Thursday, January 5, 2012

വാര്‍ത്തകള്‍ - വൈദ്യുതി വില വര്‍ദ്ധന, പാസ്പോര്‍ട്ട്,ഓഹരി വില്പന....

വൈദ്യുതിക്ക് വീണ്ടും 25 പൈസ കൂട്ടിയേക്കും

തിരു: വൈദ്യുതി യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ചുമത്താന്‍ വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമീഷന്റെ അനുമതി തേടി. ബുധനാഴ്ച വൈദ്യുതിഭവനില്‍ നടന്ന ഹിയറിങ്ങില്‍ ഈ ആവശ്യത്തിനെതിരെ മറുവാദമുയര്‍ന്നില്ല. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയരാന്‍ സാഹചര്യമൊരുങ്ങി. മൂന്നാഴ്ചയ്ക്കകം കമീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ സംസ്ഥാനത്തിനു പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതുമൂലം ബോര്‍ഡിന് 176 കോടി രൂപയുടെ ബാധ്യതയുണ്ടായതായി ബോര്‍ഡ് കമീഷനെ അറിയിച്ചു. കമീഷന്റെ കണക്കെടുപ്പില്‍ ബാധ്യത 165 കോടി രൂപയായി തീരുമാനിച്ചു. ഈ നഷ്ടം നികത്താനാണ് സര്‍ചാര്‍ജ് ചുമത്തുന്നതെന്നാണ് വിശദീകരണം. സര്‍ചാര്‍ജ് അടുത്തമാസം മുതല്‍ ഈടാക്കാന്‍ തീരുമാനിച്ചാല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 25 പൈസ വീതം വീണ്ടും ഉയരും. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെയുള്ള കാലത്തെ അധികബാധ്യത നികത്താന്‍ നിലവില്‍ യൂണിറ്റിന് 25 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. മാര്‍ച്ച് 31 വരെ ഇതു തുടരും. ഉടന്‍ വീണ്ടും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാല്‍ അടുത്ത രണ്ടു മാസം യൂണിറ്റിന് 50 പൈസ വീതം കൂടുതല്‍ നല്‍കേണ്ടിവരും. അത് ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം. അല്ലെങ്കില്‍ ഏപ്രില്‍ മുതല്‍ സര്‍ചാര്‍ജ് ഈടാക്കിയാല്‍ മതിയെന്ന് റഗുലേറ്ററി കമീഷന്‍ തീരുമാനിക്കണം.

നേഴ്സുമാരുടെ ശമ്പളം: കേന്ദ്രനിയമം വേണം

കൊച്ചി: നേഴ്സുമാരുടെ മിനിമം ശമ്പളം 20,000 രൂപയായി വര്‍ധിപ്പിക്കാനും സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനും കേന്ദ്രനിയമം വേണമെന്ന് ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ (ഐഎന്‍പിഎ) സംഘടിപ്പിച്ച നേഴ്സുമാരുടെയും രക്ഷിതാക്കളുടെയും മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് പുറത്തുപോകുന്ന നേഴ്സുമാരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ സ്ഥിരംസംവിധാനം ഒരുക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും കണ്‍വന്‍ഷന്‍ അംഗീകരിച്ച അവകാശപത്രികയില്‍ പറഞ്ഞു. ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, ജോലിയിലിരിക്കെ മരിച്ച നേഴ്സുമാരുടെ വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുക, രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വിദ്യാഭ്യാസവായ്പയുടെ പലിശ പൂര്‍ണമായും ഒഴിവാക്കുക, തിരിച്ചടവു കാലവധി ദീര്‍ഘിപ്പിക്കുക, മെയില്‍ നേഴ്സുമാര്‍ക്ക് തൊഴിലവസരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എറണാകുളം സി അച്യുതമേനോന്‍ ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പ്രൊഫ. കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ആര്‍ മോഹന്‍കുമാര്‍ അധ്യക്ഷനായി. കെ ജെ ഷീല, എന്‍ പി സുധ, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

തിരക്കേറിയ സ്ഥലത്തുനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റണം: ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളില്‍നിന്നു മാറ്റണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍ , പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. തിരക്കേറിയ റോഡുകള്‍ക്കുസമീപം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും. അപകടങ്ങള്‍ക്കും കാരണമാകും. വിശാലമായ സ്ഥലസൗകര്യങ്ങളുള്ള പ്രദേശത്ത് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു. എറണാകുളം കലൂര്‍ മോഡല്‍ ടെക്നിക്കല്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് കെട്ടിടം കുടുംബകോടതിക്ക് വിട്ടുനല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം ചോദ്യംചെയ്ത് സ്കൂള്‍ സംരക്ഷണസമിതി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കൊച്ചി വ്യാവസായികനഗരമായി വളര്‍ന്നുവെന്നും അതിനാല്‍ ഭൂമിയുടെ കമ്പോളവില പരിഗണിച്ച് മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ, ഭൂമി കൈമാറുകയോ ആണ് വേണ്ടതെന്നും കോടതി പറഞ്ഞു.

കളമശേരി എച്ച്എംടിയുടെ ഓഹരി വില്‍ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കളമശേരി എച്ച്എംടിയുടെ ഓഹരി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കമ്പനിയുടെ ഓഹരിവില്‍പ്പന സംബന്ധിച്ച തീരുമാനം കണ്‍സല്‍ട്ടന്‍സിയുടെ പരിഗണനയ്ക്ക് വിടാന്‍ ബുധനാഴ്ചചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. എച്ച്എംടിയെ പുനരുദ്ധരിക്കാനെന്ന പേരിലാണിത്. തുടക്കത്തില്‍ പത്തുശതമാനം ഓഹരിയാണ് വില്‍ക്കുക. ഓഹരിവില്‍പ്പനയിലൂടെ 195 കോടി രൂപ സമാഹരിക്കാനാണ് തീരുമാനം. ഒരു ഓഹരിക്ക് 50 രൂപ തോതില്‍ 3.1 കോടി ഓഹരികള്‍ ധനസ്ഥാപനങ്ങള്‍ക്കും മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും വില്‍ക്കും. പുനരുദ്ധാരണത്തിനും കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും. ഏപ്രില്‍ ഒന്നുമുതല്‍ ജൂലൈ 13 വരെയുള്ള പിഎഫ് ഉള്‍പ്പെടെയുള്ള ശമ്പളക്കുടിശ്ശിക നല്‍കുന്നതിന് 12.78 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രം നല്‍കിയ 67.3 കോടി രൂപ വായ്പയും അതിന്റെ 15.98 കോടി രൂപ പലിശയും ഓഹരികളാക്കി മാറ്റും.

സ്വകാര്യവല്‍ക്കരണം: പാസ്പോര്‍ട്ട് വൈകും

കൊച്ചി: ഫെബ്രുവരി ഒന്നു മുതല്‍ കേരളത്തില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യംചെയ്യുന്നത് ഒരുമാസത്തേക്ക് തടസ്സപ്പെടും. സ്വകാര്യവല്‍ക്കരണ നീക്കത്തെത്തുടര്‍ന്ന് പാസ്പോര്‍ട്ട് അപേക്ഷ കൈപ്പറ്റാനുള്ള അവകാശം ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുക. നിലവില്‍ പാസ്പോര്‍ട്ടുകള്‍ പുതുക്കാനും പുതിയവ എടുക്കാനും അനുബന്ധ സേവനങ്ങള്‍ക്കും പാസ്പോര്‍ട്ട് ഓഫീസുകളിലും അംഗീകൃത ഏജന്‍സികള്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. ജനുവരി 31നുശേഷം അപേക്ഷ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ നേരിട്ടെത്തിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസ്പ്രവര്‍ത്തനം ഒരുമാസം വൈകുമെന്നാണ് അറിയുന്നത്. ഫെബ്രുവരിയില്‍ പാസ്പോര്‍ട്ട് സംബന്ധമായ പ്രവര്‍ത്തനമൊന്നും നടക്കില്ലെന്നതാണ് സ്ഥിതി. ഇക്കാലയളവില്‍ ബദല്‍സംവിധാനം ഒരുക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ടാറ്റാ കണ്‍സള്‍ട്ടന്‍സി സേവാകേന്ദ്രങ്ങള്‍ക്ക് കെട്ടിടംപോലും കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരത്ത് നോര്‍ക്ക ഓഫീസില്‍ മാത്രമാണ് ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞത്.

സംസ്ഥാനത്ത് ദിവസവും മൂവായിരത്തോളം പാസ്പോര്‍ട്ട് അപേക്ഷയാണ് ലഭിക്കുന്നത്. ഫെബ്രുവരിയിലെ അപേക്ഷകളുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തില്‍ നാലു റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കു കീഴില്‍ 13 സേവാകേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചത്. സുരക്ഷാകാരണങ്ങളാല്‍ ബയോമെട്രിക് സംവിധാനംകൂടി ഉപയോഗിക്കുന്നതിനാല്‍ അപേക്ഷകന്‍ ഇവിടെ നേരിട്ട് ഹാജരാകേണ്ടതുണ്ട്. ബയോമെട്രിക് സംവിധാനങ്ങള്‍ ഒരുക്കി 13 ഏജന്‍സികളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം സാധ്യമാകൂ. ജനുവരി 31നകം പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയില്ലെന്നിരിക്കെ നിലവിലുള്ളവ അടച്ചുപൂട്ടാനുള്ള നിര്‍ദേശം അപേക്ഷകരെയും ഏജന്‍സികളെയും പ്രതികൂലമായി ബാധിക്കും. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ ട്രാവല്‍ ഏജന്‍സികളില്‍നിന്നുള്ള അപേക്ഷ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ക്കും വിദേശകാര്യമന്ത്രിക്കും നിവേദനം നല്‍കിയതായി ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പൗലോസ് കെ മാത്യു പറഞ്ഞു.
(അനിത പ്രഭാകരന്‍)

ദോഷകരമായ നിബന്ധനകള്‍ ഒഴിവാക്കും: മുഖ്യമന്ത്രി

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന മുന്‍ നിലപാടില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറി. കേരളത്തിന് ദോഷകരമായ നിബന്ധനകള്‍ ചര്‍ച്ചയിലൂടെ ഒഴിവാക്കി റിപ്പോര്‍ട്ടിന്റെ നേട്ടം സംസ്ഥാനത്തിന് കിട്ടുംവിധം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് നിക്ഷേപസമാഹരണ അനുമതി നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോടുള്ള എതിര്‍പ്പില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണമന്ത്രിക്കും മറ്റ് സഹകാരികള്‍ക്കും ഇക്കാര്യത്തില്‍ ചില എതിര്‍പ്പുണ്ട്. എന്നാല്‍ , റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് യുഡിഎഫ് പ്രകടനപത്രികയിലുള്ളത്. അതനുസരിച്ചാണ് ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണം. കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ കേരളത്തിന് ദോഷകരമായ നിബന്ധനകള്‍ ഒഴിവാക്കാന്‍ ശ്രമിക്കും- മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. കാര്‍ഷിക വികസന ബാങ്ക് നബാര്‍ഡ് അടക്കമുള്ള കേന്ദ്രധനസ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് ഗ്യാരണ്ടി നല്‍കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗ്യാരണ്ടിക്കായി നല്‍കേണ്ട കമീഷന്‍ സര്‍ക്കാരിന്റെ ഓഹരിയായി അംഗീകരിക്കുമെങ്കില്‍ ഒഴിവാക്കാമെന്നും അദ്ദേഹം അറിയിച്ചു. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് അധ്യക്ഷനായ മന്ത്രി സി എന്‍ ബാലകൃഷ്ണനും വ്യക്തമാക്കി.

സര്‍ക്കാര്‍ വീഴ്ചവരുത്തി: സി കെ ചന്ദ്രപ്പന്‍

സന്തോഷ് മാധവന് ജാമ്യം ലഭിച്ചത് യുഡിഎഫ് ഭരണം കുറ്റവാളികളുടെ വസന്തകാലമാണെന്ന് വീണ്ടും തെളിയിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഴിമതിക്കേസില്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ പുറത്തുകൊണ്ടുവരാനും വാളകം കേസില്‍ കുറ്റവാളികള്‍ രക്ഷപ്പെടാനും നിയമത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാമെന്ന് ഉമ്മന്‍ചാണ്ടി ഭരണം തെളിയിച്ചിട്ടുണ്ട്. പാമൊലിന്‍ കേസ് അട്ടിമറിക്കുന്നതിനും സമാനമായ മെയ്വഴക്കം പ്രദര്‍ശിപ്പിച്ചു. സന്തോഷ് മാധവന് ജാമ്യം ലഭിക്കുന്നത് തടയാന്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വീഴ്ചവരുത്തി. രാഷ്ട്രീയമായി ഒറ്റപ്പെട്ട യുഡിഎഫ് പ്രതിപക്ഷത്തിനുനേരെയുള്ള ആയുധമായാണ് സന്തോഷ് മാധവനെപ്പോലുള്ള കുറ്റവാളികളെ കാണുന്നതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

deshabhimani 050112

1 comment:

  1. വൈദ്യുതി യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ചുമത്താന്‍ വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമീഷന്റെ അനുമതി തേടി. ബുധനാഴ്ച വൈദ്യുതിഭവനില്‍ നടന്ന ഹിയറിങ്ങില്‍ ഈ ആവശ്യത്തിനെതിരെ മറുവാദമുയര്‍ന്നില്ല. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയരാന്‍ സാഹചര്യമൊരുങ്ങി. മൂന്നാഴ്ചയ്ക്കകം കമീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

    ReplyDelete