Tuesday, January 17, 2012

സാന്ത്വനവഴികളില്‍ അവര്‍ ഒത്തുചേര്‍ന്നു

രോഗപീഡയില്‍ കാലിടറിവീഴുന്ന സഹജീവികള്‍ക്ക് കൈത്താങ്ങായി സ്വജീവിതത്തിന് മനുഷ്യസ്നേഹത്തിന്റെ ഏകാര്‍ഥം കണ്ടെത്തിയവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒത്തുചേര്‍ന്നു. ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അമ്പതോളം സന്നദ്ധസേവകരാണ് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ ഒത്തുചേര്‍ന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീല മേനോന്‍ ഉദ്ഘാടനംചെയ്തു. രോഗം കീഴ്പ്പെടുത്തി ആരോഗ്യവും പണവും നഷ്ടപ്പെട്ടവര്‍ക്ക് സന്നദ്ധസേവകര്‍ വീട്ടിലെത്തി സൗജന്യമായി നല്‍കുന്ന പരിചരണവും സാന്ത്വനവും വളരെ വിലപ്പെട്ടതാണെന്ന് ലീല മേനോന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ പാലിയേറ്റീവ് യൂണിറ്റ് ആരംഭിച്ചത് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. 2008ല്‍ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം അത്തരമൊരു ഉദ്യമത്തിന് മുന്‍കൈയെടുത്തപ്പോള്‍ സര്‍ക്കാരില്‍നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍നിന്നും ലഭിച്ച പിന്തുണയും ചില കോണുകളില്‍നിന്നുയര്‍ന്ന തടസ്സവാദങ്ങളും എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ബീന ഓര്‍മിച്ചു. വൈറ്റില കേന്ദ്രീകരിച്ച് നഗരത്തിലെ സാന്ത്വന പരിചരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച കൊച്ചി ടാസ്ക് ഫോഴ്സ് പ്രവര്‍ത്തകന്‍കൂടിയായ സജീവന്‍ , വൈപ്പിന്‍ മേഖലയിലെ സ്നേഹാലയം പീറ്റര്‍ എന്നിവരും ഓര്‍മകള്‍ പങ്കിട്ടു. നിലവില്‍ രണ്ടു വാന്‍ യൂണിറ്റിന് സ്വന്തമായുണ്ട്. മെഡിക്കല്‍ ഓഫീസറും അഞ്ച് നേഴ്സുമാരുമാണുള്ളത്. വ്യാഴാഴ്ച ഒഴികെയുള്ള പ്രവൃത്തിദിവസങ്ങളില്‍ രണ്ടു ടീമുകളായി യൂണിറ്റിലെ അംഗങ്ങള്‍ വീടുകളിലെത്തി രോഗികള്‍ക്ക് പരിചരണം നല്‍കുന്നു. യൂണിറ്റില്‍ രജിസ്റ്റര്‍ചെയ്ത രോഗികളുടെ വീടുകളിലാണ് പ്രവര്‍ത്തകര്‍ എത്തുക. ഇവര്‍ക്ക് സൗജന്യചികിത്സയ്ക്കായി വ്യാഴാഴ്ചകളില്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മോഹന്റെ നേതൃത്വത്തില്‍ ഒപിയും പ്രവര്‍ത്തിക്കുന്നു. രണ്ടു വാന്‍കൂടി ഉടനെ എത്തുമെന്ന് പാലിയേറ്റീവ് കെയര്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ എ കെ യൂസഫ് പറഞ്ഞു.

നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായവര്‍ക്ക് ജീവിതമാര്‍ഗവും ആശ്വാസവും പകരുന്ന പുതിയ പദ്ധതിയുടെ ക്യാമ്പുകള്‍ ജില്ലയിലുടനീളം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്യുന്നവരാണ് സന്നദ്ധസേവകരില്‍ ഏറെയും. മിക്കവാറുംപേര്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസത്തെ ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് പരിചരണത്തിനായി എത്തുന്നത്. ജോലിയില്‍നിന്നു വിരമിച്ചവരും വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെയുള്ളവരാണ് എറണാകുളം, പള്ളുരുത്തി, വൈപ്പിന്‍ , കാക്കനാട് തുടങ്ങിയ മേഖലകളില്‍ യൂണിറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കുന്ന അഡീഷണല്‍ ഡിഎംഒ ഡോ. ഡാലിയ, ഡോ. മാത്യു നമ്പേലി, യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജീന വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

deshabhimani

1 comment:

  1. രോഗപീഡയില്‍ കാലിടറിവീഴുന്ന സഹജീവികള്‍ക്ക് കൈത്താങ്ങായി സ്വജീവിതത്തിന് മനുഷ്യസ്നേഹത്തിന്റെ ഏകാര്‍ഥം കണ്ടെത്തിയവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒത്തുചേര്‍ന്നു. ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അമ്പതോളം സന്നദ്ധസേവകരാണ് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ ഒത്തുചേര്‍ന്നത്.

    ReplyDelete