഘട്ടങ്ങളില്‍ രക്ഷിച്ചെടുക്കാനും അവരിലെ മാലിന്യം തൂത്തുകളയാനുമായി ഖജനാവിലെ പണം ചെലവിടുന്ന വകുപ്പായി വിജിലന്‍സ് സംവിധാനത്തെ യുഡിഎഫ് അധഃപതിപ്പിച്ചിരിക്കുന്നു. സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യം ആ ഏജന്‍സിയില്‍നിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ആജ്ഞാപിക്കുന്നതുപോലെ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കാനായി ഇത്തരം അന്വേഷണ ഏജന്‍സികള്‍ തരംതാഴ്ത്തപ്പെടുമ്പോള്‍ ഭരണതലത്തിലെ അഴിമതിയും അരാജകത്വവും ലക്കുംലഗാനുമില്ലാതെ വളരുമെന്നതില്‍ സംശയമില്ല. ലോക്പാലിന്റെ പരിധിയില്‍ സിബിഐയെ കൊണ്ടുവരണമെന്ന ആവശ്യത്തിന്റെ പ്രസക്തിയും വ്യാപ്തിയും ഇവിടെയാണ് പരിശോധിക്കപ്പെടേണ്ടത്. സര്‍ക്കാര്‍തലപ്പത്തിരിക്കുന്നവരെ കുറ്റമുക്തരാക്കുക; അവരുടെ ഭീമാകാരമായ കുറ്റകൃത്യങ്ങളെ ലഘൂകരിക്കുക; പ്രതിനായകസ്ഥാനത്ത് മറ്റു ചിലരെ പ്രതിഷ്ഠിച്ച് മുഖ്യ ഭരണകക്ഷിയുടെ മുഖം രക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സിബിഐ ചെയ്യുന്നത്.

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ചിദംബരവും മന്‍മോഹന്‍സിങ്ങും കുടുങ്ങാതിരിക്കുന്നതും അന്വേഷണം കോണ്‍ഗ്രസിന്റെ പരമോന്നത നേതൃതലത്തിലേക്ക് തിരിയാത്തതും അതിന്റെ ഫലമായാണ്. ഇവിടെ, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി സാഹചര്യത്തെളിവുകള്‍വച്ച് പ്രതിസ്ഥാനത്തുതന്നെയാണ്. വിജിലന്‍സിനെക്കൊണ്ട് നിഷേധിപ്പിച്ചതുകൊണ്ട് യാഥാര്‍ഥ്യങ്ങള്‍ ഇല്ലാതാകുന്നില്ല. ഉപജാപങ്ങളും കൃത്രിമത്വവും എല്ലാ കാലത്തേക്കുമുള്ള രക്ഷോപായങ്ങളല്ല. നീതിന്യായവ്യവസ്ഥയെ മറികടക്കാനുള്ള അധികാര ദുര്‍വിനിയോഗം ജനാധിപത്യസമൂഹത്തിന് പൊറുക്കാനാകില്ലെന്ന തിരിച്ചറിവ് യുഡിഎഫ് നേതൃത്വത്തിനുണ്ടാകണം. അതില്ലെങ്കില്‍ ജനങ്ങളില്‍നിന്നുള്ള അര്‍ഹമായ തിരിച്ചടി ഏറ്റുവാങ്ങാന്‍ അവര്‍ക്ക് സജ്ജരാകാം.

deshabhimani editorial 090112

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. തങ്ങള്‍ക്കിഷ്ടമുള്ള റിപ്പോര്‍ട്ടുകള്‍ ചുട്ടെടുക്കാനുള്ള ചട്ടുകമായാണ് കോണ്‍ഗ്രസ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ തനിയാവര്‍ത്തനമാണ് പാമൊലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള തീരുമാനം മന്ത്രിസഭയുടേതാണെന്നും ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്നുമാണ് തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ച 89 പേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്രത്തില്‍ സിബിഐയെ എങ്ങനെ ഉപയോഗിക്കുന്നുവോ അതിന് സമാനമായാണ് ഇവിടെ വിജിലന്‍സിനെയും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി യുഡിഎഫ് ദുരുപയോഗം ചെയ്യുന്നത്. അതിന്റെ മികച്ച ഉദാഹരണം ലാവ്ലിന്‍ കേസാണ്.

    ReplyDelete