Sunday, January 8, 2012

മലയാളിയുടെ ചികിത്സാചെലവ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

മലയാളിയുടെ ചികിത്സാചെലവില്‍ ഭീമമായ വര്‍ധനവ് ഉണ്ടാകുന്നതായി ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനറിപ്പോര്‍ട്ട്. ഒരു വ്യക്തിക്ക് ഒരുവര്‍ഷം വിവിധ ചികിത്സകള്‍ക്കായി 5269 രൂപ ചെലവാക്കേണ്ടിവരുന്നതായി പരിക്ഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 790 വീടുകളില്‍ 3576 പേരില്‍ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ . സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ചികിത്സാസൗകര്യങ്ങള്‍ക്കും രാഷ്ട്രീയ സ്വസ്ത് ബീമായോജന (ആര്‍എസ്ബിവൈ) പോലെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്കും പുറമെയാണ് ഈ തുക ചെലവഴിക്കേണ്ടിവരുന്നതെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2004ല്‍ 1837 രൂപയായിരുന്നു ചികിത്സാചെലവ്. 2010ല്‍ മൂന്നിരട്ടിയോളം വര്‍ധിച്ചു. മൂന്നിലൊരാള്‍ 32.2 ശതമാനം പണം ആരോഗ്യകാര്യത്തിനായി ചെലവാക്കുമ്പോള്‍ ആയിരത്തില്‍ ആറുപേര്‍ക്ക് ഒരുലക്ഷത്തിലധികം തുക ചെലവാക്കേണ്ടിവരുന്നു. 60 വയസിനുമുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലധികംപേരും ഒരുവര്‍ഷം 5000 രൂപയിലധികം ചെലവഴിക്കുന്നു. 60 വയസിനുമുകളിലുള്ള മൂന്നില്‍രണ്ടുപേര്‍ ഇങ്ങനെ പണം ചെലവാക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ട നാലിലൊരാള്‍ 15,000 രൂപയിലധികവും ചികിത്സയ്ക്കായി ചെലവഴിക്കുന്നു. സംസ്ഥാനത്ത് ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടിവരുന്നതിനാല്‍ ചെലവ് ഇനിയും വര്‍ധിക്കാമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുവര്‍ഷം 2500 രൂപയാണ് ചികിത്സാചെലവെങ്കില്‍ ഇത് സ്വകാര്യ ആശുപത്രികളില്‍ 10,000 രൂപയിലധികമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരുടെ ശരാശരി ചികിത്സാചെലവ് 15,000 രൂപയാകുമ്പോള്‍ ഹൃദ്രോഗികളില്‍ ഇത് 25,000 രൂപയും ക്യാന്‍സര്‍രോഗികളില്‍ ഇത് 1,50,000 രൂപവരെയുമാണ്. ജീവിതശൈലീരോഗങ്ങളുടെ തുടര്‍ചികിത്സയാണ് പ്രധാന ചെലവെങ്കിലും ചെലവ് തടയിടാന്‍ ആര്‍എസ്ബിവൈ പോലെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകൊണ്ട് കഴിഞ്ഞിട്ടില്ലെന്നും പഠനം സൂചിപ്പിക്കുന്നു.

deshabhimani 080112

1 comment:

  1. മലയാളിയുടെ ചികിത്സാചെലവില്‍ ഭീമമായ വര്‍ധനവ് ഉണ്ടാകുന്നതായി ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനറിപ്പോര്‍ട്ട്. ഒരു വ്യക്തിക്ക് ഒരുവര്‍ഷം വിവിധ ചികിത്സകള്‍ക്കായി 5269 രൂപ ചെലവാക്കേണ്ടിവരുന്നതായി പരിക്ഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 790 വീടുകളില്‍ 3576 പേരില്‍ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ . സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ചികിത്സാസൗകര്യങ്ങള്‍ക്കും രാഷ്ട്രീയ സ്വസ്ത് ബീമായോജന (ആര്‍എസ്ബിവൈ) പോലെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്കും പുറമെയാണ് ഈ തുക ചെലവഴിക്കേണ്ടിവരുന്നതെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ReplyDelete