Monday, January 2, 2012

കേരളീയചിന്തയെ ചുവപ്പിച്ച "പ്രഭാതം"

പുതിയ പ്രഭാതത്തിലേക്ക് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് കമ്യുണിസ്റ്റുകാര്‍ കത്തിച്ചുവച്ച വിളക്കായിരുന്നു "പ്രഭാതം" വാരിക. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന് പുതിയ ദിശയും ജന്മിത്വവിരുദ്ധ സമരത്തിന് പുതിയ ഊര്‍ജവും പകര്‍ന്ന പത്രം. ഒരു ജനതയെയാകെ പോരാട്ടസജ്ജമാക്കിയ ആശയങ്ങളുടെ പ്രചാരണത്തിന് "പ്രഭാതം" നല്‍കിയ സംഭാവന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായം.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിക്കുന്ന ഘട്ടത്തിലാണ് പാര്‍ടിക്ക് മുഖപത്രം വേണമെന്ന തീരുമാനമെടുത്തത്. അതിന് തുടക്കമിട്ടതാകട്ടെ ഷൊര്‍ണൂരും. നവോത്ഥാനപ്രസ്ഥാനങ്ങളുടെ മലബാറിലെ കേന്ദ്രബിന്ദുവും ഷൊര്‍ണൂരായിരുന്നു. വള്ളുവനാട്ടിലെ മുന്നേറ്റത്തിന് നേതൃത്വംനല്‍കിയ വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും പ്രേംജിയും യോഗക്ഷേമസഭയുമെല്ലാം നിറഞ്ഞുനിന്നത് അവിടെ. പ്രഭാതത്തിന്റെ ആദ്യലക്കം പുറത്തിറങ്ങുന്നത് 1935 ജനുവരി ഒമ്പതിന്. ഇ എം എസ് പത്രാധിപരും ഐസി പി നമ്പൂതിരി പ്രിന്ററും പബ്ലിഷറും കെ പി ദാമോദരന്‍ മാനേജരും.

തന്ത്രപരമായ നീക്കത്തിലൂടെയാണ് വാരികയ്ക്ക് അനുമതി നേടിയത്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുവദിക്കില്ല. എന്ത് പ്രതിസന്ധിയുണ്ടായാലും അനുമതി വാങ്ങണമെന്ന് പാര്‍ടി തീരുമാനിച്ചു. അപ്പോഴാണ് കോഴിക്കോട്ട് പ്രഭാതം എന്ന പേരില്‍ പത്രം ഇറങ്ങുന്നുണ്ടെന്നും സാമ്പത്തിക പരാധീനതയാല്‍ അത് വില്‍ക്കാന്‍ ഉടമ കെ എസ് നായര്‍ തീരുമാനിച്ചിരിക്കുകയാണെന്നും അറിഞ്ഞത്. അവിടെ ഉദയഭാനു പ്രസ്സിലായിരുന്നു അച്ചടി. ആ പ്രസ്സാകട്ടെ ബാങ്ക് കടത്തിലും. ബാധ്യത വീട്ടിയാലേ പത്രം വീണ്ടും പുറത്തിറക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ പണം ഇ എം എസ് നല്‍കി. ഐ സി പി കോഴിക്കോട്ടെ വാര്യര്‍ ബാങ്കില്‍ പണമടച്ച് രേഖകള്‍ വാങ്ങി. പ്രസ് ഷൊര്‍ണൂരിലേക്ക് കൊണ്ടുവന്നു. അത് നടത്തിയ കുഞ്ഞിരാമപൊതുവാളും എത്തി. ഇപ്പോഴത്തെ പൊലീസ്സ്റ്റേഷന്റെ പിന്‍വശത്ത് രാമന്‍കുട്ടിനായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു അച്ചടി. ദാര്‍ശനിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ വിശദീകരിച്ച് ഇ എം എസ്സിന്റെ ചോദ്യോത്തര പംക്തി. പി കൃഷ്ണപിള്ള, മൊയാരത്ത് ശങ്കരന്‍ , കെ ദാമോദരന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ . സിഎസ്പി ദേശീയ മുഖപത്രമായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റില്‍ വരുന്ന കുറിപ്പുകളുടെയും ലേഖനങ്ങളുടെയും വിവര്‍ത്തനങ്ങള്‍ . പ്രധാന ചുമതല ഐ സി പിക്കായിരുന്നു. അദ്ദേഹം എഴുതിയ ലേഖനത്തിന്റെ പേരില്‍ ഗവണ്‍മെന്റ് പ്രഭാതത്തെ താക്കീത്ചെയ്തു.

ഭഗത്സിങ്ങിനെ തൂക്കിക്കൊന്നതിലുള്ള പ്രതിഷേധമായി 1935ല്‍ ചൊവ്വര പരമേശ്വരന്‍ "വിപ്ലവം നീണാള്‍ ജയിക്കട്ടെ, സാമ്രാജ്യ- ദുഷ്പ്രഭുത്വത്തെ ചവിട്ടിമാറ്റീടുവാന്‍" എന്ന കവിത എഴുതിയതോടെ 2000 രൂപ പിഴയടയ്ക്കാന്‍ വിധിച്ചു. ഇത്രയും വലിയ തുകയടയ്ക്കാന്‍ കഴിയുമായിരുന്നില്ല. ആ വര്‍ഷം ആഗസ്ത് 12ന്റെ ലക്കത്തോടെ പ്രഭാതം നിര്‍ത്തി. 1937ല്‍ രാജാജി മന്ത്രിസഭ വന്നതോടെ ബ്രിട്ടീഷുകാരുടെ പല ഉത്തരവുകളും റദ്ദാക്കി. അങ്ങനെ 1938 മാര്‍ച്ച് 10ന് ചേര്‍ന്ന സിഎസ്പി യോഗം പ്രഭാതം വീണ്ടും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഇ എം എസിന്റെ പത്രാധിപത്യത്തില്‍ എ കെ ജി മാനേജരും ഐ സി പി പ്രിന്ററും പബ്ലിഷറുമായി. 1938 ഏപ്രില്‍ 11ന് അത് പുറത്തിറങ്ങുമ്പോള്‍ ഐസിപിക്ക് പകരം പി കെ ബാലകൃഷ്ണന്‍ പ്രിന്ററും പബ്ലിഷറുമായി. അന്ന് കോഴിക്കോട്ട്നിന്നാണ് അച്ചടിച്ചത്. പ്രഭാതം പിന്നീട് "ദേശാഭിമാനി" വാരികയായി 1942 സെപ്തംബര്‍ ആറിന് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. അതിലും ഐ സി പിക്ക് പ്രധാനചുമതല. 1946ല്‍ ദിനപത്രമായി പുറത്തിറങ്ങുമ്പോഴും അദ്ദേഹം റിപ്പോര്‍ട്ടിങ്ങും പ്രൂഫ്വായനയും നടത്തി. കമ്യൂണിസ്റ്റ് കേഡര്‍മാരെ വാര്‍ത്തെടുക്കാന്‍ പ്രഭാതത്തിന് കഴിഞ്ഞുവെന്ന് "ദേശാഭിമാനിയുടെ ചരിത്രം" എന്ന പുസ്തകത്തില്‍ ഇ എം എസ് വ്യക്തമാക്കുന്നുണ്ട്.

പാറപ്രം സമ്മേളനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസെല്‍ രൂപീകരിക്കുമ്പോള്‍ സിഎസ്പിയില്‍ പ്രവര്‍ത്തിച്ച കേഡര്‍മാര്‍ക്ക് സംശയങ്ങള്‍ ഇല്ലാതാക്കിയത് പ്രഭാതമായിരുന്നുവെന്ന് നിസ്സംശയം പറയാം. പ്രഭാതത്തില്‍ പ്രവര്‍ത്തിച്ചവരില്‍ ആരും ജീവിച്ചിരിപ്പില്ല. 2001 മെയ് 27ന് ഐ സി പി വിടപറഞ്ഞതോടെ അവസാന കണ്ണിയും നഷ്ടമായി.
(വേണു കെ ആലത്തൂര്‍)

deshabhimani 020112

3 comments:

  1. പുതിയ പ്രഭാതത്തിലേക്ക് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് കമ്യുണിസ്റ്റുകാര്‍ കത്തിച്ചുവച്ച വിളക്കായിരുന്നു "പ്രഭാതം" വാരിക. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന് പുതിയ ദിശയും ജന്മിത്വവിരുദ്ധ സമരത്തിന് പുതിയ ഊര്‍ജവും പകര്‍ന്ന പത്രം. ഒരു ജനതയെയാകെ പോരാട്ടസജ്ജമാക്കിയ ആശയങ്ങളുടെ പ്രചാരണത്തിന് "പ്രഭാതം" നല്‍കിയ സംഭാവന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായം.

    ReplyDelete
  2. aa press natathiyathu verumoru kunhiramapoduvaal aayirunnilla.swathanthrya porali.keralathinte madhyama rakthasakshi navab rajendrante achan.

    ReplyDelete
  3. aa press natathiyathu verumoru kunhiramapoduvaal aayirunnilla.swathanthrya porali.keralathinte madhyama rakthasakshi navab rajendrante achan.

    ReplyDelete