Thursday, January 5, 2012

കര്‍ഷക ആത്മഹത്യ: കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു

നല്‍കുമെന്ന് പറഞ്ഞ നഷ്ടപരിഹാരം നല്‍കിയില്ലെന്നുമാത്രമല്ല, കേരളത്തില്‍ കര്‍ഷക ആത്മഹത്യയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഹൈക്കോടതിയില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ടു ലഭിച്ചിട്ടില്ലെന്ന് പറയുന്നത്. 2011 വരെയുള്ള കണക്കാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും കഴിഞ്ഞ ആഗസ്ത് മാസത്തിനുശേഷമുള്ള കര്‍ഷക ആത്മഹത്യകള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ നിന്നും മറച്ചുവച്ചു. പോയവര്‍ഷം അവസാനം സംസ്ഥാനത്താകെ 24 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നവംബര്‍ രണ്ടുമുതലാണ് വയനാട്ടില്‍ വീണ്ടും കര്‍ഷകര്‍ ആത്മഹത്യ കണ്ടുതുടങ്ങിയത്. അതിനുമുമ്പ് ആഗസ്ത് ആറിനും ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു. വിളനാശവും വിലയിടിവും അതുമൂലമുണ്ടാക്കിയ കടക്കെണിയുമാണ് ജീവനൊടുക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. ഇത്തരമൊരവസ്ഥയിലും ആത്മഹത്യ അംഗീകരിക്കാനോ കാര്‍ഷിക പ്രതിസന്ധി അംഗീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല.

കാര്‍ഷികോല്‍പാദന കമീഷണര്‍ വയനാട് ജില്ല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് കര്‍ഷക ആത്മഹത്യ എന്ന യാഥാര്‍ഥ്യം അംഗീകരിക്കപ്പെട്ടത്. എന്നാല്‍ പത്ത് കര്‍ഷകര്‍ ജില്ലയില്‍ മരിച്ചിട്ടും ഇവരില്‍ അഞ്ചുപേരുടെ കടം മാത്രമാണ് ഏറ്റെടുക്കാന്‍ സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും തയ്യാറായത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലും ഇതായിരുന്നു സ്ഥിതി. മാധ്യമങ്ങള്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ടുചെയ്തതിനുപുറമെ കലക്ടര്‍മാരും സര്‍ക്കാരിനെ പ്രതിസന്ധി ബോധ്യപ്പെടുത്തിയിരുന്നു. പൊലീസും സമാനമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതെല്ലാം ഉണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കും വിധമുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഫലത്തിലിത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമായി. വയനാടിനെ സര്‍ക്കാര്‍ കാര്‍ഷിക ദുരന്ത ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു നടപ്പാക്കാന്‍ കേരന്ദസര്‍ക്കാരിന്റെ സഹായം അനിവാര്യമാണ്. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഇതിനനുസരിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കയിട്ടില്ലെന്നത് ഈ പദ്ധതികളെ ബാധിക്കും എന്ന് കര്‍ഷകസംഘടനകള്‍ ചുണ്ടിക്കാണിക്കുന്നു.

വയനാട്ടില്‍ പാട്ടകൃഷിക്കാരുടെ പ്രശ്നം ഇനിയും തീര്‍പ്പാകാതെ കിടക്കുമ്പോഴാണ് സര്‍ക്കാര്‍ കോടതിയില്‍ മലക്കം മറിഞ്ഞത്. ജപ്തി ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ചപ്പോഴും ബാങ്കുകള്‍ ആത്മഹത്യചെയ്ത കര്‍ഷകര്‍ക്കുവരെ ജപ്തി നോട്ടീസ് അയച്ചു. വയനാട്ടില്‍ ഇപ്പോഴും ഒട്ടേറെ കര്‍ഷകര്‍ക്ക് കോടതി നോട്ടീസും ബാങ്ക് നോട്ടീസും വരുന്നുണ്ട്. സര്‍ക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനത്തിനുശേഷവും മുന്ന് കര്‍ഷകരെ പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ സംഭവവുമുണ്ടായി. ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് ഒരുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ഇനിയും ലഭിച്ചിട്ടില്ലെന്ന് വെള്ളമുണ്ടയില്‍ മരിച്ച കര്‍ഷകന്‍ ശശിധരന്റെ മകന്‍ വിനീഷ് പറഞ്ഞു. തുക നല്‍കുമെന്ന അറിയിപ്പ് ലഭിച്ചിട്ട് ഒരുമാസം കഴിഞ്ഞു. ലഭിച്ച നോട്ടീസ് കലക്ടറേറ്റില്‍ ഏല്‍പ്പിച്ചിട്ടുമുണ്ട്. തുടര്‍ന്ന് വിവരമൊന്നും ഉണ്ടായില്ല- വിനീഷ് പറഞ്ഞു.

deshabhimani 050112

1 comment:

  1. നല്‍കുമെന്ന് പറഞ്ഞ നഷ്ടപരിഹാരം നല്‍കിയില്ലെന്നുമാത്രമല്ല, കേരളത്തില്‍ കര്‍ഷക ആത്മഹത്യയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഹൈക്കോടതിയില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ടു ലഭിച്ചിട്ടില്ലെന്ന് പറയുന്നത്. 2011 വരെയുള്ള കണക്കാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും കഴിഞ്ഞ ആഗസ്ത് മാസത്തിനുശേഷമുള്ള കര്‍ഷക ആത്മഹത്യകള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ നിന്നും മറച്ചുവച്ചു. പോയവര്‍ഷം അവസാനം സംസ്ഥാനത്താകെ 24 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നവംബര്‍ രണ്ടുമുതലാണ് വയനാട്ടില്‍ വീണ്ടും കര്‍ഷകര്‍ ആത്മഹത്യ കണ്ടുതുടങ്ങിയത്. അതിനുമുമ്പ് ആഗസ്ത് ആറിനും ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു. വിളനാശവും വിലയിടിവും അതുമൂലമുണ്ടാക്കിയ കടക്കെണിയുമാണ് ജീവനൊടുക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. ഇത്തരമൊരവസ്ഥയിലും ആത്മഹത്യ അംഗീകരിക്കാനോ കാര്‍ഷിക പ്രതിസന്ധി അംഗീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല.

    ReplyDelete