Friday, January 6, 2012

പെന്റഗണ്‍ സൈനിക ബജറ്റ് വെട്ടിക്കുറയ്ക്കുന്നു

വാഷിംഗ്ടണ്‍: അടുത്ത പത്തുവര്‍ഷത്തേയ്ക്കുളള  സൈനിക ബജറ്റില്‍ ഗണ്യമായ വെട്ടിക്കുറവു വരുത്താന്‍  അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം  തീരുമാനിച്ചു. അടുത്തിടെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന യുദ്ധങ്ങളിലേറ്റ തിരിച്ചടിയും ഭാരിച്ച സാമ്പത്തിക ബാധ്യതയുമാണ് അമേരിക്കയെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.  പ്രസിഡന്റ് ബാരക് ഒബാമയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ബജറ്റിന് അന്തിമ രൂപം നല്‍കി. അടുത്ത പത്തുവര്‍ഷത്തേയ്ക്ക് 45,000 കോടി ഡോളറിലേറെ വെട്ടിക്കുറവ് വരുത്താനാണ് ധാരണയായിട്ടുളളത്.

അമേരിക്കയുടെ സൈനികശേഷി സുശക്തമാണെന്ന ധാരണ സൃഷ്ടിച്ചു കൊണ്ട് തന്നെ ബജറ്റില്‍ ഭീമമായ വെട്ടിക്കുറവു വരുത്താനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി കൂടിയായ ബാരക് ഒബാമ ലക്ഷ്യമിടുന്നത്. സൈനികരുടെ എണ്ണം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കര-നാവികസേനാംഗങ്ങളുടെ എണ്ണത്തില്‍ അടുത്ത 10 വര്‍ഷത്തിനുളളില്‍  10 മുതല്‍ 15 ശതമാനം വരെ വെട്ടിക്കുറവു വരുത്തുമെന്നാണ് സൂചന.

ഇതോടൊപ്പം തന്നെ ഏഷ്യയിലെയും യൂറോപ്പിലേയും  സൈനിക സാന്നിധ്യം ശക്തമാക്കാനും പെന്റഗണ്‍ തീരുമാനിച്ചിട്ടുണ്ട്.  ചൈനയുടെ വര്‍ധിച്ചുവരുന്ന ശക്തിയെ ചെറുക്കുക എന്ന ഉദ്ദേശത്തോടെ ഏഷ്യയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും പെന്റഗണ്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാനിലും ഇറാഖിലും ലഭിച്ച തിരിച്ചടികളാണ് അമേരിക്കയുടെ സൈനികനയംമാറ്റത്തിനു പിന്നില്‍. ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കുകയും ചെയ്ത യുദ്ധം അമേരിക്കന്‍ ജനതയില്‍ നിന്നു തന്നെ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

janayugom 060112

1 comment:

  1. അടുത്ത പത്തുവര്‍ഷത്തേയ്ക്കുളള സൈനിക ബജറ്റില്‍ ഗണ്യമായ വെട്ടിക്കുറവു വരുത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. അടുത്തിടെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന യുദ്ധങ്ങളിലേറ്റ തിരിച്ചടിയും ഭാരിച്ച സാമ്പത്തിക ബാധ്യതയുമാണ് അമേരിക്കയെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പ്രസിഡന്റ് ബാരക് ഒബാമയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ബജറ്റിന് അന്തിമ രൂപം നല്‍കി. അടുത്ത പത്തുവര്‍ഷത്തേയ്ക്ക് 45,000 കോടി ഡോളറിലേറെ വെട്ടിക്കുറവ് വരുത്താനാണ് ധാരണയായിട്ടുളളത്.

    ReplyDelete