പ്രവാസി ഭാരതീയര്‍ ഭാരതീയജീവിതത്തിന്റെ അവിഭാജ്യഭാഗമാണ്. അകലെയായിരിക്കുമ്പോഴും അവരുടെ മനസ്സും ചിന്തകളും ഭാരതത്തെ പൊതിഞ്ഞുനില്ക്കുന്നു. അവരുടെ പെറ്റമ്മയായ ഭാരതം. അവരുടെ ഉറ്റവരും ഉടയവരും എല്ലാം ജീവിക്കുന്ന ഭാരതം. ആ ഭാരതത്തിന്റെ മക്കളാണെന്നതില്‍ എന്നും അഭിമാനപൂരിതമാണ്, അവരുടെ അന്തഃരംഗം. പിറന്ന നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രവാസികളില്‍ ഏറിയ പങ്കും പ്രവാസജീവിതം തിരഞ്ഞെടുത്തത്. മഹാഭൂരിപക്ഷത്തിനും അത് സ്വന്തം തീരുമാനമായിരുന്നില്ല. ജീവിതത്തിന്റെ നിര്‍ബന്ധമായിരുന്നു. അവരുടെ വിയര്‍പ്പിന്റെ കൂടി ശക്തിയിലാണ് ഇന്ത്യയുടെ സമ്പദ്ഘടന മുന്നോട്ടുപോകുന്നത്. അവര്‍ക്കുവേണ്ടി ഗവണ്മെന്റ് ഒരു ദിവസം മാറ്റിവയ്ക്കുന്നത് ഒരു മഹാകാര്യം പോലെയാണിപ്പോള്‍ കൊണ്ടാടപ്പെടുന്നത്. പ്രവാസി ഭാരതീയ ദിവസ് എന്നാണ് ആ ദിവസത്തിനു പേരിട്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഈ മാമാങ്കം നടക്കുന്നു. ആണ്ടിലൊരിക്കല്‍ പ്രവാസികളിലെ വരണ്യവിഭാഗത്തെ വിളിച്ചുകൂട്ടി പ്രവാസിമാഹാത്മ്യം പ്രസംഗിക്കുകയാണ് അവിടത്തെ പതിവ്. ഇക്കുറി അതിന്റെ ആവര്‍ത്തനം നടന്നത് ജയ്പൂരിലാണ്.
ഇന്നത്തെ രീതിയിലും സ്വഭാവത്തിലും പ്രവാസി ഭാരത് ദിവസ് കൊണ്ടാടുന്നതു കൊണ്ട് പ്രവാസികളിലെ മഹാഭൂരിപക്ഷത്തിന് എന്തു പ്രയോജനമെന്ന ചര്‍ച്ച വളര്‍ന്നുവരുന്നുണ്ട്. കടലുകളും പര്‍വതങ്ങളും താണ്ടി വിദൂരഭൂമികളില് ചോരനീരാക്കി വീടും നാടും പോറ്റുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട പ്രവാസികള്‍ തന്നെയാണ് ഈ ചോദ്യം ചോദിക്കുന്നത്.
ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ അവര്‍ സാമ്പത്തികമായും സാമൂഹികമായും ദുര്‍ബലരായിരിക്കാം. എന്നാല്‍ ഒന്നിച്ചെടുക്കുമ്പോള്‍ അവരുടെ സാമ്പത്തികശക്തിയും സാമൂഹിക സ്വാധീനവും വളരെ വലുതാണെന്ന് ഗവണ്മെന്റ് മറന്നുപോകുന്നു. ജയ്പൂരിലെ ആഘോഷങ്ങളിലും 'സാദാ പ്രവാസികള്‍'ക്ക് വേണ്ടിയുള്ള അധരസേവയ്ക്ക് കുറവുണ്ടായില്ല. പ്രധാനമന്ത്രിയടക്കമുള്ള അധികാരസ്ഥന്മാര്ക്ക് ചുറ്റും പണക്കൊഴുപ്പും പൊങ്ങച്ചവും ശീലമാക്കിയ സ്പെഷ്യല്‍ പ്രവാസിമാര് വിലസി. അത്തരക്കാരുമായി ചങ്ങാത്തം കൊതിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കളും അധികാരത്തിന്റെ തോളില്‍ കൈയിടാന്‍ ദാഹിക്കുന്ന പ്രവാസിശിങ്കങ്ങളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഇത്തരം 'ധന്യ' ദിവസങ്ങള്‍ക്ക് നര്‍മത്തിന്റെ തൊങ്ങലും ചാര്‍ത്തിക്കൊടുക്കും. മുന്നിരക്കസേരകള് പലതും സംഘാടകരായ ഉദ്യോഗസ്ഥര്‍ കൈയടക്കിയപ്പോള്‍, അവരുടെ മുന്നില്‍ തറയിലിരുന്നുകൊണ്ടാണ് പ്രവാസി പ്രതിനിധികള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവാസി ഭാരത് ദിവസത്തില്‍ നടന്നതിനപ്പുറമൊന്നും ഇത്തവണ ജയ്പൂരില്‍ ഉണ്ടായില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രസംഗം ഭൂരിപക്ഷം വരുന്ന പ്രവാസികളോട് പുതുതായി ഒന്നും പറഞ്ഞില്ല. പ്രവാസി വോട്ടവകാശത്തെപ്പറ്റി ഇത്തരം സമ്മേളനങ്ങളില്‍ എത്ര തവണ ഉറപ്പുനല്‍കിയെന്ന് പ്രധാനമന്ത്രിക്ക് പോലും പെട്ടെന്നു പറയാന്‍ കഴിയില്ല. വോട്ടവകാശം പ്രവാസികളുടെ അവകാശമാണ്. അതേക്കുറിച്ചുള്ള വെറും വര്‍ത്തമാനങ്ങള്‍ കേട്ട് പ്രവാസികളുടെ കാതു തഴമ്പിച്ചു. അടുത്ത പ്രവാസി ഭാരത് ദിവസത്തിനു മുമ്പെങ്കിലും അവര്‍ക്ക് വോട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഗവണ്മെന്റ് പൂര്‍ത്തിയാക്കുമോ എന്നാണറിയേണ്ടത്.
പ്രവാസികള്‍ക്ക് പെന്‍ഷനും ഇന്‍ഷ്വറന്‍സും എല്ലാം ജയ്പൂര്‍ വാഗ്ദാനങ്ങളിലും സ്ഥാനം പിടിച്ചു. ജീവിക്കാന്‍ പാടുപെടുന്ന പ്രവാസി ഭൂരിപക്ഷത്തിന് അതെല്ലാം ലഭ്യമാക്കുക തന്നെവേണം. സര്‍ക്കാര്‍ വേണമെന്നുവച്ചിരുന്നെങ്കില് ഇതിനകംതന്നെ അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അതിനുള്ള രാഷ്ട്രീയ ഇച്ഛ ഗവണ്മെന്റിന് ഇല്ലെന്നതാണ് പ്രശ്നം,
അറുപത് ലക്ഷത്തിലേറെ പ്രവാസി ഇന്ത്യാക്കാര്‍ പശ്ചിമേഷ്യയിലും ഗള്‍ഫ് മേഖലയിലുമായി ജീവിക്കാന്‍ പാടുപെടുന്നു. അവിടങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന അസ്ഥിരത അവരുടെ ഭാവിയെ ആശങ്കയിലാഴ്ത്തുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയവരുടെയും ഇനി എത്തിയേക്കാവുന്നവരുടേയും പുനരധിവാസം ഗൗരവമേറിയ സാമൂഹിക കര്‍ത്തവ്യമായി ഗവണ്മെന്റ് കാണുന്നില്ല. അതിനുള്ള പദ്ധതി ഉടനുണ്ടാകണം. പ്രവാസികളുടെ യാത്രാദുരിതങ്ങളും ഗള്‍ഫ് സെക്ടറില്‍ എയര്‍ഇന്ത്യ അടക്കം നടത്തുന്ന പകല്‍കൊള്ളയും ഗവണ്മെന്റ് അറിയുന്നില്ലേ? വിദേശങ്ങളില്‍ പ്രവാസി ഭാരതീയരും നാട്ടില്‍ അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന സാമൂഹികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ കണ്ണുപതിയാത്തതെന്താണ്? അവര്‍ക്ക് വൈദ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായ സാന്ത്വനം ഉറപ്പുവരുത്താന്‍ പദ്ധതികള്‍ ഉണ്ടാകാത്തതെന്താണ്? വിദേശങ്ങളിലെ തൊഴില്‍മേഖലയില്‍ ഇന്ത്യാക്കാര്‍ നേരിടുന്ന പീഡനങ്ങള്‍, ജയിലുകളിലും മറ്റും അവര്‍ അനുഭവിക്കുന്ന നരകയാതനകള്‍-ഇതൊന്നും തങ്ങളുടെ വിഷയമല്ലെന്നാണോ ഗവണ്മെന്റ് ചിന്തിക്കുന്നത്? ഇത്തരം സമീപനം പൂര്‍ണമായും തെറ്റാണ്. ഭൂരിപക്ഷം പ്രവാസികളോടും അവഗണന പുലര്‍ത്തുന്ന സമീപനത്തെ 'പ്രവാസി ദിവസ്' എന്ന വര്‍ണക്കുപ്പായം കൊണ്ടുമൂടിവയ്ക്കുന്നത് വഞ്ചനയാണ്. പ്രവാസികള്ക്കുവേണ്ടത് ഒരു ദിവസമല്ല; 365 ദിവസവും അവരുടെ യാതനകള്ക്കുനേരെ കണ്ണ് തുറന്നുപിടിക്കുന്ന മനുഷ്യത്വമുള്ള സമീപനമാണ്.
janayugom editorial 100112

ReplyDelete