Monday, January 2, 2012

ഉദ്ഘാടനം കഴിഞ്ഞിട്ടും സൈറണ്‍ മുഴങ്ങാതെ

മാരാരിക്കുളം: ഉദ്ഘാടനംകഴിഞ്ഞ് ഒരുവര്‍ഷമായിട്ടും കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍നിന്ന് സൈറണ്‍ മുഴങ്ങുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ 46.59 കോടി രൂപ വിനിയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോടെ തുടങ്ങിയ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഇവിടേക്ക് ഉള്‍പ്പെടെ തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് റദ്ദുചെയ്ത് ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചു. ഇതില്‍ പ്രതിഷേധിച്ച് സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കമ്പനിക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തും. 300ലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഇപ്പോള്‍ തുരുമ്പെടുത്തുതുടങ്ങി. യന്ത്രങ്ങള്‍ സ്ഥാപിച്ചശേഷം കഴിഞ്ഞ മാര്‍ച്ചില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനി ഉദ്ഘാടനം ചെയ്തു. കൂടാതെ കമ്പനിയോടു ചേര്‍ന്ന് ബനിയന്‍ തുണി ഫാക്ടറി തുടങ്ങാന്‍ ബജറ്റില്‍ പണം നീക്കിവച്ചു. വസ്ത്രനിര്‍മാണ പാര്‍ക്ക് ആരംഭിക്കാനും ലക്ഷ്യമിട്ടു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇവ അട്ടിമറിച്ചു. വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചാല്‍ കമ്പനി തുറന്നുപ്രവര്‍ത്തിപ്പിക്കാനാകും. ഇതിനുള്ള ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപ്പാക്കാനായില്ല.

1969ല്‍ ബിര്‍ള മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെ തുടങ്ങിയ കമ്പനി ഉത്തം ഗ്രൂപ്പിനു കൈമാറി ഏറെ താമസിയാതെ 2003 മാര്‍ച്ച് 22ന് അടച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക് മുന്‍കൈയെടുത്ത് കമ്പനി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഒടുവില്‍ സ്വകാര്യമേഖലയിലുള്ള കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തു. തൊഴിലാളികള്‍ക്ക് ആറുകോടിയോളം രൂപയുടെ ആനുകൂല്യം നല്‍കിയതിനുശേഷമാണ് ഏറ്റെടുത്തത്. ഇതിനുശേഷം കമ്പനി കേരള ടെക്സ്റ്റൈല്‍ മില്‍ കോര്‍പറേഷനു കൈമാറി. പ്രാദേശിക പ്രാതിനിധ്യം പരിഗണിച്ച് ഉദ്യോഗാര്‍ഥികളുടെ റാങ്ക്ലിസ്റ്റ് തയ്യാറാക്കി നിയമനനടപടി സ്വീകരിച്ചു. ബദലി തൊഴിലാളികളുടെ കാര്യത്തിലും പ്രത്യേക പരിഗണനകാട്ടി. കമ്പനി വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാട്ടിയ ദൃഢനിശ്ചയത്തിന് തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചിരുന്നു.

deshabhimani 020112

1 comment:

  1. ഉദ്ഘാടനംകഴിഞ്ഞ് ഒരുവര്‍ഷമായിട്ടും കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍നിന്ന് സൈറണ്‍ മുഴങ്ങുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ 46.59 കോടി രൂപ വിനിയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോടെ തുടങ്ങിയ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.

    ReplyDelete