Monday, January 2, 2012

പിറവം ഉപതെരഞ്ഞെടുപ്പ് ഏപ്രിലിലേക്കു നീട്ടാന്‍ നീക്കം

പിറവം ഉപതെരഞ്ഞെടുപ്പ് പരമാവധി നീട്ടാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മേല്‍ സമ്മര്‍ദം മുറുകുന്നു. സീറ്റ് ഒഴിവ് വന്നാല്‍ നിയമപ്രകാരം ആറുമാസത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതുപ്രകാരം ഏപ്രില്‍വരെ സമയമുണ്ട്. തെരഞ്ഞെടുപ്പ് ഏപ്രിലില്‍ മാത്രമേ നടക്കൂവെന്ന് ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് ഉന്നതങ്ങളില്‍ നടക്കുന്നത്. യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കമീഷന്‍ ഡിസംബര്‍ അവസാനം പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനവും സാധാരണ ഇതോടൊപ്പം നടത്തേണ്ടതാണ്. എന്നാല്‍ , പിറവം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീരുമാനിച്ചിട്ടില്ലെന്നും പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി അറിയിച്ചത്. കമീഷന്റെ പ്രത്യേകയോഗം എപ്പോള്‍ ചേരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തെരഞ്ഞെടുപ്പ് കമീഷണര്‍മാരെല്ലാം വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരക്കിലാണ്.

കേരളത്തില്‍ യുഡിഎഫിന്റെ സ്ഥിതി തീര്‍ത്തും മോശമാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. മുല്ലപ്പെരിയാര്‍ , കൊച്ചി മെട്രോ തുടങ്ങി എല്ലാ രംഗത്തും സര്‍ക്കാര്‍ പരാജയമാണെന്ന വിലയിരുത്തലാണ് ജനങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പിറവത്ത് പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാകും. നിയമസഭയില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം നേരിയതാണെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ പിറവം തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാകും. അതുകൊണ്ട് പ്രശ്നത്തിന്റെ ഗൗരവം കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. പിറവം തെരഞ്ഞെടുപ്പ് പരമാവധി നീട്ടുകയെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമീഷന് ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട ആന്ധ്രപ്രദേശിലും കോണ്‍ഗ്രസിന്റെ സ്ഥിതി മോശമാണ്. തെലങ്കാന പോലുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

deshabhimani 020112

3 comments:

  1. പിറവം ഉപതെരഞ്ഞെടുപ്പ് പരമാവധി നീട്ടാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മേല്‍ സമ്മര്‍ദം മുറുകുന്നു. സീറ്റ് ഒഴിവ് വന്നാല്‍ നിയമപ്രകാരം ആറുമാസത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതുപ്രകാരം ഏപ്രില്‍വരെ സമയമുണ്ട്. തെരഞ്ഞെടുപ്പ് ഏപ്രിലില്‍ മാത്രമേ നടക്കൂവെന്ന് ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് ഉന്നതങ്ങളില്‍ നടക്കുന്നത്.

    ReplyDelete
  2. അധികാരത്തിലേറി ഏഴു മാസം പിന്നിട്ട യുഡിഎഫ് സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. ജനരോഷം ഭയന്നാണ് പിറവം ഉപതെരഞ്ഞെടുപ്പ് നീട്ടുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരുപക്ഷേ പിറവം തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് സമഗ്രമായ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ സോഷ്യലിസ്റ്റ് ആശയം ഉയര്‍ത്തുന്ന പാര്‍ട്ടി ജനതാദള്‍ എസ് ആണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യുഡിഎഫില്‍ പ്രവര്‍ത്തിക്കാനാകില്ല. ഒരു സീറ്റിന്റെ പേരില്‍ അതുവരെ വിശ്വസിച്ച ആശയത്തെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടുന്നതല്ല രാഷ്ട്രീയം. പുത്തന്‍ തലമുറ രാഷ്ട്രീയക്കാരുടെ വക്താവായി വീരേന്ദ്രകുമാര്‍ മാറിയെന്നും സോഷ്യലിസ്റ്റ് ജനതയ്ക്ക് അസ്ഥിത്വം നഷ്ടമായെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു.

    ReplyDelete
  3. പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുന്നത്ര നീട്ടാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ഏറ്റവും അടുത്ത തീയതിയില്‍ തെരഞ്ഞെടുപ്പു നേരിടാന്‍ എല്‍ഡിഎഫ് പൂര്‍ണ സജ്ജമാണ്. പാര്‍ടി എറണാകുളം ജില്ലാ സമ്മേളനപരിപാടികള്‍ വിവരിച്ച വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ടി എം ജേക്കബിന്റെ സംസ്കാരച്ചടങ്ങ് പൂര്‍ത്തിയാകുംമുമ്പ് ചേര്‍ന്ന "ഉന്നതതല യോഗ"മാണ്. സഹതാപതരംഗം ഉണ്ടാക്കി മകനെ വിജയിപ്പിച്ച് യുഡിഎഫ് നേട്ടം കൊയ്യാനാണ് ഉദ്ദേശിച്ചത്. ഡിസംബര്‍ 25നുമുമ്പ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സര്‍ക്കാരിന്റെ അന്നത്തെ ലക്ഷ്യം. പക്ഷേ, കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് ഭരണത്തിന്റെ കൊള്ളരുതായ്മ നിമിത്തം ജനകീയപ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയും യുഡിഎഫിനു ഭയമാകുകയുംചെയ്തു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പിന് അനിശ്ചിത സ്ഥിതിയുണ്ടായത്. എല്‍ഡിഎഫിന് അന്നും ഇന്നും ജയിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

    ReplyDelete