Monday, January 9, 2012

വടക്കഞ്ചേരിയും പറഞ്ഞു... മാര്‍ക്സിസമാണ് സത്യം


തൊഴിലാളി വര്‍ഗത്തിന്റെ സംഘശക്തി വിളിച്ചോതിയ പ്രകടനത്തില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും അറബ്വസന്തവും പ്രചോദനമായി. സിപിഐ എം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് വടക്കഞ്ചേരിയില്‍ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ലോകത്തിന്റെ പരിച്ഛേദമായിരുന്നു. ചൂഷക ശക്തികള്‍ക്കെതിരെ വരാനിരിക്കുന്ന വിപ്ലവത്തിന്റെ മുല്ലപ്പൂഗന്ധവും ജനാധിപത്യ വസന്തത്തിന്റെ വരവും വിളിച്ചോതുന്നതായിരുന്നു ജനലക്ഷങ്ങള്‍ അണിനിരന്ന പ്രകടനം.

മാര്‍ക്സിസമാണ് ശരിയെന്ന് അടിവരയിട്ട് വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സാമ്രാജ്യത്ത വിരുദ്ധപോരാട്ടങ്ങളുടെ മഹാപ്രവാഹത്തിലേക്കുള്ള മറ്റൊരു ജനസാഗരത്തിന്റെ ഒഴുക്കായിരുന്നു വടക്കഞ്ചേരിയിലും കണ്ടത്. ലോക മുതലാളിത്തത്തിന്റെ ചൂഷണത്തിനെതിരെ 99 ശതമാനമുള്ള ഞങ്ങള്‍ പ്രക്ഷോഭത്തിലാണെന്ന് വിളിച്ചുപറഞ്ഞ് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ നടത്തിയ മുന്നേറ്റത്തിന്റെ നിശ്ചല ദൃശ്യവും പ്രകടനത്തിലുണ്ടായിരുന്നു. കൂടാതെ ഏകാധിപത്യത്തിന്റെ സിംഹാസനങ്ങളെ തകര്‍ത്തെറിഞ്ഞ് അറബ് രാജ്യങ്ങളില്‍ അടുത്തകാലത്തുണ്ടായ അറബ് വസന്തമെന്ന ജനാധിപത്യമുന്നേറ്റവും നാടിനെ ചുവപ്പിച്ച പ്രകടനത്തില്‍ കാണാമായിരുന്നു. ഒരു ശതമാനം മാത്രംവരുന്ന കോര്‍പറേറ്റിന്റെ ചൂഷണത്തിനെതിരെയുള്ള മുന്നേറ്റം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം വ്യാപിച്ചപ്പോള്‍ അതിന്റെ അലയൊലിയാണ് നാട്ടിന്‍പുറങ്ങളിലും പ്രകടമാവുന്നത്. ഇനി ആശ്രയം ചെങ്കൊടി മാത്രമാണെന്ന തിരിച്ചറിവായിരുന്നു ആളുകളെ ഈ പ്രസ്ഥാനത്തിന് കീഴിലേക്ക് കൊണ്ട് വന്നത്. മുതലാളിത്തത്തിന്ബദല്‍ സോഷ്യലിസമാണെന്നും ചൂഷകരില്ലാത്ത ഒരു ലോകം സാധ്യമാണെന്നും വിളംബരം ചെയ്യുന്നതായിരുന്നു.

ലോകത്ത് കമ്യൂണിസ്റ്റ് ആശയത്തിന് വിത്തിട്ട കാറല്‍ മാര്‍ക്സ് മുതല്‍ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍ മുറുകെ പിടിച്ചായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ പ്രകടനത്തില്‍ അണിനിരന്നത്. ലെനിന്‍ , ഏംഗല്‍സ്, ചെഗുവേര, ഫിഡല്‍ കാസ്ട്രോ, മാവോ എന്നിവരുടെയും ഇ എം എസ്, ജ്യോതിബസു, ഹര്‍ഷിഷന്‍സിങ് സുര്‍ജിത്ത്, എ കെ ജി, പി കൃഷ്ണപിള്ള, അഴീക്കോടന്‍ രാഘവന്‍ , ഇ കെ നായനാര്‍ എന്നിവരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു സ്ത്രീകളും കുട്ടികളും നിരനിരയായി നീങ്ങിയത്. കാലമിപ്പോള്‍ നെഞ്ചേറ്റുന്ന ഇവരെ അനുസ്മരിക്കുന്നതായിരുന്നു പ്രകടനത്തില്‍ കേട്ട മുദ്രാവാക്യങ്ങളും

ചുവടുവച്ച ചുവപ്പുവസന്തം

വടക്കഞ്ചേരി: സംഘശക്തിയുടെ കാഹളം വിളിച്ചോതി സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം സമാപിക്കുമ്പോള്‍ പ്രകടനത്തില്‍ അണിചേര്‍ന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ ചുവപ്പുപടയുണ്ടായിരുന്നു. ബാന്റ്വാദ്യത്തിന്റെ ചടുലതാളത്തിനൊപ്പം ചുവടുകള്‍ തെറ്റാതെ അവര്‍ നീങ്ങി. രാഷ്ട്രീയ സാമൂഹ്യ അരാജകത്വങ്ങള്‍ക്കെതിരെ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളാകുമെന്ന് വിളിച്ചറിയിച്ച പടനീക്കമായിരുന്നു ഇത്. മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കഠിന പരിശീലനവും ഉള്ളില്‍ നിറയുന്ന വിപ്ലവ വീര്യവും ആവാഹിച്ചെടുത്ത യുവജനതയാണ് ചെമ്പട്ടണിഞ്ഞത്. 15 ഏരിയ കമ്മിറ്റികളില്‍ നിന്നായി പതിനായിരത്തോളം വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരന്നു. ഇതില്‍ പകുതി വനിതാ വളണ്ടിയര്‍മാരായിരുന്നു. വടക്കഞ്ചേരി ആമക്കുളത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ബസ്സ്റ്റാന്‍ഡ് മൈതാനം വരെ ചുവപ്പുപരവതാനി വിരിച്ചതുപോലെ അവര്‍ അടിവച്ചു നീങ്ങി. വടക്കഞ്ചേരി, ആലത്തൂര്‍ , കുഴല്‍മന്ദം, കൊല്ലങ്കോട്, പാലക്കാട്, ഒറ്റപ്പാലം, പുതുശേരി, ചിറ്റൂര്‍ , തൃത്താല, ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശേരി, പട്ടാമ്പി, മുണ്ടൂര്‍ , മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നീ ഏരിയ ക്രമത്തിലാണ് വളണ്ടിയര്‍മാര്‍ അണിനിരന്നത്.

മഹാപ്രവാഹം

വടക്കഞ്ചേരി: കാലമുള്ള കാലത്തോളം ഈ മുഹൂര്‍ത്തം വടക്കഞ്ചേരിയെന്ന കൊച്ചുപട്ടണം മറക്കില്ല. സമരമുഖങ്ങളുടെ അണയാത്ത അഗ്നിജ്വാല ഇന്നും ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ സംഗമഭൂമിക്ക് ഇത് മറ്റൊരു നാഴികക്കല്ല്. ജനമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മഹാപ്രവാഹത്തിനാണ് ഞായറാഴ്ച സായംസന്ധ്യ സാക്ഷ്യം വഹിച്ചത്. ഇരമ്പിയാര്‍ത്ത ജനപ്രവാഹത്തെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ഉത്കണ്ഠ അക്ഷരാര്‍ഥത്തില്‍ ശരിവച്ചു. നാലുദിക്കുനിന്നും ചെന്തോരണങ്ങളുമായി ആബാലവൃദ്ധം ഒഴുകിയപ്പോള്‍ എല്ലാ വഴികളും അടഞ്ഞു. കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളും കണ്ണിനിമ്പമാര്‍ന്ന കാഴ്ചകളും എല്ലാ കാലുകളും വടക്കഞ്ചേരിയിലേക്ക് ആകര്‍ഷിച്ചു.

കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രത്തിനും എന്നും മുന്‍തൂക്കമുള്ള രക്തസാക്ഷികളുടെ നാട്, ചെങ്കൊടി പ്രസ്ഥാനത്തെ വാരിപ്പുണര്‍ന്ന കാഴ്ചയാണ് ജില്ലാ സമ്മേളന സമാപന പ്രകടനം നല്‍കിയത്. സിരകളില്‍ ആവേശം നിറച്ച് അടിവച്ച് നീങ്ങിയ പ്രകടനം സംഘശക്തിയുടെയും കെട്ടുറപ്പിന്റെയും പ്രതീകമായി. ഇടനെഞ്ചില്‍ എതിരാളികള്‍ കൊലക്കത്തി ആഴ്നിറക്കുമ്പോള്‍ പ്രസ്ഥാനത്തിന് ഇങ്ക്വിലാബ് വിളിച്ച അളവറ്റ രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണ് അവരുടെ ചോരതുടിക്കുന്ന സ്മരണകള്‍ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഉശിരന്‍ പ്രകടനത്തിലൂടെ കാലത്തിന് സമ്മാനിച്ചത്. വടക്കഞ്ചേരി ഏരിയയിലെ ഭൂരിഭാഗം ജനങ്ങളും മഹാപ്രകടനത്തിന് സാക്ഷിയാകാനും പങ്കെടുക്കാനും എത്തിയെന്നതും സമ്മേളനത്തിന്റെ പ്രത്യേകതയായി.

ഞായറാഴ്ച പകല്‍ രണ്ടുമുതല്‍ തന്നെ ചുവപ്പ്വളണ്ടിയര്‍മാര്‍ച്ചും ബഹുജനപ്രകടനവും ആരംഭിച്ചു. ആമക്കുളത്തുനിന്നാണ് റെഡ്വളണ്ടിയര്‍മാര്‍ച്ച് ആരംഭിച്ചത്. മംഗലംപാലത്തുനിന്ന് ബഹുജന പ്രകടനവും തുടങ്ങി. വടക്കഞ്ചേരി, ആലത്തൂര്‍ , കുഴല്‍മന്ദം, കൊല്ലങ്കോട്, പാലക്കാട്, ഒറ്റപ്പാലം, പുതുശേരി, ചിറ്റൂര്‍ , തൃത്താല, ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശേരി, പട്ടാമ്പി, മുണ്ടൂര്‍ , മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നീ ഏരിയ ക്രമത്തിലാണ് ചുവപ്പ്വളണ്ടിയര്‍മാര്‍ അണിനിരന്നത്. കിഴക്കഞ്ചേരി 1, 2, കണ്ണമ്പ്ര 1, 2, പുതുക്കോട്, വടക്കഞ്ചേരി, മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂര്‍ , മംഗലം എന്നീ ക്രമത്തില്‍ ലോക്കല്‍ കമ്മിറ്റികള്‍ പ്രത്യേകം ബാനറില്‍ പ്രകടനത്തില്‍ അണിനിരന്നു. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കാലത്തിന്റെ കണ്ണാടിക്കാഴ്ചകള്‍

വടക്കഞ്ചേരി: വര്‍ത്തമാനകാലം സമ്മാനിച്ച ദുരിതങ്ങളും ദുരന്തങ്ങളും വീണ്ടെടുപ്പും അതോടൊപ്പം കണ്ണീരും സ്വപ്നങ്ങളും പോരാട്ടവീഥിയില്‍ നിറഞ്ഞൊഴുകിയപ്പോള്‍ കാലത്തിന്റെ പരിച്ഛേദമായി സമ്മേളന പ്രകടനം. വടക്കഞ്ചേരി ഏരിയക്ക് കീഴിലെ 10 ലോക്കല്‍കമ്മിറ്റികളാണ് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബഹുജനപ്രകടനത്തില്‍ അണിനിരന്നത്. രക്തസാക്ഷികളുടെ ചോരവീണുതുടുത്ത മണ്ണ് വീണ്ടും ചുവന്നപ്പോള്‍ കാലത്തിന്റെ കണ്ണാടിയായി അത്മാറി. പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനത്തില്‍ നിശ്ചലദൃശ്യങ്ങളുടെ വൈവിധ്യവും വൈപുല്യവും ഏറെ ആകര്‍ഷകമായി. സാമ്രാജ്യത്വത്തിന്റെ ഗര്‍ഭപാത്രത്തില്‍നിന്ന് സോഷ്യലിസത്തിന്റെ പുതിയ കുഞ്ഞ് പിറക്കുന്ന വാള്‍ട്സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ കാഴ്ചകള്‍ ഒരുക്കിയ നിശ്ചലദൃശ്യം പുതിയ കാലത്തിന്റെ പ്രഭാതം അറിയിക്കുന്നതായി.

മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ താല്‍പ്പര്യം അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും കേരളത്തിന്റെ ഉത്കണ്ഠയും ജനസമക്ഷം സംവദിക്കുന്ന നിശ്ചലദൃശ്യവും ആകര്‍ഷകമായി. പിച്ചക്കാശിനുവണ്ടി പാവപ്പെട്ട ജനങ്ങളെ മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തി ചില്ലറത്തുട്ടുകള്‍ എറിഞ്ഞുകൊടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പൊള്ളത്തരം കാണിക്കുന്ന ദൃശ്യങ്ങളും ഇതലുണ്ടായി. നാടുവാഴി പ്രജകള്‍ക്ക് ചില്ലറ വിതരണം ചെയ്യുന്ന പഴയ ജന്മി- നാടുവാഴി കാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. വടക്കഞ്ചേരിയിലെ എല്ലാ ലോക്കല്‍കമ്മിറ്റികളും നിശ്ചലദൃശ്യങ്ങള്‍ പ്രത്യേകം ഒരുക്കിയിരുന്നു. കേരളീയവേഷത്തില്‍ ആയിരകണക്കിന് സ്ത്രീകള്‍ അണിനിരന്നപ്പോള്‍ സാംസ്കാരിക കേരളം വടക്കഞ്ചേരിയിലേക്കൊഴുകുന്ന കാഴ്ചയായി. പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ട, കൊമ്പ് തുടങ്ങി എല്ലാ വാദ്യഘോഷങ്ങളും നാടന്‍ കലകളായ പൊറാട്ട് നാടകം, പൊയകാല്‍നടത്തം, പുലിക്കളി, തെയ്യം, വിപ്ലവഗാനങ്ങളുടെ ആശയ ദൃശ്യാവിഷ്കാരം തുടങ്ങിയവയും പ്രകടനത്തിന് കൊഴുപ്പേകി. പതിനായിരകണക്കിന് ചെങ്കൊടികള്‍ വാനിലുയര്‍ന്നപ്പോള്‍ നഗരവിഥികള്‍ക്കുമേലെ ചെഞ്ചായം പൂശി. തോരണങ്ങള്‍ , അലങ്കാരങ്ങള്‍ , വര്‍ണക്കാവടികള്‍ എന്നിവയെല്ലാം അക്ഷരാര്‍ഥത്തില്‍ വടക്കഞ്ചേരിയെ ചുവപ്പിന്റെ വസന്തത്തിലാക്കി.

deshabhimani 090112

1 comment:

  1. തൊഴിലാളി വര്‍ഗത്തിന്റെ സംഘശക്തി വിളിച്ചോതിയ പ്രകടനത്തില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും അറബ്വസന്തവും പ്രചോദനമായി. സിപിഐ എം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് വടക്കഞ്ചേരിയില്‍ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ലോകത്തിന്റെ പരിച്ഛേദമായിരുന്നു. ചൂഷക ശക്തികള്‍ക്കെതിരെ വരാനിരിക്കുന്ന വിപ്ലവത്തിന്റെ മുല്ലപ്പൂഗന്ധവും ജനാധിപത്യ വസന്തത്തിന്റെ വരവും വിളിച്ചോതുന്നതായിരുന്നു ജനലക്ഷങ്ങള്‍ അണിനിരന്ന പ്രകടനം.

    ReplyDelete