പ്രകടനം എത്തിച്ചേരും മുമ്പ് പൊതുസമ്മേളനവേദിയായ പീരങ്കിമൈതാനം ജനങ്ങളാല്‍ നിറഞ്ഞു. ചെങ്കൊടിയുടെ നിലയ്ക്കാത്ത നിര നഗരം കൈയടക്കി. ചുവന്ന ഷര്‍ട്ടും കാക്കി പാന്റ്സും അണിഞ്ഞ പുരുഷ വളന്റിയര്‍മാരും ചുവന്ന സാല്‍വാറും വെള്ളഷാളും അണിഞ്ഞ വനിതാ വളന്റിയര്‍മാരും നയിച്ച ജനങ്ങളുടെ മഹാപ്രവാഹം ജില്ലയില്‍ പാര്‍ടിയുടെ കെട്ടുറപ്പും ശക്തിയും വിളിച്ചറിയിക്കുന്നതായിരുന്നു. പകല്‍ നാലിന് ആരംഭിച്ച റെഡ് വളന്റിയര്‍ മാര്‍ച്ച് സമ്മേളന നഗറില്‍ എത്തുമ്പോഴേക്കും ആറ് കഴിഞ്ഞു. അവസാന പ്രകടനം സമ്മേളന നഗറിലെത്തുമ്പോള്‍ സമയം ഏഴരയായി. തിങ്ങിനിറഞ്ഞ മൈതാനിയില്‍ നില്‍ക്കാന്‍ സ്ഥലമില്ലാതെ സഖാക്കള്‍ ബുദ്ധിമുട്ടി.
പാര്‍ടി കൂടുതല്‍ കരുത്തോടെ മുന്നേറും: രാജഗോപാല്‍
ജില്ലാ സമ്മേളനം പൂര്‍ണ വിജയമായിരുന്നുവെന്നും കൂടുതല്‍ കരുത്തോടെ പാര്‍ടി മുന്നോട്ടുപോകുമെന്നും സിപിഐ എം ജില്ലാസെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്ത കെ രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമ്മേളനവുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അവയെ ഞങ്ങള്‍ ഗൗരവമായി കാണുന്നില്ല. എല്ലാ കാര്യങ്ങളും സമ്മേളനം വിശദമായി ചര്‍ച്ചചെയ്തു. പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ നിലവിലുണ്ടായിരുന്ന ജില്ലാകമ്മിറ്റിയില്‍നിന്ന് രണ്ടുപേരെ ചര്‍ച്ചകള്‍ക്കുശേഷം ഒഴിവാക്കി. കെ വി രാജേന്ദ്രന്‍ , സി മുകേഷ് എന്നിവരെയാണ് ഒഴിവാക്കിയത്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനായി സംസ്ഥാനകമ്മിറ്റി അംഗം ബി രാഘവന്‍ സ്വമേധയാ ഒഴിയുകയും ചെയ്തു. പുതുതായി ഏഴ് അംഗങ്ങളടങ്ങിയ ഔദ്യോഗിക പാനലാണ് അവതരിപ്പിച്ചത്. ഇതിനെതിരെ നാലുപേര്‍ മത്സരിച്ചു. അവര്‍ പരാജയപ്പെട്ടു. മത്സരം വിഭാഗീയമായിരുന്നോ എന്നൊന്നും ചര്‍ച്ചചെയ്തിട്ടില്ല. സംസ്ഥാന സെന്ററിന്റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പായിരുന്നുവെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. വിഭാഗീയത ഈ സമ്മേളനത്തോടെ വളരെ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസമ്പത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് പ്രധാനമന്ത്രി ഒത്താശ ചെയ്യുന്നു: പി കെ ഗുരുദാസന്‍
അമേരിക്കയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. പാര്‍ടി ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗുരുദാസന്‍ .
രാജ്യത്തിന്റെ സമ്പത്താകെ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാ ഒത്താശയും പ്രധാനമന്ത്രി ചെയ്തുകൊടുക്കുകയാണ്. ഇതിനെതിരെയും വിലക്കയറ്റത്തിനും അഴിമതിക്കെതിരെയും ഐഎന്‍ടിയുസി, ബിഎംഎസ് അടക്കമുള്ള 11 ട്രേഡ്യൂണിയന്‍ സംഘടനകള്‍ ഫെബ്രുവരി 28ന് ദേശീയ പണിമുടക്ക് നടത്തുകയാണ്. സമസ്ത മേഖലകളില്‍ നേട്ടങ്ങളും ജനക്ഷേമ പരിപാടികളും വികസനവും നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ആ നേട്ടങ്ങളെയെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. തൊഴിലാളികളെയും കര്‍ഷകരേയും മറ്റു ജനവിഭാഗങ്ങളെയും അണിനിരത്തി എല്‍ഡിഎഫ് പ്രക്ഷോഭം നടത്തും. ക്രിസ്മസ് സമയത്തുപോലും മത്സ്യത്തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ കഴിയാത്ത ഭരണമാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് ഗുരുദാസന്‍ പറഞ്ഞു. സമ്മേളനത്തില്‍ എം എ ബേബി എംഎല്‍എയും സംസാരിച്ചു.
ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കണം; മത്സ്യമേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം: സിപിഐ എം
മത്സ്യമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ശുപാര്‍ശചെയ്ത അപേക്ഷകര്‍ക്കെല്ലാം ആനുകൂല്യംനല്‍കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മത്സ്യമേഖലയില്‍ നിരവധി തൊഴില്‍ക്ഷേമ പദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പാക്കി. എന്നാല്‍ , യുഡിഎഫ് അധികാരത്തില്‍ വന്നതോടെ പദ്ധതികളെല്ലാം മരവിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസംനല്‍കാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ കടാശ്വാസ പദ്ധതി നിശ്ചലമായി. സര്‍ക്കാരിന്റെ നിസ്സംഗതയില്‍ ആശങ്ക അറിയിച്ച് കടാശ്വാസ കമീഷന്‍ ചെയര്‍പേഴ്സണ്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ക്രിസ്മസിന് കുടിശ്ശികയായ നാലു മാസത്തെ പെന്‍ഷന്‍ നല്‍കാനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.
സമ്പാദ്യ സമാശ്വാസ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളികളില്‍നിന്ന് പണം സ്വീകരിക്കുന്നില്ല. പദ്ധതിക്ക് കേന്ദ്രം പണം നല്‍കുന്നുമില്ല. പദ്ധതി ആനുകൂല്യം 3600ല്‍നിന്ന് 1800 ആയി വെട്ടിച്ചുരുക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകിയിരുന്ന പദ്ധതി ഫലത്തില്‍ ഇല്ലാതാകുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മാണ ഗ്രാന്റിന് സര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കുന്നില്ല. മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡ് വഴിയുള്ള പദ്ധതികളും മുടങ്ങി. അവഗണന അവസാനിപ്പിച്ച് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിച്ച് കേരളത്തിന്റെ ആശങ്ക അകറ്റാനും തമിഴ്നാടിന് ആവശ്യമായ ജലം നല്‍കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വിഷയം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ് അടിയന്തരമായി തീര്‍പ്പാക്കണം. അണക്കെട്ട് പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് പരിഹാരമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം തുടരുന്നു. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്ന സിപിഐ എം നിലപാടിന് പിന്നീട് വലിയ അംഗീകാരമാണ് ലഭിച്ചത്. വിവിധ സംഘടനകള്‍ ഈ ആവശ്യം മുദ്രാവാക്യമായി ഏറ്റെടുത്തു.
മുല്ലപ്പെരിയാര്‍ വിഷയത്തെ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറ്റാനുള്ള ശ്രമമുണ്ടായി. തമിഴ്നാട്ടിലെ ചില രാഷ്ട്രീയപാര്‍ടികളും സംഘടനകളും പ്രശ്നം സങ്കീര്‍ണമാക്കാനാണ് ശ്രമിച്ചത്. കേന്ദ്രമന്ത്രിമാര്‍ പോലും പക്ഷംചേര്‍ന്നു. ജില്ലാ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കത്തെ സിപിഐ എം ശക്തമായി ചെറുത്തു. തമിഴ്നാട്ടിലെ മലയാളികള്‍ക്കും കേരളത്തിലെ തമിഴര്‍ക്കും സംരക്ഷണമെന്ന ശക്തമായ നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തി മുല്ലപ്പെരിയാര്‍ വിഷയത്തിന് ചര്‍ച്ചകളിലൂടെ രമ്യമായ പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
deshabhimani 050112
ചെങ്കടലില്‍ മേളവൈവിധ്യം തീര്‍ത്ത മഹാപ്രകടനം ചരിത്രനഗരിയെ ഉത്സവലഹരിയിലാക്കി. തെയ്യവും തിറയും പൂക്കാവടിയും മുത്തുക്കുടയും ചുവന്ന കുടകളും ആടിപ്പാടിയെത്തിയ സാന്താക്ലോസുമാരുമൊക്കെ പ്രകടനത്തെ വര്‍ണാഭമാക്കി. ആനന്ദവല്ലീശ്വരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ യൂണിഫോമണിഞ്ഞ് ബൈക്കിലെത്തിയ സിഐടിയു തൊഴിലാളികള്‍ ആവേശം പകര്‍ന്നു. ആവേശം അലതല്ലിയ പ്രകടനത്തിലുടനീളം കൈത്താളത്തില്‍ വിപ്ലവഗാനങ്ങള്‍ പാടിയും ആടിയുമാണ് പ്രവര്‍ത്തകര്‍ മുന്നോട്ടു നീങ്ങിയത്. മേളങ്ങളുടെ മുഴക്കത്തേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങിയ മുദ്രാവാക്യം വിളികള്‍ കാണികളെപ്പോലും ആവേശഭരിതരാക്കി. അഭിവാദ്യം അര്‍പ്പിച്ച് വഴിയോരങ്ങളില്‍ വിവിധ ഇടതുപക്ഷ സംഘടനാ പ്രതിനിധികള്‍ നില്‍ക്കുന്നുണ്ടായിരുന്നു. വന്‍ സ്ത്രീപങ്കാളിത്തമാണ് പ്രകടനത്തിലുടനീളം കാണാനായത്.
ReplyDelete