Wednesday, January 18, 2012

വരയില്‍ നിറഞ്ഞ് ചെറുത്തുനില്‍പ്പിന്റെ വര്‍ണങ്ങള്‍


കയ്യൂര്‍ , പുന്നപ്ര വയലാര്‍ , വൈക്കം സത്യഗ്രഹം, പട്ടിണിജാഥ, അടിയന്തരാവസ്ഥ... ക്യാന്‍വാസുകളില്‍ ചരിത്രത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ . മലയാളിക്ക് നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനും മാറ് മറയ്ക്കാനും കൂലി ചോദിക്കാനുമായി നടന്ന ചോര കിനിയുന്ന അസംഖ്യം പോരാട്ടങ്ങളുടെ ചിത്രഭാഷ്യങ്ങള്‍ . സമത്വം പുലരുന്ന നല്ല നാളെയെ സ്വപ്നം കാണുന്ന ഭാവനാത്മകദൃശ്യങ്ങള്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയില്‍ സംഘടിപ്പിച്ച പ്രമുഖ ചിത്രകാരന്മാരുടെ ക്യാമ്പിലാണ് കാലത്തിന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞ ചിത്രങ്ങള്‍ ഇതള്‍വിരിഞ്ഞത്.

നിറതോക്കുകളെ വാരിക്കുന്തവുമായി എതിരിട്ട പുന്നപ്ര വയലാര്‍ സമരഭടന്മാരും ജന്മിത്തത്തിനെതിരെ വിരിമാറ് കാട്ടി പോരാടിയ കയ്യൂരിലെ കര്‍ഷകസഖാക്കളും 1925ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിജാഥയും കല്ലുമാലയും കൈവളകളും തട്ടിപ്പൊട്ടിച്ച് പ്രതിഷേധിച്ച കല്ലുമാല സമരവും ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍നിന്ന് പി കൃഷ്ണപിള്ള മണിയടിക്കുമ്പോള്‍ ക്ഷേത്ര ജീവനക്കാര്‍ മര്‍ദിക്കുന്ന ദൃശ്യവുമെല്ലാം ക്യാന്‍വാസുകളില്‍ പുനര്‍ജനിച്ചു. കണ്ണും കാതും കൊട്ടിയടയ്ക്കപ്പെട്ട, തൂലികകള്‍ക്ക് വിലങ്ങണിയിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ കറുത്ത ചിത്രങ്ങളും ക്യാമ്പില്‍ പുനരാവിഷ്കരിച്ചു. സ്ത്രീകളെ ഒരേസമയം ഇരയാക്കുകയും അതേസമയം സ്മാര്‍ത്തവിചാരത്തിന് വിധേയമാക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിന്റെ ഭാവനാത്മകചിത്രവും വരച്ചിട്ടുണ്ട്. ചാന്നാര്‍ കലാപത്തെ ഓര്‍മിപ്പിക്കുന്ന, മാടമ്പികള്‍ സ്ത്രീകളുടെ മേല്‍മുണ്ട് വലിച്ചുകീറുന്ന ദൃശ്യവും ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കുന്നതിന് മുന്‍പും പിന്‍പുമുള്ള ചരിത്രസന്ദര്‍ഭങ്ങളാണ് വരയും വര്‍ണവുമായത്.

ക്യാമ്പില്‍ കേരളത്തിലെ പ്രശസ്തരായ 31 ചിത്രകാരന്മാരാണ് പങ്കെടുത്തത്. സി എന്‍ കരുണാകരന്‍ , പൊന്ന്യം ചന്ദ്രന്‍ , സത്യപാല്‍ , നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍ , കബിത മുഖോപാധ്യായ കെ വി ജ്യോതിലാല്‍ , പ്രഭാകരന്‍ , സുനില്‍ അശോകപുരം, ഷാജി ചേലാട്, വിജയന്‍ നെയ്യാറ്റിന്‍കര, സജിതാശങ്കര്‍ , നന്ദന്‍ , ചന്ദ്രാനന്ദന്‍ , ഹരീന്ദ്രന്‍ ചേലാട്, മധു മടപ്പള്ളി, ഗോവിന്ദന്‍ കണ്ണപുരം, ഗോപീദാസ്, സി എസ് സനല്‍ , ശൈലി രാധാകൃഷ്ണന്‍ , പ്രദീപ് ചൊക്ലി, ജീവന്‍ജി, അജിത്കുമാര്‍ , ബാലമുരളി, കെ ജി സുരേഷ് തുടങ്ങിയവരാണ് ചിത്രങ്ങള്‍ വരച്ചത്. തിങ്കളാഴ്ച ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് ക്യാമ്പ് സന്ദര്‍ശിച്ചു. പ്രൊഫ. വി കാര്‍ത്തികേയന്‍നായരാണ് ക്യാമ്പിന്റെ കോ ഓര്‍ഡിനേറ്റര്‍ . ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ 30മുതല്‍ കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും.
(സുമേഷ് കെ ബാലന്‍)

deshabhimani 170112

1 comment:

  1. കയ്യൂര്‍ , പുന്നപ്ര വയലാര്‍ , വൈക്കം സത്യഗ്രഹം, പട്ടിണിജാഥ, അടിയന്തരാവസ്ഥ... ക്യാന്‍വാസുകളില്‍ ചരിത്രത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ . മലയാളിക്ക് നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനും മാറ് മറയ്ക്കാനും കൂലി ചോദിക്കാനുമായി നടന്ന ചോര കിനിയുന്ന അസംഖ്യം പോരാട്ടങ്ങളുടെ ചിത്രഭാഷ്യങ്ങള്‍ . സമത്വം പുലരുന്ന നല്ല നാളെയെ സ്വപ്നം കാണുന്ന ഭാവനാത്മകദൃശ്യങ്ങള്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയില്‍ സംഘടിപ്പിച്ച പ്രമുഖ ചിത്രകാരന്മാരുടെ ക്യാമ്പിലാണ് കാലത്തിന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞ ചിത്രങ്ങള്‍ ഇതള്‍വിരിഞ്ഞത്.

    ReplyDelete