Friday, January 13, 2012

ആലപ്പുഴ ആവേശക്കടലായി


ആലപ്പുഴ പട്ടണം വ്യാഴാഴ്ച സായന്തനത്തില്‍ ചെങ്കടലായി. ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങളുടെ പരേഡോടെയുംഅരലക്ഷം പേര്‍ പങ്കെടുത്ത ഉജ്വലപ്രകടനത്തോടെയും മൂന്നുദിവസമായി നടന്നുവന്ന സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനം വ്യാഴാഴ്ച സമാപിച്ചു. ചുവപ്പുസേനയുടെ മാര്‍ച്ചും പണിയെടുക്കുന്നവരുടെ അണമുറിയാത്ത പ്രകടനവും സൃഷ്ടിച്ച ആവേശക്കടല്‍ ജനമുന്നേറ്റം ഏറെ കണ്ട കിഴക്കിന്റെ വെനീസിന് എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന രാഷ്ട്രീയാനുഭവമായി. തുടര്‍ന്ന് ഇഎംഎസ് സ്റ്റേഡിയത്തിലെ സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , എം എ ബേബി, ഡോ. തോമസ് ഐസക്, ഇ പി ജയരാജന്‍ , എം വി ഗോവിന്ദന്‍ , പി കെ ചന്ദ്രാനന്ദന്‍ , ജി സുധാകരന്‍ , സി കെ സദാശിവന്‍ , സി എസ് സുജാത എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു അധ്യക്ഷനായി. പി കെ സോമന്‍ സ്വാഗതം പറഞ്ഞു.

ആലപ്പുഴ എസ്ഡിവി സ്കൂള്‍ മൈതാനത്തുനിന്നാണ് പരേഡ് തുടങ്ങിയത്. ജില്ലയുടെ വടക്കന്‍ ഏരിയകളില്‍ നിന്നുള്ളവര്‍ കിടങ്ങാംപറമ്പ് മൈതാനത്തും തെക്കന്‍ ഏരിയകളില്‍ നിന്നുള്ളവര്‍ എസ്ഡി കോളേജിന് സമീപവും കേന്ദ്രീകരിച്ച് പ്രകടനത്തില്‍ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കും അഴിമതിക്കും എതിരായ മുദ്രാവാക്യങ്ങളാല്‍ റാലി മുഖരിതമായി. അഴിമതി ഭരണത്തെ വച്ചുപൊറുപ്പിക്കില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ന്യൂനപക്ഷ വികസനനയങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ആയിരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സിപിഐ എമ്മിന്റെ കരുത്തും സംഘടനാപാടവവും വിളിച്ചോതുന്നതായി ചുവപ്പുസേനാപരേഡും പ്രകടനവും. തികഞ്ഞ അച്ചടക്കത്തോടെ ആയിരങ്ങള്‍ മുദ്രാവാക്യം വിളിച്ച് നീങ്ങുമ്പോള്‍ ചിരപുരാതനമായ ആലപ്പുഴ നഗരം അക്ഷരാര്‍ഥത്തില്‍ ആവേശത്തിലാറാടി.

യുഡിഎഫ് ശ്രമിച്ചത് അഴിമതിക്ക്: പിണറായി

ആലപ്പുഴ: അയ്യായിരം കോടി രൂപയുടെ കൊച്ചി മെട്രോ നടപ്പായാല്‍ കിട്ടാവുന്ന വന്‍തുക സ്വപ്നംകണ്ടാണ് പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനും മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിച്ചിരുന്നതാണ്. അവരെ ഒഴിവാക്കി മറ്റൊരു കമ്പനിയെ പദ്ധതി ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അഴിമതിക്കുവേണ്ടിയായിരുന്നുവെന്നും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിച്ച് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും പദ്ധതി ഏല്‍പ്പിക്കാനുള്ള പുതിയ തീരുമാനം സ്വീകാര്യമാണെന്നും പിണറായി പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഡല്‍ഹി മെട്രോ പൂര്‍ത്തിയാക്കി ഭംഗിയായി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയാണ് ശ്രീധരന്റേത്. ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള റൂട്ടിലെ മെട്രോ റെയില്‍ സ്വകാര്യകമ്പനിയായ റിലയന്‍സിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഈ സര്‍വീസ് കെടുകാര്യസ്ഥത നിറഞ്ഞതാണ്. ഇവരില്‍നിന്ന് ഇത് തിരിച്ചുപിടിച്ച് ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ ശ്രമം നടന്നുവരികയാണ്. മാത്രമല്ല, കൊച്ചി മെട്രോയുടെ കാര്യത്തില്‍ ശ്രീധരന്‍ ശക്തമായ നിലപാടെടുത്ത് പരസ്യമായി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് യുഡിഎഫ് സര്‍ക്കാരും എത്തിയതിന്റെ പശ്ചാത്തലം ഇതാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിനിറഞ്ഞ ദുര്‍ഭരണത്തിനെതിരെ സിപിഐ എമ്മിന് മാത്രമാണ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കഴിയുന്നതെന്ന് എല്ലാവിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. രാഷ്ട്രീയമായി ഞങ്ങളെ എതിര്‍ക്കുന്നവര്‍പോലും സിപിഐ എം ദുര്‍ബലപ്പെട്ടുകൂടായെന്ന് കരുതുന്നത് ഇതിനാലാണ്.

ഇതിനകം പൂര്‍ത്തിയായ സംഘടനാ സമ്മേളനങ്ങള്‍ സിപിഐ എമ്മിന്റെ കരുത്ത് തെളിയിക്കുന്നതായി. സമ്മേളനങ്ങളില്‍ വലിയ കുഴപ്പമുണ്ടാകുമെന്നും സിപിഐ എമ്മിന്റെ തകര്‍ച്ചയാണ് ഇതിന്റെ ഫലമായി ഉണ്ടാകുകയെന്നുമുള്ള തെറ്റായ പ്രചാരണം നടത്താന്‍ ശ്രമം നടന്നിരുന്നു. ഞങ്ങളുടെ സമ്മേളനങ്ങള്‍ നല്ലനിലയില്‍ നടക്കുന്നതുകണ്ട് ചില ആളുകള്‍ക്ക് അസൂയയുണ്ടായി. സിപിഐ എമ്മിനെക്കുറിച്ചുമാത്രം വാര്‍ത്തകള്‍ വരുന്നത് എന്തുകൊണ്ട് എന്നായിരുന്നു അവരുടെ ചിന്ത. എന്നാല്‍ ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്ക് കുറഞ്ഞനാളുകളുടെ ആയൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. സമ്മേളനങ്ങളില്‍ എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്തു. വിവിധ വീക്ഷണങ്ങള്‍ ഉയര്‍ന്നുവന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ശരിയായ നിലപാടുകളില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇത്തരം ചര്‍ച്ചകളെ പാര്‍ടിക്കുള്ളിലാകെ കുഴപ്പമാണ് എന്ന് ചിത്രീകരിക്കുന്നത് വലിയ അബദ്ധമായി മാറും. "ഏതോകാലത്ത് എന്തോ സംഭവിച്ചുവെന്നുവച്ച് അത് എന്നും ഉണ്ടാകും" എന്നുകരുതുന്നത് തെറ്റാണ്. അതില്‍നിന്നൊക്കെ സിപിഐ എം എത്രയോ മുന്നോട്ടുപോയിയെന്ന് ഇത്തരം കള്ളപ്രചാരകര്‍ മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ യുഡിഎഫ് ഭൂരിപക്ഷം നാമമാത്രമാകും: വി എസ്

ആലപ്പുഴ: പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരാളുടെ ഭൂരിപക്ഷത്തില്‍ തൂങ്ങേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനാലാണ് ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാലുപിടിച്ചും തെരഞ്ഞെടുപ്പ് വൈകിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റ സമാപന സമ്മേളനം ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ (ഇഎംഎസ് സ്റ്റേഡിയം) ഉദ്ഘാടനംചെയ്യുകയായിരുന്നു വിഎസ്.

പിറവം ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച് ഉമ്മന്‍ചാണ്ടിക്ക് ചിന്തയില്ല. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ട സാഹചര്യമില്ല. ഉമ്മന്‍ചാണ്ടി ഭരിക്കുന്നിടത്തോളംകാലം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഒന്നുംചെയ്യില്ല. 40 ലക്ഷം ജനങ്ങളുടെ ജീവനെക്കാള്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. ഇതുതന്നെയാണ് ഉമ്മന്‍ചാണ്ടിയും ചിന്തിക്കുന്നത്. പിഎസ്സി റാങ്കുലിസ്റ്റിന്റെ കാലാവധി നീട്ടിനല്‍കിയിട്ടും നിയമനംനല്‍കാതെ കോഴ ലക്ഷ്യമിട്ട് താല്‍ക്കാലിക നിയമനം നടത്തുകയാണെന്നും വിഎസ് പറഞ്ഞു.

സി ബി ചന്ദ്രബാബു ആലപ്പുഴ ജില്ലാ സെക്രട്ടറി

ആലപ്പുഴ: സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറിയായി സി ബി ചന്ദ്രബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. 43 അംഗ ജില്ലാകമ്മിറ്റിയെയും 41 സംസ്ഥാന സമ്മേളനപ്രതിനിധികളെയും വ്യാഴാഴ്ച ആലപ്പുഴയില്‍ സമാപിച്ച ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. നിലവില്‍ ജില്ലാകമ്മിറ്റിയില്‍ ഉണ്ടായിരുന്ന സംസ്ഥാനകമ്മിറ്റിഅംഗങ്ങളായ ജി സുധാകരന്‍ , സി കെ സദാശിവന്‍ , സി എസ് സുജാത എന്നിവര്‍ ഒഴിവായി.

ജില്ലാകമ്മിറ്റി അംഗങ്ങള്‍ : പി കെ ചന്ദ്രാനന്ദന്‍ , സി ബി ചന്ദ്രബാബു, കെ കെ ചെല്ലപ്പന്‍ , എ രാഘവന്‍ , ജി വേണുഗോപാല്‍ , ആര്‍ നാസര്‍ , കെ പ്രസാദ്, എം സുരേന്ദ്രന്‍ , എന്‍ രാമകൃഷ്ണന്‍നായര്‍ , ഡി ലക്ഷ്മണന്‍ , സജി ചെറിയാന്‍ , ബി വിനോദ്, എ എം ആരിഫ്, എന്‍ ആര്‍ ബാബുരാജ്, എ എസ് സാബു, കെ വി ദേവദാസ്, എസ് ബാഹുലേയന്‍ , വി ജി മോഹനന്‍ , കെ ഡി മഹീന്ദ്രന്‍ , കെ ആര്‍ ഭഗീരഥന്‍ , പി കെ സോമന്‍ , പി പി ചിത്തരഞ്ജന്‍ , എച്ച് സലാം, എ ഓമനക്കുട്ടന്‍ , കെ കെ അശോകന്‍ , ഡി മണിച്ചന്‍ , എം സത്യപാലന്‍ , ടി കെ ദേവകുമാര്‍ , ബി രാജേന്ദ്രന്‍ , എം എ അലിയാര്‍ , പി അരവിന്ദാക്ഷന്‍ , പി ഗാനകുമാര്‍ , കെ എച്ച് ബാബുജാന്‍ , കെ ഒ അബ്ദുള്‍ഷുക്കൂര്‍ , മുരളി തഴക്കര, കെ രാഘവന്‍ , ജി രാജമ്മ, പി വിശ്വംഭരപണിക്കര്‍ , എം എച്ച് റഷീദ്, ജലജാചന്ദ്രന്‍ , മനു സി പുളിക്കല്‍ , കോശി അലക്സ്, എ മഹേന്ദ്രന്‍ . ജലജാചന്ദ്രന്‍ , എ മഹേന്ദ്രന്‍ , കോശി അലക്സ്, മനു സി പുളിക്കല്‍ എന്നിവതെയാണ് കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

അരൂര്‍ ചെമ്പകപ്പറമ്പില്‍ ചെത്തുതൊഴിലാളി പരേതനായ ബാലചന്ദ്രന്റെയും ലീലാമണിയുടെയും മൂത്തമകനാണ് അമ്പതുകാരനായ സി ബി ചന്ദ്രബാബു. കെഎസ്വൈഎഫ്, ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ എന്നിവയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ചന്ദ്രബാബു 1979ല്‍ സിപിഐ എം അംഗമായി. ഡിവൈഎഫ്ഐ അരൂര്‍ ഏരിയ സെക്രട്ടറി, ആലപ്പുഴ ജില്ലാസെക്രട്ടറി, ജില്ലാപ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ , സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ടി അരൂര്‍ ഏരിയ സെക്രട്ടറിയായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. 1996ല്‍ ജില്ലാ കമ്മിറ്റിയിലും 2005ല്‍ ജില്ലാ സെക്രട്ടറിയറ്റിലും അംഗമായി. 2009 ആഗസ്ത് മുതല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയാണ്. ആലപ്പുഴ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാരി അജിതയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഭരത്ചന്ദ്രന്‍ , ദേവിക എന്നിവര്‍ മക്കള്‍ .
deshabhimani 130112

1 comment:

  1. ആലപ്പുഴ പട്ടണം വ്യാഴാഴ്ച സായന്തനത്തില്‍ ചെങ്കടലായി. ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങളുടെ പരേഡോടെയുംഅരലക്ഷം പേര്‍ പങ്കെടുത്ത ഉജ്വലപ്രകടനത്തോടെയും മൂന്നുദിവസമായി നടന്നുവന്ന സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനം വ്യാഴാഴ്ച സമാപിച്ചു. ചുവപ്പുസേനയുടെ മാര്‍ച്ചും പണിയെടുക്കുന്നവരുടെ അണമുറിയാത്ത പ്രകടനവും സൃഷ്ടിച്ച ആവേശക്കടല്‍ ജനമുന്നേറ്റം ഏറെ കണ്ട കിഴക്കിന്റെ വെനീസിന് എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന രാഷ്ട്രീയാനുഭവമായി. തുടര്‍ന്ന് ഇഎംഎസ് സ്റ്റേഡിയത്തിലെ സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , എം എ ബേബി, ഡോ. തോമസ് ഐസക്, ഇ പി ജയരാജന്‍ , എം വി ഗോവിന്ദന്‍ , പി കെ ചന്ദ്രാനന്ദന്‍ , ജി സുധാകരന്‍ , സി കെ സദാശിവന്‍ , സി എസ് സുജാത എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു അധ്യക്ഷനായി. പി കെ സോമന്‍ സ്വാഗതം പറഞ്ഞു.

    ReplyDelete