Tuesday, January 24, 2012

ഇറാന്‍ എണ്ണയ്ക്ക് ഇയു ഉപരോധം

ബ്രസല്‍സ്: അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇറാനുമേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും സമ്മതിച്ചു. ബ്രസല്‍സില്‍ ചേര്‍ന്ന 27 ഇയു രാജ്യങ്ങളുടെ സ്ഥാനപതിതല യോഗമാണ് ഈ തീരുമാനമെടുത്തത്. വിദേശമന്ത്രിമാരുടെ യോഗശേഷം വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതാദ്യമായാണ് ഇറാന്‍ എണ്ണയ്ക്ക് ഇയു വിലക്കേര്‍പ്പെടുത്തുന്നത്. സിറിയക്കെതിരെയും കടുത്ത നടപടികളെടുക്കാന്‍ ഇയുവിനുമേല്‍ അമേരിക്കന്‍ സമ്മര്‍ദമുണ്ട്. എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് സുപ്രധാന തീരുമാനമാണെന്നും ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തുമെന്നും ബ്രിട്ടീഷ് വിദേശസെക്രട്ടറി വില്യം ഹേഗ് പറഞ്ഞു. ഇറാന്‍ എണ്ണ ഇറക്കുമതി ഉടന്‍ നിര്‍ത്താനും നിലവിലുള്ള കരാറുകള്‍ ജൂലൈക്കകം അവസാനിപ്പിക്കാനുമാണ് തീരുമാനമെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇറാന്‍ എണ്ണയുടെ 20 ശതമാനവും ഇയു രാജ്യങ്ങള്‍ക്കാണ് വില്‍ക്കുന്നത്. ഗ്രീസും സ്പെയിനും ഇറ്റലിയുമാണ് മുഖ്യ ഉപയോക്താക്കള്‍ . ഈ രാജ്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാഹചര്യത്തില്‍ എണ്ണ വേണ്ടെന്നുവയ്ക്കുന്നത് അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങള്‍ വലിയ ത്യാഗമാണ് ചെയ്യുന്നതെന്ന് സ്പെയിന്‍ വിദേശമന്ത്രി ജോസ് മാനുവല്‍ ഗാര്‍സിയ മഗല്ലോ പറഞ്ഞു.

അതിനിടെ, ഇറാന്റെ അധീനതയിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴി അമേരിക്കന്‍ യുദ്ധക്കപ്പല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് കടന്നു. വിമാനവാഹിനിയായ യുഎസ്എസ്് എബ്രഹാം ലിങ്കണ്‍ പതിവ് പര്യടനത്തിന്റെ ഭാഗമായാണ് ഇതുവഴി കടന്നുപോയതെന്ന് അമേരിക്കന്‍ നാവികസേന അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരായ എണ്ണ ഉപരോധം ശക്തമാക്കിയാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുശേഷം ഇതാദ്യമായാണ് അമേരിക്കന്‍ കപ്പല്‍ ഇതുവഴി കടന്നുപോയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് യുദ്ധക്കപ്പലുകളെ മടക്കിക്കൊണ്ടുവരുന്നതില്‍നിന്ന് പിന്മാറണമെന്നും അമേരിക്കയോടെ ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , ഉപരോധത്തില്‍ തളരാത്ത ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് സൈനികരെ ഇസ്രയേലിലേക്ക് നിയോഗിച്ചുകഴിഞ്ഞു.

ആണവായുധം വികസിപ്പിക്കുന്നതായി കരുതുന്നുവെന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വിവാദ റിപ്പോര്‍ട്ട് ആയുധമാക്കിയാണ് അമേരിക്കയും കൂട്ടാളികളും ഇറാനെതിരെ നീക്കം ശക്തമാക്കിയത്. ഉപരോധത്തിലൂടെ ശ്വാസംമുട്ടിക്കാനുള്ള നീക്കത്തെ ചങ്കൂറ്റത്തോടെ നേരിടുകയാണ് മെഹ്മൂദ് അഹ്മദിനെജാദിന്റെ ഭരണകൂടം. സാമ്പത്തിക ഉപരോധത്തിനു പുറമെ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയും അമേരിക്കയും കൂട്ടാളികളും നിര്‍ത്തിവച്ചു. എന്നാല്‍ , തങ്ങള്‍ മറ്റു കമ്പോളങ്ങള്‍ കണ്ടെത്തിക്കൊള്ളാമെന്ന് ഇറാന്‍ തിരിച്ചടിച്ചു. തങ്ങള്‍ക്കെതിരെ പടയൊരുക്കം നടത്തുന്ന അമേരിക്കയ്ക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും മറുപടിയായി പുണ്യനഗരമായ ഖോമിനടുത്ത് ഫോര്‍ദോയിലെ ഭൂഗര്‍ഭകേന്ദ്രത്തില്‍ ഇറാന്‍ പുതിയ കേന്ദ്രത്തില്‍ യുറേനിയം സമ്പുഷ്ടീകരണം തുടങ്ങി. അമേരിക്കയും കൂട്ടാളികളും നടത്തിയ നീക്കങ്ങള്‍ മേഖലയെ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന പശ്ചാത്തലത്തില്‍ അഹ്മദിനെജാദ് നടത്തിയ ലാറ്റിനമേരിക്കന്‍ പര്യടനം വന്‍ വിജയമായിരുന്നു.

deshabhimani 240112

1 comment:

  1. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇറാനുമേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും സമ്മതിച്ചു. ബ്രസല്‍സില്‍ ചേര്‍ന്ന 27 ഇയു രാജ്യങ്ങളുടെ സ്ഥാനപതിതല യോഗമാണ് ഈ തീരുമാനമെടുത്തത്. വിദേശമന്ത്രിമാരുടെ യോഗശേഷം വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതാദ്യമായാണ് ഇറാന്‍ എണ്ണയ്ക്ക് ഇയു വിലക്കേര്‍പ്പെടുത്തുന്നത്. സിറിയക്കെതിരെയും കടുത്ത നടപടികളെടുക്കാന്‍ ഇയുവിനുമേല്‍ അമേരിക്കന്‍ സമ്മര്‍ദമുണ്ട്. എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് സുപ്രധാന തീരുമാനമാണെന്നും ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തുമെന്നും ബ്രിട്ടീഷ് വിദേശസെക്രട്ടറി വില്യം ഹേഗ് പറഞ്ഞു. ഇറാന്‍ എണ്ണ ഇറക്കുമതി ഉടന്‍ നിര്‍ത്താനും നിലവിലുള്ള കരാറുകള്‍ ജൂലൈക്കകം അവസാനിപ്പിക്കാനുമാണ് തീരുമാനമെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    ReplyDelete