Thursday, January 5, 2012

റോഡ് വികസനത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കര്‍മപദ്ധതി വേണം

അനുദിനം വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗതകുരുക്കുകളും കേരളത്തിനു തീരാശാപമായി മാറിയിരിക്കുന്നു. പ്രതിവര്‍ഷം നാലായിരത്തോളം ജീവനുകളാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പൊലിയുന്നത്. ശരാശരി പ്രതിദിനം ഒരു ഡസന്‍ മരണങ്ങള്‍. നൂറിലധികം പേര്‍ക്ക് ദിനംപ്രതി പരിക്കേല്‍ക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നു. ഇതില്‍ നാല്‍പതു ശതമാനവും കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രം (നാറ്റ്പാക്ക്) പഠനങ്ങളാണ് അസ്വസ്ഥജനകമായ ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്.

കേരളത്തിന്റെ മുഖ്യഗതാഗത മാര്‍ഗമാണ് റോഡുകള്‍. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 65 ലക്ഷം കവിഞ്ഞിരിക്കുന്നു. അതില്‍ 63 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഓരോ വര്‍ഷവും പുതുതായി അഞ്ചു ലക്ഷം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കെ എസ് ആര്‍ ടി സിയുടെ 5,500 ബസുകളടക്കം മൊത്തം 25000 ബസുകളാണ് നമ്മുടെ നിരത്തുകളില്‍ ഓടുന്നത്. ഈ വാഹനബാഹുല്യം നമ്മുടെ റോഡ് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. സംസ്ഥാനത്തെ റോഡുകളില്‍ മഹാഭൂരിപക്ഷവും വാഹനഗതാഗതം ദുര്‍വഹമാക്കുന്ന ഇടുങ്ങിയ റോഡുകളാണ്. അവയ്ക്കാകട്ടെ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനാവുന്ന നടപ്പാതകളോ മൂടി സുരക്ഷിതമാക്കിയ അഴുക്കുചാല്‍ സംവിധാനങ്ങളോ ഇല്ല. ആധുനിക നിരത്തുകളില്‍ അനിവാര്യമായ സൈക്കിള്‍ പാതകള്‍ എവിടെയുമില്ല. നിരത്തുകള്‍ മുറിച്ചുകടക്കാന്‍ സുരക്ഷിത സംവിധാനങ്ങളും അനിവാര്യമായ സര്‍വീസ് റോഡുകളും കേരളത്തിനു വിദൂരസ്വപ്നമാണ്. നീണ്ട ഗതാഗതക്കുരുക്കുകള്‍ പൊടിയും പുകയും നിറഞ്ഞ് ആരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്നു. അപകടങ്ങളും വന്‍തോതിലുള്ള ഇന്ധന ദുരുപയോഗവും ഈ ഗതാഗത സംവിധാനത്തിന്റെ ശാപമായി മാറിയിരിക്കുന്നു.

ആവശ്യമായ മരാമത്ത് പണികളുടെ അഭാവം, ഗതാഗത നിയന്ത്രണമേതുമില്ലാത്ത കവലകള്‍, രാത്രികാലങ്ങളില്‍ വേണ്ടത്ര തെരുവുവിളക്കുകളില്ലായ്മ, റോഡ് അടയാളങ്ങളുടെയും മുന്നറിയിപ്പുകളുടെയും കുറവ്, ഇവയെല്ലാം നമ്മുടെ ഗതാഗത സംവിധാനത്തെയാകെ താറുമാറാക്കിയിരിക്കുന്നു.

ഇതരസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ റോഡ് സാന്ദ്രതയില്‍ കേരളം വളരെ മുന്നിലാണെങ്കിലും നമ്മുടെ ജനവാസരീതികള്‍ റോഡ് വികസനത്തിനു മുഖ്യ തടസമായി നിലനില്‍ക്കുന്നു. ജനസാന്ദ്രതയും പാതയോരങ്ങളിലുള്ള ആവാസരീതിയും റോഡ് വീതികൂട്ടുന്നത് ശ്രമകരവും കടുത്ത ചെറുത്തുനില്‍പ്പിനും കാരണമാണ്. എന്നാല്‍ റോഡ് വികസനം തടസ്സപ്പെടുന്നത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ സഞ്ചാരസൗകര്യങ്ങള്‍ക്കും ഏറ്റവും കടുത്ത വിഘാതമായി മാറുകയാണ്. ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റോഡ് വികസനത്തിനു കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ കഴിയണം. പൊതുഗതാഗത സംവിധാനം കേരളത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച് പുനസംവിധാനം ചെയ്തുകൊണ്ടു മാത്രമേ ഈ പ്രശ്‌നത്തെ നേരിടാനും പരിഹരിക്കാനുമാവൂ.

ഒന്നാമതായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിരുത്സാഹപ്പെടുത്തുകയും പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമെന്നതാണ്. സൗകര്യപ്രദമായ പൊതുഗതാഗത സംവിധാനങ്ങള്‍ വ്യാപകവും വിപുലവുമാക്കുന്നതും അവ കുറഞ്ഞചെലവില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതും സ്വാകാര്യ വാഹനങ്ങളുടെ ഉപയോഗത്തെ ഗണ്യമായി നിയന്ത്രിക്കുന്നതിനു സഹായകമാവും. കൊച്ചി നഗരത്തിലെ നിര്‍ദിഷ്ട മെട്രോ റെയിലും തലസ്ഥാനത്തും കോഴിക്കോടും നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന മോണോ റെയില്‍ സംവിധാനങ്ങളും ഈ ദിശയില്‍ സുപ്രധാന ചുവടുവെയ്പാണ്. എന്നാല്‍ അവ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്കു കഴിയണം. മേല്‍പറഞ്ഞ നഗരങ്ങള്‍ക്കുപുറമെ കേരളത്തിന്റെ മറ്റു പ്രധാന നഗരങ്ങളിലും സമാന പദ്ധതികള്‍ക്കുള്ള ആലോചനകള്‍ക്ക് കാലതാമസം അരുത്.

റോഡ് വികസനത്തില്‍ ഭൂമി വിട്ടുനല്‍കേണ്ടി വരുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതികളും ആവിഷ്‌ക്കരിക്കാതെ റോഡ് വികസനത്തെപ്പറ്റി ചിന്തിക്കാന്‍പോലും ഇനി കേരളത്തില്‍ സാധ്യമല്ല. കേരളത്തെ ആകെ ഒരു വിപുലീകൃത നഗരമായി കണ്ടുകൊണ്ടുള്ള റോഡുവികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാതെ കേരളത്തിനു മുന്നോട്ടുപോകാനാവില്ല. അത്തരം ഒരു മാസ്റ്റര്‍ പ്ലാനിനു രൂപംനല്‍കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുകൊണ്ട് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പദ്ധതികള്‍ തയ്യാറാക്കി മാത്രമേ നമുക്ക് മുന്നോട്ടുപോകാനാവൂ. അത്തരമൊരു പദ്ധതിക്കു രൂപംനല്‍കാനും ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കാനും കഴിയാതെ നടത്തുന്ന റോഡുവികസന പദ്ധതികള്‍ താല്‍ക്കാലിക മുഖംമിനുക്കലുകള്‍ മാത്രമായിരിക്കും. അവയാകട്ടെ കുതിച്ചുയരുന്ന റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിനോ ഗതാഗതകുരുക്കുകള്‍ അഴിക്കുന്നതിനോ പര്യാപ്തമാവില്ല. വികസനത്തിനുവേണ്ടി ഭൂമി നല്‍കി ത്യാഗം സഹിക്കേണ്ടിവരുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അങ്ങേയറ്റത്തെ അനുഭാവത്തോടെ കണക്കിലെടുത്തുകൊണ്ട് ഒരു റോഡ് വികസനപദ്ധതിക്ക് രൂപംനല്‍കാന്‍ സത്വര നടപടികള്‍ സ്വീകരിക്കേണ്ടത് കേരളത്തിന്റെ വളര്‍ച്ചയും പുരോഗതിയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമാണ്.

janayugom editorial 050112

1 comment:

  1. അനുദിനം വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗതകുരുക്കുകളും കേരളത്തിനു തീരാശാപമായി മാറിയിരിക്കുന്നു. പ്രതിവര്‍ഷം നാലായിരത്തോളം ജീവനുകളാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പൊലിയുന്നത്. ശരാശരി പ്രതിദിനം ഒരു ഡസന്‍ മരണങ്ങള്‍. നൂറിലധികം പേര്‍ക്ക് ദിനംപ്രതി പരിക്കേല്‍ക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നു. ഇതില്‍ നാല്‍പതു ശതമാനവും കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രം (നാറ്റ്പാക്ക്) പഠനങ്ങളാണ് അസ്വസ്ഥജനകമായ ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്.

    ReplyDelete