Saturday, January 14, 2012

കണ്ണൂര്‍ ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം


സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിന് പയ്യന്നൂരില്‍ ആവേശോജ്ജ്വല തുടക്കം. ഐ വി ദാസ് നഗറില്‍ (അയോധ്യ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ദീപശിഖ തെളിച്ചു. ജില്ലാസെക്രട്ടറിയറ്റംഗം പുഞ്ചയില്‍ നാണു രക്തപതാക ഉയര്‍ത്തി. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പിണറായി വിജയനും ജില്ലാകമ്മിറ്റിക്കു വേണ്ടി പി ജയരാജനും പുഷ്പചക്രം സമര്‍പ്പിച്ചു. നേതാക്കളും സമ്മേളന പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. 43433 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 376 പ്രതിനിധികളും 41 ജില്ലാകമ്മിറ്റി അംഗങ്ങളുമടക്കം 417 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

കോടിയേരി ബാലകൃഷ്ണന്‍ , എ വിജയരാഘവന്‍ , ഇ പി ജയരാജന്‍ , പി കരുണാകരന്‍ , പി കെ ശ്രീമതി, എം സി ജോസഫൈന്‍ , എം വി ഗോവിന്ദന്‍ , വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍ , ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ജില്ലാസെക്രട്ടറി പി ജയരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയ്ക്കുശേഷം പൊതുചര്‍ച്ച തുടങ്ങി. കെ പി സഹദേവന്‍ , കെ കെ ശൈലജ, കെ എം ജോസഫ്, എ എന്‍ ഷംസീര്‍ , പി കെ സുരേഷ്ബാബു എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പ്രതിനിധി സമ്മേളനം ശനിയാഴ്ചയും തുടരും. സമ്മേളനം ഞായറാഴ്ച സമാപിക്കും. /

മതമൗലികവാദികളുടെ നുഴഞ്ഞുകയറ്റം ആപത്ത്

പയ്യന്നൂര്‍ : ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നുവെന്ന വ്യാജേന മതമൗലികവാദശക്തികള്‍ നടത്തുന്ന നുഴഞ്ഞുകയറ്റങ്ങള്‍ സമൂഹം നേരിടുന്ന പുതിയ വിപത്താണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ജില്ലാ സമ്മേളനത്തിലെ ആദ്യദിവസത്തെ നടപടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വികസനം, മാലിന്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ഇക്കാര്യം സമ്മേളനം ഗൗരവപൂര്‍വം പരിശോധിക്കും. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സംഘടനാപരമായും ബഹുജനസ്വാധീനത്തിലും നല്ല മുന്നേറ്റമുണ്ടാക്കിയതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തില്‍ 38,656 ആയിരുന്ന പാര്‍ടി അംഗസംഖ്യ ഇപ്പോള്‍ 43,433 ആയി. 4,777 അംഗങ്ങള്‍ വര്‍ധിച്ചു. അനുഭാവി ഗ്രൂപ്പില്‍ 26,960 പേരുണ്ടായിരുന്നത് 28,558 ആയി. വര്‍ഗ-ബഹുജന സംഘടനകളിലെ അംഗത്വം 23,87,055 ആയി- വര്‍ധന 3,59,427. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 47.62 ശതമാനം(6,36,733) വോട്ട് ലഭിച്ചെങ്കിലും എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 51.76 ശതമാനമായും(7,13,083 വോട്ട്), നിയമസഭാതെരഞ്ഞെടുപ്പില്‍ 51.07 ശതമാനമായും(7,13624 വോട്ട്) നില മെച്ചപ്പെടുത്തി. പ്രതിപക്ഷത്തിരിക്കുമ്പോഴും ജില്ലയില്‍ 52 ശതമാനത്തിന്റെ പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതിലെ മുഖ്യശക്തി സിപിഐ എം ആണ്. മണ്ഡല വിഭജനം ദോഷകരമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മൊത്തം ഭൂരിപക്ഷം 1,66,000 ഉം യുഡിഎഫിന് 25000ഉം ആയിരുന്നു.

ബഹുജനസ്വാധീനം ശക്തിപ്പെട്ടെങ്കിലും ഞങ്ങള്‍ തൃപ്തരല്ല. സാമൂഹ്യമാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മില്‍ അണിനിരക്കേണ്ട നിരവധിപേര്‍ ഇപ്പോഴും മറ്റ് കക്ഷികളിലുണ്ട്. അത്തരക്കാരെക്കൂടി ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. ആര്‍എസ്എസ്സിനെപ്പോലെ ആരാധനാലയങ്ങള്‍ കൈയടക്കി മതരക്ഷക വേഷംകെട്ടുന്ന മുസ്ലീം തീവ്രവാദ ശക്തികള്‍ നാടിനാപത്താണെന്ന് ജയരാജന്‍ പറഞ്ഞു.

എം വി ജയരാജന്‍ , സി കൃഷ്ണന്‍ എംഎല്‍എ, ടി കൃഷ്ണന്‍ , എം പ്രകാശന്‍ , എം സുരേന്ദ്രന്‍ , ടി ഐ മധുസൂദനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ സി സത്യപാലന്‍(പെരിങ്ങോം), വാടി രവി (തളിപ്പറമ്പ്), എന്‍ സുകന്യ(കണ്ണൂര്‍), വി കുഞ്ഞികൃഷ്ണന്‍}(പയ്യന്നൂര്‍), പി രവീന്ദ്രന്‍(ആലക്കോട്), എം വേലായുധന്‍(ശ്രീകണ്ഠപുരം), എം ശ്രീധരന്‍(മാടായി), പി ഗോവിന്ദന്‍(പാപ്പിനിശേരി), എ എന്‍ ഷംസീര്‍(തലശേരി), കെ ഭാസ്കരന്‍}(മട്ടന്നൂര്‍), എന്‍ അശോകന്‍(ഇരിട്ടി), സി ടി അനീഷ്(പേരാവൂര്‍}), കെ മനോഹരന്‍(പിണറായി) എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച ശനിയാഴ്ചയും തുടരും.

വര്‍ഗീയതയ്ക്കും ഭീകരവാദത്തിനുമെതിരെ വിശ്വാസികളും മതനിരപേക്ഷരും ഒന്നിക്കണം

പയ്യന്നൂര്‍ : വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ മതനിരപേക്ഷരും മതവിശ്വാസികളും യോജിച്ചണിനിരക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ മതനിരപേക്ഷ സംസ്കാരത്തിന് തീരാകളങ്കമായ ബാബ്റി മസ്ജിദ് തകര്‍ച്ചക്കും ഗുജറാത്ത് വംശഹത്യക്കും ശേഷം സംഘപരിവാര്‍ വലിയ തിരിച്ചടി നേരിട്ടു. ഒടുവില്‍ ഏറെ കൊട്ടിഘോഷിച്ച് ബിജെപി സംഘടിപ്പിച്ച എല്‍ കെ അദ്വാനിയുടെ ജനചേതന യാത്ര ഒരു ചലനവും സൃഷ്ടിക്കാതെ അവസാനിച്ചു. മതനിരപേക്ഷ പാര്‍ടിയാണെങ്കിലും കോണ്‍ഗ്രസ് പലപ്പോഴും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി വര്‍ഗീയ-തീവ്രവാദ സംഘടനകളുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നു. ലീഗാവട്ടെ കേരളത്തില്‍ അധികാരത്തിലെത്തിയതോടെ ജാതി- മത- വര്‍ഗീയ ശക്തികള്‍ക്ക് ഉത്തേജനം നല്‍കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസിനെ നേരിടാന്‍ മുസ്ലീങ്ങള്‍ പ്രത്യേകം സംഘടിക്കണമെന്ന് വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ അത്യന്തം അപകടകരമാണ്.

ന്യൂനപക്ഷ മതവിശ്വാസികള്‍ക്ക് ദ്രോഹകരമായ നിലപാടാണ് തീവ്രവാദികളും ഭീകരവാദികളും സ്വീകരിക്കുന്നത്. സഹിഷ്ണുതയുടെ മതമായ ഇസ്ലാമിനെ ഭീകരതയുടെ മറുപേരാക്കി മാറ്റാനുള്ള പണിയാണ് തീവ്രവാദികള്‍ നടത്തുന്നത്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയതുള്‍പ്പെടെയുള്ള കാട്ടാളത്തം മറക്കാറായിട്ടില്ല. ന്യൂനപക്ഷ സംരക്ഷണത്തിനും മതവിശ്വാസത്തിനും നാടിന്റെ സമാധാനം സംരക്ഷിക്കാനും ജീവന്‍ നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രസ്ഥാനമെന്ന നിലയിലാണ് വര്‍ഗീയശക്തികളുടെയും തീവ്രവാദികളുടെയും മുഖ്യശത്രുവായി സിപിഐ എം മാറുന്നത്. ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആര്‍എസ്എസ്സുകാരും എന്‍ഡിഎഫുകാരും സിപിഐ എമ്മിന്റെ 14 പ്രവര്‍ത്തകരെയാണ് കശാപ്പുചെയ്തത്.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സമൂഹത്തില്‍ ഭിന്നതയും ജനമനസില്‍ ആശങ്കയും വിദ്വേഷവും സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം അടുത്തകാലത്ത് വര്‍ഗീയ-തീവ്രവാദശക്തികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. തലശേരി താലൂക്കിലെ പാനൂര്‍ , കൂത്തുപറമ്പ് മേഖലകളില്‍ ആരാധനാലയങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറും അനുബന്ധ സംഭവങ്ങളും മതസാഹോദര്യം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു. പാര്‍ടിയുടെ സമയോചിത ഇടപെടലിന്റെ ഫലമായി ചേരിതിരിവും സംഘര്‍ഷവും ഒഴിവായെങ്കിലും സമൂഹത്തിന്റെയാകെ ജാഗ്രത ആവശ്യപ്പെടുന്ന സംഭവങ്ങളായിരുന്നു അത്. ജനകീയ പോരാട്ടത്തിലൂടെ മാത്രമേ വര്‍ഗീയതയെ ഒറ്റപ്പെടുത്താനാവൂവെന്ന് എം വി ജയരാജന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

ജില്ലയുടെ സമഗ്രവികസനം ഉറപ്പാക്കണം: സിപിഐ എം

ഐ വി ദാസ് നഗര്‍(പയ്യന്നൂര്‍): ജില്ലയുടെ സമഗ്രവികസനം ഉറപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരണകാലത്ത് ജില്ലയില്‍ വികസന മുന്നേറ്റമുണ്ടായി. മലബാര്‍ പാക്കേജിലൂടെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാനായി. കണ്ണൂര്‍ വിമാനത്താവളത്തിന് ചിറകുമുളച്ചത് എല്‍ഡിഎഫ് ഭരണകാലത്താണ്. വലിയവെളിച്ചം വ്യവസായ കേന്ദ്രം, എരമം ഐ ടി പാര്‍ക്ക്, അഴീക്കല്‍ തുറമുഖ വികസനം, നാടുകാണിയിലെ ടെക്സ്റ്റൈല്‍ പാര്‍ക്ക്, മാങ്ങാട്ടുപറമ്പിലെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി, ടൂറിസം കേന്ദ്രങ്ങളുടെ വികസനം, ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി, മാങ്ങാട്ടുപറമ്പിലെ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ എന്നിങ്ങനെ വന്‍ കുതിപ്പാണ് അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായത്.

യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വിമാനത്താവള സ്ഥലമെടുപ്പ് സ്തംഭിച്ചു. അഴീക്കലില്‍ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കില്ലെന്ന് തുറമുഖ മന്ത്രി പ്രഖ്യാപിച്ചു. തുറമുഖം, സ്വകാര്യ വ്യക്തികളെ ഏല്‍പ്പിച്ച് വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. 80 കിലോമീറ്റര്‍ നീളത്തിലുള്ള കണ്ണൂരിലെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മുറുകി. തലശേരി, കണ്ണൂര്‍ , തളിപ്പറമ്പ് ബൈപ്പാസുകളെ സംബന്ധിച്ച് പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. മൊയ്തു പാലവും മമ്പറം പാലവും എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് പറയാനാവുന്നില്ല. ദേശീയപാത വീതികൂട്ടി ആറ് വരിയാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. റെയില്‍വേ വികസനത്തിലും ജില്ല അവഗണിക്കപ്പെടുകയാണ്. തലശേരി- മൈസൂരു റെയില്‍പാത എങ്ങുമെത്താതെ നില്‍ക്കുന്നു. പ്ലാറ്റ്ഫോമുകളുടെ അസൗകര്യവും റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലും നിരവധി മേല്‍പ്പാലങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെടാതെ തുടരുകയാണ്. റെയില്‍വേ വൈദ്യുതീകരണത്തിന്റെ കാര്യത്തിലും മലബാറിനോട് തികഞ്ഞ അവഗണനയാണ്.

പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കണമെന്ന ജില്ലയുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. പഴശ്ശി, കാട്ടാമ്പള്ളി പദ്ധതികള്‍ അരനൂറ്റാണ്ടുകള്‍ക്ക് ശേഷവും പൂര്‍ത്തീകരിക്കപ്പെടാതെ നില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പൊറുതിമുട്ടി ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരിലേറെയും ജില്ലയിലുള്ളവരാണ്. അത് കാര്‍ഷികമേഖലയുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് എം പ്രകാശന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രായത്തെ കീഴടക്കിയ പോരാട്ടവീറുമായി

പയ്യന്നൂര്‍ : പ്രായത്തെ കീഴടക്കി ഇന്നലെകളുടെ പോരാട്ട വീര്യവുമായി സിപിഐ എം ജില്ലാമ്മേളനത്തിന് അഭിവാദ്യമേകാന്‍ ആദ്യകാല പോരാളികളെത്തി. പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ , രക്തസാക്ഷി കുടുംബാംഗങ്ങള്‍ എന്നിവരാണ് കാലം തളര്‍ത്താത്ത ആവേശവുമായി അയോധ്യാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനത്തിനെത്തിയത്. ഐതിഹാസികമായ മുനയന്‍കുന്ന് സമരത്തില്‍ വെടിയേറ്റ ആലപ്പടമ്പിലെ ഇ പി കൃഷ്ണന്‍ നമ്പ്യാര്‍ , കോറോം രക്തസാക്ഷി കാനപ്പള്ളി അമ്പുവിന്റെ മക്കളായ മാണിക്കം, ചിരി, പെരളം രക്തസാക്ഷി പുന്നക്കോടന്‍ കുഞ്ഞമ്പുവിന്റെ മകന്‍ കെ പി ഭാസ്കരന്‍ , പയ്യന്നൂരിലെ ആദ്യകാല പ്രവര്‍ത്തകന്‍ കേളോത്തെ ടി വി ദേര്‍മന്‍ , കുറ്റൂരിലെ എം കെ കുഞ്ഞപ്പന്‍ , കരിവെള്ളൂര്‍ തെക്കെ മണക്കാട്ടെ പെരിയാടന്‍ നാരായണന്‍ നായര്‍ , കൂക്കാനത്തെ കെ പി കോരന്‍ , മാടക്കാല്‍ കുഞ്ഞിരാമന്‍ , പാലക്കുന്നിലെ എം പി ചെറിയമ്പു, തോട്ടിച്ചാലിലെ പി നാരായണന്‍ നായര്‍ , കരിവെള്ളൂരിലെ ഇ അമ്പു വൈദ്യര്‍ , കോയിപ്രയിലെ മേലോത്ത് ഗോപാലന്‍ നായര്‍ , തളിപ്പറമ്പിലെ അഡ്വ. കെ പി രാഘവപൊതുവാള്‍ , കണ്ടങ്കാളിയിലെ മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാടന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരാണ് ഉദ്ഘാടനത്തിനെത്തിയത്.

രാവിലെ ഒമ്പതിനുതന്നെ ഓഡിറ്റോറിയത്തിലെത്തിയ ആദ്യകാല പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സമ്മേളനത്തിലിരുന്നത്. ഉദ്ഘാടന പ്രസംഗം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പഴയതലമുറയെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് പിണറായി പറഞ്ഞു, "എന്റെ ഉദ്ഘാടന പ്രസംഗം കുറച്ചധികം നീളും, നിങ്ങളെല്ലാം പ്രായത്തിന്റെ പ്രയാസമുള്ളവരാണ്. അതുകൊണ്ട് നിങ്ങളുടെ സമയത്ത് പോകാം, മുഴുവനായും ഇരിക്കണമെന്നില്ല" . എന്നാല്‍ പ്രായം തളര്‍ത്താത്ത ആവേശവുമായി പിണറായിയുടെ പ്രസംഗം മുഴുവന്‍ ശ്രവിച്ചാണ് പോരാളികള്‍ മടങ്ങിയത്.

സ്നേഹസ്പര്‍ശമായ് കുട്ടികള്‍ക്കിടയില്‍ ഇ പി

പയ്യന്നൂര്‍ : സ്നേഹസ്പര്‍ശവുമായി കടന്നെത്തിയ അതിഥിയെ കണ്ടപ്പോള്‍ അവര്‍ ആഹ്ലാദഭരിതരായി. ആടിയും പാടിയും അടുത്തുകൂടി. കൈപിടിച്ചും ചിരിച്ചും സന്തോഷം പങ്കുവച്ചു. "അറിയുമോ" എന്ന ചോദ്യത്തിന് ആവേശത്തോടെ തലയാട്ടി. പയ്യന്നൂര്‍ മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡിക്യാപ്ഡിലെ കുട്ടികളാണ് ആഹ്ലാദത്തോടെ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനെ വരവേറ്റത്. വൈകല്യത്തെ അതിജീവിക്കാനുള്ള ഊര്‍ജപ്രവാഹമായ് അവര്‍ക്ക് ഇ പിയുടെ സന്ദര്‍ശനം.

സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെന്ററിലെ കുട്ടികള്‍ക്ക് സംഘാടകസമിതി ഒരുക്കിയ സദ്യയില്‍ പങ്കാളിയായാണ് ഇ പി ജയരാജന്‍ എത്തിയത്. പ്രിന്‍സിപ്പല്‍ എ ശോഭയോട് സെന്ററിലെ പ്രവര്‍ത്തനം ആരാഞ്ഞു. കുട്ടികളോടും രക്ഷിതാക്കളോടും കുശലാന്വേഷണം നടത്തി. തട്ടിയും തലോടിയും സ്നേഹവായ്പ് പകര്‍ന്നു. പേരും വിശേഷങ്ങളും ചോദിച്ചു. പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിയയും സന്തോഷുമെല്ലാം റെഡി. "അണ്ണാരക്കണ്ണാ വാ...പൂവാലാ ചങ്ങാത്തം കൂടാന്‍ വാ...." ഈണത്തോടെ സിയ ആലപിച്ചു. മറ്റുള്ളവര്‍ കൈയടിച്ചു. ഭക്ഷണം വിളമ്പി. മടങ്ങുമ്പോള്‍ കൈവീശി യാത്രയാക്കി. മാനസിക-ശാരീരിക വെല്ലുവിളി അനുഭവിക്കുന്ന 113 കുട്ടികളാണ് സെന്ററിലുള്ളത്. സിപിഐ എം ഏരിയാസെക്രട്ടറി ടി ഐ മധുസൂദനന്‍ , ടി വിശ്വനാഥന്‍ , എം സഞ്ജീവന്‍ , എം പ്രദീപന്‍ , കെ രവീന്ദ്രന്‍ എന്നിവരും ഉണ്ടായി.

deshabhimani 140112

1 comment:

  1. സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിന് പയ്യന്നൂരില്‍ ആവേശോജ്ജ്വല തുടക്കം. ഐ വി ദാസ് നഗറില്‍ (അയോധ്യ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ദീപശിഖ തെളിച്ചു. ജില്ലാസെക്രട്ടറിയറ്റംഗം പുഞ്ചയില്‍ നാണു രക്തപതാക ഉയര്‍ത്തി. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പിണറായി വിജയനും ജില്ലാകമ്മിറ്റിക്കു വേണ്ടി പി ജയരാജനും പുഷ്പചക്രം സമര്‍പ്പിച്ചു. നേതാക്കളും സമ്മേളന പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. 43433 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 376 പ്രതിനിധികളും 41 ജില്ലാകമ്മിറ്റി അംഗങ്ങളുമടക്കം 417 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

    ReplyDelete