Monday, January 9, 2012

ഉമ്മന്‍ചാണ്ടിക്കായി തട്ടിക്കൂട്ടിയത്: കോടിയേരി

ഇ ബാലാനന്ദന്‍ നഗര്‍ (പറവൂര്‍): തനിക്കെതിരായ അഴിമതിയാരോപണം ഉമ്മന്‍ചാണ്ടിതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥിതിവിശേഷമാണ് പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കായി തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേസില്‍ വിജിലന്‍സ് ജഡ്ജി ഹനീഫ ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും അത് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തിന് സമാപനംകുറിച്ച് പറവൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തോളം അദ്ദേഹത്തിനു കീഴിലുള്ള വിജിലന്‍സ് എങ്ങനെയാണ് എതിരായി റിപ്പോര്‍ട്ട് കൊടുക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഈ സ്ഥാനത്തിരുന്നുള്ള അന്വേഷണം ഒരിക്കലും നീതിപൂര്‍വകമാവില്ല. 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ കേസ് പിന്‍വലിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. പിന്നീടെത്തിയ വി എസ് സര്‍ക്കാരാണ് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി അഴിമതിക്കാരായ ആറ് സഹമന്ത്രിമാരെയും സംരക്ഷിക്കുകയാണ്. എട്ടുമാസംകൊണ്ട് ഈ മന്ത്രിസഭ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് തെളിയിച്ചു. മന്ത്രിസഭ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ഏറ്റവും നന്നായി മനസിലായിട്ടുള്ളത് ഉമ്മന്‍ചാണ്ടിക്കാണ്. അതുകൊണ്ടുതന്നെ പോക്കറ്റ് നിറയ്ക്കാന്‍ എന്താണ് വിദ്യയെന്നാണ് പ്രധാന നോട്ടം. ഇതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കുന്നത്. 5000 കോടിയുടെ പദ്ധതിക്ക് 500 കോടിയുടെ കമീഷനടിക്കാനാണ് നീക്കം. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കി സ്വകാര്യ സംവിധാനമായി പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. ജനങ്ങളുടെ അഭിലാഷപൂര്‍ത്തീകരണത്തിന് പകരം അഴിമതി പൂര്‍ണമാക്കാനാണ് ഇവരുടെ നീക്കം. ഇതിനെതിരെ സിപിഐ എം ശക്തമായ പോരാട്ടം സംഘടിപ്പിക്കും.

എട്ടുമാസംകൊണ്ട് നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി കേരളം മാറി. ജനം നിയമം കയ്യിലെടുക്കുന്ന സ്ഥിതിയാണെങ്ങും. കട്ടപ്പനയില്‍ മത്സ്യം മോഷ്ടിച്ചുവെന്ന പേരില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവമാണ് ഇക്കാര്യത്തില്‍ ഒടുവിലത്തെ ഉദാഹരണം. പെരുമ്പാവൂരില്‍ ബസ്യാത്രയ്ക്കിടെ രഘു എന്ന യുവാവിനെ സുധാകരന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മൂന്നാം പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. കൊട്ടാരക്കരയിലെ കൃഷ്ണകുമാര്‍ എന്ന അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയ സംഭവവും അപകടമെന്ന് വരുത്താനാണ് പൊലീസ് ശ്രമിച്ചത്. പ്രതികളെ പിടിക്കുന്നതിന് പകരം അവരുടെ രേഖാചിത്രം തയ്യാറാക്കലാണ് പൊലീസിന്റെ ഇപ്പോഴത്തെ പ്രധാന ജോലി.
മന്ത്രിസഭയെ നിയന്ത്രിക്കുന്നതും മന്ത്രിമാരെ തീരുമാനിക്കുന്നതും ജാതി സംഘടനകളാണ്. ഭരണനിയന്ത്രണം ഇവരുടെ ഓഫീസിലേക്ക് മാറി. ബ്രാഞ്ചുതലംമുതല്‍ അഖിലേന്ത്യാതലംവരെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ടിയാണ് സിപിഐ എം. ജനാധിപത്യപാര്‍ടികളെന്ന് പേരുള്ള മറ്റ് പാര്‍ടികളില്‍ ജനാധിപത്യവുമില്ല, തെരഞ്ഞെടുപ്പുമില്ല. കോണ്‍ഗ്രസിന്റെ ബൂത്തുതല സമ്മേളനം ഒരാളുടെ ചവിട്ടിക്കൊലയിലാണ് കലാശിച്ചത്. ഇതേത്തുടര്‍ന്ന് സമ്മേളനത്തിനു പകരം നോമിനേഷന്‍ മതിയെന്ന് തീരുമാനിച്ചു. സിപിഐ എം സമ്മേളനംപോലെ അച്ചടക്കത്തോടെ നടത്താന്‍ കോണ്‍ഗ്രസിന് കഴിയില്ല. അടി, ഇടി, കത്തിക്കുത്ത് എന്നിവയിലാകും അത് കലാശിക്കുക. ലീഗിന്റെ സമ്മേളനം വെടിവയ്പിലാകുംകലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 090112

1 comment:

  1. തനിക്കെതിരായ അഴിമതിയാരോപണം ഉമ്മന്‍ചാണ്ടിതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥിതിവിശേഷമാണ് പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കായി തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേസില്‍ വിജിലന്‍സ് ജഡ്ജി ഹനീഫ ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും അത് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തിന് സമാപനംകുറിച്ച് പറവൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

    ReplyDelete