Monday, January 2, 2012

ഓഹരിവിപണിയിലേക്ക് വിദേശ വ്യക്തിനിക്ഷേപം

വിദേശികള്‍ക്ക് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജനുവരി 15 മുതല്‍ വ്യക്തിഗത വിദേശ നിക്ഷേപകര്‍ക്ക് നേരിട്ട് ഓഹരിവിപണിയില്‍ പണമിറക്കാം. ഇതുവരെ മ്യൂച്വല്‍ ഫണ്ടുകളില്‍ മാത്രമായിരുന്നു വിദേശപൗരന്‍മാര്‍ക്ക് നേരിട്ട് നിക്ഷേപിക്കാന്‍ അനുമതി. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് തീരുമാനമെന്നാണ് ധനമന്ത്രാലയത്തിന്റെ അവകാശവാദം. വിദേശികള്‍ക്ക് നിക്ഷേപമിറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 15ന് റിസര്‍വ് ബാങ്കും സെബിയും വിജ്ഞാപനം പുറപ്പെടുവിക്കും. ഓഹരിവിപണിയിലെ കമ്പനിയുടെ ആകെ മൂലധനത്തിന്റെ അഞ്ച് മുതല്‍ 10 ശതമാനം വരെ വിദേശവ്യക്തികളുടെ നിക്ഷേപമാകാം. സാധാരണ ബാങ്കിങ് സംവിധാനങ്ങള്‍ വഴിയാണ് പണം അടയ്ക്കേണ്ടത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ കരുത്ത് വര്‍ധിപ്പിക്കാനും ചാഞ്ചാട്ടം തടയാനും വിദേശികളുടെ വരവ് വഴിയൊരുക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ അവകാശവാദം. നിലവില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ 24 ശതമാനം വരെ നിക്ഷേപം നടത്താം. പ്രവാസി ഇന്ത്യക്കാര്‍ക്ക് 10 ശതമാനം വരെയും നിക്ഷേപിക്കാം.

കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ ഇന്‍ഷുറന്‍സ്, ബാങ്കിങ്, പെന്‍ഷന്‍ മേഖലകള്‍ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ കോര്‍പറേറ്റുകളുടെയും മറ്റും വിമര്‍ശം സര്‍ക്കാരിനു നേരിടേണ്ടി വന്നു. കോര്‍പറേറ്റ് അനുകൂല പരിഷ്കാരങ്ങളുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വിദേശികള്‍ക്ക് ഓഹരിവിപണിയിലേക്ക് പ്രവേശനം അനുവദിച്ച പുതുവര്‍ഷ ദിന പ്രഖ്യാപനം. സാധാരണ ബജറ്റ് പ്രസംഗത്തിലോ നയപ്രഖ്യാപന പ്രസംഗത്തിലോ നടത്തുന്ന പ്രഖ്യാപനമാണ് അതിനൊന്നും കാത്തിരിക്കാതെ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയത്.

യൂറോപ്യന്‍ -അമേരിക്കന്‍ സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യത്തിലായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി കൂടുതല്‍ തുറക്കണമെന്ന സമ്മര്‍ദം പാശ്ചാത്യരാഷ്ട്രങ്ങളില്‍ നിന്നുണ്ടായിരുന്നു. വിദേശത്തുനിന്ന് കൂടുതല്‍ പണം ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകാന്‍ തീരുമാനം വഴിയൊരുക്കുമെങ്കിലും അതേപടി പണം തിരിച്ചൊഴുകാനും സാധ്യതയേറും. കേന്ദ്രത്തിന്റെ തീരുമാനം വിപണിക്ക് താല്‍ക്കാലിക ഉണര്‍വ് പകരാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷംചെയ്യുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. വിപണിയില്‍ അപകടം മണക്കുമ്പോള്‍ തന്നെ വിദേശ നിക്ഷേപകന്‍ തങ്ങളുടെ ഓഹരി പിന്‍വലിക്കും. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ തിരിച്ചടിയേകി വിപണികളില്‍ വലിയ തകര്‍ച്ചയാവും ഫലം. ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ ഓഹരിവിപണിയെ ഇത് കൂടുതല്‍ ദുര്‍ബലമാക്കും.

2011 ഇന്ത്യന്‍ വിപണിക്ക് മോശം വര്‍ഷമായിരുന്നു. വിദേശസ്ഥാപന നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിഞ്ഞത് വിപണിയുടെ ഇടിവിന് കാരണമായി. 2009ലും 2010ലും വളര്‍ച്ച രേഖപ്പെടുത്തിയ വിപണി 2011ല്‍ 26 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ആകെ 20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. 2010 ല്‍ മൂവായിരം കോടിയോളം ഡോളറിന്റെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ വിദേശസ്ഥാപന നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് 500 കോടിയോളം ഡോളര്‍ പിന്‍വലിച്ചു. ഓഹരിസൂചികയുടെ വന്‍വീഴ്ചയ്ക്ക് ഇത് പ്രധാന കാരണമായിരുന്നു. വിദേശസ്ഥാപന നിക്ഷേപകര്‍ക്കൊപ്പം വ്യക്തിഗത വിദേശനിക്ഷേപകരും കൂട്ടമായി നിക്ഷേപം പിന്‍വലിച്ചാല്‍ വലിയ ഇടിവാകും സംഭവിക്കുക.
(എം പ്രശാന്ത്)

deshabhimani 020112

2 comments:

  1. കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ ഇന്‍ഷുറന്‍സ്, ബാങ്കിങ്, പെന്‍ഷന്‍ മേഖലകള്‍ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ കോര്‍പറേറ്റുകളുടെയും മറ്റും വിമര്‍ശം സര്‍ക്കാരിനു നേരിടേണ്ടി വന്നു. കോര്‍പറേറ്റ് അനുകൂല പരിഷ്കാരങ്ങളുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വിദേശികള്‍ക്ക് ഓഹരിവിപണിയിലേക്ക് പ്രവേശനം അനുവദിച്ച പുതുവര്‍ഷ ദിന പ്രഖ്യാപനം.

    ReplyDelete
  2. വിദേശ വ്യക്തികള്‍ക്ക് ഇനിമുതല്‍ പ്രാഥമിക ഓഹരിവിപണിയില്‍ കമ്പനികള്‍ ലിസ്റ്റ്ചെയ്യുന്നതിന്റെ മുന്നോടിയായുള്ള ഐപിഒകളിലും പങ്കെടുക്കാനാകുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഓഹരിവിപണിയില്‍ വിദേശികള്‍ക്ക് നിക്ഷേപം അനുവദിച്ചുള്ള തീരുമാനം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശ വ്യക്തികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ട്രസ്റ്റുകള്‍ക്കുമൊക്കെ ഐപിഒകളിലും തുടര്‍ ഓഹരി ഓഫറുകളിലും പങ്കെടുക്കാനുള്ള അവസരം പുതിയ തീരുമാനത്തിലൂടെ ലഭിക്കും.

    ReplyDelete