Tuesday, January 24, 2012

കാണിയൂര്‍ പാതയും ആവശ്യം വൈദ്യുതീകരണ പ്രതീക്ഷയുമായി ഉത്തര കേരളം

കാസര്‍കോട്: കേന്ദ്ര റെയില്‍വേ ബജറ്റിന് ദിവസങ്ങളടുക്കവേ ഉത്തര കേരളത്തിലെ റെയില്‍വേ വികസനത്തിനുള്ള മുറവിളി വീണ്ടുമുയരുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ വീണ്ടും തങ്ങളുടെ ആവശ്യങ്ങളുമായി സമ്മര്‍ദം ചെലുത്തുകയാണ് ഉത്തരകേരളത്തിലെ എംപിമാര്‍ . റെയില്‍വേ ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രി ആര്യാടന്‍ മുഹമ്മദ് എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഉത്തര കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി സമഗ്ര പാക്കേജ് സമര്‍പ്പിക്കുമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. റെയില്‍വേ മേഖലയില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കേരളത്തിന്റെ കാലങ്ങളായുള്ള നിരവധി പദ്ധതികള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. 300 കിലോ മീറ്റര്‍ ഷൊര്‍ണൂര്‍ - മംഗളൂരു റെയില്‍വേ ലൈന്‍ വൈദ്യുതീകരണത്തിന് 2010ല്‍ 320 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഇതുവരെ തുക മാറ്റിവച്ചിട്ടില്ല. വരുന്ന ബജറ്റില്‍ മലബാറിന്റെ മുഖ്യ ആവശ്യങ്ങളിലൊന്നാണിത്. കോഴിക്കോട്- മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല. പകല്‍ സമയത്തുള്ള ഈ ട്രെയിന്‍ ഓടിത്തുടങ്ങിയാല്‍ മംഗളൂരു, മണിപ്പാല്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് എത്തേണ്ടവര്‍ക്ക് വലിയ ആശ്വാസമാകും. ഒപ്പം പകല്‍ നേരത്ത് കൂടുതല്‍ ടെയിനില്ലാത്തതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിനും പരിഹാരമാകും.

ഒന്നാം ഘട്ട സര്‍വേ പൂര്‍ത്തിയായ പാണത്തൂര്‍ - കാണിയൂര്‍ റെയില്‍വേ പാതയുടെ സര്‍വെ പൂര്‍ത്തിയാക്കാനും നിര്‍മാണ പ്രവൃത്തികള്‍ക്കും ബജറ്റില്‍ തുക നീക്കിവയ്ക്കേണ്ടതുണ്ട്. ഈ പാത യാഥാര്‍ഥ്യമായാല്‍ മൈസൂര്‍ , ബംഗളൂരു എന്നിവിടങ്ങളിലേക്ക് മംഗളൂരുവിനെ സ്പര്‍ശിക്കാതെ എളുപ്പത്തിലെത്താം. കഴിഞ്ഞ ബജറ്റില്‍ കേരളത്തിന് 13 ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും അഞ്ചെണ്ണം മാത്രമാണ് ഓടിത്തുടങ്ങിയത്. എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ്, യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് എന്നിവ മംഗളൂരു വരെ നീട്ടിയാല്‍ ഉത്തര കേരളത്തിലെ യാത്രാ ക്ലേശത്തിന് ആശ്വാസമാകും. ഗോവയില്‍ നിന്ന് കൊങ്കണ്‍ വഴി പുതിയ ട്രെയിന്‍ വേണമെന്ന ആവശ്യവും നിലവിലുണ്ട്.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ 16 സ്റ്റേഷനുകളാണുള്ളത്. കേരളത്തില്‍ തന്നെ ഇത് അപൂര്‍വമായിരിക്കും. എന്നാല്‍ പ്രാഥമിക കാര്യങ്ങളിലും പശ്ചാത്തല വികസനത്തിലും പിറകിലാണ് ഈ സ്റ്റേഷനുകള്‍ . കാസര്‍കോട് സ്റ്റേഷന്‍ ആദര്‍ശ് സ്റ്റേഷനാണെങ്കിലും അതനുസരിച്ചുള്ള വികസനമുണ്ടായിട്ടില്ല. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ സ്റ്റേഷനുകള്‍ ബി ക്ലാസിലാണെങ്കിലും ക്ലാസിഫിക്കേഷന്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.

പാസഞ്ചര്‍ ട്രെയിനുകളില്‍ വനിതാ കമ്പാര്‍ട്ട്മെന്റുള്‍പ്പെടെ കൂടുതല്‍ ബോഗികള്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പങ്കെടുത്ത് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പാലിച്ചില്ല. കൂടാതെ കേരളത്തിലേക്ക് അയക്കുന്ന ബോഗികള്‍ പഴഞ്ചനാണെന്ന പരാതിക്കും ഇതുവരെ പരിഹാരമായിട്ടില്ല. ജില്ലയില്‍ പുഴയ്ക്ക് മേലെയുള്ള റെയില്‍വേ പാലങ്ങള്‍ പലതും 110 വര്‍ഷം വരെ പഴക്കമുള്ളതാണ്. ചെറുവത്തൂര്‍ , ഷിറിയ, അരയി, ചെമ്പൂരിച്ചാല്‍ പാലങ്ങള്‍ കാലപ്പഴക്കമേറിയതാണ്. ഇവ പുനര്‍ നിര്‍മിക്കാന്‍ റെയില്‍വേയുടെ സേഫ്റ്റി ഫണ്ടില്‍ നിന്ന് തുക മാറ്റിവയ്ക്കണമെന്ന ആവശ്യം അടിയന്തരമായി നടപ്പാക്കേണ്ടതാണ്. നിര്‍മാണമാരംഭിച്ചതും തുക അനുവദിച്ചതുമായ ഒമ്പത് മേല്‍പാലങ്ങള്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലുണ്ട്. ഇവയില്‍ ചിലതിന്റെ നിര്‍മാണം സാങ്കേതിക പ്രശ്നങ്ങളാല്‍ വൈകുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നീക്കി മേല്‍പാലങ്ങളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

deshabhimani 240112

1 comment:

  1. കേന്ദ്ര റെയില്‍വേ ബജറ്റിന് ദിവസങ്ങളടുക്കവേ ഉത്തര കേരളത്തിലെ റെയില്‍വേ വികസനത്തിനുള്ള മുറവിളി വീണ്ടുമുയരുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ വീണ്ടും തങ്ങളുടെ ആവശ്യങ്ങളുമായി സമ്മര്‍ദം ചെലുത്തുകയാണ് ഉത്തരകേരളത്തിലെ എംപിമാര്‍ . റെയില്‍വേ ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രി ആര്യാടന്‍ മുഹമ്മദ് എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഉത്തര കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി സമഗ്ര പാക്കേജ് സമര്‍പ്പിക്കുമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. റെയില്‍വേ മേഖലയില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete