Tuesday, January 24, 2012

ജനസമ്പര്‍ക്ക തട്ടിപ്പിനിരയായ രക്ഷിതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

തലശേരി: ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് വഞ്ചിക്കപ്പെട്ട രക്ഷിതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഫെബ്രുവരി 15നകം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കണ്ണൂര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ്. എഴുത്തുകാരന്‍ ചൊക്ലിയിലെ ബാബു ചാലാറത്തുങ്കണ്ടിയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര പരിപാടിക്കെതിരെ രംഗത്തുവന്നത്.

നാലുവയസുള്ള മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ ഇനീഷ്യല്‍ തിരുത്തുന്നതിന് സെക്രട്ടറിയറ്റ് മുതല്‍ നഗരസഭാ ഓഫീസ് വരെ നടന്നു തളര്‍ന്ന ശേഷമാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷിച്ചത്. ആവശ്യമായ രേഖകളും സമര്‍പ്പിച്ചു. 2034 നമ്പര്‍ ടോക്കണ്‍ ലഭിച്ച ബാബു ജനുവരി അഞ്ചിന് രാവിലെ ആറിന് ജനസമ്പര്‍ക്കപരിപാടിയിലെത്തി. പതിനൊന്നാം കൗണ്ടറിന് മുമ്പില്‍ മൂന്ന് മണിക്കൂര്‍ ക്യൂനിന്ന ശേഷം "ജനനസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് തദ്ദേശസ്വയം ഭരണാധികാരിയാണെന്ന" മറുപടിയാണ് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പതിനഞ്ചാം കൗണ്ടറില്‍ അന്വേഷിക്കാനും നിര്‍ദേശിച്ചു. അവിടെയും മണിക്കൂറുകള്‍ നിന്നശേഷമാണ് നഗരസഭയുടെ കൗണ്ടറില്‍ പോകാന്‍ പറഞ്ഞത്. അത്തരമൊരു കൗണ്ടറും അവിടെ കണ്ടില്ല.

ജനനസര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ നല്‍കിയ അപേക്ഷ കലക്ടറേറ്റില്‍നിന്ന് അയച്ചത് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ക്കായിരുന്നു. മുനിസിപ്പല്‍ ഓഫീസിലേക്ക് നല്‍കേണ്ട അപേക്ഷയാണ് ഡിഡിഇക്ക് അയച്ചത്. ജനനസര്‍ട്ടിഫിക്കറ്റില്‍ തീര്‍പ്പു കല്‍പിക്കേണ്ടത് ഏത് ഓഫീസാണെന്ന് പോലും അറിയാത്ത കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടാണെന്നും 16 മുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുംവരെ കണ്ണൂര്‍ നഗരസഭാ കാര്യാലയത്തിനുമുന്നില്‍ ഉപവസിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

deshabhimani 240112

1 comment:

  1. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് വഞ്ചിക്കപ്പെട്ട രക്ഷിതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഫെബ്രുവരി 15നകം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കണ്ണൂര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ്. എഴുത്തുകാരന്‍ ചൊക്ലിയിലെ ബാബു ചാലാറത്തുങ്കണ്ടിയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര പരിപാടിക്കെതിരെ രംഗത്തുവന്നത്.

    ReplyDelete