Thursday, January 5, 2012

യുപി: ബിജെപി സ്ഥാനാര്‍ഥികളില്‍ അഴിമതിക്കാരും ക്രിമിനലുകളും

അഴിമതിക്കെതിരെ ശക്തമായ ലോക്പാലിനു വേണ്ടി വാദിക്കുമ്പോഴും ബിജെപി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. അഴിമതിക്കേസില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് മായാവതി മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയവര്‍ക്കടക്കം ബിജെപി ടിക്കറ്റ് നല്‍കി. ദദന്‍മിശ്ര, അവ്ദേഷ് കുമാര്‍ എന്നിവര്‍ക്കാണ് ബിജെപിപാനലില്‍ ഇടം കിട്ടിയത്. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ നടപ്പാക്കുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ബാബുസിങ് കുശ്വാഹയെ ബിജെപിയില്‍ എടുത്തതും അഴിമതിക്കാര്‍ക്കുള്ള താവളമായി ബിജെപി മാറുകയാണെന്നതിന്റെ സൂചനയാണ്.

ബിജെപി കേന്ദ്ര ഓഫീസില്‍വച്ചാണ് മായാവതി മന്ത്രിസഭയിലെ അഴിമതിവീരനായ കുശ്വാഹയെ ബിജെപിയില്‍ ചേര്‍ത്തത്. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സൂര്യപ്രതാപ് ഷാഹിയുടെയും ദേശീയ വൈസ്പ്രസിഡന്റ് വിനയ് കത്യാറിന്റെയും സാന്നിധ്യത്തിലാണ് കുശ്വാഹയെ ബിജെപി പാര്‍ടിയിലേക്ക് ആനയിച്ചത്. കുടുംബക്ഷേമ മന്ത്രിയായിരിക്കെ അഴിമതി നടത്തിയതിന് ബുന്ദേല്‍ഖണ്ഡുകാരനായ കുശ്വാഹക്കെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. ബുധനാഴ്ച ലഖ്നൗവിലെ വസതിയിലും മറ്റ് ആറിടങ്ങളിലും ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. ജയിലില്‍ മെഡിക്കല്‍ ഓഫീസര്‍ കൊല്ലപ്പെട്ട കേസിന് പിന്നിലും കുശ്വാഹയാണെന്ന് ആരോപണമുണ്ട്. ഭൂമിതട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ മുന്‍ തൊഴില്‍മന്ത്രി ബാദ്ഷാ സിങ്ങിനെയും ബിജെപിയില്‍ ചേര്‍ത്തു.

അഴിമതിക്കേസില്‍പെട്ട മായാവതി മന്ത്രിസഭയിലെ അംഗങ്ങളായ ദദന്‍മിശ്രയ്ക്ക് ബിംഗയിലും അവദേഷ് കുമാര്‍ വര്‍മയ്ക്ക് ദദ്രോള്‍ സറ്റിലുമാണ് സ്ഥാനാര്‍ഥിത്വം നല്‍കിയത്. സംസ്ഥാനത്തെ കുപ്രസിദ്ധ ക്രിമിനലായ ബിഎസ്പി എംപി ധനഞ്ജയ സിങ്ങിന്റെ ഭാര്യയെ ജോന്‍പുരിലെ മല്‍ഹാനിയില്‍ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ബിജെപി മുന്‍ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് ജയിലില്‍ ചെന്ന് ധനഞ്ജയ സിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു.

deshabhimani 050112

1 comment:

  1. അഴിമതിക്കെതിരെ ശക്തമായ ലോക്പാലിനു വേണ്ടി വാദിക്കുമ്പോഴും ബിജെപി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. അഴിമതിക്കേസില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് മായാവതി മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയവര്‍ക്കടക്കം ബിജെപി ടിക്കറ്റ് നല്‍കി. ദദന്‍മിശ്ര, അവ്ദേഷ് കുമാര്‍ എന്നിവര്‍ക്കാണ് ബിജെപിപാനലില്‍ ഇടം കിട്ടിയത്. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ നടപ്പാക്കുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ബാബുസിങ് കുശ്വാഹയെ ബിജെപിയില്‍ എടുത്തതും അഴിമതിക്കാര്‍ക്കുള്ള താവളമായി ബിജെപി മാറുകയാണെന്നതിന്റെ സൂചനയാണ്.

    ReplyDelete