Sunday, January 1, 2012

കമ്മ്യൂണിസ്റ്റ് മരച്ചുവട്ടിലെ സോഷ്യലിസ്റ്റ് കുടുംബം

പാലക്കാട് ജില്ലയിലെ പഴയ വള്ളുവനാടിന്റെ സിരാകേന്ദ്രമാണ് ചെര്‍പ്പുളശ്ശേരി. കേരളീയ സംസ്‌കാരത്തിന്റെ തനിമ വിളയാടുന്ന വള്ളുവനാട് കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പഴയ ഈറ്റില്ലങ്ങളില്‍ ഒന്നാണ്. വള്ളുവനാടിന്റെ വിപ്ലവസമരനായകന്‍ ഇ പി ഗോപാലനും ഇ എം എസ്സ് നമ്പൂതിരിപ്പാടും പി ടി ഭാസ്‌കരപണിക്കരും പി വി കുഞ്ഞുണ്ണിനായരും കാറല്‍മണ്ണ സുകുമാരനുമെല്ലാം ചേര്‍ന്ന് ഉഴുതുമറിച്ച പുരോഗമനമുന്നേറ്റ ചരിത്രമാണ് ഈ വള്ളുവനാടന്‍ മനസ്സിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കല്ലടിക്കോടന്‍ മലനിരകളില്‍ നിന്ന് ഒഴുകിയെത്തിയ ഇളംകാറ്റു വീശിക്കൊണ്ടിരുന്ന സന്ധ്യയില്‍ ചെര്‍പ്പുളശ്ശേരിയിലേക്ക് ഒരു യാത്ര പോകേണ്ടിവന്നു. കാറല്‍മണ്ണ മേലേടത്ത് മനയ്ക്കല്‍ കേശവന്‍ നമ്പൂതിരിപ്പാടിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള കുടുംബസമേതമുള്ള ഒരു യാത്രയായിരുന്നു അത്.

'വല്ല്യേട്ടന്‍' എന്ന് സര്‍വ്വരാലും വിളിയ്ക്കപ്പെടുന്ന കേശവന്‍ നമ്പൂതിരിപ്പാടിനേയും കുടുംബാംഗങ്ങളെയും കാണുക, അനുഗ്രഹം വാങ്ങുക ഒക്കെയായിരുന്നു യാത്രയുടെ ലക്ഷ്യം. സന്ദര്‍ഭവശാല്‍ പാണ്ടം പരമേശ്വരന്‍ എന്ന പഴയ സഹപാഠിയെ കണ്ടുമുട്ടിയത് സന്ദര്‍ശനത്തിന് ഇരട്ടി മധുരം പകര്‍ന്നു. വല്ല്യേട്ടന്റെ അയല്‍പക്കക്കാരനാണ് പരമേശ്വരന്‍. ഒട്ടേറെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന കൂട്ടത്തില്‍ കേശവന്‍നമ്പൂതിരിപ്പാടിനെ കുറിച്ചും പരമേശ്വരന്‍ സംസാരിച്ചു. 'പഴയകാല കമ്മ്യൂണിസ്റ്റുകാരില്‍ ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പേരില്‍ ഒരാളാണ് വല്ല്യേട്ടന്‍. ഞങ്ങളുടെ നാട്ടില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് മരമാണ് അദ്ദേഹം'.

മുടി മുഴുവന്‍ നരച്ച് വെണ്‍ചാമരം വീശി നില്‍ക്കുന്ന വല്ല്യേട്ടന്റെ മുഖത്ത് കുലീനകാന്തി വിളയാടി നില്‍ക്കുന്നു. തൂവെളള മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടുമാണ് വേഷം. വെളുത്ത ദന്തനിരകള്‍ക്ക് ഈ എണ്‍പതിന്റെ നിറവിലും യാതൊരു ഊനവും തട്ടിയിട്ടില്ല. ലാളിത്യത്തിന്റേയും വിനയത്തിന്റേയും സുന്ദരമായ ഒരു ആള്‍രൂപം. ശാന്തത കളിയാടുന്ന വെളുത്ത മുഖം. ഒത്ത ഉയരം. സംഭാഷണങ്ങളിലും ചേഷ്ടകളിലും മിതത്വം. ആരേയും ആകര്‍ഷിക്കുന്ന വല്ലാത്തൊരു സ്‌നേഹസൗഹൃദഭാവം. അടുത്തിരിക്കുമ്പോള്‍ ശാന്തമായ ഒരു തടാകതീരത്തിരിക്കുന്ന ആഹ്ലാദം. ലളിതമധുരമായ സംഭാഷണം.

ആരോഗ്യദോഷം കൊണ്ട് കുട്ടിക്കാലത്ത് ആഗ്രഹിച്ചതുപോലെ സ്‌കൂളില്‍ പോയി പഠിക്കാനൊന്നും വല്ല്യേട്ടന് സാധിച്ചില്ല. സ്‌കൂളില്‍ ചേര്‍ന്ന് അക്ഷരങ്ങള്‍ മുട്ടിവായിക്കാന്‍ കഷ്ടിച്ചു പഠിക്കുമ്പോഴേയ്ക്കും ജന്മസിദ്ധമായ ശ്വാസതടസ്സമെന്ന രോഗം കലശലായി പഠനം നിര്‍ത്തേണ്ടി വന്നു. ബുദ്ധിമതിയായ അമ്മയുടെ പ്രേരണകൊണ്ടും സ്വന്തം ഉത്സാഹത്തിലും കൗമാരം പിന്നിടുമ്പോഴേക്കും രാമായണവും ഭാരതവും വേദങ്ങളുമൊക്കെ ഹൃദിസ്ഥമാക്കി. രോഗം മൂലം പുറം ലോകം അപ്രാപ്യമായ ആ കൗമാരക്കാരന്‍ നിരന്തരമായ പഠനത്തിലൂടെ അറിവിന്റെ വിശാലമായ ഒരു അകം ലോകം സ്വയം നിര്‍മ്മിച്ചെടുത്തു. അതിന്റെ വെളിച്ചത്തില്‍ പുറത്തുള്ള ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു. സ്വാതന്ത്ര്യസമരം ജ്വലിച്ചുയര്‍ന്ന കാലമാണ്. വള്ളുവനാടിന്റെ ഹൃദയത്തിന് പ്രഭാതത്തിന്റെ ചുവപ്പുരാശി പകര്‍ന്നുകൊണ്ടിരുന്ന ആ പുതിയ യുഗത്തിന്റെ സംക്രമണദശയില്‍ രോഗാതുരനായി ഒരു കാഴ്ചക്കാരനെപ്പോലെ എല്ലാം നോക്കിയിരിക്കേണ്ടി വന്ന ദുഃഖം മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി. നിരന്തരമായ മരുന്നുസേവയും ചിട്ടയായ ജീവിതവും ശീലിച്ചതുകൊണ്ട് ഏറെക്കുറെ രോഗത്തിന് ആശ്വാസം ലഭിച്ചു.
ഉള്ളില്‍ ഉറഞ്ഞുകൂടിയ അറിവുകള്‍ സ്ഥിതിസമത്ത്വ ചിന്തയിലേക്കും സ്വാതന്ത്ര്യബോധത്തിലേക്കും അദ്ദേഹത്തെ നയിച്ചു. ഉടുതുണിക്കു മറുതുണിയില്ലാത്ത പാവപ്പെട്ട മനുഷ്യര്‍ക്ക് ഒരു നല്ലജീവിതം എന്തുകൊണ്ടുണ്ടാകുന്നില്ലെന്ന ആലോചന വല്ല്യേട്ടനെ ജനങ്ങള്‍ക്കിടയിലേക്ക് തള്ളിവിട്ടു. ജന്മിത്ത്വത്തിന്റെ പ്രതിബന്ധങ്ങള്‍ തട്ടിനീക്കി അദ്ദേഹം ഉള്ള ആരോഗ്യത്തിന്റെ ബലത്തില്‍ ചുവപ്പു കൊടിക്കീഴില്‍ അണിനിരന്നു. ആരുടേയും പ്രേരണയില്ല; സ്വന്തം അറിവിന്റേയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം. വള്ളുവനാടിന്റെ വിപ്ലവമുന്നേറ്റ സരണിയില്‍ പടര്‍ന്നുപന്തലിച്ച ഒരു കമ്മ്യൂണിസ്റ്റ് മരത്തിന്റെ ആവിര്‍ഭാവം അങ്ങനെയായിരുന്നു. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സ്റ്റഡിക്ലാസുകളിലൂടെയും സഖാവ് കെ ദാമോദരന്‍ നടത്തിയിരുന്ന അതിശക്തമായ ആശയപ്രചരണമായിരുന്നു തന്നെപ്പോലെയുള്ളവരെ കമ്മ്യൂണിസത്തിലേക്കടുപ്പിച്ചത് എന്ന് വല്ല്യേട്ടന്‍ ഇന്നും ഉറച്ചു  വിശ്വസിക്കുന്നു. പാര്‍ട്ടിക്ലാസ്സുകള്‍ക്ക് യാതൊരു പ്രാധാന്യവും ഇപ്പോള്‍ ആരും കല്‍പിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം കൂട്ടത്തില്‍ പങ്കുവച്ചു.

പ്രവര്‍ത്തനനിരതനായതോടെ ഇ പി ഗോപാലനും ഇ എം എസ്സും, പി ടി ഭാസ്‌കരപ്പണിക്കരും, പി വി കുഞ്ഞുണ്ണിനായരും കാറല്‍മണ്ണ  സുകുമാരനുമൊക്കെ വല്ല്യേട്ടന്റെ സന്തത സഹചാരികളായി മാറി. കമ്മ്യൂണിസ്റ്റാശയങ്ങളും സന്ദര്‍ഭോചിതമായ ഫലിതങ്ങളും ഇടകലര്‍ത്തി ശത്രുക്കളുടെ നെഞ്ചു പിളര്‍ക്കുന്ന ഇ പി ഗോപാലന്റെ കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളും രാപകല്‍ ഭേദമില്ലാതെ ഓടി നടന്ന് പ്രവര്‍ത്തകരെ രംഗത്തിറക്കാനുള്ള പി വി കുഞ്ഞുണ്ണിനായരുടെ മികച്ച സംഘാടനവുമൊക്കെയാണ് വള്ളുവനാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയതെന്ന് വല്ല്യേട്ടന്‍ ഓര്‍ക്കുന്നു. കാറല്‍മണ്ണയിലെ മേലേടത്ത് തറവാടിന്റെ പത്തായപ്പുരയില്‍ വിപ്ലവത്തിന്റെ അടവും തന്ത്രങ്ങളും മെനയാന്‍ നേതാക്കള്‍ ഒത്തുകൂടിയത് വല്ല്യേട്ടന്റെ ആതിഥേയത്ത്വത്തിലാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വല്ല്യേട്ടന് ആദ്യമായി അംഗത്വം ലഭിക്കുന്നത് 1953 ല്‍ ആണ്. പ്രായം ഇരുപതോ ഇരുപത്തിരണ്ടോ മാത്രം. അന്ന് പാര്‍ട്ടിക്ക് മലബാര്‍ കമ്മറ്റിയാണുള്ളത്. സഖാവ് കെ ദാമോദരന്‍ ആണ് പാര്‍ട്ടി സെക്രട്ടറി. അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ പാര്‍ട്ടി മെമ്പര്‍ഷിപ്പ് കാര്‍ഡ് ഇന്നും ഒരു നിധിപോലെ വല്ല്യേട്ടന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അക്കാലത്തെ പാര്‍ട്ടി സഖാക്കളില്‍ ഒരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കാറല്‍മണ്ണ സുകുമാരനെ ഉദ്ദേശിച്ച് വല്ല്യേട്ടന്‍ പറഞ്ഞു. കെ ദാമോദരന്റെ നേതൃത്വത്തില്‍ നടന്ന മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പും അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചതും പി ടി ഭാസ്‌കരപ്പണിക്കര്‍ ബോര്‍ഡ് പ്രസിഡന്റായതും ഒക്കെ വല്ല്യേട്ടന്റെ മനസ്സില്‍ ഇന്നലെ നടന്നതുപോലെ തെളിഞ്ഞുനില്‍ക്കുന്നു.

ഐക്യ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു. എം എന്‍ന്റെ നേതൃപാടവവും ദീര്‍ഘദര്‍ശിത്വവും അന്യാദൃശമായിരുന്നു. അതുകൊണ്ടാണ് 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജയിച്ച് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. അന്ന് രോഗം മറന്ന് വള്ളുവനാട് മുഴുവന്‍ ഓടി നടന്ന് നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വല്ല്യേട്ടന്റെ സുകൃത സ്മരണകളാണ്. പ്രഥമ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി നിയമിതനായ ഇ എം എസ്സിന് ചെര്‍പ്പുളശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തിന് ചുക്കാന്‍ പിടിച്ചത് വല്ല്യേട്ടനായിരുന്നു. 1957 ലെ വിജയത്തിനു പ്രധാന കാരണം മലബാര്‍ ഡിസ്ട്രിക്ക്റ്റ് ബോര്‍ഡിലെ പ്രവര്‍ത്തനങ്ങളായിരുന്നു. മികച്ച സംഘടനാ പ്രവര്‍ത്തനവും ആശയ പ്രചരണവും പാര്‍ട്ടിയെ വലിയ ബഹുജനപ്രസ്ഥാനമാക്കി മാറ്റി.

ഈ ഘട്ടത്തില്‍, 1964 ല്‍ നടന്ന നിര്‍ഭാഗ്യകരമായ പാര്‍ട്ടി ഭിന്നിപ്പ്, സ്വാഭാവികമായും വല്ല്യേട്ടനേയും ദുഃഖിതനാക്കി. അന്ന് സി പി ഐ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ തന്നെയായിരുന്നു ശരിയായതെന്ന് ഈ എണ്‍പതാം വയസ്സിലും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ മാറിയ ലോകസാഹചര്യങ്ങളില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമല്ല ഇടതുപക്ഷ ആശയഗതിക്കാരെല്ലാം യോജിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പിളരുമ്പോള്‍ സി പി ഐ (എം)ല്‍ ചേര്‍ക്കാന്‍ സഖാവ് ഇമ്പിച്ചിബാവ രഹസ്യമായി വീട്ടില്‍ വന്ന കാര്യവും വല്ല്യേട്ടന്റെ ഓര്‍മ്മയിലുണ്ട്. ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന സംവാദത്തില്‍ താന്‍ മുന്നോട്ടുവച്ച നിലപാടുകളെ ഖണ്ഡിക്കാനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ ഇമ്പിച്ചിബാവക്ക് സാധിച്ചില്ലെന്നും വല്ല്യേട്ടന്‍ വ്യക്തമാക്കി. തുടര്‍ന്ന് സി പി ഐ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. 2000 വരെ പാര്‍ട്ടി മെമ്പര്‍ഷിപ്പിലുണ്ടായിരുന്നു. അതിനുശേഷം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആരും വരാതായതുകൊണ്ട് ഇപ്പോള്‍ മെമ്പര്‍ഷിപ്പില്ലെന്നും ഒരു ചെറിയ ചിരിയോടെ അദ്ദേഹം അറിയിച്ചു. ഈ കാലയളവില്‍, ഇ പി ഗോപാലന്‍, പി വി കുഞ്ഞുണ്ണിനായര്‍, പി ശങ്കര്‍, ബാലചന്ദ്രമേനോന്‍, കാറല്‍മണ്ണ സുകുമാരന്‍, പി കെ വാസുദേവന്‍ നായര്‍, എന്‍ ഇ ബാലറാം, പി ടി ബി, എം കെ അയ്യപ്പന്‍, കെ കെ മുഹമ്മദാലി, ഒ ശങ്കരനാരായണന്‍, മുടിയില്‍ ശങ്കരനാരായണന്‍, വി ചാമുണ്ണി, യു മാധവന്‍ തുടങ്ങിയവരുമായി നല്ല സൗഹൃദവും അടുപ്പവും കാത്തുസൂക്ഷിച്ചിരുന്നു.
ജന്മസിദ്ധമായിരുന്ന ശാരീരികാസ്വാസ്ഥ്യം അലട്ടിയിരുന്നതുകൊണ്ട് ചെര്‍പ്പുളശ്ശേരി വിട്ടൊരു കര്‍മ്മരംഗവും വല്ല്യേട്ടനില്ല. അധികാരസ്ഥാനങ്ങളോട് ഒരു കാലത്തും മമതയില്ലാതിരുന്നതുകൊണ്ട് തിരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിട്ടില്ല. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍പന്തിയിലുണ്ടാവുകയും പതിവാണ്. പാര്‍ട്ടിയില്‍ പലനേതൃസ്ഥാനങ്ങളും തേടിവന്നെങ്കിലും അതൊക്കെ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് നിരുപാധിക സേവനമാണെന്നും അതിന് സ്ഥാനമാനങ്ങളൊന്നും പ്രശ്‌നമല്ലെന്നും വല്ല്യേട്ടന്‍ ജീവിതം കൊണ്ട് തെളിയിച്ചു. വെറുതെയല്ലല്ലോ എല്ലാവര്‍ക്കും 'വല്ല്യേട്ട'നായതും കമ്മ്യൂണിസ്റ്റ് മരമെന്ന് ആളുകള്‍ പറയുന്നതും. പ്രായാധിക്യത്തിന്റെ അല്ലലുകള്‍ക്കിടയിലും വായനക്ക് ഇപ്പോഴും യാതൊരു മുടക്കവുമില്ല. പത്രങ്ങളും വാരികകളും പുസ്തകങ്ങളുമൊക്കെ ആവുന്നത്ര വായിച്ചു. എങ്കിലും ഹിന്ദുപത്രം വായിച്ചാലേ സംതൃപ്തി ലഭിക്കൂ. സ്‌കൂളില്‍ പോകാതെ ഇംഗ്ലീഷ് എങ്ങനെ സ്വായത്തമാക്കി എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. ന്യൂ എജ് വാരിക സ്ഥിരമായി വരുത്തിയിരുന്നു. ഡിക്ഷനറി നോക്കി കുത്തിയിരുന്ന് അതു വായിക്കും. അങ്ങനെയാണ് ഇംഗ്ലീഷിനെ വരുതിയിലാക്കിയത്. ഇപ്പോള്‍ മലയാളവും ഇംഗ്ലീഷും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പറ്റും. സഹോദരന്മാരും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി സ്വസ്ഥമായി കഴിഞ്ഞുകൂടുകയാണ് ഈ കമ്മ്യൂണിസ്റ്റ് മരം.

വല്ല്യേട്ടന്റെ എണ്‍പതാം പിറന്നാളാഘോഷം ഇന്നത്തെകാലത്തിന് ഒരു ചൂണ്ടുപലകയാണ്. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറി ഗതികെട്ട കേരളീയ സമൂഹം വല്ല്യേട്ടനും വീട്ടുകാരും നല്‍കുന്ന കുടുംബപാഠം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. വല്ല്യേട്ടന് ത്രിവിക്രമന്‍, പരമേശ്വരന്‍, ശങ്കരനാരായണന്‍, പുരുഷോത്തമന്‍, അനില്‍കുമാര്‍ എന്നിങ്ങനെ അഞ്ച് സഹോദരന്മാരും ഒരു സഹോദരിമാണുള്ളത്. എല്ലാവരും വിവാഹിതരാണ്. അവര്‍ക്കെല്ലാം മക്കളും മരുമക്കളുമായി. ചെറുമക്കളടക്കം വലിയൊരു കുടുംബം. വല്ല്യേട്ടന്‍ കുടുംബനാഥനായി കഴിയുന്ന മേലേടത്ത് തറവാട്ടില്‍ ''എല്ലാവരും എല്ലാവര്‍ക്കും വേണ്ടി, എല്ലാവര്‍ക്കും അവരവര്‍ക്കാവശ്യമുള്ളത്'' എന്ന മഹത്തായ സോഷ്യലിസ്റ്റ് സങ്കല്‍പം അഭംഗുരം പാലിച്ചുപോരുന്നു. അങ്ങനെയുള്ള കുടുംബം ഏകമനസ്സോടെ, വല്ല്യേട്ടന്റെ 80-ാം പിറന്നാള്‍ സമുചിതം ആഘോഷിക്കുവാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ മൂന്നു സഹോദരന്മാരുടെ 70-ാം പിറന്നാളും മറ്റുമൂന്നു സഹോദരന്മാരുടെ 60-ാം പിറന്നാളും കൊണ്ടാടാനും എല്ലാവരും കൂടി തീരുമാനമെടുത്തു. അന്യാദൃശമായ ഐക്യബോധവും സ്‌നേഹബന്ധങ്ങളും കുടുംബത്തില്‍ കാത്തുസൂക്ഷിക്കുന്നതിന്റെ മഹനീയ ദൃഷ്ടാന്തമായി പിറന്നാളാഘോഷം മാറി. വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഖാക്കളുമെല്ലാം ആ സന്തോഷത്തില്‍ പങ്കെടുക്കുവാന്‍ ആഹ്ലാദപൂര്‍വ്വം എത്തിച്ചേര്‍ന്നു.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വല്ല്യേട്ടന്‍ പറഞ്ഞു: 'ആശയപരവും രാഷ്ട്രീയവുമായ സ്റ്റഡി ക്ലാസ്സുകള്‍ മുടങ്ങാതെ നടത്താന്‍ ലീഡര്‍ഷിപ്പിലുള്ള സഖാക്കളോട് പറയണം'. പാര്‍ട്ടിയെക്കുറിച്ചും നാടിനെക്കുറിച്ചും ശുഷ്‌കാന്തി പുലര്‍ത്തുന്ന നല്ലൊരു കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.  ഒന്നിനും വേണ്ടിയല്ലാതെ തണലും ഫലവും ജീവവായുവും നല്‍കി മറ്റുള്ളവര്‍ക്കായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇത്തരം കമ്മ്യൂണിസ്റ്റ് വിളക്കുമരങ്ങളാണ് കാലത്തിന്റെ വഴി കാണിക്കുന്നത്.

 ഇ എം സതീശന്‍ (ലേഖകന്‍ യുവകലാസാഹിതി ജനറല്‍സെക്രട്ടറിയാണ്)

janayugom 010112

1 comment:

  1. പാലക്കാട് ജില്ലയിലെ പഴയ വള്ളുവനാടിന്റെ സിരാകേന്ദ്രമാണ് ചെര്‍പ്പുളശ്ശേരി. കേരളീയ സംസ്‌കാരത്തിന്റെ തനിമ വിളയാടുന്ന വള്ളുവനാട് കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പഴയ ഈറ്റില്ലങ്ങളില്‍ ഒന്നാണ്. വള്ളുവനാടിന്റെ വിപ്ലവസമരനായകന്‍ ഇ പി ഗോപാലനും ഇ എം എസ്സ് നമ്പൂതിരിപ്പാടും പി ടി ഭാസ്‌കരപണിക്കരും പി വി കുഞ്ഞുണ്ണിനായരും കാറല്‍മണ്ണ സുകുമാരനുമെല്ലാം ചേര്‍ന്ന് ഉഴുതുമറിച്ച പുരോഗമനമുന്നേറ്റ ചരിത്രമാണ് ഈ വള്ളുവനാടന്‍ മനസ്സിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കല്ലടിക്കോടന്‍ മലനിരകളില്‍ നിന്ന് ഒഴുകിയെത്തിയ ഇളംകാറ്റു വീശിക്കൊണ്ടിരുന്ന സന്ധ്യയില്‍ ചെര്‍പ്പുളശ്ശേരിയിലേക്ക് ഒരു യാത്ര പോകേണ്ടിവന്നു. കാറല്‍മണ്ണ മേലേടത്ത് മനയ്ക്കല്‍ കേശവന്‍ നമ്പൂതിരിപ്പാടിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള കുടുംബസമേതമുള്ള ഒരു യാത്രയായിരുന്നു അത്.

    ReplyDelete