Tuesday, January 3, 2012

ഇരുട്ടിലേക്ക് നയിക്കരുത്

വൈദ്യുതിപ്രതിസന്ധി മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ രൂക്ഷമാകുമെന്നും ലോഡ്ഷെഡിങ്ങിന് സാധ്യതയുണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നു. പുറമെനിന്ന് വൈദ്യുതി വാങ്ങലാണ് പരിഹാരമാര്‍ഗമെന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ വൈദ്യുതിക്ക് ഇനിയും നിരക്ക് വര്‍ധിപ്പിക്കുന്ന അവസ്ഥയാണുണ്ടാവുക. 1996-2001ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് അന്യമായതാണ് വൈദ്യുതി പ്രതിസന്ധി എന്ന വിലാപം. കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് അന്ന് വിജയം കണ്ടത്. അക്കാലത്ത് 1088 മെഗാവാട്ട് ഉല്‍പ്പാദനശേഷി കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോഴും കേരളത്തിന് ആശ്രയം. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിവില്‍ കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.

2006-11 കാലത്താണ് വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. 208 മെഗാവാട്ട് വൈദ്യുതി ആ അഞ്ചുകൊല്ലത്തില്‍ കൂട്ടിച്ചേര്‍ത്തു. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ , തോട്ടിയാര്‍ , വിലങ്ങാട്, ചാത്തങ്കോട്ടുനട, ബാരാപ്പോള്‍ , പീച്ചി, ചിമ്മിനി, ചെങ്കുളം ഓഗ്മെന്റേഷന്‍ എന്നിവയുടെ നിര്‍മാണമാരംഭിച്ചതടക്കം ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നിരവധി നടപടികള്‍ക്ക് എല്‍ഡിഎഫ് മുന്‍കൈയെടുത്തു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 86 നിയമസഭാമണ്ഡലങ്ങളിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിച്ചു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ വരവോടെ ഈ മുന്നേറ്റത്തിന്റെ താളംതെറ്റി. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് കാലത്ത് ആര്‍ജിച്ച ഗതിവേഗം ഇല്ലാതായിരിക്കുന്നു. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന് അനക്കമില്ല. മൈക്രോ-മിനി പദ്ധതികളും ബയോമാസ് പദ്ധതികളുമായി 300 മെഗാവാട്ടോളം ഉല്‍പ്പാദനശേഷി കൂട്ടിച്ചേര്‍ക്കാനുദ്ദേശിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത അക്ഷയ ഊര്‍ജക്കമ്പനിയെന്ന ആശയം ഉപേക്ഷിച്ചമട്ടാണ്. ഉല്‍പ്പാദന-വിതരണ-പ്രസരണ മേഖലകളില്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലാവസ്ഥയാണ്. കേരളത്തിലേക്ക് കൂടംകുളത്തുനിന്നുള്ള വൈദ്യുതി എത്തിക്കുന്നതിന് ഉദ്ദേശിച്ച് നിര്‍മിക്കുന്ന 400 കെവി ലൈന്‍ പൂര്‍ത്തിയായിട്ടില്ല. മൈസൂര്‍ -അരീക്കോട് ലൈനും കര്‍ണാടകത്തിലെ കൂര്‍ഗില്‍ തടസ്സപ്പെട്ട് നില്‍ക്കുന്നു. ഒഡിഷയില്‍ ആരംഭിക്കാനിരിക്കുന്ന കല്‍ക്കരി പദ്ധതിയില്‍നിന്ന് വൈദ്യുതി എത്തിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക ഇതുമൂലം വര്‍ധിച്ചിട്ടുണ്ട്. പരമാവധി ജലവൈദ്യുത പദ്ധതികള്‍ ഏറ്റെടുക്കുന്നതിലൂടെയേ മെച്ചപ്പെട്ട വൈദ്യുതി താങ്ങാവുന്ന നിരക്കില്‍ നല്‍കാനാവൂ. എന്നാല്‍ , നിര്‍മാണം ആരംഭിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍പോലും കെഎസ്ഇബിയും സര്‍ക്കാരും സത്വരശ്രദ്ധ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. ഓരോ പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലും നിശ്ചിത സമയത്തിന് മുമ്പുതന്നെ പദ്ധതി കമീഷന്‍ചെയ്ത അനുഭവവുമുള്ള നാടാണിത്. ഇച്ഛാശക്തിയോടെയുള്ള അത്തരം ഇടപെടലുകള്‍ക്ക് തുനിയാതെ വരാനിരിക്കുന്ന വൈദ്യുതിപ്രതിസന്ധിയെക്കുറിച്ച് വിലപിക്കുന്നത് നാട് ഭരിക്കുന്ന സര്‍ക്കാരിന് യോജിച്ച നടപടിയല്ല. പൂയംകുട്ടി, അതിരപ്പിള്ളി, പാത്രക്കടവ്, പെരിങ്ങല്‍ക്കുത്ത് എക്സ്റ്റന്‍ഷന്‍ , ആനക്കയം, ആനമല, മണലി തുടങ്ങിയ ജലപദ്ധതികള്‍ ആരംഭിക്കാനുള്ള അവസരം മുന്നിലുണ്ട്. ഇവയില്‍ ഏതൊക്കെ എങ്ങനെ നടപ്പാക്കാം എന്ന് സര്‍ക്കാര്‍ ആലോചിച്ചേ മതിയാകൂ. നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച് പ്രായോഗിക നടപടികള്‍ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടത്. കെഎസ്ഇബിയുടെ ഇന്നുള്ള മുഴുവന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയാലും വൈദ്യുതിക്ഷാമം പരിഹരിക്കാനാവില്ലെന്നാണ് ആ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ചീമേനി, ബ്രഹ്മപുരം, കായംകുളം വികസനം, വൈപ്പിനിലെ പെട്രൊനെറ്റ് എല്‍എല്‍ജി എന്നിവയെല്ലാം അടിയന്തര മുന്‍ഗണന ആവശ്യമുള്ള പദ്ധതികളാണ്. ഏതാണ്ട് 600 മെഗാവാട്ടിന്റെ കാറ്റാടി നിലയത്തിന് സാധ്യതയുണ്ട്. ഇപ്പോള്‍ 33 മെഗാവാട്ട് മാത്രമാണ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളത്. കാറ്റില്‍നിന്നു വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണം. സൗരോര്‍ജ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്.

സംസ്ഥാനത്തിനകത്തെ ഉല്‍പ്പാദനം കൂട്ടാതെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനാവില്ല. ജലവൈദ്യുത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി എല്ലാ വൈദ്യുതി ഉല്‍പ്പാദന സാധ്യതകളും ഉപയോഗപ്പെടുത്താന്‍ കെഎസ്ഇബിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളുണ്ടാവണം. വൈദ്യുതിപദ്ധതികള്‍ ഏറ്റെടുക്കുന്നതിലും പൂര്‍ത്തിയാക്കുന്നതിലും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇടുക്കി പദ്ധതിക്കുശേഷം ഏറെക്കാലം പദ്ധതികളില്ലാത്ത ഇടവേളയിലൂടെയാണ് കേരളം മുന്നോട്ടുപോയത്. തൊണ്ണൂറുകളുടെ പകുതിയോടെ ഉയര്‍ന്നുവന്ന കടുത്ത ഊര്‍ജപ്രതിസന്ധി അതിന്റെ ഫലമാണ്. 100 ശതമാനം പവര്‍കട്ടും മൂന്നരമണിക്കൂറോളം ലോഡ്ഷെഡിങ്ങുമെന്ന ഗുരുതരസ്ഥിതിയാണ് 1995ല്‍ ഉണ്ടായത്. അതിനെ മറികടക്കാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞപ്പോള്‍ ഈ രംഗത്ത് സ്വയംപര്യാപ്തത അസാധ്യമല്ല എന്ന് തെളിയിക്കപ്പെട്ടു. ആ അനുഭവം മാതൃകയാക്കേണ്ടതുണ്ട്. ഒരു സര്‍ക്കാരില്‍നിന്ന് നിസ്സഹായതയുടെ വിലാപമല്ല ക്രിയാത്മകതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ചടുല ചലനങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകളില്‍ അത് കാണുന്നില്ല. ഈ നിസ്സംഗഭാവം കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയേ ഉള്ളൂ.

deshabhimani editorial 030112

1 comment:

  1. വൈദ്യുതിപ്രതിസന്ധി മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ രൂക്ഷമാകുമെന്നും ലോഡ്ഷെഡിങ്ങിന് സാധ്യതയുണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നു. പുറമെനിന്ന് വൈദ്യുതി വാങ്ങലാണ് പരിഹാരമാര്‍ഗമെന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ വൈദ്യുതിക്ക് ഇനിയും നിരക്ക് വര്‍ധിപ്പിക്കുന്ന അവസ്ഥയാണുണ്ടാവുക. 1996-2001ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് അന്യമായതാണ് വൈദ്യുതി പ്രതിസന്ധി എന്ന വിലാപം. കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് അന്ന് വിജയം കണ്ടത്. അക്കാലത്ത് 1088 മെഗാവാട്ട് ഉല്‍പ്പാദനശേഷി കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോഴും കേരളത്തിന് ആശ്രയം. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിവില്‍ കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.

    ReplyDelete