Friday, January 13, 2012

കേസ് കാട്ടി ഭയപ്പെടുത്തേണ്ട പിണറായി


വിജിലന്‍സ് കേസ് കാട്ടി ഭയപ്പെടുത്താമെന്ന് യുഡിഎഫ് കരുതേണ്ടെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി. കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ വരെ കേസുകളില്‍ പ്രതിയായിരിക്കുമ്പോള്‍ വി എസിന്റെ രാജിയാവശ്യപ്പെടാന്‍ യുഡിഎഫിന് എന്തവകാശമെന്നും അദ്ദേഹം ചോദിച്ചു.

കേസ് എല്‍ഡിഎഫ് നിയമപരമായി നേരിടും. വിജിലന്‍സ് അന്വേഷണം നടത്താനുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു കൊടുത്തിരിക്കുകയാണ്. വി എസ് പ്രതിപക്ഷനേതാവായിരിക്കാന്‍ പാടില്ലെന്നാണ് യുഡിഎഫ് പറയുന്നത്. പ്രതിപക്ഷനേതാവിന്റെ മന്ത്രിപദവിയാണ്. കേരളത്തില്‍ മന്ത്രിമാര്‍ വരെ പ്രതിസ്ഥാനത്തു നില്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ വി എസ് രാജിവെക്കണമെന്നു പറയുന്നതെങ്ങനെ. ഇപ്പോഴത്തെ മുഖ്യമന്ത്രിയെക്കുറിച്ച് തന്നെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. അടൂര്‍പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ പ്രതികളാണ്. ഇവരൊക്കെ മന്ത്രിയായി തുടരുകയാണ്. വി എസിനെതിരെയുള്ള വിജിലന്‍സ് കേസ് കാട്ടി വിരട്ടാമെന്ന് ആരും കരുതണ്ട. നിയമപരമായി ഇതൊക്കെ നേരിടും. കേസ് കേസായി തന്നെ വരട്ടെ. ഇപ്പോള്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടേയുള്ളു. പ്രതിയല്ല. വി എസ് തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞു.

യുഡിഎഫില്‍ തികഞ്ഞ അനൈക്യമാണ്. യുഡിഎഫ് വല്ലാതെ ഒറ്റപ്പെട്ടു. ജനങ്ങളെ നേരിടാന്‍ തന്നെ ഭയക്കുന്ന സാഹചര്യമാണ്. പാര്‍ട്ടി സമ്മേളനങ്ങളെല്ലാം ഐക്യത്തോടെ സമാപിക്കുകയാണ്. മുന്‍പ് ചില പ്രശ്നങ്ങളുണ്ടായിരുന്നത് പരിഹരിച്ചു. 10 ജില്ലകളില്‍ ഏകകണ്ഠമായി ഭാരവാഹികളെ തെരഞ്ഞെടുത്തു.രണ്ടു ജില്ലകളില്‍ മാത്രമാണ് പാനലിനെതിരെ മല്‍സരമുണ്ടായത്. ഒറ്റക്കെട്ടായി പാര്‍ട്ടി കരുത്തും കെട്ടുറപ്പും കൈവരിച്ചു മുന്നേറുകയാണ്. പിണറായി പറഞ്ഞു.

നിയമസഭാതെരഞ്ഞെടുപ്പില്‍ ജാതിമതകക്ഷികളാണ് യുഡിഎഫിനെ സഹായിച്ചത്. എന്നിട്ടും നേരിയ നേട്ടമാണ് ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. എന്നാല്‍ വലതുപക്ഷമാധ്യമങ്ങള്‍ എല്‍ഡിഎഫ് നേട്ടങ്ങള്‍ തമസ്കരിച്ചു. പകരം വലിയതോതില്‍ വിവാദമുണ്ടാക്കാനാണ് ശ്രമിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ്. ഇതിന് മുഖ്യമന്ത്രിയും കോണ്‍ഗ്രസും വഴങ്ങുകയാണ്. ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ എംപിമാര്‍ പറഞ്ഞത്. പിറവം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപേകാനാണ് ശ്രമം. തങ്ങളുടെ സ്ഥിതി ഇപ്പോള്‍ അബദ്ധമാകുമോയെന്ന് ഭയന്നാണ് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

1 comment:

  1. വിജിലന്‍സ് കേസ് കാട്ടി ഭയപ്പെടുത്താമെന്ന് യുഡിഎഫ് കരുതേണ്ടെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി. കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ വരെ കേസുകളില്‍ പ്രതിയായിരിക്കുമ്പോള്‍ വി എസിന്റെ രാജിയാവശ്യപ്പെടാന്‍ യുഡിഎഫിന് എന്തവകാശമെന്നും അദ്ദേഹം ചോദിച്ചു.

    ReplyDelete