Friday, January 13, 2012

ഗൂഢതന്ത്രം പൊളിഞ്ഞു ഉമ്മന്‍ചാണ്ടിക്ക് പ്രഹരം

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ദില്ലി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതമായതോടെ തകര്‍ന്നത്, പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള സര്‍ക്കാരിന്റെ ഗൂഢതന്ത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും മറ്റു ചില മന്ത്രിമാരും അടങ്ങുന്ന സംഘമാണ് ആഗോള ടെന്‍ഡര്‍ എന്ന പേരു പറഞ്ഞ് പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം നടത്തിയത്. എന്നാല്‍ , സര്‍ക്കാര്‍ നിരത്തിയ മുട്ടുന്യായങ്ങള്‍ പൊളിയുകയും മുഴുവന്‍ ജനങ്ങളും കള്ളക്കളി തിരിച്ചറിയുകയും ചെയ്തതോടെ സര്‍ക്കാര്‍ ഡിഎംആര്‍സിയെയും ശ്രീധരനെയും തിരിച്ചുവിളിച്ച് തടിതപ്പി.

കൊച്ചി മെട്രോ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ 2005ല്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ , പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നീക്കം തടഞ്ഞ് പൂര്‍ണമായും ഡിഎംആര്‍സിയെ ചുമതല ഏല്‍പ്പിച്ചു. അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുംചെയ്തു. എന്നാല്‍ , യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിലെത്തിയതോടെ സ്ഥിതി മാറി. 5,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്വകാര്യ മേഖലയ്ക്കു കൈമാറി പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ കമീഷന്‍ തട്ടാനുള്ള അണിയറനീക്കം ഊര്‍ജിതമായി പുനരാരംഭിച്ചു. 2005ല്‍ പദ്ധതി നടത്താന്‍ താല്‍പ്പര്യപത്രം നല്‍കിയ ചില സ്വകാര്യ കമ്പനികളുടെ ഉള്‍പ്പെടെ ഏജന്റുമാര്‍ തലസ്ഥാനത്ത് തങ്ങി ചരടുവലി നടത്തുകയുംചെയ്തു. ഡിഎംആര്‍സിയെ നിര്‍മാണം ഏല്‍പ്പിക്കുന്ന പദ്ധതിക്കാണ് കേന്ദ്രം അന്തിമ അംഗീകാരം നല്‍കിയത്. എല്‍ഡിഎഫ് ഭരണകാലത്ത് ഡിഎംആര്‍സിയെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയുംചെയ്തു.

എന്നാല്‍ , യുഡിഎഫ് അധികാരമേറ്റശേഷം നിര്‍മാണച്ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നത് നീണ്ടതിനെത്തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉള്‍പ്പെടെ പത്ത് തവണ കത്തയച്ചിട്ടും ഒരു മറുപടിയും അയച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കത്തുകള്‍ പൂഴ്ത്തുകയായിരുന്നു. ഡിഎംആര്‍സി ചെയര്‍മാനായിരുന്ന ശ്രീധരന്‍ ഇക്കാര്യം നേരില്‍ ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രിയോ ഓഫീസോ മറുപടി അയച്ചില്ല. ഏറ്റവും ഒടുവിലാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡി ടോം ജോസ് ഡിഎംആര്‍സിയുമായി കരാറിനില്ലെന്ന് കാണിച്ച് കത്തയച്ചത്. ഈ കത്ത് പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗസിനകത്ത് നിന്നുപോലും രൂക്ഷ വിമര്‍ശമുയര്‍ന്നു. ഇതോടെയാണ് പിടിച്ചുനില്‍ക്കാനാകാതെ സര്‍ക്കാര്‍ താല്‍ക്കാലികമായി കീഴടങ്ങിയത്.

കൊച്ചി മെട്രോ പദ്ധതി സ്വകാര്യ മേഖലയിലാക്കാന്‍ യുഡിഎഫ് നടത്തുന്ന നീക്കത്തിന് ആറ് വര്‍ഷത്തെ പഴക്കമുണ്ട്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ആദ്യ നീക്കം. 2001ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിന്റെ ഈ സ്വപ്നപദ്ധതിക്ക് രൂപം നല്‍കിയത്. കൊങ്കണ്‍ റെയില്‍ പദ്ധതി നിശ്ചിത സമയത്തിന് മുമ്പ് യാഥാര്‍ഥ്യമാക്കിയ ശ്രീധരനെ ആദരിക്കാന്‍ നിയമസഭയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ നായനാര്‍ കേരളത്തിനു വേണ്ടി പദ്ധതിക്ക് രൂപം നല്‍കാന്‍ ശ്രീധരനോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇതനുസരിച്ച് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ സാധ്യതാ പഠനം നടത്തി കൊച്ചിയാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തി. തുടര്‍ന്ന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ശ്രീധരനെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇതിനിടെ ശ്രീധരന്‍ ഡിഎംആര്‍സി ചുമതലയേറ്റു. ദില്ലി മെട്രോ മാതൃകയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അദ്ദേഹം തയ്യാറാക്കിയെങ്കിലും അതവഗണിച്ച് സ്വകാര്യ കമ്പനികളില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ താല്‍പ്പര്യപത്രം ക്ഷണിക്കുകയായിരുന്നു.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ, സ്വകാര്യമേലഖയെ ഏല്‍പ്പിക്കാനുള്ള യുഡിഎഫ് തീരുമാനം റദ്ദാക്കി. ശ്രീധരനെ ചുമതല തിരിച്ചേല്‍പ്പിച്ചു. നിര്‍മാണപ്രവര്‍ത്തനം പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. ഒരു മന്ത്രിസഭായോഗം എടുത്ത തീരുമാനം മാറ്റാന്‍ മറ്റൊരു മന്ത്രിസഭാ യോഗത്തിനു മാത്രമേ കഴിയൂ എന്നിരിക്കെ അത് ചെയ്യാതെയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡിയെക്കൊണ്ട് ഡിഎംആര്‍സിയെ ഒഴിവാക്കിയതായി കാണിച്ച് കത്തയപ്പിച്ചത്. സംഭവം വിവാദമായപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെന്ന് പറഞ്ഞ് കൈകഴുകി.
(എം രഘുനാഥ്)

deshabhimani 130112

6 comments:

 1. കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ദില്ലി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതമായതോടെ തകര്‍ന്നത്, പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള സര്‍ക്കാരിന്റെ ഗൂഢതന്ത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും മറ്റു ചില മന്ത്രിമാരും അടങ്ങുന്ന സംഘമാണ് ആഗോള ടെന്‍ഡര്‍ എന്ന പേരു പറഞ്ഞ് പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം നടത്തിയത്. എന്നാല്‍ , സര്‍ക്കാര്‍ നിരത്തിയ മുട്ടുന്യായങ്ങള്‍ പൊളിയുകയും മുഴുവന്‍ ജനങ്ങളും കള്ളക്കളി തിരിച്ചറിയുകയും ചെയ്തതോടെ സര്‍ക്കാര്‍ ഡിഎംആര്‍സിയെയും ശ്രീധരനെയും തിരിച്ചുവിളിച്ച് തടിതപ്പി.

  ReplyDelete
 2. മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കരുതെന്ന കെപിസിസിയുടെ തീരുമാനം കുറ്റസമ്മതമൊഴിയായി കണക്കാക്കാമെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു. ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ തെളിവുകൂടിയാണ് ഈ തീരുമാനം. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ ജപ്പാന്‍സഹായം ലഭ്യമാകുമെന്നുള്ള വസ്തുത മറച്ചുവയ്ക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും പ്രസ്താവനകള്‍ . കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടേഷനും നിര്‍മാണപ്രവര്‍ത്തനങ്ങളും ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മാറ്റി ടെന്‍ഡര്‍ വിളിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ആരെന്നു വെളിപ്പെടുത്തണമെന്നും ജോസ് തെറ്റയില്‍ ആവശ്യപ്പെട്ടു.

  ReplyDelete
 3. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ലെന്ന് കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. തീരദേശ പരിപാലനനിയമം ബാധകമാകുന്ന പദ്ധതിയാണ് മെട്രോ റെയിലെന്നും കൊച്ചി നഗരത്തിലെ സിആര്‍സെഡ് രണ്ടില്‍പ്പെട്ട പ്രദേശത്തുകൂടിയാണ് പദ്ധതിയെന്നും അതിനാല്‍ മുന്‍കൂര്‍ അനുമതി വേണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിലുള്ള അതോറിറ്റി കോടതിയെ അറിയിച്ചു. മെട്രോ റെയില്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കടല്‍ത്തീരത്തിനടുത്ത പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തീരദേശ പരിപാലനനിയമപ്രകാരം ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ടെന്നും അതോറിറ്റി അറിയിച്ചു. പാരിസ്ഥിതികപഠനങ്ങള്‍ കൂടാതെ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതു ചോദ്യംചെയ്ത് കൊച്ചി സ്വദേശി സി എ ഉണ്ണിക്കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരദേശ പരിപാലന അതോറിറ്റിയുടെ സത്യവാങ്മൂലം. അതേസമയം, കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നടത്തിപ്പ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

  ReplyDelete
 4. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റേതായിരുന്നെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ റെയില്‍ ലിമിറ്റഡിന്റെ കാര്യത്തില്‍ എംഡി ടോം ജോസ് തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ എടുത്ത തീരുമാനങ്ങളാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ ടോം ജോസ് സ്വന്തമായി ഒരുതീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

  ReplyDelete
 5. സമയക്രമം പാലിച്ചാല്‍ കൊച്ചി മെട്രോ റെയിലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി ഫെബ്രുവരി അവസാനത്തോടെ ലഭിക്കുമെന്ന് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ തുടങ്ങാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. 23ന് കേന്ദ്ര പൊതുനിക്ഷേപ ബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കാബിനറ്റ് സെക്രട്ടറിക്ക് അയക്കും. തുടര്‍നടപടികളുടെ ഭാഗമായി നഗരവികസനമന്ത്രാലയം റിപ്പോര്‍ട്ട് പരിഗണിച്ചശേഷം 31ന് വീണ്ടും കേന്ദ്ര പൊതുനിക്ഷേപ ബോര്‍ഡ് യോഗം ചേരും. ഇതിനുശേഷം അഞ്ചുദിവസത്തിനകം മിനിട്സ് തയ്യാറാക്കി കാബിനറ്റ് സെക്രട്ടറിയറ്റിലേക്ക് അയക്കും. ഫെബ്രുവരി 15നു ചേരുന്ന കാബിനറ്റ് യോഗത്തില്‍ പദ്ധതിയുടെ അനുമതി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പായി ഔദ്യോഗിക നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് കഴിഞ്ഞദിവസത്തെ യോഗം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ReplyDelete
 6. കൊച്ചി മെട്രോ റെയില്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാതിരിക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപകരണം ആകുകയായിരുന്നെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ രാജഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിനായി ശ്രീധരന്‍ ചുമതലയേറ്റാല്‍ അഴിമതി നടത്താനാവില്ലെന്ന് മനസിലാക്കിയ ചിലരാണ് ആഗോള ടെന്‍ഡര്‍ ക്ഷണിക്കാന്‍ നീക്കം നടത്തിയത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട ഉപജാപക സംഘത്തിലുള്ളയാളാണ് കെഎംആര്‍എല്‍ എം ഡി ടോം ജോസെന്നും രാജഗോപാല്‍ പറഞ്ഞു. പദ്ധതി തടസപ്പെടുത്താന്‍ തുടര്‍ന്നും നീക്കമുണ്ടാകും ഇത് കരുതിയിരിക്കണം. വിവേകാനന്ദ ജയന്തി ദിനത്തില്‍ സര്‍ക്കാര്‍ കൊടുത്ത പരസ്യത്തില്‍ സ്വാമിയുടെ ചിത്രമോ അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങളുടെ ഒരു വരിയോ ഇല്ല. പകരം മന്ത്രിമാരുടെ ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെ വിവേകാനന്ദനെ അവഹേളിച്ച കേരള സര്‍ക്കാര്‍ മാപ്പുപറയണമെന്നും രാജഗോപാല്‍ പറഞ്ഞു.

  ReplyDelete