Tuesday, January 10, 2012

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ 'വാള്‍മാര്‍ട്ട്' എത്തുന്നു

ചില്ലറ വ്യാപാര മേഖലയിലെ വിവിധോല്‍പ്പന്ന ഇനങ്ങളില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാനുള്ള രാജ്യാന്തര കുത്തകസ്ഥാപനമായ വാള്‍മാര്‍ട്ടിന്റെ നീക്കങ്ങള്‍ പുരോഗമിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന ശുഭപ്രതീക്ഷയില്‍ത്തന്നെയാണ് വാള്‍മാര്‍ട്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരതി എന്റര്‍പ്രൈസസുമായി ഒരുമിച്ച് ഇന്ത്യയിലേക്ക് ശക്തമായി കടന്നുവരാനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും വലിയ ചില്ലറവ്യാപാര സ്ഥാപനവും അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്.

ഭാരതി എന്റര്‍പ്രൈസസുമൊന്നിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കൂട്ടുകച്ചവടം നടത്താനാണ് വാള്‍മാര്‍ട്ടൊരുങ്ങുന്നത്. സര്‍ക്കാര്‍, തീരുമാനം പുനപരിശോധിക്കുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്.

അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തീരുമാനങ്ങളുണ്ടാകാത്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇരട്ട ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ വിദേശനിക്ഷേപം പൂര്‍ണമായും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു ഉന്നത സര്‍ക്കാരുദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നു.
വളരെവേഗം സാമ്പത്തിക മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ധാരാളം അവസരങ്ങളുണ്ടെന്ന് ഭാരതി എന്റര്‍പ്രൈസസ് അവകാശപ്പെടുന്നു. ചില്ലറ മേഖലയിലെ സംഘടിത സംരംഭം ഇന്ത്യയില്‍ വെറും അഞ്ചു ശതമാനം മാത്രമാണുള്ളത്. തങ്ങളുടെ സമയവും പ്രയത്‌നവും ഇന്ത്യയില്‍ പൂര്‍ണ്ണമായും വിനിയോഗിക്കുമെന്നും കമ്പനി പ്രസ്താവിച്ചു.
ഇപ്പോള്‍ 50:50 എന്ന അനുപാതത്തിലാണ് ഭാരതി എന്റര്‍പ്രൈസസും വാള്‍മാര്‍ട്ടും തമ്മില്‍ കൂട്ടുകച്ചവടം നടത്തുന്നത്. രണ്ടുപേരും കൂടിച്ചേര്‍ന്ന് 14 സ്ഥാപനങ്ങളും ഇന്ത്യയില്‍ നടത്തുന്നുണ്ട്. ഇരു ബ്രാന്‍ഡില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഉയര്‍ത്തുകയാണെങ്കില്‍ തങ്ങളുടെ വ്യാപാരശൃംഖല വികസിപ്പിക്കാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്.

ഒറ്റ ബ്രാന്‍ഡില്‍ 100 ശതമാനവും ഇരട്ട ബ്രാന്‍ഡില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ചില്ലറമേഖലയില്‍ ഏര്‍പ്പെടുത്തുമെന്നാണ് തീരുമാനം. നവംബറിലെ കേന്ദ്രകാബിനറ്റാണ് തീരുമാനമെടുത്തത്. എന്നാല്‍ ശക്തമായ പ്രതിഷേധം പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും യു പി എ സഖ്യകക്ഷികളില്‍ നിന്നും വന്നതോടെ സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ മേഖലയിലെ വിദഗ്ധരുമായി നടത്തിവരുകയാണ്.

ഇപ്പോള്‍ 'ഈസിഡേ' എന്ന തങ്ങളുടെ ഔട്ട്‌ലൈറ്റുകള്‍ വാള്‍മാര്‍ട്ടിന്റെ കടന്നുവരവോടെ ശക്തിപ്രാപിക്കുമെന്ന് ഭാരതി വാള്‍മാര്‍ട്ട് ചെയര്‍മാന്‍ രാജന്‍ ഭാരതി മിത്തല്‍ അവകാശപ്പെടുന്നു.

janayugom 100112

1 comment:

  1. ചില്ലറ വ്യാപാര മേഖലയിലെ വിവിധോല്‍പ്പന്ന ഇനങ്ങളില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാനുള്ള രാജ്യാന്തര കുത്തകസ്ഥാപനമായ വാള്‍മാര്‍ട്ടിന്റെ നീക്കങ്ങള്‍ പുരോഗമിക്കുന്നു.
    അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന ശുഭപ്രതീക്ഷയില്‍ത്തന്നെയാണ് വാള്‍മാര്‍ട്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരതി എന്റര്‍പ്രൈസസുമായി ഒരുമിച്ച് ഇന്ത്യയിലേക്ക് ശക്തമായി കടന്നുവരാനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും വലിയ ചില്ലറവ്യാപാര സ്ഥാപനവും അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്.

    ReplyDelete