സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെട്ടപ്പോള്‍ പകരം വന്നത് മുതലാളിത്ത ഭരണസംവിധാനമാണ്. ആ സംവിധാനം പരിപൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ കൂടി പ്രതിഫലനമായാണ് ജനങ്ങള്‍ പുടിന്‍ ഭരണത്തിനെതിരെ തെരുവിലിറങ്ങുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കാത്ത കേന്ദ്രങ്ങളിലെ വോട്ട് എണ്ണിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുണൈറ്റഡ് റഷ്യ പാര്‍ടിക്ക് യഥാര്‍ഥത്തില്‍ 32 ശതമാനം വോട്ടു മാത്രമേ ഉള്ളൂ, കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷത്തു നില്‍ക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റ് കക്ഷിയായ ജസ്റ്റ് റഷ്യ പാര്‍ടിയും ചേര്‍ന്ന് പകുതിയിലേറെ ജനങ്ങളുടെ പിന്തുണ യഥാര്‍ഥത്തില്‍ ആര്‍ജിച്ചിട്ടുണ്ടെന്നാണ് ചില ഏജന്‍സികള്‍ സര്‍വേകളുടെയും കണക്കുകളുടെയും വിശകലനത്തിലൂടെ സ്ഥാപിക്കുന്നത്. വലതുപക്ഷ ആശയങ്ങള്‍ തീവ്രമായി ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയും മറ്റും ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. റൈറ്റ് കോസ് പാര്‍ടിക്ക് ഒരു ശതമാനം വോട്ടുപോലുമില്ല. ആപ്പിള്‍ പാര്‍ടിക്ക് പ്രാതിനിധ്യമേയില്ല. മുതലാളിത്തത്തിന്റെ ആശയഗതികളുടെ പരാജയമായാണ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയേ പുടിന് നിവൃത്തിയുള്ളൂ. ബോറിസ് യെല്‍ട്സിന്റെ വലതുപക്ഷനയങ്ങളും ഭ്രാന്തന്‍ പരിഷ്കരണങ്ങളും റഷ്യന്‍ ജനതയ്ക്ക് അസഹ്യമായപ്പോള്‍ മധ്യപാത സ്വീകരിച്ച് ജനതയെ ഭ്രമിപ്പിച്ചാണ് പുടിന്‍ പ്രീതിനേടിയത്.
സാമ്രാജ്യവിരോധത്തിന്റെയും തീവ്ര വലതുപക്ഷത്തോടുള്ള വിപ്രതിപത്തിയുടെയും വാചകമടികളിലൂടെയും ഉപരിപ്ലവമായ പ്രവൃത്തികളിലൂടെയും റഷ്യന്‍ ജനതയുടെ മനസ്സില്‍ ഉണ്ടാക്കിയെടുത്ത പ്രതീതികളാണ് പുടിന്റെ ഇതുവരെയുള്ള ആയുധമെന്നു പറയാം. അത്തരം പൊടിക്കൈകള്‍ ഇനിയും രക്ഷിക്കില്ലെന്നാണ് തെരഞ്ഞെടുപ്പിലെ ജനവികാരത്തിലൂടെ ബോധ്യപ്പെട്ടത്. സ്വാഭാവികമായും ഇനിയെന്തെന്ന ചോദ്യമാണുയരുന്നത്. സോവിയറ്റ് ഗൃഹാതുരത്വത്തിലേക്ക് ജനതയെ കൈപിടിച്ചുകൊണ്ടുപോകുകയാണ് ഇക്കുറി പുടിന്‍ ഭരണംകണ്ടെത്തിയ വഴി. അങ്ങനെയൊരു വഴിയിലേക്ക് പോകേണ്ടിവരുന്നു എന്നതുതന്നെ മഹത്തായ സോഷ്യലിസ്റ്റ് പൈതൃകത്തെ ജനങ്ങള്‍ എത്രമാത്രം നഷ്ടബോധത്തോടെയാണ് കാണുന്നതെന്ന് വിളിച്ചോതുന്നു. അതിലുപരി, മുതലാളിത്തത്തിന്റെ രക്ഷാമരുന്നുകള്‍ റഷ്യയിലെ ജനങ്ങളെ ഇന്ന് ഒട്ടും പ്രലോഭിപ്പിക്കുന്നില്ല; അവര്‍ അതിനെ തിരസ്കരിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പിരിഞ്ഞുപോയ രാജ്യങ്ങളെ യൂറേഷ്യന്‍ യൂണിയന്‍ എന്ന മറ്റൊരു കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നതിന് പുടിന്‍ തുടക്കമിട്ടതിന്റെ പശ്ചാത്തലമിതാണ്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ റഷ്യയും കസാക്കിസ്ഥാനും ബെലാറസും കഴിഞ്ഞദിവസം ഒപ്പിട്ട സഹകരണ കരാര്‍ യൂറേഷ്യന്‍ യൂണിയന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ മുന്‍ സോവിയറ്റ് രാജ്യങ്ങളെയും ഇതിലേക്ക് കൊണ്ടുവരുമെന്നും സോവിയറ്റ് യൂണിയന്‍ സൃഷ്ടിച്ച മികച്ച മൂല്യങ്ങളാകും ഈ കൂട്ടായ്മയുടെ സത്തയെന്നും പുടിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉക്രെയിന്‍ ഇതിലേക്ക് എത്രയുംവേഗം വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ചെങ്കൊടിയെയും സോവിയറ്റ് യൂണിയനെയും അതിന്റെ ധീരോദാത്ത പാരമ്പര്യത്തെയും സ്നേഹിക്കുന്ന ജനലക്ഷങ്ങള്‍ ഇന്ന് ഈ രാജ്യങ്ങളിലാകെയുണ്ട്. അവര്‍ ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ സ്ഥാപിച്ചും അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചും മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ കഷ്ടപ്പാടുകളെ ശപിച്ചും ജീവിക്കുന്നു. ആ ജനതയുടെ സ്വപ്നം സോവിയറ്റ് ഐക്യത്തിലും സോഷ്യലിസത്തിലും കുറഞ്ഞ ഒന്നുമല്ല. അവര്‍ക്കുമുന്നില്‍ പുടിന്‍ നീട്ടുന്ന പ്രലോഭനമെന്നതില്‍ കവിഞ്ഞ പ്രാധാന്യം പുതിയ നീക്കത്തിനുണ്ട്. മുതലാളിത്തത്തിന്റെ അനിവാര്യമായ പതനത്തിലേക്ക് വികസിത രാജ്യങ്ങള്‍ കൂപ്പുകുത്തുമ്പോള്‍ , അമേരിക്കന്‍ ഐക്യനാടുകളില്‍ പട്ടിണിക്കാരുടെയും പണിയില്ലാത്തവരുടെയും എണ്ണം പെരുകുമ്പോള്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത് സോഷ്യലിസ്റ്റ് ആശയത്തിലേക്കാണെന്ന യാഥാര്‍ഥ്യത്തെയാണ് ഈ നീക്കം അടിവരയിട്ട് ഉറപ്പിക്കുന്നത്. മാര്‍ക്സിസത്തിന്റെ പ്രസക്തിയാണ് പര്‍വത സമാനമായി ഉയര്‍ന്നുനില്‍ക്കുന്നത്. അമേരിക്കയിലും പശ്ചിമയൂറോപ്പിലും കുഴപ്പം മൂര്‍ഛിക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ ശക്തി ചോര്‍ന്നുപോകുന്നു. രണ്ടു പതിറ്റാണ്ടായി നടപ്പാക്കുന്ന ആഗോളവല്‍ക്കരണം ജനങ്ങളെ അതിസമ്പന്ന ന്യൂനപക്ഷമായും അതീവ ദരിദ്രഭൂരിപക്ഷമായുമാണ് മാറ്റിയത്. ഭൂരിപക്ഷം അതൃപ്തിയിലാണ്; രോഷത്തിലാണ്. അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനും തുറമുഖങ്ങള്‍ കൈയേറാനും കൊടുംതണുപ്പ് കൂസാതെ ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ മുതലാളിത്തത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് ലോകം തിരിച്ചറിയുന്നു. മുതലാളിത്ത പണ്ഡിതര്‍പോലും മാര്‍ക്സിനെയും മാര്‍ക്സിസത്തെയും വാഴ്ത്തുന്നു.
ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളാകട്ടെ, പുരോഗതിയുടെയും മുന്നേറ്റത്തിന്റെയും വ്യത്യസ്തമായ ചരിത്രം രചിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ലാറ്റിനമേരിക്കന്‍ ചെറുത്തുനില്‍പ്പ് ശക്തമാണ്. യുഎസ്എ, കനഡ എന്നീ രാജ്യങ്ങളെ ഒഴിവാക്കി ലാറ്റിനമേരിക്കന്‍ -കരീബിയന്‍ രാഷ്ട്രങ്ങള്‍ രൂപീകരിച്ച പുതിയ കൂട്ടായ്മ അമേരിക്കന്‍ അപ്രമാദിത്വത്തെ മാത്രമല്ല, സാമ്രാജ്യ ആഗോളവല്‍ക്കരണ നയങ്ങളെക്കൂടിയാണ് ചോദ്യംചെയ്യുന്നത്്. നിര്‍ദിഷ്ട യൂറേഷ്യന്‍ യൂണിയന്റെ സന്ദേശവും അതുതന്നെയാണ്. സോഷ്യലിസത്തിന്റെ പ്രസക്തി അനുനിമിഷം വര്‍ധിക്കുന്നു; മുതലാളിത്തം അസ്തമിക്കുന്നെന്ന് ഉറപ്പിക്കാനുള്ളതാണ് റഷ്യയില്‍ നിന്നുള്ള വാര്‍ത്തയെന്നര്‍ഥം.
deshabhimani editorial 060112
സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്തിലേക്കുള്ള തിരിച്ചുപോക്ക് ഒരു മഹാസ്വപ്നമായി റഷ്യയിലും ശിഥിലീകൃത മുന്‍ സോവിയറ്റ് രാജ്യങ്ങളിലും ജ്വലിച്ചുനില്‍ക്കുന്നു എന്നാണ് ഓരോ ദിവസവും വരുന്ന വാര്‍ത്തകളില്‍ തെളിയുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി റഷ്യയില്‍ സ്വാധീനം വീണ്ടെടുക്കുന്നതിന്റെ പ്രകടമായ ലക്ഷണമാണ് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ കണ്ടത്. നീതിപൂര്‍വകമായാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഇതിലേറെ വോട്ടുകിട്ടുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച വ്ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ടിക്ക് കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്‍ത്താനേ കഴിഞ്ഞുള്ളൂ.
ReplyDelete