കൊച്ചി മെട്രോ നിര്‍മാണത്തിന് ജപ്പാന്‍ ബാങ്കില്‍നിന്ന് വായ്പ കിട്ടണമെങ്കില്‍ ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ തള്ളി. നിര്‍മാണത്തിന്റെ ഓരോ ഘട്ടവും ആഗോള ടെന്‍ഡര്‍ വിളിച്ചാണ് ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ പൂര്‍ത്തീകരിക്കുന്നതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോ നിര്‍മാണം അട്ടിമറിക്കാന്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ രംഗത്തുണ്ടെന്ന് ശ്രീധരന്‍ തുറന്നടിച്ചു.
മെട്രോ നിര്‍മാണത്തില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരത്തുന്ന ദുര്‍ബലമായ വാദങ്ങളെ പൊളിക്കുന്നതാണ് ശ്രീധരന്റെ വെളിപ്പെടുത്തല്‍ . ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോള ടെന്‍ഡറിന് പോയ ബംഗളൂരു മെട്രോയ്ക്ക് പിന്നീട് ഡല്‍ഹി മെട്രോയെ ആശ്രയിക്കേണ്ടി വന്നുവെന്ന് ശ്രീധരന്‍ ഓര്‍മിപ്പിച്ചു. നിര്‍മാണം ഉദ്ദേശിച്ച വേഗത്തില്‍ നീങ്ങാതെ വന്നതോടെയാണ് ബംഗളൂരു മെട്രോയ്ക്ക് നിലപാട് തിരുത്തേണ്ടി വന്നത്. ഡല്‍ഹി മെട്രോയെ നിര്‍മാണ ചുമതലയേല്‍പ്പിച്ചാല്‍ സമയബന്ധിതമായും സുതാര്യമായും പൂര്‍ത്തീകരിക്കും. ഡിഎംആര്‍സിയെ പണിയേല്‍പ്പിച്ചാല്‍ കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ 300 കോടിയോളം രൂപം കേരളത്തിന് ലാഭിക്കാനാകും. ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഇതിന് പിന്നിലുണ്ട്- ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയാല്‍ കൊച്ചി മെട്രോയുമായി സഹകരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.
കൊച്ചി മെട്രോ: അവസാന വാക്ക് ശ്രീധരന്റേതെന്ന് ഉമ്മന്‍ചാണ്ടി
തിരു: കൊച്ചി മെട്രോയുടെ കാര്യത്തില്‍ അവസാന വാക്ക് ഇ ശ്രീധരന്റേതായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീധരന്റെ സേവനവും കുറഞ്ഞ പലിശയ്ക്ക് പണവും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍നിന്ന് പിന്മാറുന്നുവെന്ന് ശ്രീധരന്‍ അറിയിച്ചിട്ടില്ല. ഔദ്യോഗികപദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സമ്മതം മൂളിയിട്ടില്ലെന്നേയുള്ളൂ. കുറഞ്ഞ പലിശയ്ക്ക് ജപ്പാനില്‍നിന്ന് പണം ലഭിക്കണമെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ശ്രീധരന്റെ പ്രാഗത്ഭ്യം പൂര്‍ണമായും വിനിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മാസം 12ന് അദ്ദേഹം കേരളത്തില്‍ വരും. അന്ന് ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കും. വിവാദത്തില്‍ കുരുക്കി പദ്ധതി നടപ്പാക്കുന്നതില്‍ ഒരു ദിവസത്തെ കാലതാമസംപോലും വരുത്തില്ല. ഹൈ സ്പീഡ് റോഡ് കോറിഡോര്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും ശ്രീധരന്റെ സേവനം വേണമെന്നതാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 050112
No comments:
Post a Comment