Friday, January 13, 2012

പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യമേഖലയില്‍

കേരളം ഏറെ നാളായി കാത്തിരിക്കുന്ന പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി സ്വകാര്യമേഖലയുടെ ഭൂരിപക്ഷ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കാനിരുന്ന പദ്ധതിയാണ് വര്‍ഷങ്ങള്‍ വൈകിപ്പിച്ചശേഷം ഇപ്പോള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. പദ്ധതിയില്‍ 26 ശതമാനം ഓഹരി മാത്രമേ റെയില്‍വേയ്ക്കുണ്ടാകൂ. 74 ശതമാനവും സ്വകാര്യമേഖലയ്ക്ക് നല്‍കും. പദ്ധതി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതം പ്രകടിപ്പിച്ചു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അജിത്കുമാര്‍ സേത്ത് വ്യാഴാഴ്ച വിളിച്ച ഉന്നതതലയോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന ചീഫ്സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയശേഷമാണ് ഈ തീരുമാനമെടുത്തത്. കൊച്ചി മെട്രോയെ സ്വകാര്യകരങ്ങളില്‍ എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു പ്രധാന പദ്ധതി സ്വകാര്യമേഖലയിലേക്ക് മാറ്റിയത്. കോച്ച് ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 294 ഹെക്ടര്‍ സ്ഥലം കേന്ദ്രം വിലയ്ക്ക് വാങ്ങും. നേരത്തെ സ്ഥലത്തിന്റെ വിലയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കാമെന്നായിരുന്നു ധാരണ. സംസ്ഥാനം ഏറ്റെടുത്ത സ്ഥലം വിലയ്ക്ക് വാങ്ങാമെന്ന കേന്ദ്ര വാഗ്ദാനം സംസ്ഥാന ചീഫ്സെക്രട്ടറി അംഗീകരിച്ചു. വിലയെത്രയെന്ന് കേന്ദ്രം പിന്നീട് തീരുമാനിക്കും.

പ്രതിരോധവകുപ്പിനു കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡുമായി (ബിഇഎംഎല്‍) ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ , ആഗോളനിലവാരമുള്ള കോച്ചുകള്‍ നിര്‍മിക്കാന്‍ ബിഇഎംഎല്ലിന് ശേഷിയില്ലെന്ന കാരണം പറഞ്ഞാണ് സ്വകാര്യകമ്പനിയെ ക്ഷണിക്കുന്നത്. ആഗോള ടെന്‍ഡറിലൂടെ സ്വകാര്യകമ്പനിയെ തെരഞ്ഞടുക്കും. ഇതിനുള്ള നടപടിക്രമം ആറുമാസത്തിനകം പൂര്‍ത്തിയാക്കും. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെയാണ് പാലക്കാട്ടും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. പദ്ധതി റെയില്‍വേ ഏറ്റെടുത്ത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. റായ്ബറേലിയില്‍ നിര്‍മാണം മുന്നേറിയപ്പോള്‍ പാലക്കാട് പദ്ധതി നീണ്ടുപോയി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കഞ്ചിക്കോട്ട് സ്ഥലമേറ്റെടുത്ത് നല്‍കിയശേഷവും പദ്ധതിയോട് റെയില്‍വേ അവഗണന കാട്ടുകയായിരുന്നു. ബിഇഎംഎല്‍ പങ്കാളിത്തത്തിന് തയ്യാറായി വന്നപ്പോള്‍ സുഗമമായി മുന്നോട്ടുപോകുമായിരുന്ന പദ്ധതി റെയില്‍വേ അവഗണിക്കുകയായിരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ , ആസൂത്രണ കമീഷന്‍ മെമ്പര്‍ സെക്രട്ടറി സുധാപിള്ള, നഗരവികസന മന്ത്രാലയം സെക്രട്ടറി, ധനമന്ത്രാലയത്തിനു കീഴിലുള്ള എക്സ്പെന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

deshabhimani 130112

No comments:

Post a Comment