Sunday, January 15, 2012

പിള്ളയുമായി ഏറ്റുമുട്ടി; ഗണേശിനെ നീക്കി


കേരള കോണ്‍ഗ്രസ് ബി വൈസ് ചെയര്‍മാന്‍സ്ഥാനം ഉള്‍പ്പെടെ പാര്‍ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മന്ത്രി കെ ബി ഗണേശ്കുമാറിനെ പുറത്താക്കി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗണേശ് മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു. മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഗണേശാണെന്ന് അച്ഛനും പാര്‍ടി ചെയര്‍മാനും കൂടിയായ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ള നേരിട്ട് തന്റെ രാജി ആവശ്യപ്പെട്ടാല്‍ തനിക്ക് പറയാനുള്ളത് പരസ്യമാക്കുമെന്ന് ഗണേശ് ഭീഷണിപ്പെടുത്തി. പിള്ള ചില ആളുകളെ കൂട്ടിക്കൊണ്ടുവന്ന് തനിക്കെതിരെ പലതും പറയിപ്പിക്കുന്നുണ്ടെന്നും ഗണേശ് മാധ്യമങ്ങളോട് പറഞ്ഞു.

ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന നേതൃയോഗത്തിനിടയിലാണ് നാടകീയസംഭവങ്ങള്‍ . രൂക്ഷമായ ബഹളത്തെതുടര്‍ന്ന് യോഗത്തില്‍നിന്ന് ബാലകൃഷ്ണപിള്ള ഇറങ്ങിപ്പോയി. ഗണേശും പിള്ളയുമായുള്ള അഭിപ്രായവ്യത്യാസം എല്ലാ അതിരും വിട്ടതിന്റെ പ്രകടനമാണ് ശനിയാഴ്ച തലസ്ഥാനത്ത് കണ്ടത്. പിള്ള ജയിലില്‍ നിന്നിറങ്ങിയതുമുതല്‍ അച്ഛനും മകനും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. മന്ത്രിയെക്കൊണ്ട് പാര്‍ടിക്ക് ഉപയോഗമില്ലെന്നും മന്ത്രി ചെയ്യുന്നതൊന്നും പാര്‍ടി അറിയാറില്ലെന്നുമാണ് പിള്ളയുടെ പ്രധാന ആരോപണം.

പാര്‍ടി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച കാലത്ത് തമ്പാനൂരിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് നേതൃയോഗം ചേര്‍ന്നത്. യോഗത്തില്‍ ഗണേശ്കുമാറിനെതിരെ അതിരൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. പകല്‍ 11നാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പത്തേമുക്കാലിന് ആരംഭിച്ചു. പിള്ള അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗണേശിനെ ഒഴിവാക്കി ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍ , ട്രഷറര്‍ എന്നിവരുടെ പാനല്‍ പിള്ള അവതരിപ്പിച്ചു. പിള്ള പ്രസംഗിച്ചുകൊണ്ടിരിക്കെ ഗണേശ് എത്തി. മന്ത്രിയുടെ സാന്നിധ്യത്തില്‍ പിള്ള തന്നെ വിമര്‍ശം കടുപ്പിച്ചു.

"ഒരാള്‍ക്ക് കയറാന്‍ നമ്മള്‍ ഏണി ചാരിക്കൊടുത്തു. കയറിയശേഷം അയാള്‍ ഏണി തള്ളിമാറ്റി. ഇത് രാഷ്ട്രീയമര്യാദയല്ല. കയറിപ്പോയ ഏണിയിലൂടെ തിരിച്ചിറങ്ങുന്നതാണ് ശരി"- പിള്ള പറഞ്ഞു.

പിള്ളക്കുപിന്നാലെ ആലപ്പുഴ, തൃശൂര്‍ ജില്ലാ പ്രസിഡന്റുമാര്‍ ഗണേശിനെ രൂക്ഷമായി വിമര്‍ശിച്ചു. ഒരു വിഭാഗം ഇത് കൈയടിച്ച് പ്രോത്സാഹിപ്പിച്ചതോടെ ഗണേശ് എഴുന്നേറ്റ് രാജി സന്നദ്ധത അറിയിച്ചു. തനിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ല. അത് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ക്ക് ഇക്കാര്യം കാട്ടി കത്തുനല്‍കും. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കും. അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ല. പത്തനാപുരത്ത് സ്വതന്ത്രനായി മത്സരിച്ചാല്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. തന്നെ ആരും പേടിപ്പിക്കേണ്ടെന്നും ഗണേശ് തുറന്നടിച്ചു.

ഇതോടെയാണ് ബാലകൃഷ്ണപിള്ള യോഗം നിര്‍ത്തി ഇറങ്ങിപ്പോയത്. അദ്ദേഹത്തെ അനുകൂലിക്കുന്നവരും പിള്ളയ്ക്കൊപ്പം പുറത്തേക്ക് പോയി. പ്രസംഗം നിര്‍ത്തി ഗണേശ് ഹാള്‍ വിട്ടപ്പോള്‍ പുറത്തുണ്ടായിരുന്ന അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി. പാര്‍ടിപ്രവര്‍ത്തകര്‍ മന്ത്രിയുടെ പോക്കില്‍ അസംതൃപ്തരാണെന്ന് പിന്നീട് കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചു. താന്‍ പാര്‍ടിക്കൊപ്പമാണ്. തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുന്നവരെ മാത്രമേ ഭാരവാഹിയായി തെരഞ്ഞെടുക്കാനാകൂ. ഗണേശ് പാര്‍ടി യോഗത്തില്‍ പങ്കെടുക്കാറില്ല. മന്ത്രിയും പാര്‍ടിയും തമ്മില്‍ ഭിന്നതയുണ്ട്. ഗണേശ് മന്ത്രിയായി തുടരണമോയെന്നത് പാര്‍ടി തീരുമാനിക്കുമെന്നും പിള്ള പറഞ്ഞു.

പിള്ള ജയില്‍ മോചിതനായപ്പോള്‍തന്നെ താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നതായി ഗണേശ് മാധ്യമങ്ങളോട് പറഞ്ഞു. "മന്ത്രിസ്ഥാനം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാമെന്നാണ് യോഗത്തില്‍ പറഞ്ഞത്. പിള്ള തനിക്കെതിരെ ചില ആക്ഷേപങ്ങളുന്നയിച്ചതായി ടിവി ചാനലുകളില്‍ കണ്ടു. നേരിട്ട് പറഞ്ഞാല്‍ മറുപടി നല്‍കുമെന്നും ഗണേശ് ഭീഷണി മുഴക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാല്‍ തല്‍ക്കാലം രാജിവയ്ക്കില്ലെന്ന് ഗണേശ് പിന്നീട് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ തുടരുമെന്നും അച്ഛനെ ന്യായീകരിച്ച് വിവാദപ്രസംഗങ്ങള്‍ നടത്തിയതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

deshabhimani 150112

1 comment:

  1. കേരള കോണ്‍ഗ്രസ് ബി വൈസ് ചെയര്‍മാന്‍സ്ഥാനം ഉള്‍പ്പെടെ പാര്‍ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മന്ത്രി കെ ബി ഗണേശ്കുമാറിനെ പുറത്താക്കി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗണേശ് മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു. മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഗണേശാണെന്ന് അച്ഛനും പാര്‍ടി ചെയര്‍മാനും കൂടിയായ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ള നേരിട്ട് തന്റെ രാജി ആവശ്യപ്പെട്ടാല്‍ തനിക്ക് പറയാനുള്ളത് പരസ്യമാക്കുമെന്ന് ഗണേശ് ഭീഷണിപ്പെടുത്തി. പിള്ള ചില ആളുകളെ കൂട്ടിക്കൊണ്ടുവന്ന് തനിക്കെതിരെ പലതും പറയിപ്പിക്കുന്നുണ്ടെന്നും ഗണേശ് മാധ്യമങ്ങളോട് പറഞ്ഞു.

    ReplyDelete