Thursday, January 5, 2012
ചങ്കുറപ്പിന്റെ പെണ്‍കരുത്ത്
ചെമ്പടയുടെ ഇരമ്പം
തൃശൂര്‍ : ചെമ്പടയുടെ പടഹധ്വനി മുഴങ്ങി. പതറാത്ത ചുവടുകളോടെ, കുനിയാത്ത ശിരസ്സോടെ നീങ്ങിയ ചുവപ്പുസേനയുടെ കുതിപ്പില്‍ തൃശൂര്‍ നഗരം പ്രകമ്പനംകൊണ്ടു. സ്ത്രീശക്തി വിളിച്ചോതി പെണ്‍പടയുടെ പ്രത്യേക പ്ലാറ്റൂണുകളും മാര്‍ച്ച് ചെയ്തു. തേക്കിന്‍കാടിനുചുറ്റും ചുവപ്പുസേന കീഴടക്കിയപ്പോള്‍ ജനപഥങ്ങള്‍ ഹര്‍ഷപുളകിതരായി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന ചുവപ്പുവളണ്ടിയര്‍ മാര്‍ച്ച് ജില്ലയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി. ബാന്‍ഡ്സെറ്റിനു പിന്നിലായി ചിട്ടയോടെ ചുവടുവച്ചു നീങ്ങിയ വളണ്ടിയര്‍മാരുടെ നൂറുകണക്കിന് പ്ലാറ്റൂണുകള്‍ സേനയുടെ പ്രൗഢി വിളിച്ചോതി. ചുവടുപിഴയ്ക്കാതെ സൈനിക അച്ചടക്കത്തില്‍ അടിവച്ചു നീങ്ങിയ ചെമ്പടയെ കണ്ണെടുക്കാതെ നഗരം നോക്കിക്കണ്ടു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ച കൊതിച്ച മാധ്യമവിദൂഷകര്‍ക്കും വിപ്ലവവായാടികള്‍ക്കും സംഘശക്തി ചുട്ട മറുപടിയായി. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 158 ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരേഡ് നടന്നത്. വനിതാ പ്ലാറ്റൂണ്‍ ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പ്ലാറ്റൂണുകള്‍ ലോക്കല്‍കമ്മിറ്റികളില്‍നിന്നും മാര്‍ച്ചില്‍ പങ്കാളികളായി. 31 പേരടങ്ങുന്നതാണ് പ്ലാറ്റൂണ്‍ . ബാന്‍ഡ്സംഘങ്ങള്‍ വേറെ. കൊടകര, ഇരിങ്ങാലക്കുട, ചേര്‍പ്പ്, ചാലക്കുടി, മാള കമ്മിറ്റികള്‍ശക്തന്‍നഗറില്‍നിന്ന് പരേഡ് ആരംഭിച്ച് ആദ്യം പൊതുസമ്മേളന നഗറില്‍ കയറി. പിന്നാലെ പാലസ് റോഡില്‍നിന്നും ചേലക്കര, വടക്കാഞ്ചേരി, മണ്ണുത്തി എന്നീ കമ്മിറ്റികള്‍ എത്തി. തൃശൂര്‍ , നാട്ടിക, ചാവക്കാട്, മണലൂര്‍ , കൊടുങ്ങല്ലൂര്‍ എന്നീ കമ്മിറ്റികള്‍ പടിഞ്ഞാറേകോട്ടയില്‍നിന്നും കുന്നംകുളം, പുഴയ്ക്കല്‍ , ഒല്ലൂര്‍ എന്നീ കമ്മിറ്റികള്‍ വടക്കേ സ്റ്റാന്‍ഡില്‍നിന്നും മാര്‍ച്ച് ആരംഭിച്ചു. പൊതുസമ്മേളനനഗരിയായ തേക്കിന്‍കാട് മൈതാനിയിലെ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ പ്രവേശിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇ സി ബിജു പരേഡിന് നേതൃത്വം നല്‍കി.
അലകടലായി
ചുവപ്പണിഞ്ഞ മനുഷ്യമഹാസാഗരത്തിന്റെ കുത്തൊഴുക്ക് താങ്ങാനാവാതെ തേക്കിന്‍കാട് വീര്‍പ്പുമുട്ടി. ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച നഗരവൃത്തവും ആല്‍മരങ്ങളും പുളകിതമായി. സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാനപ്രക്ഷോഭങ്ങളുടെയും പരമ്പര ഏറ്റുവാങ്ങിയ തൊഴിലാളിപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായി പുതിയ കാലത്തിന്റെ വീരഗാഥ പാടിയെത്തിയവരെ സഹര്‍ഷം സ്വാഗതം ചെയ്തു. സിരയിലും മനസ്സിലും ആവേശത്തീയാളുന്ന ആയിരങ്ങളാണ് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗം നടക്കുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിലേക്ക് ഒഴുകിയെത്തിയത്. പാവങ്ങളുടെ പ്രസ്ഥാനത്തെ നെഞ്ചേറ്റിയവരും പാര്‍ടിയെ സ്നേഹിക്കുന്നവരുമായ പതിനായിരങ്ങള്‍ ഉച്ചയോടെത്തന്നെ തേക്കിന്‍കാട്ടിലേക്കെത്തി. മറ്റൊരു പ്രസ്ഥാനത്തിനും ആകര്‍ഷിക്കാനാവാത്ത പ്രതിബദ്ധരായ ജനാവലി. ഇത് സിപിഐ എമ്മിനു മാത്രം സ്വന്തം. സമരഭൂമികളില്‍ വീണ രക്തത്തുള്ളികള്‍ ഒന്നിനൊരായിരമായി ജ്വലിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്ന അലങ്കാരങ്ങളുടെയും രക്തപതാകകളുടെയും ചുവപ്പില്‍ നഗരവും മൈതാനവും നിറഞ്ഞുനിന്നു. കലാചാതുര്യത്തിന്റെ അടയാളമായി നിറഞ്ഞുനില്‍ക്കുന്ന വേദിക്കു നടുവില്‍ സ്വാതന്ത്ര്യത്തിലേക്കു കുതിക്കുന്ന കരുത്തനായ മനുഷ്യന്റെ ശില്‍പ്പം.
വി ടി മുരളിയുടെ നേതൃത്വത്തില്‍ വിപ്ലവഗാനങ്ങളും നവോത്ഥാനഗീതങ്ങളും കോര്‍ത്തിണക്കിയ ഗാനമേള പകല്‍ മൂന്നോടെ ആരംഭിച്ചു. അഞ്ചുകേന്ദ്രങ്ങളില്‍നിന്ന് പുറപ്പെട്ട വന്‍ ബഹുജനറാലി പ്രവേശിക്കും മുമ്പുതന്നെ സമ്മേളനനഗരി നിറഞ്ഞുകവിഞ്ഞു. ചെമ്പട്ടുകുടകള്‍ , നാടന്‍കലാരൂപങ്ങള്‍ , നിശ്ചലദൃശ്യങ്ങള്‍ , കാവടി, വിവിധ മേളങ്ങള്‍ എന്നിവ നിറച്ചാര്‍ത്തായി. ജിവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള പതിനായിരങ്ങള്‍ പ്രായവ്യത്യാസമില്ലാതെ റാലിയില്‍ അണിനിരന്നു. പാട്ടുകളും ആകാശം പിളര്‍ക്കുമാറ് മുഴങ്ങിയ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ , യുവാക്കള്‍ , കുഞ്ഞുങ്ങളുമായി അമ്മമാര്‍ , ആവേശം കൈവിടാത്ത ആദ്യകാലപോരാളികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തതോടെ വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്ത് അജയ്യമെന്ന് വിളിച്ചോതി. ജില്ലയില്‍ സിപിഐ എമ്മിന്റെ കുതിപ്പിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് ശത്രുക്കളും സമ്മതിക്കുന്ന മനുഷ്യമഹാപ്രവാഹം തീര്‍ത്താണ് സമ്മേളനം സമാപിച്ചത്.
ചങ്കുറപ്പിന്റെ പെണ്‍കരുത്ത്
തൃശൂര്‍ : ആകാശച്ചുമപ്പിനൊപ്പം നഗരവീഥികളെ ചെഞ്ചായം മുക്കിയെടുത്ത ഉശിരന്‍ പ്രകടനത്തില്‍ ചുവടുറപ്പിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ . തൃശൂരിന്റെ സായാഹ്നത്തെ ത്രസിപ്പിച്ച ചുവപ്പുസേനാ പരേഡിലും പ്രകടനത്തിലും അണിനിരന്ന അംഗനമാര്‍ ജനകീയപ്രസ്ഥാനത്തില്‍ വിളക്കിയെടുത്ത പെണ്‍കരുത്തും സംഘശക്തിയും വിളിച്ചോതി. റെഡ്വളണ്ടിയര്‍ മാര്‍ച്ചില്‍ ചുവന്ന ചുരിദാര്‍ ടോപ്പും വെളുത്ത പാന്റ്സും വെളുത്ത ഷാളുമണിഞ്ഞാണ് ബാന്‍ഡ്മേളത്തിനൊപ്പം ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പട്ടാളച്ചിട്ടയോടെ ചുവടുവച്ചത്. വരി തെറ്റാതെ ക്യാപ്റ്റന്റെ നിര്‍ദേശത്തിനൊത്ത് മാര്‍ച്ച് ചെയ്ത പെണ്‍പട്ടാളം കാഴ്ചക്കാരില്‍ കൗതുകവും ആത്മവിശ്വാസവും പകര്‍ന്നു. വെയിലേറ്റാല്‍ വാടാത്ത നിശ്ചയദാര്‍ഢ്യം ഓരോ ചുവടിലും ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു അവരുടെ സാന്നിധ്യം. ചുവപ്പുസേനാ മാര്‍ച്ചും പ്രകടനവും തേക്കിന്‍കാട് മൈതാനത്തിലേക്ക് പ്രവേശിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പേ അവിടം കൈയടക്കിയ പുരുഷാരത്തില്‍ പകുതിയും സ്ത്രീകളായിരുന്നു. ഇവരില്‍ കുട്ടികളും വീട്ടമ്മമാരായ യുവതികളും വൃദ്ധരുമുണ്ടായിരുന്നു. പ്രകടനം മൈതാനിയിലേക്കെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നുവെന്നതൊന്നും അവരെ ഏശിയില്ല.
വി ടി മുരളിയും സംഘവും അവതരിപ്പിച്ച വിപ്ലവഗാനങ്ങള്‍ അവരുടെ മനസ്സു നിറച്ചു. ചാഞ്ഞുവിഴുന്ന അന്തിവെയിലിനെ വെളുത്ത തൊപ്പികൊണ്ട് മറച്ച സ്ത്രീകള്‍ , കൈയില്‍ അരിവാള്‍ -ചുറ്റിക ആലേഖനം ചെയ്ത ബലൂണുകള്‍ പിടിച്ച് മറ്റു ചിലര്‍ , ഗൃഹാതുരത്വം നിറയ്ക്കുന്ന പഴയ നാടകഗാനങ്ങള്‍ക്കൊപ്പം താളം പിടിച്ച് ആല്‍ത്തറയില്‍ പ്രായം ചെന്ന സ്ത്രീകള്‍ ... പൊതുസമ്മേളനമൈതാനിയിലേക്ക് കടന്നുചെല്ലുന്നവര്‍ക്കിടയിലേക്ക് ചിതറിവീഴുന്ന കാഴ്ചകള്‍ . കൈക്കുഞ്ഞുങ്ങളെയുംകൊണ്ടാണ് ചില അമ്മമാര്‍ പ്രകടനത്തിനെത്തിയത്. സെറ്റുസാരിയും ചുവന്ന ബ്ലൗസുമണിഞ്ഞ സ്ത്രീകള്‍ ചെങ്കൊടിയുമേന്തി വിവിധ ഏരിയകളില്‍നിന്ന് സ്വരാജ്റൗണ്ടില്‍ പ്രവേശിച്ച പ്രകടനത്തിന്റെ മുന്‍നിര കൈയടക്കി. അധ്വാനിക്കുന്നവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും വിമോചനപ്പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ച കാക്കുമെന്ന പ്രതിജ്ഞക്ക് ചങ്കുറപ്പോടെ പിന്തുണയേകി നഗരം നിറഞ്ഞൊഴുകിയ സ്ത്രീകള്‍ സ്ത്രീമുന്നേറ്റത്തിന്റെ വിളംബരപ്രഖ്യാപനംകൂടിയായി.
പഠനകോണ്‍ഗ്രസ് നടത്തും ജില്ലയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും
തൃശൂര്‍ : ജില്ലയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പാര്‍ടി നേതൃത്വത്തില്‍ ജില്ലാ പഠനകോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. നാടിനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനുള്ള വികസന പദ്ധതികളും ജനകീയ പ്രശ്നങ്ങളും കൂടുതലായി ഏറ്റെടുക്കും. സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക, വാണിജ്യ, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ നിരവധി സാധ്യതകളുള്ള ജില്ലയാണ് തൃശൂര്‍ . ഇതെല്ലാം സമര്‍ഥമായി വിനിയോഗിക്കാനായിട്ടില്ല. ജില്ലയുടെ പുരോഗതിക്ക് സഹായകരമായ പദ്ധതികള്‍ ഏതെല്ലാമെന്നും അവ എങ്ങനെ നടപ്പാക്കാമെന്നും പരിശോധിക്കേണ്ടതുണ്ട്. ജില്ലയുടെ വികസനരംഗത്ത് നാഴികക്കല്ലാവുന്ന പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍ സിപിഐ എം പഠന കോണ്‍ഗ്രസില്‍ തയ്യാറാക്കും. പാര്‍ടിയുടെ വര്‍ധിച്ച ഐക്യവും കെട്ടുറപ്പും പ്രകടമായ ജില്ലാ സമ്മേളനം വന്‍ വിജയമാണെന്ന് മൊയ്തീന്‍ പറഞ്ഞു. ബഹുജന സ്വാധീനം വര്‍ധിപ്പിച്ച് ഭൂരിഭാഗം ജനങ്ങളുടെ പാര്‍ടിയായി സിപിഐ എമ്മിനെ മാറ്റും. വിവിധ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന 19 പ്രമേയം സമ്മേളനം അംഗീകരിച്ചു. പ്രവാസി ക്ഷേമം, മലയോര കര്‍ഷകരുടെ പട്ടയം, മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ , തൃശൂരിലെ മാലിന്യ സംസ്കരണം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പാര്‍ടിയുടെ കീഴില്‍ സേവന സന്നദ്ധരായ 10000 വളണ്ടിയര്‍മാരുണ്ട്. ഇവരെ പ്രകൃതിദുരന്തമടക്കം ഏത് അടിയന്തര ഘട്ടങ്ങളിലും ഉപയോഗപ്പെടുത്താന്‍ തക്കവിധം സജ്ജമാക്കും.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ടി സ്വാധീനം വര്‍ധിപ്പിക്കുന്നത് മതവിഭാഗത്തെ പ്രീണിപ്പിച്ചുകൊണ്ടല്ലെന്ന് മൊയ്തീന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നൂനപക്ഷ വിഭാഗങ്ങളിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കൂടുതലായി ഏറ്റെടുത്താണ് സ്വാധീനം വര്‍ധിപ്പിക്കുക. വര്‍ഗപരമായ ഇടപെടലാണിത്. ദേശീയ പാതയിലെ ടോള്‍ പിരിവിന് സിപിഐ എം എതിരാണ്. കേന്ദ്രസര്‍ക്കാര്‍ ബിഒടി വ്യവസ്ഥയില്‍ റോഡ് പദ്ധതി അടിച്ചേല്‍പ്പിച്ചതാണ്. ബിഒടി യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ റോഡ് ഉപയോഗിക്കുന്നതിന് പരമാവധി സൗജന്യങ്ങള്‍ നല്‍കണമെന്നാണ് പാര്‍ടി നിലപാട്. പുതിയ ജില്ലാകമ്മിറ്റിയില്‍ ആറുപേരെ ഒഴിവാക്കുകയും ഏഴുപേരെ ഉള്‍പ്പെടുത്തുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളവരേയും പാര്‍ടി ഏല്‍പ്പിച്ച മറ്റ് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നവരേയുമാണ് ഒഴിവാക്കിയത്. യുവതലമുറയെ കൂടുതലായി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനാണ് പുതിയവരെ ഉള്‍പ്പെടുത്തിയതെന്നും മൊയ്തീന്‍ പറഞ്ഞു. എം എം വര്‍ഗീസ്, യു പി ജോസഫ്, പി കെ ബിജു എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഭരണനയം രൂപപ്പെടുത്തുന്നത് സാധാരണക്കാരന് വേണ്ടിയല്ല: എ വിജയരാഘവന്‍
തൃശൂര്‍ : യുപിഎ ഭരണത്തില്‍ രാജ്യം അപകടകരമായ പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണനയംരൂപപ്പെടുത്തുന്നത് സാധാരണക്കാരനുവേണ്ടിയല്ല. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ താല്‍പ്പര്യമില്ലാത്തവരാണ് ഭരിക്കുന്നത്. ഇതിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം വിലകുറഞ്ഞ ഒന്നായി മാറിയെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. സ്വിസ് ബാങ്കിലെ കള്ളപ്പണം ഉപയോഗിച്ച് അധികാരം വിലയ്ക്കു വാങ്ങുകയും അതുപയോഗിച്ച് വീണ്ടും പണം സമ്പാദിക്കുന്നവരുമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷവും. അതിനു ചേരുന്ന ഭരണനയമാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്- ഇ പി പറഞ്ഞു. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും കള്ളക്കളി കളിക്കുകയാണെന്ന് കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. അഴിമതിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമില്ല. സാമ്രാജ്യത്തത്തോട് സന്ധിചെയ്ത് ജനവിരുദ്ധനയം നടപ്പിലാക്കുന്നവരാണ് ഇവര്‍ . ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അധ്യക്ഷനായി. പി കെ ബിജു എം പി സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ സ്വാഗതവും കണ്‍വീനര്‍ എം എം വര്‍ഗീസ് നന്ദിയും പറഞ്ഞു.
deshabhimani 050112
Subscribe to:
Post Comments (Atom)
ആകാശച്ചുമപ്പിനൊപ്പം നഗരവീഥികളെ ചെഞ്ചായം മുക്കിയെടുത്ത ഉശിരന്‍ പ്രകടനത്തില്‍ ചുവടുറപ്പിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ . തൃശൂരിന്റെ സായാഹ്നത്തെ ത്രസിപ്പിച്ച ചുവപ്പുസേനാ പരേഡിലും പ്രകടനത്തിലും അണിനിരന്ന അംഗനമാര്‍ ജനകീയപ്രസ്ഥാനത്തില്‍ വിളക്കിയെടുത്ത പെണ്‍കരുത്തും സംഘശക്തിയും വിളിച്ചോതി. റെഡ്വളണ്ടിയര്‍ മാര്‍ച്ചില്‍ ചുവന്ന ചുരിദാര്‍ ടോപ്പും വെളുത്ത പാന്റ്സും വെളുത്ത ഷാളുമണിഞ്ഞാണ് ബാന്‍ഡ്മേളത്തിനൊപ്പം ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പട്ടാളച്ചിട്ടയോടെ ചുവടുവച്ചത്. വരി തെറ്റാതെ ക്യാപ്റ്റന്റെ നിര്‍ദേശത്തിനൊത്ത് മാര്‍ച്ച് ചെയ്ത പെണ്‍പട്ടാളം കാഴ്ചക്കാരില്‍ കൗതുകവും ആത്മവിശ്വാസവും പകര്‍ന്നു. വെയിലേറ്റാല്‍ വാടാത്ത നിശ്ചയദാര്‍ഢ്യം ഓരോ ചുവടിലും ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു അവരുടെ സാന്നിധ്യം.
ReplyDelete: ആകാശച്ചുമപ്പിനൊപ്പം നഗരവീഥികളെ ചെഞ്ചായം മുക്കിയെടുത്ത ഉശിരന്‍ പ്രകടനത്തില്‍ ചുവടുറപ്പിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍
ReplyDelete