Tuesday, January 3, 2012

ജപ്പാന്‍ കുടിവെള്ളമെത്തുന്നത് എല്‍ഡിഎഫ് ഇഛാശക്തിയില്‍

കുടിവെള്ള പദ്ധതി സമര്‍പ്പണം ഇന്ന്

ചേര്‍ത്തല: ജപ്പാന്‍ സഹായത്തോടെ ചേര്‍ത്തല താലൂക്കിലെ ജനങ്ങള്‍ക്കായി പൂര്‍ത്തീകരിച്ച ശുദ്ധജലവിതരണപദ്ധതി ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വൈകിട്ട് നാലിന് ചേര്‍ത്തല ശ്രീനാരായണ ഗവ. എച്ച്എസ്എസ് മൈതാനിയിലാണ് ഉദ്ഘാടനസമ്മേളനം. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനാകും. കേന്ദ്ര പ്രവാസികാര്യമന്ത്രി ഇ അഹമ്മദ് ജലസംഭരണികളുടെ സമര്‍പ്പണവും കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍ ജലശൃംഖലകളുടെ സമര്‍പ്പണവും നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി ജെ കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജലവിഭവമന്ത്രി പി ജെ ജോസഫ് സ്വാഗതം പറയും. ചേര്‍ത്തല നഗരസഭയിലെയും 19 പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി.

ജപ്പാന്‍ കുടിവെള്ളമെത്തുന്നത് എല്‍ഡിഎഫ് ഇഛാശക്തിയില്‍

ചേര്‍ത്തല: 15 വര്‍ഷത്തോളം പ്രായമുള്ള ജപ്പാന്‍ കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫിന്റെ ഇഛാശക്തിയിലും നിശ്ചയദാര്‍ഢ്യത്തിലും. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപങ്കും വഹിക്കാത്ത യുഡിഎഫും നേതാക്കളും ഉദ്ഘാടനവേളയില്‍ മേനിനടിക്കുമ്പോള്‍ ജനങ്ങള്‍ വീക്ഷിക്കുന്നത് പരിഹാസത്തോടെ. 1997ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ബേബിജോണ്‍ ജലവിഭവമന്ത്രിയുമായിരിക്കെയാണ് ജപ്പാന്‍ സഹായത്തോടെ ചേര്‍ത്തലയ്ക്ക് കുടിവെള്ളപദ്ധതി ആരംഭിച്ചത്. നിയമസഭാരേഖയിലും ഇത് കാണാം. 1997 മാര്‍ച്ച് 26ന് പ്രതിപക്ഷ എംഎല്‍എ കെ ആര്‍ ഗൗരിയമ്മ നിയമസഭയില്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മന്ത്രി ബേബിജോണ്‍ നല്‍കിയ മറുപടിയിലാണ് പദ്ധതിക്ക് അംഗീകാരം നേടിയതിന്റെയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെയും വിവരങ്ങളുള്ളത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതും നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്.

പക്ഷേ, 2001ല്‍ അധികാരത്തില്‍വന്ന എ കെ ആന്റണിയുടെ മന്ത്രിസഭ പദ്ധതിയുടെ കാര്യത്തില്‍ ഒന്നും ചെയ്തില്ല. യുഡിഎഫ് നേതാവ് എ വി താമരാക്ഷന്‍ തന്നെ അഴിമതിയാരോപണം ഉന്നയിച്ച് കണ്‍സള്‍ട്ടന്‍സി നിയമനംപോലും തടഞ്ഞു. പിന്നീട് ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. എന്നാല്‍ 2004ല്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എന്ന മാമാങ്കം ചേര്‍ത്തലയില്‍ കൊണ്ടാടി. നിര്‍മാണത്തിന് കരാര്‍പോലുമാകാതെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ശിലാസ്ഥാപനം നടത്തിയത്. ഈ രാഷ്ട്രീയതട്ടിപ്പ് തുറന്നുകാട്ടാന്‍ എല്‍ഡിഎഫ് അന്ന് മാമാങ്കം ബഹിഷ്കരിച്ചു. ലക്ഷക്കണക്കിന് രൂപയാണ് ഈ മാമാങ്കത്തിന് സര്‍ക്കാര്‍ ചെലവിട്ടത്.

2005 ഒടുവിലും പിന്നീട് എല്‍ഡിഎഫ് ഭരണത്തിലുമാണ് നിര്‍മാണത്തിന് കരാറുകളായതെന്ന് നിയമസഭാരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2011 ജൂലൈ 14ന് എ എം ആരിഫ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് ജലവിഭവമന്ത്രി പി ജെ ജോസഫ് നല്‍കിയ മറുപടിയില്‍ 2005 ഒടുവിലോടെയാണ് നിര്‍മാണത്തിന് കരാറുകള്‍ പൂര്‍ത്തിയായതെന്നും നിര്‍മാണം തുടങ്ങിയത് എല്‍ഡിഎഫ് ഭരണത്തില്‍ 2006ല്‍ ആണെന്നും വ്യക്തമാക്കുന്നു. വി എസ് സര്‍ക്കാരിന്റെ ഭരണകാലയളവില്‍ പ്രതിബന്ധങ്ങള്‍ ഒഴിവാക്കി പൊതുജനസഹകരണത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ചേര്‍ത്തല, അരൂര്‍ , വൈക്കം എംഎല്‍എമാരും അന്നത്തെ എംപിയുമാണ് നിരന്തരം പ്രയത്നിച്ചതെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

നിരവധിതവണ ചേര്‍ന്ന യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തു. നിരന്തര ഇടപെടലുകള്‍ക്കും മുന്നില്‍നിന്നു. സര്‍ക്കാരും മന്ത്രിമാരും നിരന്തര ശുഷ്കാന്തിയോടെ നിശ്ചയദാര്‍ഢ്യത്തോടെ പ്രയത്നിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതാക്കളും ഉദ്ഘാടകരായെന്നു മാത്രം. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ രംഗത്തുവന്നത്. യുഡിഎഫിന്റെയും തന്റെയും സൃഷ്ടിയാണ് പദ്ധതിയെന്ന് വരുത്താനുള്ള തന്ത്രപ്പാടാണ് നടത്തുന്നത്. ഫ്ളക്സ് ബോര്‍ഡുകളും ആര്‍ച്ചുകളും മൈക്ക് പ്രചാരണവും ഈ ഉദ്ദേശത്തോടെ നഗരത്തില്‍ നിറച്ചു. പദ്ധതിയുടെ നാഥനായി വേഷംകെട്ടിയാടുകയാണിദ്ദേഹം. ഉദ്ഘാടനച്ചടങ്ങ് സംഘാടനത്തിലും താരമാകാന്‍ ശ്രമിക്കുമ്പോള്‍ ജനകീയത നഷ്ടമായി. തിങ്കളാഴ്ചത്തെ വിളംബരജാഥകള്‍ നിറംകെട്ടു. ചേര്‍ത്തല നഗരത്തില്‍ നടന്ന വിളംബരജാഥയില്‍ 25ല്‍താഴെ പേരാണ് പങ്കെടുത്തത്.

deshabhimani 030112

1 comment:

  1. 15 വര്‍ഷത്തോളം പ്രായമുള്ള ജപ്പാന്‍ കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫിന്റെ ഇഛാശക്തിയിലും നിശ്ചയദാര്‍ഢ്യത്തിലും. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപങ്കും വഹിക്കാത്ത യുഡിഎഫും നേതാക്കളും ഉദ്ഘാടനവേളയില്‍ മേനിനടിക്കുമ്പോള്‍ ജനങ്ങള്‍ വീക്ഷിക്കുന്നത് പരിഹാസത്തോടെ. 1997ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ബേബിജോണ്‍ ജലവിഭവമന്ത്രിയുമായിരിക്കെയാണ് ജപ്പാന്‍ സഹായത്തോടെ ചേര്‍ത്തലയ്ക്ക് കുടിവെള്ളപദ്ധതി ആരംഭിച്ചത്. നിയമസഭാരേഖയിലും ഇത് കാണാം. 1997 മാര്‍ച്ച് 26ന് പ്രതിപക്ഷ എംഎല്‍എ കെ ആര്‍ ഗൗരിയമ്മ നിയമസഭയില്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മന്ത്രി ബേബിജോണ്‍ നല്‍കിയ മറുപടിയിലാണ് പദ്ധതിക്ക് അംഗീകാരം നേടിയതിന്റെയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെയും വിവരങ്ങളുള്ളത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതും നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്.

    ReplyDelete