മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംഭവം. യോഗത്തിന്റെ തുടക്കം മുതലെ തന്നെ മന്ത്രിയുടെ പരാമര്‍ശങ്ങളെ കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചത് അസ്വാരസ്യം ഉണ്ടാക്കിയിരുന്നു. ഒടുവില്‍ എ സി കനാലിന് സമാന്തരമായി മറ്റൊരു കനാല്‍ നിര്‍മിക്കണമെന്ന കുട്ടനാട് വികസന സമതി ചെയര്മാന് ഫാ. തോമസ് പീലിയാനിക്കലിന്റെ അഭിപ്രായമാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. പ്രായോഗികത പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി ഫാദറിന് മറുപടി നല്‍കിയത് എതിര്‍പ്പ് ഉണ്ടാക്കിയതിനിടെ എംപി നടത്തിയ പരാമര്‍ശം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയം പോലെ ഇത് കുളമാക്കരുതെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.ഇതോടെ മന്ത്രി ക്ഷുഭിതനായി. എന്തോന്ന് മുല്ലപ്പെരിയാര്‍ എന്ന് ഉച്ചത്തില്‍ ചോദിച്ച മന്ത്രി എംപിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേന്ദ്രത്തില്‍ പോയി പറഞ്ഞാല്‍ മതിയെന്നും പ്രതികരിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് പാഞ്ഞടുത്ത് മന്ത്രിയെ വളഞ്ഞു. മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈയറ്റം ചെയ്യാനും മുതിര്‍ന്നു. ഇതോടെ യോഗത്തില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിക്കുന്നിലിനെതിരെയും മുദ്രാവാക്യം മുഴക്കി. യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തി ഇവരെ പിരിച്ചുവിടുകയും മന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടുവില്‍ നിന്ന് മന്ത്രിയെ രക്ഷിച്ച് കാറില്‍ കയറ്റുകയും ചെയ്തു.ഡോ. എം എസ് സ്വാമിനാഥന്റെ നിര്‍ദേശമനുസരിച്ചല്ല പദ്ധതി നടത്തിപ്പെന്ന കേന്ദ്രസംഘത്തിന്റെ അഭിപ്രായം തള്ളികളയണമെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞതും കൊടിക്കുന്നില്‍ സുരേഷ് ഏറ്റുപിടിച്ചിരുന്നു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പഠിച്ചാണ് സംഘം അഭിപ്രായം പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസംഘം ഇറിഗേഷന്‍ മന്ത്രിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തില്ല. പുതിയ പദ്ധതിക്കുള്ള വിശദ പദ്ധതിറിപ്പോര്‍ട്ട് മാര്‍ച്ചില്‍ നല്‍കും. പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ സി കെ സദാശിവന്, ആര് രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ വേണുഗോപാല്‍, രമണി എസ് ഭാനു എന്നിവരും കെ സി ജോസഫ്, ജേക്കബ് തോമസ് അരികുപുറം തുടങ്ങിയവരും പങ്കെടുത്തു.
janayugom 240112
കുട്ടനാട് പാക്കേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകനയോഗത്തിനിടെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി പി ജെ ജോസഫിനെ കൈയേറ്റം ചെയ്തു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രശ്നത്തില്‍ ഇടപെട്ടതോടെ യോഗം അലങ്കോലമായി.
ReplyDelete