Sunday, January 1, 2012

വയനാട് 2011: ആശങ്കയുടെ കരിനിഴല്‍ മാത്രം

കല്‍പ്പറ്റ: വയനാടന്‍ മക്കളുടെ കര്‍ഷക ആത്മഹത്യ, കോളറ പോലുള്ള മാരക രോഗങ്ങളുടെ പകര്‍ച്ച, എം വി ശ്രേയാസ്കുമാറിന്റെ ഭൂമി പ്രശ്നം, ചുരത്തിലെ അപകടങ്ങളുടെ തുടര്‍ക്കഥ, ചെറുവിമാനത്താവളത്തിനുള്ള നീക്കം, ശ്രീചിത്തിര മെഡിക്കല്‍ സെന്ററിന് ലക്കിടിയില്‍ സ്ഥലം......... 2011 ല്‍ വയനാടന്‍ കലണ്ടറില്‍ അടയാളപ്പെടുത്താന്‍ വാര്‍ത്തകള്‍ നിരവധി.
യുഡിഎഫ് ഭരണ സമിതി അധികാരമേറ്റ് മാസങ്ങള്‍ക്കകമാണ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യകളുടെ ഒരു പരമ്പരതന്നെ അരങ്ങേറിയത്. ജില്ലയില്‍ ഒമ്പത് കര്‍ഷകര്‍ കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങളിലായി ആത്മഹത്യ ചെയ്തു. മാനന്തവാടി തോണിച്ചാല്‍ തോപ്പില്‍ ജോസ്, വെള്ളമുണ്ട മല്ലശ്ശേരികുന്ന് മഞ്ജുഷാലയത്തില്‍ സി പി ശശി, പുല്‍പ്പള്ളി സീതാമൗണ്ട് ഐശ്വര്യകവലയിലെ ഇലവുകുന്നേല്‍ അശോകന്‍ , മേപ്പാടി നെടുമ്പാല പള്ളിക്കവല പുല്‍പറമ്പില്‍ രാജു എന്ന വര്‍ഗീസ്്, പൂതാടി പഞ്ചായത്ത് അരിമുളയില്‍ പഴഞ്ചോറ്റില്‍ കുഞ്ഞികൃഷ്ണന്‍ , പുല്‍പ്പളളി ആനപ്പാറയില്‍ പാലത്തിങ്കല്‍ ജോര്‍ജ്, അമ്പലവയല്‍ പഞ്ചായത്ത് പോത്തുകട്ടിയില്‍ വടക്കത്തുരുത്തേല്‍ പൈലി (കുഞ്ഞ്), ചെതലയം വളാഞ്ചേരിക്കുന്നിലെ താഴത്ത് മൂലയത്ത് മലമുകളില്‍ മണി, വെള്ളമുണ്ട പുളിഞ്ഞാല്‍ മംഗലത്ത് സൈമണ്‍ എന്നിവരാണ് കര്‍ഷക ആത്മഹത്യയില്‍ അഭയം തേടിയത്. രാസവള വിലവര്‍ധനയും ക്ഷാമവും, ഇഞ്ചി, നേന്ത്രക്കായ് എന്നിവയുടെ വിലയിടിവുമാണ് പുതിയ പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണം. എന്നാല്‍ ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് രാസവളത്തിന് വില വര്‍ധിച്ചുകൊണ്ടിരിക്കുന്നതും. ഇതും കര്‍ഷകദുരിതം കൂട്ടുകയാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍ 532 കര്‍ഷകര്‍ ആത്മഹത്യചെയ്തിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷികകടം എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതാണ് ആത്മഹത്യകള്‍ ഇല്ലാതാക്കിയത്.

ചുരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന അപകടങ്ങള്‍ക്കും കുറവൊന്നുമില്ല. ആറ് വാഹനങ്ങളാണ് ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞത്. ചുരം അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണവും കുറവല്ല. ഗതാഗത കുരുക്കാണ് ചുരം യാത്രയിലെ വില്ലന്‍ . രോഗിയെയും കൊണ്ട് പെട്ടെന്ന് കോഴിക്കോട് ആശുപത്രിയില്‍ ചെല്ലാമെന്ന് വെച്ചാല്‍ മൂന്ന് മണിക്കൂറെങ്കിലുമെടുക്കും കോഴിക്കോടെത്താന്‍ . ചുരം റോഡിന്റെ ശോച്യാവസ്ഥയും യാത്രയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.

മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശംവെക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് എകെഎസിന്റെ നേതൃത്വത്തില്‍ കൃഷ്ഗിരി ഭൂമിയില്‍ സമരം നടത്തിയത്് വയനാടന്‍ ചരിത്രത്തില്‍ ഇടം നേടാനായി. പകര്‍ച്ചവ്യാധിയായ കോളറ മൂലം ജില്ലയില്‍ മരണം വരിച്ചവരുടെ എണ്ണവും കുറവല്ല. ജില്ലയിലെ ആദിവാസി കോളനികളുടെ ശോച്യാവസ്ഥയാണ് കോളറ പടരാനുള്ള കാരണമായി കണ്ടെത്തിയിട്ടുള്ളത്.

2011 ഏപ്രില്‍ 13 ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം മൂന്ന് സീറ്റിലും കാണാനായി. നേട്ടങ്ങള്‍ *ബ്രഹ്മഗിരി മാംസ സംസ്കരണ ശാല ഉദ്ഘാടനം വിദ്യാഭ്യാസ പോര്‍ട്ടലായ അറിവിടത്തിന്റെ ഉദ്ഘാടനം എപിജെ അബ്ദുള്‍ കലാം നിര്‍വഹിച്ചു. *ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് ലക്കിടിയില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു *ജില്ലയില്‍ ചെറു വിമാനത്താവളത്തിനുളള നീക്കം *ചുരം ബദല്‍ റോഡിനായുള്ള ജനങ്ങളുടെ മുറവിളി. നഷ്ടങ്ങള്‍ *മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ അണ്ണന്‍ , *പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മധു മോഹന്‍ , *സിപിഐ എം നേതാവ് കെ ശ്രീധരന്റെ മരണം, *പി കെ ഷൈബിയുടെ അപകട മരണം, *പ്രശസ്ത ഛായാഗ്രഹകന്‍ വിപിന്‍ ദാസിന്റെ മരണം ഇവയൊക്കെ 2011 ന്റെ നഷ്ടങ്ങളായി.

deshabhimani

1 comment:

  1. വയനാടന്‍ മക്കളുടെ കര്‍ഷക ആത്മഹത്യ, കോളറ പോലുള്ള മാരക രോഗങ്ങളുടെ പകര്‍ച്ച, എം വി ശ്രേയാസ്കുമാറിന്റെ ഭൂമി പ്രശ്നം, ചുരത്തിലെ അപകടങ്ങളുടെ തുടര്‍ക്കഥ, ചെറുവിമാനത്താവളത്തിനുള്ള നീക്കം, ശ്രീചിത്തിര മെഡിക്കല്‍ സെന്ററിന് ലക്കിടിയില്‍ സ്ഥലം......... 2011 ല്‍ വയനാടന്‍ കലണ്ടറില്‍ അടയാളപ്പെടുത്താന്‍ വാര്‍ത്തകള്‍ നിരവധി.

    ReplyDelete