Saturday, January 7, 2012

എറണാകുളം ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം


എറണാകുളം ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം

ഇ കെ നാരായണന്‍നഗര്‍ (പറവൂര്‍): ചരിത്രത്താലും പോരാട്ടത്താലും പുകള്‍പെറ്റ പറവൂരില്‍ രക്തസാക്ഷികളുടെയും സമരനായകരുടെയും വീരസ്മരണയില്‍ മൂന്നുദിവസത്തെ സിപിഐ എം എറണാകുളം ജില്ലാസമ്മേളനത്തിന് ആവേശകരമായ തുടക്കം. വെള്ളിയാഴ്ച രാവിലെ പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. ഞായറാഴ്ച വൈകിട്ട് ചുവപ്പു വളന്റിയര്‍ മാര്‍ച്ച്, വന്‍ ബഹുജനപ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവുകൂടിയായ പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം എം എം ലോറന്‍സ് സമ്മേളനനഗറില്‍ പതാക ഉയര്‍ത്തി തുടക്കംകുറിച്ചു.

മനോഹരമായ ബാന്‍ഡ്വാദ്യം, ചുവപ്പു വളന്റിയര്‍മാരുടെ ചിട്ടയാര്‍ന്ന ചുവപ്പന്‍ അഭിവാദ്യം. രക്തപതാകയെ നെഞ്ചിലേറ്റുന്ന വരികളുടെ ആലാപനമായ പതാകഗാനം എന്നിവയുടെ അകമ്പടിയില്‍ പതാക ഉയര്‍ന്നു. തുടര്‍ന്ന് ആവേശതരംഗം ഉയര്‍ത്തി മുദ്രാവാക്യഘോഷം. രക്തസാക്ഷിമണ്ഡപത്തില്‍ കോടിയേരി പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് നേതാക്കളും പ്രതിനിധികളും പങ്കെടുത്ത് പുഷ്പാര്‍ച്ചന. പ്രസ്ഥാനത്തിനും നാടിനുംവേണ്ടി ജീവത്യാഗംചെയ്ത അനശ്വരര്‍ക്ക് അഭിവാദ്യം. ജില്ലയിലെ ആദ്യകാല പാര്‍ടിപ്രവര്‍ത്തകരായ 11 സഖാക്കളെ ആദരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ എം സുധാകരന്‍ അവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്മണിയുടെ താല്‍ക്കാലിക അധ്യക്ഷതയിലാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന് സമ്മേളനം തെരഞ്ഞെടുത്ത പ്രസീഡിയം നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. സി എം ദിനേശ്മണി, സി വി ഔസേഫ്, സോണി കോമത്ത്, എം ഇ ഹസൈനാര്‍ , എം കെ പുരുഷോത്തമന്‍ എന്നിവരടങ്ങിയതാണ് പ്രസീഡിയം. കെ ചന്ദ്രന്‍പിള്ള (പ്രമേയം), എം ബി സ്യമന്തഭദ്രന്‍ (രജിസ്ട്രേഷന്‍), പി എസ് മോഹനന്‍ (മിനിട്സ്), ടി കെ മോഹനന്‍ (ക്രഡന്‍ഷ്യല്‍) എന്നിവരാണ് മറ്റു കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ . പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടി, പി കെ ഗുരുദാസന്‍ , ഡോ. തോമസ് ഐസക്, ഇ പി ജയരാജന്‍ , വൈക്കം വിശ്വന്‍ , എം സി ജോസഫൈന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തില്‍ കെ ജെ ജേക്കബ് രക്തസാക്ഷി പ്രമേയവും ഗോപി കോട്ടമുറിക്കല്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറി ടി ആര്‍ ബോസ് സ്വാഗതം പറഞ്ഞു. ഉച്ചകഴിഞ്ഞ് സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച. വൈകിട്ട് അഞ്ചിനു തുടങ്ങിയ പൊതുചര്‍ച്ച രാത്രി എട്ടുവരെ തുടര്‍ന്നു. ശനിയാഴ്ച രാവിലെ പ്രതിനിധിസമ്മേളനം തുടരും. ഒരു പ്രതിനിധിക്ക് അസുഖംമൂലം വെള്ളിയാഴ്ച പങ്കെടുക്കാനായില്ല. ജില്ലാകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 374 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൊച്ചി മെട്രോ കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമാക്കണം: സിപിഐ എം

കൊച്ചി: കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നും നിര്‍വഹണ ഉത്തരവാദിത്തം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്‍പ്പിക്കണമെന്നും സിപിഐ എം ജില്ലാ സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മെട്രോയുടെ ചുമതലയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള തീരുമാനം അഴിമതിക്ക് വഴിയൊരുക്കുന്നതും പദ്ധതി വൈകിക്കുന്നതുമാണെന്ന് സമ്മേളനം പ്രമേയത്തില്‍ വ്യക്തമാക്കി. പദ്ധതിയില്‍ ശ്രീധരന്‍ മതി ഡിഎംആര്‍സി വേണ്ട എന്ന സമീപനം ദുരുദ്ദേശ്യപരമാണെന്ന് പ്രമേയ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കൊച്ചി മെട്രോ പദ്ധതിയുടെ രേഖ തയ്യാറാക്കിയതും ഇതുവരെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഡിഎംആര്‍സിയാണ്. നിര്‍വഹണചുമതല ഇവരെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതുമാണ്. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രി അധ്യക്ഷനായ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് അട്ടിമറിച്ചത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ (ജൈക്ക) ബാങ്കില്‍നിന്നുള്ള വായ്പ ലഭിക്കാന്‍ ആഗോള ടെന്‍ഡര്‍ വേണമെന്നും ഡിഎംആര്‍സിക്ക് ചുമതല നല്‍കിയാല്‍ വായ്പ കിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഇത് പൂര്‍ണമായും തെറ്റാണ്. ഡിഎംആര്‍സിതന്നെ ജൈക്കയില്‍നിന്ന് 16,000 കോടി രൂപ 1.3 ശതമാനം പലിശയ്ക്ക് വായ്പ എടുത്തിട്ടുണ്ട്. അവരുടെ നിബന്ധന അനുസരിച്ചാണ് പണം വിനിയോഗിക്കുന്നതും. ഡിഎംആര്‍സിക്ക് ചുമതല നല്‍കിയാല്‍ അവരും ആഗോള ടെന്‍ഡര്‍വഴിയാണ് കാര്യങ്ങള്‍ നടത്തുക. അവരുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും സുതാര്യതയും ഇക്കാര്യത്തില്‍ നേട്ടമായാണ് കണക്കാക്കേണ്ടത്. എന്നാല്‍ , ഇവരെ ഒഴിവാക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ രണ്ടു കോടി രൂപ സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അത് അവഗണിച്ച് വീണ്ടും 10 കോടി രൂപകൂടി ഇതേ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വകാര്യമേഖലാ പ്രീണന നയമാണ് ഇതില്‍ പ്രകടമാകുന്നത്. കേരളം 2005ല്‍ സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നെങ്കില്‍ 1964 കോടി രൂപയ്ക്ക് 2010ല്‍ പദ്ധതി പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ , സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളാല്‍ അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ 5000 കോടിയിലേറെയാണ് ചെലവ് കണക്കാക്കുന്നത്. ഈ അധികബാധ്യതയ്ക്കുള്ള ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രമാണ്. ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് മെട്രോകള്‍ക്ക് ആവശ്യത്തിന് സഹായം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനം കേരളത്തോടുള്ള അവഗണനയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് രഹസ്യ അജന്‍ഡ: കോടിയേരി

ഇ കെ നാരായണന്‍നഗര്‍ (പറവൂര്‍): മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും രഹസ്യ അജന്‍ഡയുണ്ടെന്നു കരുതേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുതിയ അണക്കെട്ടിന് സംയുക്ത നിയന്ത്രണസംവിധാനമാകാമെന്ന നിലപാടിനോട് കെ എം മാണിയും പി ജെ ജോസഫും യോജിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സിപിഐ എം എറണാകുളം ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പിബി അംഗം കൂടിയായ അദ്ദേഹം.

പുതിയ അണക്കെട്ടിന് അനുമതി ലഭിച്ചെന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടി പ്രചാരണം തുടങ്ങിയിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാനാണിത്. അണക്കെട്ടിന്റെ നിയന്ത്രണം സംബന്ധിച്ച് മാറ്റംവരുത്തണമെങ്കില്‍ സര്‍ക്കാര്‍മാത്രം തീരുമാനിച്ചാല്‍മതിയോ? രാഷ്ട്രീയപാര്‍ടികളുമായും നിയമസഭയുമായും ആലോചിക്കണം. പ്രതിപക്ഷനേതാവിനോടുപോലും ആലോചിക്കാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നത്. ഈ രീതിയൊന്നും അംഗീകരിക്കാനാവില്ല- കോടിയേരി വ്യക്തമാക്കി.

മുന്നോക്കസമുദായത്തിലെയും മുസ്ലിംവിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുംവിധം സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് എന്‍എസ്എസും മുസ്ലിംലീഗും ആവശ്യപ്പെടാത്തത് എന്തുകൊണ്ട്? മുന്നോക്കക്കാരിലെ ധനികര്‍ക്കുമാത്രം ഗുണംചെയ്യുന്ന മുന്നോക്കസമുദായ കോര്‍പറേഷന്‍ മതി എന്‍എസ്എസിന്. മുസ്ലിം ജനവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് വളരെ മെച്ചം ശുപാര്‍ശചെയ്യുന്ന രംഗനാഥമിശ്ര കമ്മിറ്റി, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്ന് മുസ്ലിംലീഗുകാര്‍ക്കു താല്‍പ്പര്യമില്ല. സംസ്ഥാനത്തെ ആയിരത്തില്‍പ്പരം സഹകരണ ബാങ്കുകളിലെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്കു നല്‍കാന്‍വേണ്ടിയാണ് സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത്. കൊച്ചി മെട്രോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച പണത്തില്‍നിന്ന് രണ്ടുപ്രാവശ്യമായി 12 കോടി രൂപ മുഖ്യമന്ത്രിയുടെ ബന്ധു ജോലിചെയ്യുന്ന സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചത് ചൂണ്ടുപലകയാണ്- കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്ത് കേരളം ക്രമസമാധാനപാലനരംഗത്ത് ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തായിരുന്നു. എട്ടുമാസംകൊണ്ട് അത് നാലാംസ്ഥാനത്താക്കി. പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമീഷനെ ഉപയോഗിച്ച് നീട്ടുകയാണ്. യുഡിഎഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഡിസംബറില്‍ നടത്താന്‍ ആദ്യം ആവശ്യപ്പെട്ട യുഡിഎഫ് ഇപ്പോള്‍ ഏപ്രില്‍ 30 വരെ സമയമുണ്ടല്ലോ എന്നു പറയുന്നത്. പ്രതിമാസം ഏഴു കിലോഗ്രാം അരി ലഭിക്കുന്ന കൂപ്പണ്‍ നല്‍കി റേഷന്‍വിതരണം ഉള്‍പ്പെടെയുള്ള പൊതുവിതരണസംവിധാനം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭക്ഷ്യസുരക്ഷാ ബില്‍ . ഏഷ്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള രാജ്യം ഇന്ത്യയാണ്. ഒരുദിവസം 20 രൂപകൊണ്ട് ജീവിച്ചുപോരുന്ന 83 കോടി 60 ലക്ഷം പേരാണ് ഇന്ത്യയില്‍ . അതേസമയം, 5000 കോടിയിലേറെ സ്വത്തുള്ളവരുടെ ലോകപട്ടികയില്‍ നാലാംസ്ഥാനവും ഇന്ത്യയിലെ കുത്തകയ്ക്കുണ്ട്. ഏകധ്രുവ സാമ്പത്തികക്രമം പരാജയപ്പെട്ടു എന്നതാണ് രാജ്യാന്തരരംഗത്തെ പ്രധാന ആനുകാലിക സംഭവവികാസം. 20 വര്‍ഷത്തെ ആഗോളവല്‍ക്കരണനയത്തിന്റ ബാക്കിപത്രംകൂടിയാണിത്- കോടിയേരി പറഞ്ഞു.

സമരപോരാളികള്‍ക്ക് ആദരം

ഇ കെ നാരായണന്‍ നഗര്‍ (പറവൂര്‍): ഉശിരേറിയ പോരാട്ടങ്ങളിലൂടെ വിപ്ളവപ്രസ്ഥാനത്തെ നയിച്ച ജില്ലയിലെ മുതിര്‍ന്ന സഖാക്കള്‍ക്ക് സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ചുവപ്പന്‍ അഭിവാദ്യം. ജില്ലയുടെ വിവിധ ഏരിയകളില്‍നിന്നുള്ള 11 ആദ്യകാല സിപിഐ എം നേതാക്കളെയാണ് സമ്മേളനനഗരിയില്‍ ആദരിച്ചത്. ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പൊലീസിന്റെ മൃഗീയ പീഡനത്തിനിരയായ കളമശേരിയിലെ പയ്യപ്പിള്ളി ബാലന്‍ , പറവൂരിലെ പോരാട്ടനായകന്‍ കെ ആര്‍ ഗംഗാധരന്‍ , വൈപ്പിനിലെ ധീര സഖാവ് കെ കെ എസ് മണി, തൃപ്പൂണിത്തുറയിലെ പി എ പള്ളിയാന്‍ , നെടുമ്പാശേരിയിലെ പി കെ സുബ്രഹ്മണ്യന്‍ , പള്ളുരുത്തിയിലെ പി കെ ഭാസ്കരന്‍ , പള്ളുരുത്തിയില്‍നിന്നുള്ള മുന്‍ ഡെപ്യൂട്ടി മേയറും ട്രേഡ് യൂണിയന്‍ നേതാവുമായ എം എ സദാനന്ദന്‍ , പാലിയം സമരസേനാനികളായ തൃപ്പൂണിത്തുറയിലെ സി ആര്‍ വര്‍മ, പറവൂരിലെ എന്‍ കെ ഭാനുമതി, എറണാകുളത്തെ ആദ്യകാല പോരാളിയായ പി ഡി വര്‍ഗീസ്, ആലുവയിലെ മുതിര്‍ന്ന നേതാവ് ടി ഒ ഖാദര്‍പിള്ള എന്നിവരെയാണ് സമ്മേളനവേദിയില്‍ ആദരിച്ചത്. മുതിര്‍ന്ന നേതാവും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവുമായ കെ എം സുധാകരന്‍ ഇവരെ ഷാളണിയിച്ചു. ഉപഹാരവും നല്‍കി.
എം വി ഗോവിന്ദന്‍ , ഗോപി കോട്ടമുറിക്കല്‍ , സി വി ഔസേഫ്, ടി കെ മോഹനന്‍ , പി എസ് മോഹനന്‍ , കെ എ ചാക്കോച്ചന്‍ , കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്മയില്‍ , എം ബി സ്യമന്തഭദ്രന്‍ , വി പി ശശീന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയാണ് ഞായറാഴ്ചവരെയുള്ള സമ്മേളനം നിയന്ത്രിക്കുന്നത്. എം ബി സ്യമന്തഭദ്രന്‍ - കണ്‍വീനര്‍ , കെ ജെ ജേക്കബ്, ടി ആര്‍ ഗോപിനാഥ്, കെ ബി സോമശേഖരന്‍(രജിസ്ട്രേഷന്‍). സി എം ദിനേശ്മണി, സി വി ഔസേഫ്, സോണി കോമത്ത്, എം ഇ ഹസൈനാര്‍ , എം കെ പുരുഷോത്തമന്‍(പ്രസീഡിയം). കെ ചന്ദ്രന്‍പിള്ള- കണ്‍വീനര്‍ , കെ എ ചാക്കോച്ചന്‍ , പി എം ഇസ്മയില്‍ , സി എന്‍ മോഹനന്‍ , കെ എന്‍ ഗോപിനാഥ്, കെ തുളസി, ജോണ്‍ ഫെര്‍ണാണ്ടസ്, എന്‍ സി മോഹനന്‍ , എസ് രമേശന്‍ , ഹെന്നി ബേബി(പ്രമേയം). പി എസ് മോഹനന്‍ - കണ്‍വീനര്‍ , സി ബി ദേവദര്‍ശനന്‍ , ആര്‍ എം രാമചന്ദ്രന്‍ , ജയപ്രകാശ്, എന്‍ എം ജോര്‍ജ്(മിനിറ്റ്സ്). ടി കെ മോഹനന്‍ - കണ്‍വീനര്‍ , എം പി പത്രോസ്, വി പി ശശീന്ദ്രന്‍ , പി എസ് ഷൈല, പി ആര്‍ മുരളീധരന്‍ , എസ് കൃഷ്ണമൂര്‍ത്തി, ആര്‍ അനില്‍കുമാര്‍ , എം അനില്‍കുമാര്‍ (ക്രഡന്‍ഷ്യല്‍) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍ .

deshabhimani 070112

1 comment:

  1. ചരിത്രത്താലും പോരാട്ടത്താലും പുകള്‍പെറ്റ പറവൂരില്‍ രക്തസാക്ഷികളുടെയും സമരനായകരുടെയും വീരസ്മരണയില്‍ മൂന്നുദിവസത്തെ സിപിഐ എം എറണാകുളം ജില്ലാസമ്മേളനത്തിന് ആവേശകരമായ തുടക്കം. വെള്ളിയാഴ്ച രാവിലെ പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. ഞായറാഴ്ച വൈകിട്ട് ചുവപ്പു വളന്റിയര്‍ മാര്‍ച്ച്, വന്‍ ബഹുജനപ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവുകൂടിയായ പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം എം എം ലോറന്‍സ് സമ്മേളനനഗറില്‍ പതാക ഉയര്‍ത്തി തുടക്കംകുറിച്ചു.

    ReplyDelete