Tuesday, January 3, 2012

കൊച്ചി മെട്രോ: അട്ടിമറിക്ക് 2005ലും യുഡിഎഫ് ശ്രമിച്ചു

കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ 2005ലും യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തി. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് പദ്ധതിയില്‍നിന്ന് പൊതുമേഖലയെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നത്. എന്നാല്‍ , തുടര്‍ന്ന് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ച പദ്ധതിയുടെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയായിരുന്നു. ഇത് അട്ടിമറിച്ചാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കായി ചരടുവലിക്കുന്നത്. അയ്യായിരം കോടി ചെലവുവരുന്ന പദ്ധതിയില്‍നിന്നുള്ള അവിഹിതനേട്ടമാണ് ഈ നീക്കത്തിനുപിന്നില്‍ .

2001ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിന്റെ ഈ സ്വപ്നപദ്ധതിക്കുള്ള ആശയം രൂപംകൊണ്ടത്. കൊങ്കണ്‍ റെയില്‍ പദ്ധതി നിശ്ചിതസമയത്തിനുമുമ്പ് യാഥാര്‍ഥ്യമാക്കിയ ഇ ശ്രീധരനെ അന്ന് സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. നിയമസഭയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ , കേരളത്തിനുവേണ്ടി മെട്രോ റെയില്‍ പദ്ധതിക്ക് രൂപംനല്‍കാന്‍ നായനാര്‍ ശ്രീധരനോട് അഭ്യര്‍ഥിച്ചു. ഇതനുസരിച്ച് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ റെയില്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലുള്ള റൈറ്റ്സ് എന്ന സ്ഥാപനം സാധ്യതാപഠനം നടത്തി. കൊച്ചിയാണ് അനുയോജ്യമായ സ്ഥലമെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രീധരനെ കണ്‍സല്‍ട്ടന്റായി നിയമിച്ചു. ഇതിനിടെ, ശ്രീധരന്‍ ഡിഎംആര്‍സിയുടെ ചുമതലയേറ്റു. ദില്ലി മെട്രോ മാതൃകയില്‍ കൊച്ചി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ശ്രീധരന്‍ തയ്യാറാക്കിയെങ്കിലും അതവഗണിച്ച് സ്വകാര്യ കമ്പനികളില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ താല്‍പ്പര്യപത്രം ക്ഷണിക്കുകയായിരുന്നു. ഇങ്ങനെ താല്‍പ്പര്യപത്രം നല്‍കിയ ചില വന്‍കിട കമ്പനികളുടെ ഉള്‍പ്പെടെ വന്‍ലോബികള്‍ വീണ്ടും തലസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ട്.

2005ല്‍ താല്‍പ്പര്യപത്രം ക്ഷണിച്ചെങ്കിലും 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടനെ, റെയില്‍വേയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി എം വിജയകുമാര്‍ മുഴുവന്‍ ഫയലുകളും വിളിച്ചുവരുത്തി. സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള തീരുമാനം റദ്ദാക്കി. ശ്രീധരനെ ചുമതല തിരിച്ചേല്‍പ്പിച്ചു. നിര്‍മാണപ്രവര്‍ത്തനം പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. തുടര്‍ന്ന്, സര്‍വകക്ഷി സംഘം ഉള്‍പ്പെടെ ചുരുങ്ങിയത് 10 തവണയെങ്കിലും കേന്ദ്രത്തില്‍ പോയി പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥമേധാവികളെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യമേഖലയ്ക്കുവേണ്ടി അന്നും ഇതേ ലോബി ഡല്‍ഹിയിലും ചരടുവലി നടത്തിയിരുന്നു.

നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പദ്ധതിക്ക് അംഗീകാരം ലഭിച്ചപ്പോഴേക്കും കേരളത്തില്‍ ഭരണമാറ്റമുണ്ടായി. ഡിഎംആര്‍സിയെ നിര്‍മാണം ഏല്‍പ്പിക്കുന്ന പദ്ധതിക്കാണ് കേന്ദ്രം അന്തിമ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് എല്‍ഡിഎഫ് ഭരണകാലത്ത് ഡിഎംആര്‍സിയെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഒരു മന്ത്രിസഭായോഗം എടുത്ത തീരുമാനം മാറ്റാന്‍ മറ്റൊരു മന്ത്രിസഭായോഗത്തിനുമാത്രമേ കഴിയൂ എന്നിരിക്കെ അതു ചെയ്യാതെയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡിയെക്കൊണ്ട് ഡിഎംആര്‍സിയെ ഒഴിവാക്കിയതായി കത്തയപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനും മന്ത്രി ആര്യാടന്‍ മുഹമ്മദ് വൈസ്ചെയര്‍മാനുമായുള്ള ബോര്‍ഡ് എടുത്ത തീരുമാനപ്രകാരമാണ് കത്ത്. മന്ത്രിസഭയുടെ തലവന്‍തന്നെ സര്‍ക്കാരിന്റെ നടപടിച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഇതോടെ വ്യക്തമാകുന്നു. 50 കോടി രൂപയിലധികം ചെലവ് വരുന്ന ഏതു പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചും തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. ഇവിടെ അതും ലംഘിച്ചു.
(എം രഘുനാഥ്)

deshabhimani 030112

1 comment:

  1. കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ 2005ലും യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തി. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് പദ്ധതിയില്‍നിന്ന് പൊതുമേഖലയെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നത്. എന്നാല്‍ , തുടര്‍ന്ന് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ച പദ്ധതിയുടെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയായിരുന്നു. ഇത് അട്ടിമറിച്ചാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കായി ചരടുവലിക്കുന്നത്. അയ്യായിരം കോടി ചെലവുവരുന്ന പദ്ധതിയില്‍നിന്നുള്ള അവിഹിതനേട്ടമാണ് ഈ നീക്കത്തിനുപിന്നില്‍ .

    ReplyDelete