Tuesday, January 10, 2012

ചെന്നിത്തലയുടെ പ്രസ്താവന ദുര്‍മോഹത്തില്‍ നിന്നുണ്ടായത്: പിണറായി

ആലപ്പുഴ ജില്ലാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ആലപ്പുഴ: സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ സ. ഇ ബാലാനന്ദന്‍ നഗറിലാണ് മൂന്നുദിവസത്തെ പ്രതിനിധിസമ്മേളനം ചേരുന്നത്. പൊതുസമ്മേളനം നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തിലെ സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ തിങ്കളാഴ്ച ചെങ്കൊടി ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ പതാക ഉയര്‍ത്തി. മുതിര്‍ന്ന നേതാവ് പി കെ ചന്ദ്രാനന്ദന്‍ പ്രതിനിധിസമ്മേളന നഗറില്‍ ചൊവ്വാഴ്ച രാവിലെ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിനു തുടക്കമായത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. വി എസ് അച്യുതാനന്ദന്‍ , എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, പി കരുണാകരന്‍ , ഇ പി ജയരാജന്‍ , എം സി ജോസഫൈന്‍ , വി വി ദക്ഷിണാമൂര്‍ത്തി. എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 343 പ്രതിനിധികളും 42 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 385 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചൊവ്വാഴ്ച പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനുശേഷം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് ആലപ്പുഴ നഗരചത്വരത്തിലെ സഖാവ് ജ്യോതിബസു നഗറില്‍ "ആഗോളവല്‍കരണം രണ്ടുദശകങ്ങളുടെ ബാക്കിപത്രം" എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

ചെന്നിത്തലയുടെ പ്രസ്താവന ദുര്‍മോഹത്തില്‍ നിന്നുണ്ടായത്: പിണറായി

ആലപ്പുഴ: സിപിഐ എം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ വി എസ് അച്യുതാനന്ദന്‍ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ദുര്‍മോഹത്തില്‍ നിന്നുണ്ടായതാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ജില്ലകളിലെ ചെറിയ പ്രശ്നങ്ങള്‍ കണ്ടാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. എന്നാല്‍ പാര്‍ട്ടിയിലെ ഐക്യം കൂടുതല്‍ ശക്തിപ്പെടുന്നുവെന്നാണ് സമ്മേളനങ്ങള്‍ തെളിയിക്കുന്നത്. സമ്മേളനം സംഘടിപ്പിക്കുകയെന്ന ജനാധിപത്യ പ്രക്രിയ വിജയകരമായ രീതിയിലാണ് സിപിഐ എം നടപ്പാക്കുന്നത്. ഇത്തരം ജനാധിപത്യ പ്രക്രിയയെക്കുറിച്ച് കോണ്‍ഗ്രസിന് ചിന്തിക്കാന്‍ പോലും കഴിയില്ല. കത്തിക്കുത്തും അടിപിടിയുമില്ലാതെ കോണ്‍ഗ്രസിന് ജനാധിപത്യരീതിയില്‍ സമ്മേളനം നടത്താനാവില്ല. ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത കോണ്‍ഗ്രസ് നേതാവാണ് സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത്. ഒരു വിഭാഗത്തെ ഇല്ലാതാക്കലല്ല വിഭാഗീയത ഇല്ലാതാക്കലാണ് സമ്മേളനങ്ങളില്‍ നടക്കുന്നത്. സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടിയിലെ ഐക്യം കൂടുതല്‍ ശക്തിപ്പെടും. എവിടെയെങ്കിലും വിഭാഗീയതയുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

  1. സിപിഐ എം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ വി എസ് അച്യുതാനന്ദന്‍ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ദുര്‍മോഹത്തില്‍ നിന്നുണ്ടായതാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete