Monday, January 2, 2012

സര്‍ക്കാരില്‍ ജാതിമത ഇടപെടല്‍ ശക്തം: പിണറായി

കൊല്ലം, തൃശൂര്‍ സമ്മേളനങ്ങള്‍ തുടങ്ങി

കൊല്ലം/തൃശൂര്‍ : സിപിഐ എം കൊല്ലം, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. കൊല്ലം സമ്മേളനത്തിന് തുടക്കം കുറിച്ച് സ. ഇ ബാലാനന്ദന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) മുതിര്‍ന്ന നേതാവ് എം കെ ഭാസ്കരന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. ബുധനാഴ്ചയാണ് സമ്മേളനം സമാപിക്കുക. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും തുടങ്ങും. വി എസ് അച്യുതാനന്ദന്‍ , പി കെ ഗുരുദാസന്‍ , എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, എം സി ജോസഫൈന്‍ , വൈക്കം വിശ്വന്‍ , എം വി ഗോവിന്ദന്‍ , ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തൃശൂര്‍ ജില്ലാസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ പത്മനാഭന്‍ പതാകയുയര്‍ത്തി. കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ , കേന്ദ്ര കമ്മറ്റിയംഗങ്ങളായ പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി, ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി ശിവദാസ മേനോന്‍ , വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 4ന് പൊതുറാലിയോടെ സമ്മേളനം സമാപിക്കും.

സര്‍ക്കാരില്‍ ജാതിമത ഇടപെടല്‍ ശക്തം: പിണറായി

കൊല്ലം: സംസ്ഥാന സര്‍ക്കാരില്‍ ജാതിമത സംഘടനകളുടെ പ്രകടമായ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പോലുമില്ലാത്ത മതിപ്പാണ് ചില ജാതി സംഘടനകള്‍ക്ക് സര്‍ക്കാരിലുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ വിജയമാണെന്നും നല്ലരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുവെന്നുമാണ് കഴിഞ്ഞദിവസം ഒരു സംഘടനയുടെ സമ്മേളനം പ്രഖ്യാപിച്ചത്. അവരുടെ സമ്മേളന വേദി യുഡിഎഫ് വേദിയായി തോന്നുന്നതില്‍ സിപിഎമ്മിനോടോ എല്‍ഡിഎഫിനോടോ പരിഭവം തോന്നിയിട്ട് കാര്യമില്ല. സിപിഐ എം ഒരു ജാതിക്കും മതത്തിനും എതിരല്ല. നായന്‍മാരുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ല. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സിപിഐ എമ്മാണ്. നാല് വോട്ട് കിട്ടാനല്ല പാര്‍ട്ടി ഈ അഭിപ്രായം പറഞ്ഞതെന്നും മുന്നോക്കക്കാരനാണോ പിന്നോക്കക്കാരനാണോ എന്ന് നോക്കാതെയാണ് പാര്‍ട്ടി നിലപാടെടുക്കുകയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മെട്രോ അട്ടിമറി കമീഷന്‍ തട്ടാന്‍ : കോടിയേരി

തൃശൂര്‍ : കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കുന്നത് മുഖ്യമന്ത്രി ഇടപെട്ടാണന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അയ്യായിരംകോടി രൂപയുടെ പദ്ധതി സ്വകാര്യ കരാറുകാര്‍ക്ക് നല്‍കി കമീഷന്‍ തട്ടാനുള്ള അടവാണ് നടക്കുന്നത്. കേരളത്തില്‍ അഴിമതിരാജാണെന്നും സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള രംഗനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കോടിയേരി പറഞ്ഞു. ഇപ്പോള്‍ പിന്നോക്കക്കാരുടെ 27 ശതമാനത്തില്‍ നിന്ന് നാലു ശതമാനം ന്യൂനപക്ഷത്തിന് നല്‍കിയത് തട്ടിപ്പാണ്. രണ്ടു കൂട്ടര്‍ക്കും പ്രയോജനമുണ്ടാവില്ല- അദ്ദേഹം തുടര്‍ന്നു.

deshabhimani news

1 comment:

  1. സംസ്ഥാന സര്‍ക്കാരില്‍ ജാതിമത സംഘടനകളുടെ പ്രകടമായ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete