Thursday, January 26, 2012

എച്ച്എംടി ഭൂമി പിടിച്ചെടുക്കാന്‍ വീണ്ടും നീക്കം

കളമശേരി എച്ച്എംടിയുടെ കൈവശഭൂമി വീണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍ ഭൂമാഫിയയാണെന്ന ചിന്തയ്ക്ക് ബലമേറുന്നു. എച്ച്എംടി മാനേജ്മെന്റിനെപ്പോലും അറിയിക്കാതെയാണ് റവന്യു ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം അവിടെ സര്‍വേ നടത്തിയത്. എച്ച്എംടിയുടെ മുന്‍കാല പ്രതാപം വീണ്ടെടുക്കുന്നതിനായി തൊഴിലാളികള്‍ നടത്തുന്ന വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കിടയില്‍ കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതിനിടെ വീണ്ടും ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

1963ല്‍ കളമശേരി യൂണിറ്റ് തുടങ്ങുമ്പോള്‍ 900 ഏക്കറായിരുന്നു കൈവശഭൂമി. ഏഴരക്കോടി മുതല്‍മുടക്കില്‍ എച്ച്എംടി മെഷീന്‍ ടൂള്‍സ് വിഭാഗമാണ് തുടങ്ങിയത്. പിന്നീട് പലവിധ ആവശ്യങ്ങള്‍ക്കായി അതില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചെടുത്തത് 550ലേറെ ഏക്കര്‍ . ബാക്കിയുള്ള 348.5 ഏക്കര്‍ ഭൂമിയിലേക്കാണ് വീണ്ടും നോട്ടമിടുന്നത്. ഫാക്ടറിയുടെ അനുബന്ധസൗകര്യങ്ങള്‍ , ക്വാര്‍ട്ടേഴ്സ്, സ്കൂള്‍ , ഹെല്‍ത്ത് സെന്റര്‍ , കമ്യൂണിറ്റി നഗര്‍ , റിക്രിയേഷന്‍ സെന്റര്‍ തുടങ്ങിയവ കഴിഞ്ഞാല്‍ ഭാവി വികസനത്തിനുള്ള ഭൂമിയെ ഇപ്പോള്‍ എച്ച്എംടിയുടെ കൈവശമുള്ളു. നേവല്‍ ആര്‍മമെന്റ് ഡിപ്പോ, തോഷിബാ-ആനന്ദ് ബാറ്ററീസ്, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ്, കിന്‍ഫ്ര, എച്ച്ഡിഐഎല്‍ തുടങ്ങിയവയ്ക്കാണ് എച്ച്എംടിയില്‍നിന്ന് ഭൂമി ഏറ്റെടുത്തത്. ഇതില്‍ കിന്‍ഫ്ര, എച്ച്ഡിഐഎല്‍ എന്നിവയ്ക്കു നല്‍കിയ ഭൂമി ഇപ്പോഴും വെറുതെ കിടക്കുകയാണ്. 230 എക്കര്‍ ഭൂമിയാണ് കിന്‍ഫ്രയ്ക്കു നല്‍കിയത്. തോഷിബയ്ക്കു നല്‍കിയത് പിന്നീട് സ്വകാരവ്യക്തികളുടെ കൈകളിലെത്തി. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് മാത്രമാണ് ഭൂമി പ്രയോജനകരമായി വിനിയോഗിച്ചത്.

2000ല്‍ 400 ഏക്കര്‍ഭൂമി തിരിച്ചെടുത്ത സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി ക്രയവിക്രയാധികാരങ്ങളോടെ എച്ച്എംടിക്ക് തിരിച്ചുനല്‍കിയിരുന്നു. കോര്‍പറേറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലായിരുന്ന ആ ഭൂമിയില്‍നിന്നാണ് 70 ഏക്കര്‍ എച്ച്ഡിഐഎലിനു നല്‍കിയത്. എച്ച്എംടിയുടെ പക്കല്‍ 251 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു പറഞ്ഞ് അത് പിടിച്ചെടുക്കാന്‍ 2002ലും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ ഹര്‍ജിയില്‍ കോടതി ആ നീക്കം തടഞ്ഞു. പിന്നീട് എച്ച്എംടിയുടെ ഭൂമി വാങ്ങാനെത്തിയത് ദുബായ് പോര്‍ട്ട് വേള്‍ഡാണ്. എന്നാല്‍ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനു മുന്നില്‍ ആ ശ്രമം പരാജയപ്പെട്ടു. വീണ്ടും 2011ല്‍ അധികാരത്തിലെത്തിയപ്പോഴും യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം ഭൂമി പിടിച്ചെടുക്കല്‍തന്നെയാണ്. ടാഗോര്‍ സാംസ്കാരിക കേന്ദ്രത്തിനുവേണ്ടി എച്ച്എംടിയുടെ 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി അടുത്തിടെയാണ് പറഞ്ഞത്. എന്നാല്‍ കേരള ലാന്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം ഐഐടിയുടെ ആവശ്യത്തിനായി 250 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് ജനുവരി മൂന്നിന് സര്‍വേ നടത്തിയത്. പാലക്കാട്ട് വരാനിരിക്കുന്ന ഐഐടിക്ക് എന്തിനാണ് എച്ച്എംടിയുടെ ഭൂമിയെന്നാണ് തൊഴിലാളികളും നാട്ടുകാരും ചോദിക്കുന്നത്.
(എന്‍ കെ വാസുദേവന്‍ )

deshabhimani 260112

1 comment:

  1. കളമശേരി എച്ച്എംടിയുടെ കൈവശഭൂമി വീണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍ ഭൂമാഫിയയാണെന്ന ചിന്തയ്ക്ക് ബലമേറുന്നു. എച്ച്എംടി മാനേജ്മെന്റിനെപ്പോലും അറിയിക്കാതെയാണ് റവന്യു ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം അവിടെ സര്‍വേ നടത്തിയത്. എച്ച്എംടിയുടെ മുന്‍കാല പ്രതാപം വീണ്ടെടുക്കുന്നതിനായി തൊഴിലാളികള്‍ നടത്തുന്ന വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കിടയില്‍ കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതിനിടെ വീണ്ടും ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

    ReplyDelete