Monday, January 2, 2012

അഴിമതിയുടെ മെട്രോ

അഴിമതി നടത്താന്‍ അവസരമില്ലെങ്കില്‍ വികസനപദ്ധതിയേ വേണ്ട എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയം എന്നതിനുള്ള സ്ഥിരീകരണമാണ് 2012ന്റെ തുടക്കത്തില്‍ത്തന്നെ തെളിയുന്നത്. കേരള സര്‍ക്കാരിന്റെ ഈ വിചിത്രനയംമൂലം കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കഥകഴിയുമെന്നാണ് ഇപ്പോള്‍ കരുതേണ്ടത്. അനുവദിച്ചുകൊടുക്കാനാകുന്ന കാര്യമല്ല ഇത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പിന്മാറുന്ന അവസ്ഥയുണ്ടാക്കിയതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ . ഡിഎംആര്‍സി പൊതുമേഖലാ സ്ഥാപനമാണ്. ഡല്‍ഹിയില്‍ മെട്രോ റെയില്‍ സംവിധാനമുണ്ടാക്കി കഴിവും കാര്യക്ഷമതയും തെളിയിച്ചിട്ടുള്ള സ്ഥാപനമാണ്. സുതാര്യതയ്ക്കും പ്രാഗത്ഭ്യത്തിനും പേരുകേട്ട ഇ ശ്രീധരന്‍ എംഡിയായിട്ടുള്ള സ്ഥാപനമാണത്. ഇത്തരമൊരു സ്ഥാപനത്തിന്റെ സേവനച്ചുമതലയോടെ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നത് മഹത്തായ കാര്യമായേ ആരും കരുതൂ. എന്നാല്‍ , യുഡിഎഫും ഉമ്മന്‍ചാണ്ടിയും മറിച്ചാണ് കരുതിയത്.

അയ്യായിരം കോടി രൂപയുടെ സ്വപ്നപദ്ധതിയാണിത്. ഇത്ര വലിയ ഒരു പദ്ധതി ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിച്ചുകൊടുത്താല്‍ തങ്ങളുടെ അഴിമതിതാല്‍പ്പര്യങ്ങള്‍ നിര്‍വഹിക്കപ്പെടാതെ പോകും. അതുകൊണ്ടുതന്നെ ആ സ്ഥാപനത്തെ ഒഴിവാക്കാന്‍ അവര്‍ നിശ്ചയിച്ചു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുതരുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കരാര്‍ കിട്ടുന്ന തരത്തിലുള്ള ഒരു സംവിധാനമുണ്ടാക്കാന്‍ നിശ്ചയിച്ചു. അഴിമതിക്ക് പഴുതില്ലാത്തതും കാര്യക്ഷമത തെളിയിച്ചതുമായ പൊതുമേഖലാ സ്ഥാപനം കണ്‍മുന്നില്‍ നില്‍ക്കെ അതിനെ അവഗണിച്ച് ആഗോള ടെന്‍ഡറിന് പോകുന്നെങ്കില്‍ അത് പൊതുമേഖലയെ ഒഴിവാക്കി സ്വകാര്യമേഖലയിലെ തങ്ങളുടെ "ആളു"കളെ പദ്ധതി നടത്തിപ്പിന്റെ ചുമതലയിലേക്ക് കൊണ്ടുവരാനാണ്. പൊതുമേഖലയില്‍ സ്ഥാപനങ്ങളില്ലെങ്കിലോ ഉള്ള സ്ഥാപനങ്ങള്‍ മികവ് തെളിയിച്ചിട്ടില്ലെങ്കിലോ ആണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ മനസിലാക്കാം. പദ്ധതി നടത്തിയെടുക്കാന്‍ കഴിയുന്നവരായി സ്വകാര്യ സ്ഥാപനങ്ങളേയുള്ളൂവെങ്കിലും മനസിലാക്കാം. ഇവിടെ അതല്ല സ്ഥിതി. കഴിവ് തെളിയിച്ച പൊതുമേഖലാ സ്ഥാപനമുണ്ട്. അപ്പോള്‍പ്പിന്നെ എന്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുപിന്നാലെ പോകണം; പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കണം?

ആഗോള ടെന്‍ഡര്‍ വിളിക്കുന്നത് വിദേശ വായ്പ ലഭിക്കാനാണെന്ന വാദം വിലപ്പോകുന്നതല്ല. ഡല്‍ഹി പദ്ധതിക്കടക്കം വിദേശ വായ്പ ലഭിച്ചിട്ടുണ്ട്. അത് സ്വകാര്യമേഖലയെ ആഗോള ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹണച്ചുമതല ഏല്‍പ്പിച്ചിട്ടല്ല. ഡല്‍ഹിയില്‍ ഡിഎംആര്‍സിയാണ് പദ്ധതി നടപ്പാക്കിയത്. ഡിഎംആര്‍സിയെപ്പോലെ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖ സ്ഥാപനത്തിനാണ് നടത്തിപ്പ് ചുമതല എന്നുവന്നാല്‍ വിദേശ വായ്പയ്ക്കുള്ള സാധ്യത കൂടുകയാണ് ചെയ്യുക. കാരണം ഡിഎംആര്‍സിയുടെ റെക്കോഡ് മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനില്ല. സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ മെട്രോ പദ്ധതി ഹൈദരാബാദിലേതാണ്. അത് പണം കവര്‍ന്നുകൊണ്ടിരിക്കുന്നതല്ലാതെ പൂര്‍ത്തിയാകുന്നില്ല. സ്വകാര്യ കമ്പനിയുടെ പക്കലായ ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് എക്സ്പ്രസ് പാത വന്‍ നഷ്ടത്തിലായി. ഇതൊക്കെ അറിയുന്ന വിദേശ സ്ഥാപനങ്ങള്‍ വായ്പ തരുമോ? വായ്പ കിട്ടാന്‍ ഏറ്റവും നല്ല അന്തരീക്ഷമുണ്ടാവുക, പദ്ധതി വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്ത് നടത്തുമ്പോഴാണ്. ഇവിടെ പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിയെ ഏതുവിധേനയും ഒഴിവാക്കി സ്വകാര്യ കമ്പനികള്‍ക്ക് പദ്ധതി ഏല്‍പ്പിച്ചുകൊടുക്കുക എന്ന വ്യഗ്രതയായിരുന്നു യുഡിഎഫ് മന്ത്രിസഭയ്ക്ക്. അതിനായി ഡിഎംആര്‍സി സ്വയം ഒഴിയുന്ന അവസ്ഥയുണ്ടാക്കി. ഡിഎംആര്‍സി ഒഴിവായാല്‍ സ്വകാര്യ മേഖലയ്ക്ക് പദ്ധതി കൈമാറാനാകും എന്ന് ഭരണാധികാരികള്‍ക്ക് അറിയാം. അതിനുള്ള അരങ്ങൊരുക്കലാണ് നടന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഉപജാപം നടക്കുന്നത് എന്നാണ് അറിവായിട്ടുള്ളത്. ഡിഎംആര്‍സി മേധാവി ഇ ശ്രീധരന്‍ താല്‍പ്പര്യപൂര്‍വം അയച്ച പത്തോളം കത്തുകള്‍ പൂഴ്ത്തപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മുഖ്യമന്ത്രിക്കുള്ള ഡിഎംആര്‍സി മേധാവിയുടെ കത്തിന് മറുപടി അയച്ചത് ഒരു ഉദ്യോഗസ്ഥനാണ്. കോര്‍പറേഷന്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിക്കയച്ച കത്തിന് ഉദ്യോഗസ്ഥനെക്കൊണ്ട് മറുപടി അയപ്പിച്ചതുതന്നെ "ഞങ്ങള്‍ നിങ്ങളെ വില വയ്ക്കുന്നില്ല" എന്ന സന്ദേശം കൊടുക്കാനാണ്. കത്തുകള്‍ക്ക് മറുപടി നല്‍കാത്തതിലുള്ള അതൃപ്തി ഡിഎംആര്‍സിയ്ക്ക് നേരത്തെ തന്നെയുണ്ട്. അതിരിക്കെയാണ്, കൊച്ചി പദ്ധതി മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ തുടരേണ്ടതില്ലെന്ന സന്ദേശംകൂടി ഡിഎംആര്‍സിക്ക് കേരള സര്‍ക്കാര്‍ നല്‍കിയത്. നിര്‍മാണ കരാറിനെക്കുറിച്ച് ഒരു ഉറപ്പും ഡിഎംആര്‍സിക്ക് നല്‍കാതിരുന്നപ്പോഴും സര്‍ക്കാരിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. പദ്ധതിനടത്തിപ്പിന്റെ ചുമതലയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കുന്നുവെന്നതായിരുന്നു സര്‍ക്കാര്‍ നല്‍കിയ സന്ദേശം. ഇതേത്തുടര്‍ന്നാണ് ഡിഎംആര്‍സി പിന്മാറിയത്; കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും നടപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടണമെന്നും തീരുമാനിച്ചത്. ഇതെല്ലാം അണിയറയില്‍ നടക്കുമ്പോഴും ഇ ശ്രീധരന്‍ കൊച്ചി മെട്രോയ്ക്ക് നേതൃത്വം നല്‍കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പുറത്ത് പറഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ കാപട്യമാണ് വെളിവാക്കുന്നത്. ഒരുവശത്ത് ശ്രീധരനും ഡിഎംആര്‍സിക്കും ഇടപെടാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും കത്തുകള്‍ക്ക് മറുപടിപോലും നല്‍കാതിരിക്കുകയും ചെയ്യുക; മറുവശത്ത് അദ്ദേഹം നടപ്പാക്കിക്കൊള്ളുമെന്ന് പ്രത്യാശിക്കുന്നതായി പറയുക- ഇത് കാപട്യമല്ലാതെ മറ്റെന്താണ്? സ്വകാര്യ കമ്പനികളോടുള്ള താല്‍പ്പര്യമാണ് ഈ കാപട്യത്തിന് പിന്നിലുള്ളത്.

ഡല്‍ഹിയില്‍ മെട്രോ റെയില്‍ നടപ്പാക്കിയ അതേ ടീമുണ്ടെങ്കിലേ ശ്രീധരന്‍ മേല്‍നോട്ടത്തിനെത്തൂ എന്നറിഞ്ഞ മുഖ്യമന്ത്രി ആ ടീമിനെ സ്വകാര്യ കമ്പനികളെക്കൊണ്ട് പകരംവച്ച് ശ്രീധരന്റെ സേവനംകൂടി നഷ്ടപ്പെടുത്തുകയായിരുന്നു. അഴിമതിക്കുള്ള എല്ലാ വാതിലുകളും അങ്ങനെ തുറന്നിട്ടു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഏറെ കാര്യമായി ആവിഷ്കരിച്ച് മുന്നോട്ടുകൊണ്ടുപോയ പദ്ധതിയാണിത്. ഇ ശ്രീധരന്‍ സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനുബന്ധകാര്യങ്ങളെല്ലാം കാര്യമായി മുന്നോട്ടുപോയി. കേന്ദ്രമന്ത്രിസഭയുടെ സാങ്കേതിക അനുമതി ലഭിക്കുന്ന ദിവസം പദ്ധതി നടപ്പാക്കിത്തുടങ്ങാമെന്ന സ്ഥിതിവരെയായി. അതിനുള്ള നിര്‍മാണക്കരാറില്‍ ഒപ്പിടണമെന്ന് വന്ന ഘട്ടത്തിലാണ് ഭരണമാറ്റമുണ്ടായത്. അതോടെ നിലപാടും മാറി.

നിര്‍മാണം വൈകുംതോറും ചെലവ് ഭീമമായി വര്‍ധിക്കും. ഓരോ നാള്‍ കഴിയുമ്പോഴും 30 ലക്ഷം രൂപയുടെ വീതം വര്‍ധനയാണ് ചെലവിനത്തിലുണ്ടാവുക. ചെലവ് എത്ര ഭീമമായാലും വേണ്ടില്ല, സ്വകാര്യ കമ്പനികള്‍ പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശാഠ്യം. ഇത് സാധിച്ചെടുക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍സ്ഥാനം മുഖ്യമന്ത്രി ദുരുപയോഗിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത കൊച്ചി മെട്രോ ബോര്‍ഡ് യോഗത്തിലാണ് "ആഗോള ടെന്‍ഡര്‍" എന്ന ആശയം ഉയര്‍ന്നുവന്നത് എന്നത് ശ്രദ്ധേയമാണ്. ആഗോള ടെന്‍ഡറില്‍ ഡിഎംആര്‍സി പങ്കെടുക്കില്ല എന്ന് ബോര്‍ഡിനറിയാം. പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സി ഇരിക്കെ ടെന്‍ഡര്‍ ആവശ്യമില്ലെന്നുമറിയാം. എന്നിട്ടും അഴിമതി നടത്താനായി ഡിഎംആര്‍സിയെ ഒഴിവാക്കുന്ന പാതതന്നെ ബോര്‍ഡ് തെരഞ്ഞെടുത്തു. കൊച്ചി മെട്രോയെ അഴിമതിവല്‍ക്കരിക്കുകയോ അല്ലെങ്കില്‍ അട്ടിമറിക്കുകയോ ചെയ്യാനുള്ള ഈ നീക്കം ചെറുക്കപ്പെടേണ്ടതുണ്ട്.

deshabhimani editorial 020112

1 comment:

  1. അഴിമതി നടത്താന്‍ അവസരമില്ലെങ്കില്‍ വികസനപദ്ധതിയേ വേണ്ട എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയം എന്നതിനുള്ള സ്ഥിരീകരണമാണ് 2012ന്റെ തുടക്കത്തില്‍ത്തന്നെ തെളിയുന്നത്. കേരള സര്‍ക്കാരിന്റെ ഈ വിചിത്രനയംമൂലം കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കഥകഴിയുമെന്നാണ് ഇപ്പോള്‍ കരുതേണ്ടത്. അനുവദിച്ചുകൊടുക്കാനാകുന്ന കാര്യമല്ല ഇത്.

    ReplyDelete