Tuesday, January 17, 2012

ജനകീയ സമരസമിതി സ്ഥാപിച്ചബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചു

കോഴഞ്ചേരി: ആറന്മുളയില്‍ വിമാനത്താവളത്തിന്റെ മറവില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ജനകീയ സമരസമിതി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ . വാഹന ഗതാഗതം, ഹോട്ടലുകള്‍ , മെഡിക്കല്‍ സ്റ്റോറുകള്‍ , പാല്‍ , പത്ര വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

കെ ശിവദാസന്‍ നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും എംപി, എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവര്‍ക്ക് ജയ് വിളിച്ചും ഇരുനൂറോളം യൂത്ത് കോണ്‍ഗ്രസുകാര്‍ ഞായറാഴ്ച വൈകിട്ട് ആറന്മുളയില്‍ പ്രകടനം നടത്തിയിരുന്നു. ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനത്തില്‍ പങ്കെടുത്തില്ല. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസുകാരാണ് റാലിയുടെ മറവില്‍ അഴിഞ്ഞാടിയത്. ആഴ്ചകളായി നടക്കുന്ന ഉജ്വലമായ പ്രക്ഷോഭത്തിന്റെ സന്ദേശവും സമര മുദ്രാവാക്യങ്ങളും രേഖപ്പെടുത്തി ഐക്കര ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രചാരണ ഉപാധികളാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലിത്തകര്‍ത്തത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

ആഴ്ചകളായി സമാധാനമായി നടന്നുവന്ന സമരത്തിനിടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ അക്രമസമരം അരങ്ങേറിയത്. വിവരമറിഞ്ഞ് ആയിരക്കണക്കിന് ആളുകള്‍ ആറന്മുള ഐക്കര ജങ്ഷനില്‍ എത്തി. ജനകീയ സമരസമിതി നേതാക്കള്‍ ഇടപെട്ടാണ് പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ ശാന്തരാക്കിയത്. ആറന്മുള പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കഠിനപ്രയത്നത്തെ തുടര്‍ന്നാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന് സമരസമിതി നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. സമരം ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസ് ഐ നേതൃത്വം സമരത്തെ തകര്‍ക്കാന്‍ ഗൂഢപദ്ധതികള്‍ ആരംഭിച്ചിരുന്നു. ഇത്തരം നീചമായ നീക്കങ്ങളില്‍ ഒടുവിലത്തെ സംഭവമാണ് ജനങ്ങള്‍ നോക്കിനില്‍ക്കെ സമരസമിതിയുടെ ബോര്‍ഡുകള്‍ തകര്‍ത്തത്.

deshabhimani 170112

1 comment:

  1. കെ ശിവദാസന്‍ നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും എംപി, എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവര്‍ക്ക് ജയ് വിളിച്ചും ഇരുനൂറോളം യൂത്ത് കോണ്‍ഗ്രസുകാര്‍ ഞായറാഴ്ച വൈകിട്ട് ആറന്മുളയില്‍ പ്രകടനം നടത്തിയിരുന്നു. ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനത്തില്‍ പങ്കെടുത്തില്ല. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസുകാരാണ് റാലിയുടെ മറവില്‍ അഴിഞ്ഞാടിയത്.

    ReplyDelete